പതിനെട്ടു വർഷം സംവിധാനസഹായി ആയി നിൽക്കണമെങ്കിൽ ചില്ലറ നിശ്ചയം പോരാ. ആജീവനാന്ത സംവിധാനസഹായികളായ ഒരുപാട് മനുഷ്യരുടെ കണ്ണീരുവീണു കുതിർന്ന ഇടങ്ങൾ കൂടിയാണ് ക്യാമറയുടെ പിന്നാമ്പുറങ്ങൾ. അവിടെ നിന്നുമാണ് കാഴ്ചയുമായി ബ്ലെസ്സി വരുന്നത്.
പതിനെട്ടു വർഷം സംവിധാനസഹായി ആയി നിൽക്കണമെങ്കിൽ ചില്ലറ നിശ്ചയം പോരാ. ആജീവനാന്ത സംവിധാനസഹായികളായ ഒരുപാട് മനുഷ്യരുടെ കണ്ണീരുവീണു കുതിർന്ന ഇടങ്ങൾ കൂടിയാണ് ക്യാമറയുടെ പിന്നാമ്പുറങ്ങൾ. അവിടെ നിന്നുമാണ് കാഴ്ചയുമായി ബ്ലെസ്സി വരുന്നത്. തുടർന്നു ഒൻപത് വർഷങ്ങൾകൊണ്ട് ഏഴു സിനിമകൾ. അതിനുമുമ്പുള്ള പതിനെട്ടു വർഷങ്ങൾ എന്തുചെയ്യുകയായിരുന്നു എന്നതിന്റെ ഉത്തരങ്ങൾ ആയിരുന്നു ആ സിനിമകൾ. കാഴ്ച ഒഴികെ മറ്റുസിനിമകൾ ഒന്നും അത്രമേൽ ഞെട്ടിച്ചിട്ടില്ല. കണ്ടില്ലായിരുന്നെങ്കിൽ വ്യർത്ഥമായിപ്പോയേനെ എന്നുതോന്നിപ്പിക്കുന്ന നിലയിലൊന്നും ആ സിനിമകൾ അനുഭവിച്ചിട്ടില്ല. എങ്കിലും സിനിമ എടുക്കാൻ ആഗ്രഹിച്ചു കാലങ്ങളോളം കാത്തിരുന്ന ഒരു മനുഷ്യന്റെ കഷ്ടപ്പാടിന്റെ മരം പൂത്തുലയുന്നത് സന്തോഷിപ്പിച്ചു. കഠിനാധ്വാനവും കാത്തിരിപ്പും ഒരു മനുഷ്യനെ ആയാൾ ആഗ്രഹിക്കുന്ന കസേരയിലേക്ക് എത്തിക്കുന്ന പ്രക്രിയ ആനന്ദിപ്പിച്ചു.
ഒരു സംവിധായകൻ, അല്ലെങ്കിൽ എഴുത്തുകാരൻ എന്നതിനേക്കാൾ ബ്ലെസ്സിയിലെ കഠിനാധ്വാനിക്കാണ് എല്ലാക്കാലത്തും കൂടുതൽ മാർക്ക് നൽകിയത്. സ്വന്തം പോരായ്മകളെ വരെ അധ്വാനം കൊണ്ട് അതിജീവിക്കാൻ പലപ്പോഴും ബ്ലെസ്സിക്ക് കഴിഞ്ഞു. അന്തർമുഖനായ, അത്രയധികം വാചകകസർത്തൊന്നും വശമില്ലാത്ത, വേഗത കുറഞ്ഞ ഒരു മനുഷ്യനായിട്ടാണ് ബ്ലെസ്സി അനുഭവപ്പെടുക. അവിടെ നിന്നും ഉള്ളിലെ ഏതോ ഒരു നിശ്ചയവും അതിനുവേണ്ടിയുള്ള അധ്വാനവും, അതാണ് അയാളെ ഇവിടംവരെ എത്തിച്ചത്. ഏറെക്കുറെ അത്രത്തോളം പോന്ന അധ്വാനമാണ് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ബ്ലെസ്സി ചിലവഴിച്ചത്.
കഴിഞ്ഞ പതിനൊന്നു വർഷമായി മറ്റു സിനിമകൾ ചെയ്തിട്ടില്ല എന്നറിയുമ്പോൾ, അതിനും മുൻപേ തുടങ്ങിയ യാത്രയാണ് ആടുജീവിതം എന്നറിയുമ്പോൾ, ബെന്യാമിന്റെയോ പ്രിത്വിരാജിന്റെയോ റഹ്മാന്റേയോ സിനിമ എന്നനിലയിലല്ല, ബ്ലെസ്സി എന്ന അധ്വാനം കൊണ്ട് തന്റെ പോരായ്മകളെ മറികടക്കാൻ ശേഷിയുള്ള ഒരു സംവിധായകൻ ഉണ്ടാക്കിയ സിനിമ എന്നനിലയിലാണ് ആടുജീവിതം കാണാൻ പോകുന്നത്.