VAZHITHARAKAL

അത്തിമരത്തിന്റെ ആത്മരോദനം

Blog Image
പഴങ്ങളുടെ രാജാവാണ് താൻ എന്നാണ് അത്തിപ്പഴം കരുതിയിരുന്നത്. ആ അഭിമാനത്തിലാണ് ആ അത്തിമരവുംനിന്നിരുന്നത്. അതിൽ തെറ്റുപറയാനില്ല. വിജനമായ മരുഭൂമിയിൽ ഒരുതുള്ളി വെള്ളമില്ലാത്തിടത്ത്  പിടിച്ചുനിന്ന്‌  ആണ്ടോടാണ്ട് ഇഷ്ട്ടം പോലെ കായും പഴങ്ങളും നൽകുന്ന ഏതു വൃക്ഷമാണുള്ളത്.  പൊരിവെയിലത്തു നടന്നുക്ഷീണിച്ചുവരുന്ന മനുഷ്യർക്ക് ഒന്നിരിന്നു വിശ്രമിക്കാൻ പറ്റിയ ഇതുപോലൊരു തണൽ വേറെയുണ്ടോ. 

മറ്റുമരങ്ങളെ അപേക്ഷിച്ചു  വീതിയും വിസ്താരവുമുള്ള ഇലകൾ, ചൂടുകാലത്തു മാത്രമല്ല മഴക്കാലത്തും എല്ലാവര്ക്കും വലിയ ആശ്വാസമായിരുന്നു. ആരും എപ്പോഴും പുകഴ്ത്തിപറയും, ഈ അത്തിമരം ഇവിടില്ലായിരുന്നെങ്കിൽ എന്തുചെയ്‌തേനെ, രാവും പകലും  മറ്റുള്ളവർക്കുവേണ്ടി ചൂടും തണുപ്പും മഴയും കൊണ്ടങ്ങനെ നിൽക്കുവല്ലേ. മറ്റുള്ളവരുടെ സേവനത്തിനായിട്ടല്ലേ ഇതൊക്കെ. പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടവും ആഹാരത്തിന്‌  നല്ല അത്തിപ്പഴവും.  അണ്ണാനും  എലിക്കും ഒക്കെ പൊത്തിലൊളിക്കുകയും പഴങ്ങൾ തിന്നുകേം ചെയ്യാം. അങ്ങനെ എന്തെല്ലാം എന്തെല്ലാം ...... അംഗീകാരത്തോടങ്ങീകാരം . നല്ലവൻ ജനസമ്മതൻ എന്ന് ഓരോ  വഴിപോക്കനും പറഞ്ഞിട്ടേ പോയിരുന്നുള്ളു.

        ഏറെ താനൊരു ഉപകാരിതന്നെയാണ് അതിനുള്ള അംഗീകാരങ്ങളും എല്ലാവരും തരുന്നുണ്ട്  അങ്ങനെ മറ്റുമരങ്ങൾക്കില്ലാത്ത   ഗുണങ്ങളും മറ്റുള്ളവരുടെ അംഗീകാരവും സ്വാഭാവികമായും ആ മരത്തിനെ മത്തുപിടിപ്പിച്ചു. അതൊന്നും വാക്കിലോ പ്രവർത്തിയിലോ അവൻ കാണിച്ചിരുന്നില്ല.  അതിനാൽ എന്ത് എളിമയുള്ളവൻ എന്ന് എല്ലാവരുംപറഞ്ഞിരുന്നു.  കാറ്റോ മഴയോ മഞ്ഞോ തന്നെ ബാധിക്കുന്നില്ല മണ്ണിലേക്കാഴ്ന്നിറങ്ങിയിരിക്കുന്ന ധാരാളം വേരുകളുടെ ബലത്തിൽ  പടർന്നു പന്തലിച്ചു വിലസി അങ്ങനെ ഞാൻ നിന്നു. 

