PRAVASI

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു

Blog Image

കേരളത്തിൽ ഇങ്ങനെയും മാതാപിതാക്കളുണ്ടോ? വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല. വാളയാറിലെ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ‘ദ ഹിന്ദു’ ലേഖകൻ കെഎസ് സുധി റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്.

അത്യന്തം സംഭ്രമജനകമായ വിവരങ്ങളാണ് കുറ്റപത്രത്തിൽ സിബിഐ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിൽ നീതി തേടി സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അമ്മ പ്രതിയായി എന്ന വിവരം മാത്രമാണ് സിബിഐ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് എന്നാണ് സിബിഐ അസന്നിഗ്ധമായി കുറ്റപത്രത്തിൽ വിവരിക്കുന്നത്.

അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും പ്രായപൂർത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സകല സൗകര്യങ്ങളും ഈ അമ്മ ഒരുക്കി കൊടുക്കുമായിരുന്നു. മകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മാതാവിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ബലാൽസംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടു കൊടുക്കുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തിൽ അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാൽസംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കൾ പോലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവർ പ്രതിയായതുമില്ല. ഇവരുടെ തന്നെ ആവശ്യപ്രകാരം സിബിഐ നടത്തിയ അന്വേഷണമാണ് ഒടുവിൽ ഇവർക്കെതിരെ തിരിഞ്ഞത്.

രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടിൽ തന്നെ ജീവൻ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് നാലിനും തൂങ്ങി മരിച്ചു. കേരള പോലീസ് നടത്തിയ അന്വേഷണം പ്രതികൾക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് ഇവർ സിബിഐക്കായി ഹൈക്കോടതിയിൽ എത്തിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് ഐപിഎസ് നൽകുന്നതിന് എതിരെ ഇവർ നൽകിയ ഹർജിയും അടുത്തയിടെ ഹൈക്കോടതി തള്ളിയിരുന്നു.

മാതാപിതാക്കൾക്ക് നീതിക്കായി സമരസമിതി രൂപീകരിച്ച് പോരാട്ടങ്ങൾ നടത്തി വന്നവരെയും സിബിഐയുടെ വെളിപ്പെടുത്തലുകൾ വെട്ടിലാക്കും. 2021 ഫെബ്രുവരി മുതൽ തല മുണ്ഡനം ചെയ്ത് ഈ സമരത്തിന് മുൻപന്തിയിൽ നിന്ന അമ്മക്കെതിരെ ആണ് ഒടുവിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി തെളിവുകൾ നിരത്തുന്നത്. ഇവരുടെ പോരാട്ടങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന വിധത്തിലാണ് സിബിഐ കുറ്റപത്രം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.