INDIAN

ബിജെപി വിരുദ്ധ ചേരിയിലെ കരുത്തരിൽ ഒരാളുടെ ഈ അപ്രതീക്ഷിത മടക്കം

Blog Image
ചെറു പുഞ്ചിരിയോടെ സൗമ്യമായി പ്രത്യയശാസ്ത്ര നാട്യങ്ങളില്ലാതെ യെച്ചൂരി ഇന്ത്യൻ ഇടതുപക്ഷത്തിന് ആശയ വ്യക്തതയ്ക്കൊപ്പം പ്രായോഗികതയുടെ പുതുമയാർന്ന വഴികളും തുറന്നു നൽകി. ദേശീയ രാഷ്ട്രീയത്തിൽ പൊരുതാനും പിടിച്ചുനില്ക്കാനുമുള്ള ഊർജ്ജം പ്രതിപക്ഷം വീണ്ടെടുത്തിരിക്കെയാണ് ബിജെപി വിരുദ്ധ ചേരിയിലെ കരുത്തരിൽ ഒരാളുടെ ഈ അപ്രതീക്ഷിത മടക്കം.

ദേശീയ ഇടതുപക്ഷത്തിന് യുവത്വത്തിൻ്റെ പ്രസരിപ്പും പ്രായോഗിക രാഷ്ട്രീയത്തിൻ്റെ പുതുശൈലിയും പകർന്നു നൽകിയ നേതാവാണ് സീതാറാം യെച്ചൂരി. വർഗ്ഗീയതയ്ക്കെതിരെ സന്ധിയില്ലാ സമരം പാർട്ടിക്ക് പുറത്ത് നടത്തിയ യെച്ചൂരി അകത്ത് പ്രത്യയശാസ്ത്ര നാട്യങ്ങൾക്കെതിരായി പ്രായോഗികതയിലൂന്നിയ പോരാട്ടം നയിച്ചു. പല പ്രതിസന്ധി ഘട്ടത്തിലും യെച്ചൂരിയുടെ തന്ത്രങ്ങളും വിശകലന വൈഭവവും സിപിഎമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും രക്ഷയ്ക്കെത്തി.  

'ഐക്യത്തോടെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട്'....വിശാഖപട്ടണത്ത് വലിയ തർക്കങ്ങൾക്കുശേഷം ജനറൽ സെക്രട്ടറിയായപ്പോൾ സീതാറാം യെച്ചൂരിയുടെ ആദ്യ വാക്കുകൾ ഇതായിരുന്നു. ഉയർന്ന് വരുന്ന ഓരോ മൂർത്ത സാഹചര്യത്തെയും ഇളകാതെ, പുഞ്ചിരിയോടെ, പ്രത്യയശാസ്ത്ര ബോധത്തിൻ്റെ ആത്മവിശ്വാസത്തോടെയാണ് സീതാറാം യെച്ചൂരി നേരിട്ടത്. അരനൂറ്റാണ്ടായി സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ ചലനത്തിൽ യെച്ചൂരിയുടെയും കൈയ്യൊപ്പുണ്ട്. ജെഎൻയുവിൽ വിപ്ലവപ്രസ്ഥാനങ്ങൾ വേരുന്നീയ കാലത്ത് ഈൻക്വിലാബ് വിളിച്ചാണ് യെച്ചൂരി സമര യൗവനങ്ങളുടെ വികാരവും ആവേശവുമായി മാറിയത്. ആന്ധ്രപ്രദേശിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ പിറന്നു. പല ബന്ധുക്കളെയും പോലെ യെച്ചൂരിയേയും സിവിൽ സർവ്വീസിലേക്ക് അയക്കണമെന്നായിരുന്നു മാതാപിതാക്കളുടെ താല്പര്യം. ദില്ലി സെൻ്റ് സ്റ്റീഫൻസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം ജെഎൻയുവിൽ എത്തിയപ്പോൾ ഇടതുവിദ്യാർത്ഥി സംഘടനകളുടെ ചൂടും കാറ്റും യെച്ചൂരിയുടെ ലക്ഷ്യങ്ങളെയും മാറ്റി മറിച്ചു. 

