ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്. 2012 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സമർപ്പിച്ച കിരീടത്തിന് പകരം ഇപ്പോൾ സ്ട്രോങ് റൂമിലുള്ളത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ട കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഇതിൽ പതിച്ചിട്ടുണ്ട്. അന്ന് കിരീടത്തിന് 445.78 ഗ്രാം തൂക്കം രേഖപ്പെടുത്തിയിരുന്നപ്പോൾ ഇപ്പോഴുള്ള മുക്കുപണ്ട കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. അന്ന് ഏകദേശം 26 ലക്ഷം രൂപ വിലയുണ്ടായിരുന്ന കിരീടത്തിന് ഇന്നത്തെ വില ഏകദേശം 62 ലക്ഷം രൂപയെന്നാണ് കണക്ക്.
2012 ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയിൽ നടതുറന്നപ്പോഴാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തർ കിരീടം നടയ്ക്കുവെച്ചത്. ഇതിന് രസീത് നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ ശേഷം സന്നിധാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സ്ട്രോങ് റൂമിന് സി.സി.ടി.വി. നിരീക്ഷണമില്ല. ശബരിമലയിൽ ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ താത്കാലികമായി സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച ശേഷം ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. ഈ സ്വർണക്കിരീടം എന്നാൽ ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. പിന്നീട് കിരീടത്തിന് എന്ത് സംഭവിച്ചുവെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ.
ഇതിനിടെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ നിന്ന് നാലുപവന്റെ സ്വർണമാലയും കാണാതായിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉത്തരവിട്ടു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പും അന്തിമഘട്ടത്തിലാണ്.
സ്ട്രോങ് റൂം തുറക്കുന്നതിനും അടയ്ക്കുന്നതിനും കൃത്യമായ ചട്ടങ്ങളുണ്ട്. പകൽസമയത്ത് മാത്രമേ റൂം തുറക്കാവൂ. താക്കോൽ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൈവശമായിരിക്കും. എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് റൂം തുറക്കേണ്ടത്. തുറക്കുന്നതുമുതൽ അടയ്ക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും മഹസറിൽ രേഖപ്പെടുത്തുകയും ദേവസ്വം ഗാർഡിന്റെ സാന്നിധ്യവും ഒപ്പും ഉറപ്പാക്കുകയും വേണം. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങൾക്കിടയിലും 55.72 പവൻ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. കിരീടം എപ്പോൾ, എങ്ങനെ മാറ്റപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

