ഹോം നഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ മരണം; ഡയറിക്കുറിപ്പുകള്‍ സാക്ഷി; അവകാശികളെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലും ദുരൂഹത; മൃതദേഹം പുറത്തെടുക്കാന്‍ ആര്‍ഡിഒ ഉത്തരവ്; കൂടത്തായി 'കൊല'യോ? കൊച്ചുമക്കള്‍ക്കുള്ള സ്വത്ത് സഹോദരന്‍ തട്ടിയോ? പുലിയൂരിലെ യേശുദാസിന്റെ മരണം വഴിത്തിരിവില്‍; സത്യം ചൊവ്വാഴ്ച പുറത്തു വരും....
ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ കൂടത്തായി മോഡൽ ദുരൂഹതയെന്ന് ആരോപണം. ചെങ്ങന്നൂർ പുലിയൂർ സ്വദേശി പടിഞ്ഞാറേ പറമ്പിൽ പുത്തൻ വീട്ടിൽ യേശുദാസിന്റെറെ (74) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നു. മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയാണ് നിർണ്ണായക ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ അന്ത്യം. നാളെ പോസ്റ്റ്മോർട്ടം നടക്കും. ഇതോടെ തന്നെ മരണ കാരണത്തിൽ വ്യക്തത വരും.
സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവ്വമായ നീക്കം നടന്നുവെന്ന പരാതിയെ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹോം നഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനായെന്നും ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചുവെന്നുമാണ് പരാതിയിലുള്ളത്. തന്റെ അദ്ധ്വാനഫലം മുഴുവൻ കൊച്ചുമക്കൾക്കായി നൽകുമെന്ന് യേശുദാസ് ഡയറിയിൽ എഴുതിവെച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് അൽഷിമേഴ്സ് രോഗി ആണെന്നത് മുതലെടുത്ത് ബാങ്ക് അക്കൗണ്ടുകൾ, എടിഎം കാർഡുകൾ, വസ്‌തുവകകൾ എന്നിവ സഹോദരൻ ഗബ്രിയേൽ മാമനും ഹോം നഴ്സും ചേർന്ന് കൈക്കലാക്കിയെന്നാണ് ലീന ആരോപിക്കുന്നത്.
യേശുദാസിന്റെ മകൻ്റെ മരണശേഷം നിയമപരമായ അവകാശികളായ മരുമകളെയും കൊച്ചുമക്കളെയും സംസ്കാര ദിവസം വീട്ടിൽ നിന്ന് പുറത്താക്കിയതായും പരാതിയിലുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹം വേഗത്തിൽ സംസ്കരിക്കാൻ സഹോദരൻ കാണിച്ച തിടുക്കവും അയൽവാസികളുടെ മൊഴികളും സംശയം വർദ്ധിപ്പിക്കുന്നു. വൻതുകയുടെ ബാങ്ക് ബാലൻസും ഭൂമിയും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായാണ് സംശയം.
ഏപ്രിൽ 21-ന് (ചൊവ്വാഴ്‌ച) രാവിലെ 10.30-ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. തഹസിൽദാർ, രണ്ട് പോലീസ് സർജന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ യേശുദാസിന്റെ മരണത്തിലെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പോലീസും.
യേശുദാസിന്റെറെ മകൻ ബിൻസ് 2017ൽ മരിച്ചതിനെ തുടർന്ന് മകൾ ബിൻസിയും മരുമകളും മക്കളുമാണ് നിയമപരമായ അവകാശികൾ. എന്നാൽ, അവകാശികളെ മറികടന്ന് യേശുദാസിന്റെ ബാങ്ക് അക്കൗണ്ടുകൾ, എ ടി എം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ സഹോദരനും ഹോം നഴ്സും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. തന്റെ അദ്ധ്വാനഫലം കൂടിയായ സ്വത്തുവകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേൽ മാമൻ അനധികൃതമായി സ്വന്തമാക്കി ഇടപാടുകൾ നടത്തിയതായും ലീന ആരോപിക്കുന്നു. യേശുദാസിന് അൽഷിമേഴ്സ് ഉണ്ടായിരുന്നുവെന്നും ഇത് മുതലെടുത്താണ് സ്വത്ത് തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്.
യേശുദാസിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്മോർട്ടം നടപടികൾ കൂടാതെയാണ് സംസ്കാരം നടന്നതെന്നും പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 1-ന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഷാജു എം. എസ് ഉത്തരവിൽ വ്യക്തമാക്കി.
ഏപ്രിൽ 21-ന് (ചൊവ്വാഴ്‌ച) രാവിലെ 10:30-ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. ചെങ്ങന്നൂർ തഹസിൽദാരുടെയും (എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്), രണ്ട് പോലീസ് സർജന്മാരുടെയും സാന്നിധ്യത്തിലായിരിക്കണം നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