പതിനഞ്ച് കിലോ മീറ്റർ അകലെയുള്ള അധികാരകേന്ദ്രത്തെ ഗ്രസിച്ച അഹന്തയ്ക്കും സമഗ്രാധിപത്യ ജീർണ്ണതയ്ക്കും എതിരെ ആ കാമ്പസിൽ ഉയർന്ന മുദ്രാവാക്യങ്ങളുടെ മുന്നണിയിൽ സീതാറാം യെച്ചൂരിയും ഉണ്ടായിരുന്നു. രാഷ്ട്രീയ ഇന്ത്യ അന്ന് മുതൽ യെച്ചൂരിയെ ശ്രദ്ധിച്ച് തുടങ്ങി. 1978ൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റായ യെച്ചൂരി എൺപത്തിയഞ്ചിൽ തുടക്കത്തിൽ കേന്ദ്ര കമ്മിറ്റിയിലും 92ൽ സിപിഎം പോളിറ്റ് ബ്യൂറോയിലുമെഎത്തി. പ്രകാശ് കാരാട്ടിനൊപ്പം സിപിഎമ്മിനെ മുന്നോട്ട് നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ചെറിയ പ്രായത്തിൽ യെച്ചൂരിയെ പാർട്ടി ഏല്പിച്ചത്. കലങ്ങിമറിഞ്ഞ ദേശീയ രാഷ്ട്രീയത്തിൻ്റെ ചരടുകളിലൊന്ന് ദില്ലിയിലെ ഏകെജി ഭവനിലേക്കും നീണ്ടപ്പോൾ സ്ഥാപക നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിൻ്റെ പ്രിയ ശിഷ്യനായി യെച്ചൂരി മാറി. എൺപതുകളുടെ അവസാനം കോൺഗ്രസിനെ മുന്നണി രാഷ്ട്രീയത്തിലൂടെ തളർത്തിയ എതിർ നിരയിൽ യെച്ചൂരിയുമുണ്ടായിരുന്നു. ഹർകിഷൻ സിംഗിനൊപ്പം ദേശീയ രാഷ്ട്രീയത്തിലെ അടവും തടയും പയറ്റിയ യെച്ചൂരി മെല്ലെ സിപിഎമ്മിൻ്റെ അമരക്കാരിൽ ഒരാളായി മാറി. 

ജ്യോതിബസു പ്രധാനമന്ത്രിയാക്കുന്നതിനെ പാർട്ടിയിൽ എതിർത്ത ചേരിയുടെ നേതൃത്വത്തിൽ യെച്ചൂരിയുണ്ടായിരുന്നു. ഐക്യമുന്നണി സർക്കാരിൻ്റെ നേതൃത്വത്തിലേക്ക് ദേവഗൗഡയെ നിശ്ചയിച്ച ചർച്ചകളിൽ യെച്ചൂരി നിർണ്ണായക റോൾ വഹിച്ചു. എബി വാജ്പേയിയുടെ ഭരണകാലത്ത് സഖ്യകക്ഷികളെ അംഗീകരിക്കുന്ന രാഷ്ട്രീയ നയം സ്വീകരിക്കാൻ സോണിയ ഗാന്ധിയെ യെച്ചൂരി പ്രേരിപ്പിച്ചു. അന്നു തൊട്ട് ഇതുവരെയും സോണിയ ഗാന്ധി രാഷ്ട്രീയ അഭിപ്രായം തേടുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് യെച്ചൂരി. ആ ബന്ധം രാഹുൽ ഗാന്ധിയുമായും യെച്ചൂരി തുടർന്നു. രണ്ടായിരത്തി നാലിലെ യുപിഎ സർക്കാരിൻ്റെ രൂപീകരണത്തിലേക്കാണ് സുർജിത്തിൻ്റെ കൂടെ നിന്ന് യെച്ചൂരി പരീക്ഷിച്ച പ്രായോഗിക രാഷ്ട്രീയം വഴിതെളിച്ചത്. പാർലമെൻറിൽ പന്ത്രണ്ട് കൊല്ലം  പാർട്ടിക്കും പ്രതിപക്ഷത്തിനും വേണ്ടി പട നയിച്ചു. ഹമീദ് അൻസാരിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് യെച്ചൂരിയായിരുന്നു. ആണവകരാറിൻറെ പേരിൽ യുപിഎക്കുള്ള പിന്തുണ പിൻവലിക്കരുത് എന്ന് ബംഗാൾ ഘടകത്തിനൊപ്പം ചേർന്ന് നിന്ന് വാദിച്ചു.  പുറത്തെ സ്വീകാര്യത യെച്ചൂരിക്ക് പാർട്ടിക്കകത്ത് നേടാനായിരുന്നില്ല. കേന്ദ്രകമ്മിറ്റിയിൽ ബദൽ രേഖ പോലും കൊണ്ടു വന്ന് മാറ്റങ്ങൾക്കായി വാദിച്ച യെച്ചൂരി ഒടുവിൽ വിശാഖപട്ടണത്ത് അ‍ർദ്ധരാത്രി വരെ നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാർട്ടി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തത്.