 

         എന്താണോ പെട്ടെന്നൊരുദിവസ്സം ഇലകൾക്കെന്തോ ഒരു വാട്ടം പോലെ.  അല്ല അവ ഓരോന്നോരോന്നു വാടുകയാണ്. വാടുകയല്ല ഉണങ്ങുകയാണ് . ഞാൻ ആകെ ബേജാറായി. എന്തുസംഭവിച്ചു. വെള്ളമൊക്കെ ധാരാളം വലിക്കുന്നുണ്ട് അത്യാവശ്ശ്യം വളവും ഭൂമിക്കടിയിൽ നിന്നും കിട്ടുന്നുണ്ട്, കാലാവസ്ഥയാണെങ്കിലും അത്രമോശമല്ല. ഇതിലും ഭയങ്കര ഉണക്കിനെ താൻ  അതിജീവിച്ചിട്ടുണ്ട് .

 

           കായും പഴവും ഉണ്ടാകുന്ന കാലംകഴിഞ്ഞ്  ഒന്ന് സ്വസ്ഥമായി നിൽക്കുന്ന സമയം. പൂവുണ്ടാകുമ്പോൾമുതൽ പക്ഷികളുടെയും വണ്ടുകളുടെയും ചെറുപ്രാണികളുടെയും ശല്യമാണ്. കുഞ്ഞു ജീവികളെ തിന്നാൻ ഉറുമ്പും നീറും നരിച്ചീറുകളും . കാ പഴുക്കാൻ തുടങ്ങിയാൽ അണ്ണാനായി, എലിയായി, കാക്കയായി, കുയിലായി. അങ്ങനെ ഒട്ടും സ്വസ്ഥത കിട്ടാത്തഅവസ്ഥ. അവസാനത്തെപഴവും പൊഴിഞ്ഞു കഴിയുമ്പോളാണ് ഒരാശ്വാസം കിട്ടുന്നത്.

     എങ്ങുനിന്നോ നടന്നു ക്ഷീണിച്ച  ഒരു കൂട്ടം മനുഷ്യർ ഇതിനിടെ ഇതുവഴിവന്നിരുന്നു. വിശന്നും ദാഹിച്ചുമാണ് അവർ വന്നിരുന്നത് എന്ന് മനസ്സിലായി, പക്ഷെ താനെന്തു ചെയ്യാനാണ് ,പഴങ്ങൾ ഉള്ള  കാലമല്ലല്ലോ.    അതിൽ ഒരാൾ എന്റെ ശിഖരങ്ങളിൽ പഴങ്ങൾക്കായി തിരഞ്ഞു. അതുകണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. ഉറക്കെപറഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ അത് പറയുകയും ചെയ്തു. അയ്യാൾ ഒരു ദിവ്യനാണെന്നു ഞാനുണ്ടോഅറിയുന്നു. ഒരുപക്ഷെ പഴം കിട്ടാഞ്ഞിട്ടായിരിക്കില്ല എന്റെ നിപ്പും ഭാവവും മനോഗതവും മനസ്സിലാക്കിയിട്ടാകാം, അയ്യാൾ എന്തൊക്കെയോ ശാപവാക്കുൾ പറഞ്ഞിട്ടാണ് പോയത്. ഞാൻ  അപ്പോളത്  അത്ര  കാര്യമാക്കിയില്ല.  കാരണം   ഉപകാരമല്ലാതെ ഉപദ്രപം ഒന്നും  ആർക്കും ചെയ്തിട്ടില്ലല്ലോ. അപ്പോൾ എനിക്കാരെയും കുഞ്ഞേണ്ട കാര്യമില്ല.  പഴത്തിന്റെ  കാലമല്ലാഞ്ഞിട്ടും  ഇയാൾ പഴം തപ്പുന്നു.  എന്ന പുച്ഛഭാവം എന്നിലുണ്ടായിരുന്നു എന്നുള്ളത് തീർച്ചയാണ്. അവരെല്ലാം വെറും മണ്ടന്മാരാണെന്നും  ഞാൻ കരുതിയിരുന്നു. ഏതായാലും അയ്യാളുടെ ശാപം ഏറ്റുഎന്നാണ് തോന്നുന്നത്. ഞാൻ ആകെ വികൃത  രൂപത്തിലാണിപ്പോൾ.  ആരായിരുന്നിരിക്കാം അവർ.  അയ്യാൾ ഒരു ഗുരുവും ബാക്കിയുള്ളവർ. ശിഷ്യൻമാരും ആയ്യിരുന്നിരിക്കും . 

