ആരും, ആർക്കും കത്തുകൾ ഒന്നും അയക്കാത്ത ഇക്കാലത്ത്, നിനക്ക് എല്ലാവരും കാൺകെ തുറന്ന കത്തുകൾ എഴുതുക എന്നത് എന്നെ കൗതുകപെടുത്തുന്നുണ്ട്.
പ്രിയപ്പെട്ട ഡൂ
ആരും, ആർക്കും കത്തുകൾ ഒന്നും അയക്കാത്ത ഇക്കാലത്ത്, നിനക്ക് എല്ലാവരും കാൺകെ തുറന്ന കത്തുകൾ എഴുതുക എന്നത് എന്നെ കൗതുകപെടുത്തുന്നുണ്ട്.
"ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ " എന്ന് ജവഹർ ലാൽ നെഹ്‌റു തന്റെ മകൾ ഇന്ദിരാ പ്രിയദർശിനിക്ക് അയച്ച പുസ്തകം പ്രശസ്തമാണല്ലോ.
കഥാപാത്രങ്ങൾ കത്തുകളിലൂടെ സംവദിക്കുന്ന, സംസാരിക്കുന്ന നോവലുകൾ ഉണ്ട് - എപ്പിസ്‌റ്റോലറി നോവൽ (Epistolary Novel )എന്നാണ് അതിനെ വിളിക്കുന്നത്. എന്റെ ഇംഗ്ലീഷ് പി. ജി പരീക്ഷക്ക് എപ്പിസ്‌റ്റോലറി സാഹിത്യത്തെ പറ്റി എഴുതാൻ ഉള്ള ഒരു ചോദ്യമുണ്ടായിരുന്നു. ഹൊറർ നോവലുകളുടെ രാജാവായ ബ്രാം സ്റ്റോക്കറുടെ "ഡ്രാക്കുള" ഏതാണ്ട് എല്ലാം എപ്പിസ്റ്റലോറി ഗണത്തിൽ പെടും. കത്തുകളിലൂടെയും, ഡയറി കുറിപ്പുകളിലൂടെയും ആണ് ഡ്രാക്കുള പ്രഭുവിന്റെ കഥ പുരോഗമിക്കുന്നത്.
തിരുവനന്തപുരത്ത് താമസമാക്കിയ ശാന്തമ്മ, അമ്മൂമ്മയ്ക്ക് നീല നിറമുള്ള ഇൻലൻഡിൽ എഴുതിയിരുന്ന കത്തുകൾ ആണ് കത്തുകളെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ. പത്തു -പതിനഞ്ചു ദിവസത്തിനുള്ളിൽ മുടങ്ങാതെ പോസ്റ്റ് മാൻ പ്രേമൻ ചേട്ടൻ കൊണ്ട് വന്നു തന്നിരുന്ന ആ കത്തുകൾക്ക് ഒരു സ്ഥിരം മാതൃക ഉണ്ടായിരുന്നു.
"വിമല" യിലെ ഡിഗ്രി കാലത്ത് കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് അനു എനിക്ക് എഴുതാറുള്ള തടിച്ച, നാരങ്ങാ മഞ്ഞ നിറമുള്ള പോസ്റ്റ്
കവറിന്റെ പരിധി ഭേദിക്കുന്ന കത്തുകൾ പ്രേമേട്ടനിൽ സംശയം ജനിപ്പിച്ചിരുന്നു.
മാധവിക്കുട്ടിയാൽ പ്രചോദിതയായി അമ്പിളി അമ്മാവൻ ആയി അഭിനയിച്ചു കൊണ്ട് കുഞ്ഞായിരുന്ന നിനക്ക് ഞാൻ ചില കത്തുകൾ എഴുതിയിട്ടുണ്ട്. നിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ "ടോട്ടോ ചാൻ " എന്ന പ്രിയപ്പെട്ട പുസ്തക സമ്മാനത്തിന് ഒപ്പം ഞാൻ തന്ന കത്ത് ഇപ്പോഴും നിന്റെ കയ്യിൽ ഉണ്ടല്ലോ. ടോട്ടോ ചാന്റെ അമ്മയെ പോലെ ഒരു അമ്മയാവാൻ ആണ് അന്ന് ഞാൻ ആഗ്രഹിച്ചത്.
അത്ര മേൽ സാധാരണക്കാരിയായ ഒരമ്മക്ക് എന്തായിരിക്കും മകളോട് പറയാൻ ഉണ്ടാവുക?? ചെറുതും, സാധാരണവും എന്നൊക്കെ കരുതപ്പെടുന്ന ജീവിതങ്ങളിലെ മനുഷ്യർക്ക് അത്ഭുതകരമായ കഥകൾ പറയാൻ ഉണ്ടാകും. ജീവിതം നിരന്തരം കാഴ്ച വയ്ക്കുന്ന വെല്ലുവിളികൾ അതി ജീവിച്ച കഥകൾ, ജീവിതത്തിന്റെ കുഞ്ഞ് സന്തോഷങ്ങൾ ആസ്വദിച്ച കഥകൾ. ചെറിയ നിമിഷങ്ങളുടെ അത്ഭുതങ്ങൾ!