ഹൈദരാബാദിലും പിന്നീട് കണ്ണൂരിലും നടന്ന പാർട്ടി കോൺഗ്രസുകളിലും സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പ്രസാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരി നേപ്പാളിൽ ഭരണം പിടിച്ച തീവ്ര ഇടതു നേതാക്കളുടെ അടുത്ത സുഹൃത്തായിരുന്നു. ദില്ലിയിൽ നരേന്ദ്ര മോദിയുടെ ഉദയത്തിനു ശേഷം രാജ്യത്തുടനീളം വിദ്യാർത്ഥികളും കർഷകരും തീർത്ത പ്രതിരോധങ്ങളുടെ ചാലകശക്തിയായി നിലകൊണ്ടു. പാർട്ടി ആസ്ഥാനത്ത് ഒന്നിലധികം തവണ ചില വലതുപക്ഷ സംഘടനകൾ യെച്ചൂരിയെ ആക്രമിക്കാൻ ലക്ഷ്യം വച്ചെത്തി. വിഎസ് അച്യുതാനന്ദനെ പാർട്ടിയിൽ നിറുത്താനും കേന്ദ്ര നേതൃത്വവുമായി തെറ്റിയ ബംഗാൾ ഘടകത്തെ ഇണക്കാനുമൊക്കെ സിപിഎമ്മിന് സീതാറാം യെച്ചൂരി എന്ന പാലം അനിവാര്യമായിരുന്നു. അവസാന ശ്വാസം വരെ ഇന്ത്യൻ ഇടതുപക്ഷത്തിൻറെ ദേശീയ മുഖവും ശബ്ദവും യെച്ചൂരിയുടേതായിരുന്നു. ചെറു പുഞ്ചിരിയോടെ സൗമ്യമായി പ്രത്യയശാസ്ത്ര നാട്യങ്ങളില്ലാതെ യെച്ചൂരി ഇന്ത്യൻ ഇടതുപക്ഷത്തിന് ആശയ വ്യക്തതയ്ക്കൊപ്പം പ്രായോഗികതയുടെ പുതുമയാർന്ന വഴികളും തുറന്നു നൽകി. ദേശീയ രാഷ്ട്രീയത്തിൽ പൊരുതാനും പിടിച്ചുനില്ക്കാനുമുള്ള ഊർജ്ജം പ്രതിപക്ഷം വീണ്ടെടുത്തിരിക്കെയാണ് ബിജെപി വിരുദ്ധ ചേരിയിലെ കരുത്തരിൽ ഒരാളുടെ ഈ അപ്രതീക്ഷിത മടക്കം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.