തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ജീവൻ നഷ്‌ടമായവരിൽ ചലച്ചിത്ര മേക്കപ്പ്മാൻ ബിജീഷും. നടിമാരായ നമിത പ്രമോദ്, അനന്യ എന്നിവരുടെ മേക്കപ്പ്മാനായിരുന്നു ബിജേഷ്. വാർത്തയുടെ നടുക്കം മാറാത്ത താരങ്ങൾ സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് പങ്കിട്ടു.
"ബിജീഷ്, ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ കൂടെ എന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി. വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം," എന്ന് അനന്യ."ഇന്ന് ഞാൻ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. എന്റെ ഹൃദയത്തിൽ അസഹനീയമാം വിധം ഭാരം തോന്നുന്നു. തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ നിങ്ങളെപ്പോലുള്ള ഒരാളെ എനിക്ക് നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ ഇനി ഞങ്ങളോടൊപ്പമില്ലെന്ന് എനിക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല.
8 വർഷത്തിലേറെയായി നീ ഞങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ ഒരിക്കലും എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നില്ല. ഒരു കുടുംബാംഗമായിരുന്നു. ജോലിസ്ഥലത്തെ ഓരോ ദിവസവും നിങ്ങൾ എനിക്ക് സുരക്ഷിതത്വവും സന്തോഷവും സുഖവും നൽകി. ഞാൻ എന്നും നിങ്ങളെ എന്റെ സഹോദരനായിട്ടാണ് കണ്ടത്.നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനുമായിരുന്നു... ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധരായ മനുഷ്യരിൽ ഒരാളായിരുന്നു. തൃശൂർ പൂരത്തോടുള്ള നിങ്ങളുടെ സ്നേഹവും ആവേശവും സമാനതകളില്ലാത്തതായിരുന്നു. ഈ വിടവാങ്ങൽ എന്റെ ഹൃദയത്തെ തകർക്കുന്നു.
നീയില്ലാതെ ഞാൻ എങ്ങനെ വീണ്ടും ഒരു സെറ്റിലേക്ക് കാലെടുത്തുവയ്ക്കുമെന്ന് എനിക്കറിയില്ല. നിങ്ങൾ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. നിങ്ങൾ കൂടെയുള്ളത് വളരെ അർത്ഥവത്തായിരുന്നു. വളരെ വേഗം പൊയ്ക്കളഞ്ഞു. എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ്സ് ചെയ്യും," നമിത പ്രമോദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇങ്ങനെയെഴുതി.

