എന്തെഴുതിയാലും അതിൽ ഭാര്യയെ പരാമർശിക്കാതെ പോകാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായത്. ഭാര്യ, അമ്മ എന്നിവർ ഒരു വീട്ടിൽ ഇല്ലാതായ അവസ്ഥ ചിന്തിക്കാൻ കഴിയില്ല. ഉഷ പോയ ശേഷം ഓണത്തെക്കുറിച്ചോ , വിഷുവിനെ കുറിച്ചോ ഒക്കെ എഴുതുമ്പോൾ ഉഷയും ആ എഴുത്തിലേക്ക് വരും.
അമേരിക്കയിൽ എത്തിയ കാലം മുതൽ എഴുതുന്ന എല്ലാം വായിച്ച് അഭിപ്രായം പറയുന്ന വ്യക്തിത്വമായിരുന്നു ഉഷയുടേത് എന്ന് ഫൊക്കാന നേതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീകുമാർ ഉണ്ണിത്താൻ. അദ്ദേഹം എഴുതിയ "നൊമ്പരങ്ങളുടെ പുസ്തകം " പുസ്തക പ്രകാശനത്തിൽ മറുമൊഴി പ്രസംഗം നടത്തുമ്പോഴാണ് ഭാര്യയുടെ മരണ ശേഷം താൻ എഴുതുന്ന ലേഖനങ്ങളിലെല്ലാം ഉഷയുടെ കടന്നു വരവ് ഉണ്ടാകുന്നു എന്ന് വെളിപ്പെടുത്തിയത് . എന്തെഴുതിയാലും അതിൽ ഭാര്യയെ പരാമർശിക്കാതെ പോകാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായത്. ഭാര്യ, അമ്മ എന്നിവർ ഒരു വീട്ടിൽ ഇല്ലാതായ അവസ്ഥ ചിന്തിക്കാൻ കഴിയില്ല. ഉഷ പോയ ശേഷം ഓണത്തെക്കുറിച്ചോ , വിഷുവിനെ കുറിച്ചോ ഒക്കെ എഴുതുമ്പോൾ ഉഷയും ആ എഴുത്തിലേക്ക് വരും. കാരണം ഞാൻ എഴുതി തുടങ്ങിയ കാലം മുതൽ ഞാനെഴുതിയത് ആദ്യം വായിച്ച് നോക്കുന്നത് ഉഷയായിരുന്നു . ചില ഭാഗങ്ങൾ വേണ്ട എന്ന ഉഷയുടെ നിർദ്ദേശവും തിരുത്തും കൂടി വന്ന ശേഷമാണ് ഞാനത് പത്രങ്ങൾക്ക് അയക്കാറുള്ളത്. ഇപ്പോൾ ഉഷയില്ല. ഉഷ വേഗം ഞങ്ങളെ വിട്ടു പോകാൻ കാരണം കാൻസർ എന്ന രോഗമാണ്. വളരെ വൈകിയാണ് ഞങ്ങൾ അത് അറിഞ്ഞതെങ്കിലും രക്ഷപ്പെടും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ കിട്ടിയില്ല. ലോകത്തെ കീഴടക്കിയ പ്രധാനപ്പെട്ട രോഗമാണ് കാൻസർ. കാൻസർ രോഗം വന്ന രോഗിയുടെ അവസ്ഥ വളരെ സങ്കീർണ്ണത നിറഞ്ഞതാണ്. മരണത്തെ മുന്നിൽ കണ്ടുള്ള ജീവിതം. വീട്ടിലുള്ളവർ പോലും മരണത്തെ പ്രതീക്ഷിക്കുന്ന നിമിഷങ്ങൾ . അത് വളരെ സങ്കീർണ്ണമായ ഒരവസ്ഥയാണ്. ആ അവസ്ഥകളെ അതിജീവിച്ചവർ ആരും ഉണ്ടാവില്ല. ഉഷയെ കുറിച്ചുള്ള ഓർമ്മകൾ ഓരോ കാൻസർ രോഗികളുടെയും കുടുംബങ്ങൾക്ക് വായിക്കുവാൻ വേണ്ടിയാണ് പുറത്തിറക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിരവധി കാൻസർ രോഗികൾക്ക് ഒരു സഹായഹസ്തമാക്കുവാനും ആഗ്രഹിക്കുന്നതായി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
ഭാര്യയില്ലാത്ത വീട്ടിലെ ചെടികൾ, മരങ്ങൾ , പൂക്കൾ അങ്ങനെ നിരവധി വിഷയങ്ങൾ തൻ്റെ പ്രിയതമയുടെ വേർപാടിൻ്റെ പശ്ചാത്തലത്തിൽ ഈ പുസ്തകത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ എഴുതുന്നു.
നൊമ്പരങ്ങളുടെ പുസ്തകം ഉടൻ തന്നെ അമേരിക്കൻ മലയാളികളുടെ മുൻപിൽ എത്തുമെന്നും ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.