പത്തനംതിട്ടയിലെ ബിജെപി സ്ഥനാര്‍ത്ഥി അനില്‍ കെ ആന്റണിക്കെതിരെ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍
തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥനാര്‍ത്ഥി അനില്‍ കെ ആന്റണിക്കെതിരെ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. അനില്‍ ആന്റണിക്ക് നല്‍കിയ പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ നേരിട്ടു സമീപിച്ചിരുന്നതായി പി.ജെ. കുര്യന്‍. ഇക്കാര്യം എ.കെ.ആന്റണിയോടോ അനില്‍ ആന്റണിയോടോ പറഞ്ഞിരുന്നു. ആരോടാണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും പി.ജെ. കുര്യന്‍ വ്യക്തമാക്കി.
സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് തന്റെ കൈയില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. അതേസമയം താന്‍ വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ നെറികെട്ട രാഷ്ട്രീയമാണു പയറ്റുന്നതെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. ക്രിമിനല്‍ കേസ് പ്രതിയെ കൊണ്ടു വരെ ആരോപണം ഉന്നയിക്കുന്നു. സിബിഐ കേസിലും കുടുംബ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷ്ടിച്ചതിനും ജയിലില്‍ പോയ ആളാണ് ആരോപണം ഉന്നയിക്കുന്നത്. താന്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റാണ്. ആ നിലവാരം പുലര്‍ത്താനോ വികസനം ചര്‍ച്ച ചെയ്യാനോ സമ്മതിക്കുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
”രണ്ടില്‍ ഒരാളോട് പൈസ തിരികെ കൊടുക്കണമെന്നു പറഞ്ഞിരുന്നു. സിബിഐയിലെ നിയമനം സംബന്ധിച്ച് എനിക്ക് അറിയില്ല. എത്രയാണ് പണമെന്നോ, എന്ത് കാര്യത്തിനാണ് പണമെന്നോ എനിക്ക് അറിയില്ല. ഇങ്ങനെ പല ശുപാര്‍ശകളും വരാറുണ്ട്. നന്ദകുമാറിനെ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിമാനത്തില്‍ വച്ചാണു പരിചയപ്പെട്ടത്. എ.കെ.ആന്റണിയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല. ആന്റണിക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അതില്‍ ഉറപ്പുണ്ട്.”- പി.ജെ. കുര്യന്‍ വ്യക്തമാക്കി.
”ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കാണുന്നയാളാണ്. കുതികാല്‍ വെട്ടിന്റെ കേന്ദ്രമാണ് കോണ്‍ഗ്രസ്, കെ.കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരെ ചതിച്ച ഒരാളാണ് കുര്യന്‍ സാര്‍. അദ്ദേഹത്തിന്റെ കേസ് സെറ്റില്‍ ചെയ്തത് ദല്ലാള്‍ നന്ദകുമാറാണ്. കുര്യന്‍ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാര്‍ പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ചു തരികയും ചെയ്തു. നന്ദകുമാറിന്റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നു. ജഡ്ജിയെ സ്ഥലംമാറ്റുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് നന്ദകുമാര്‍ സമീപിച്ചത്. ഇന്നലെ എ.കെ.ആന്റണിയുടെ വാര്‍ത്താ സമ്മേളനം നടത്തിയതു കൊണ്ടു ഫലമുണ്ടായില്ല. അതിനാലാണ് പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്. കുര്യന്‍ സാറിന്റെ ശിഷ്യന്‍ ആന്റോ ആന്റണിയുടെ സഹോദരന്‍ മേലുകാവ് സഹകരണ ബാങ്കില്‍ 12 കോടി രൂപ തട്ടിച്ചിട്ടുണ്ട്. ആന്റോയും കുടുംബവുമാണ് 4 ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നത്. പി.ജെ.കുര്യനും നന്ദകുമാറും ചേര്‍ന്നു നടത്തുന്ന നാടകമാണ് ഇപ്പോള്‍ കാണുന്നത്.”- അനില്‍ ആന്റണി പറഞ്ഞു.