ജീവിതത്തിൽ ഒരു തയ്യാറെടുപ്പും ഇല്ലാതെ, ഒരു മുന്നറിവും തരാതെ പെട്ടന്ന് സംഭവിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട് -പിന്നീട് തിരിഞ്ഞു നോക്കുന്ന ഓരോ അവസരത്തിലും നമ്മളെ അത്ര മേൽ ആർദ്രചിത്തരാക്കുന്ന ചില നിമിഷങ്ങൾ.... അങ്ങനെ ഒരു നിമിഷം നിന്നോട് ഞാൻ പറയട്ടെ...
രണ്ട് വർഷത്തെ കണ്ണൂർ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുന്ന ദിവസങ്ങൾ. തിരക്ക് പിടിച്ച ദിവസങ്ങൾ. അന്ന് സ്‌കൂളിൽ നിന്ന് ഏകദേശം 8-10 കിലോ മീറ്റർ അകലെ കണ്ണൂർ നഗര ഹൃദയത്തിൽ ഉള്ള സ്കൂൾ ആസ്ഥാനത്തിലേക്ക് ഇടയ്ക്ക് ഒക്കെ പോകേണ്ടി വരുമ്പോൾ, സ്ഥിരമായി വണ്ടി ഓടിക്കാറുള്ള ഒരു ഡ്രൈവർ ഉണ്ട്- ശ്രീഷേട്ടൻ.ഇരുപത് മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്രയിൽ എന്തെങ്കിലും ഒക്കെ കൊച്ചു വർത്തമാനം പറയും. ശ്രീഷേട്ടൻ അദ്ദേഹത്തിന്റെ മകളെയും, മകനെയും, അവരുടെ ജോലി, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളെ പറ്റിയും പറയും. അവർ രണ്ട് പേരും പഠിത്തം കഴിഞ്ഞ് ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. ഞാൻ തൃശൂരിനെ പറ്റിയും, ശ്രീഷേട്ടൻ കണ്ണൂരിനെ പറ്റിയും പറയും.
ശ്രീഷേട്ടന്റെ കൂടെയുള്ള അവസാനത്തെ ഔദ്യോധിക യാത്രകളിൽ ഒന്നായിരുന്നു അത്. തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി പ്രശസ്തമായ കണ്ണൂർ കോക്ടയിൽ കിട്ടുന്ന , എപ്പോഴും തിരക്കുള്ള കടയുടെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ എന്തെങ്കിലും വാങ്ങാനോ മറ്റോ ആവും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒരു ഗ്ലാസിൽ നിറച്ചും ഓറഞ്ചു നിറമുള്ള, തണുത്ത കോക്ടെയിലും കൊണ്ടാണ് ശ്രീഷേട്ടൻ വന്നത്. "നിങ്ങൾ ഇത് കുടിച്ചിട്ടുണ്ടാവില്ലല്ലോ, കണ്ണൂര് വന്നിട്ട്...." എന്നു പറഞ്ഞു... സത്യത്തിൽ നമ്മൾ മൂന്നു പേരും കൂടി പോയി കണ്ണൂർ കോക് ടെയിൽ കുടിച്ചിരുന്നു , കുറച്ചു ദിവസങ്ങൾക്ക് മുൻപ് എങ്കിലും ഞാൻ കുടിച്ചിട്ടില്ല എന്ന് സമ്മതിച്ചു. ആ തണുത്ത പാനീയം എന്റെ മനസ് കുളിർപ്പിച്ചു. ആരും പരിചയമില്ലാതെ, തീർത്തും അന്യയായിട്ട് ആണ് ഞാൻ കണ്ണൂർക്ക് ചെല്ലുന്നത്. പക്ഷെ രണ്ട് വർഷം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ സ്നേഹം കൊണ്ട് എന്നെ അമ്പരപ്പിച്ച നാടാണ് കണ്ണൂർ. ചങ്ക് പറിച്ചു സ്നേഹിക്കുന്ന മനുഷ്യർ ആണ് കണ്ണൂർക്കാര്.ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്ന രീതി, അതിന്റെ കാരണങ്ങൾ അതൊക്കെ വലിയ അത്ഭുതങ്ങൾ ആണ്.
പ്രിയപ്പെട്ട ഡൂ, ജീവിതത്തിൽ മനുഷ്യരോളം ചേർത്തു പിടിക്കേണ്ട മറ്റൊന്നില്ല കേട്ടോ.... രണ്ട് മനുഷ്യർക്കിടയിൽ സ്വാഭാവികവും, സഹജവും ആയി സംഭവിക്കുന്ന സ്നേഹ നിമിഷങ്ങളുടെ കരുത്തിൽ ആണ് ലോകം നില നിൽക്കുന്നത്.
ഇനിയും എഴുതാം ട്ടോ....
സ്നേഹത്തോടെ അമ്മ
മൃദുല രാമചന്ദ്രൻ