അങ്ങനെ ഞാൻ അന്തിച്ചുനിൽക്കുമ്പോൾ  അതാ ആ കൂട്ടർ തിരിച്ചു വരുന്നു. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ കേൾക്കാൻ വേണ്ടിയായിരിക്കും  ആ മനുഷ്യൻ അവരോട് ഉറക്കെ  ചോദിക്കുന്നത് കേട്ടു. "ഞാൻ ആരാണെന്നാണ് എല്ലാവരും പറയുന്നത്" അവർ പറഞ്ഞു നീ വരാനിരിക്കുന്ന പ്രവാചകന്മാരിലാരാൾ അല്ലെങ്കിൽ വന്നുപോയ പ്രവാചകൻമാരിൽ ഒരാളുടെ പുനർ ജൻമ്മമാണ് എന്നൊക്കെ . എന്നാൽ  "ഞാൻ ആരാണെന്നാണ്  നിങ്ങൾ പറയുന്നത്". അപ്പോൾ  അതിലൊരാൾ അയ്യാളോടുപറയുന്നതു  ഞാൻ കേട്ടു.  "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ്". അതയാൾക്ക് നന്നേ ഇഷ്ട്ടപെട്ടുഎന്ന് തോന്നുന്നു    അദ്ദേഹം തിരിഞ്ഞുനിന്നു പറയുന്നത് ഞാൻ കേട്ടു . "മാംസരക്തങ്ങളല്ല  സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ്   നിനക്കതു വെളിപ്പെടുത്തി തന്നിരിക്കുന്നത്". പിന്നെയും ഏതാണ്ടൊക്കെ അയ്യാൾ അവരോടു പറയുന്നുണ്ടായിരുന്നു.

അതൊന്നും കേൾക്കാൻ  എനിക്കായില്ല കാരണം എന്റെ എടുക്കൽ വന്ന് ക്ഷീണിച്ചുനിന്നു വിശപ്പും ദാഹവും അടക്കാൻ നോക്കിയത് ജീവിക്കുന്ന ദൈവത്തിന്റെ ഓമനപുത്രനായിരുന്നല്ലോ എന്നോർത്ത് ഞാൻ ഒരുനിമിഷം നിന്നുപോയി. എനിക്കദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ എന്നോർത്ത് ഞാൻ വല്ലാതെ ഖേദിച്ചു  ,    

ഇന്നത്തെ എന്റെ അവസ്ഥ വളരെ ദയനീയമാണ് എന്റെ അഹങ്കാരമായിരുന്ന ഇലകളെല്ലാം പൊഴിഞ്ഞുപോയി ചട്ടുപൊള്ളുന്ന വെയിലത്ത് എല്ലാവരാലും ഉപേക്ഷിക്കപെട്ടവനായി ശിഖരങ്ങളും പ്രധാന തടിയും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു.

ഇലപൊഴിഞ്ഞതിലും ഉണങ്ങിയതിലുമുള്ള എന്റെ സകടമെല്ലാം ആ ഒരുനിമിഷം കൊണ്ട്  പമ്പകടന്നു .  കാരണം എന്റെ ശരിക്കുള്ള അവസ്ഥ ഇപ്പോൾ എനിക്ക് മനസ്സിലായി . സത്യത്തിൽ ദൈവകൃപകൊണ്ടാണ് അന്ന് എനിക്കാ കഴിവും അംഗീകാരങ്ങളും അനുഗ്രഹങ്ങളും  കിട്ടിയിരുന്നത് എന്ന്എനിക്ക്‌ അറിയില്ലായിരുന്നു.

അങ്ങനെചിന്തിച്ചു ഞാൻ നിൽക്കുന്ന നേരം.  മുന്നോട്ടു നടന്ന അദ്ദേഹം തലപൊക്കി എന്നെ ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ടൊന്നും മിണ്ടാതെ  കടന്നുപോയി. ആ നോട്ടം! .. അതുമാത്രം മതിയായിരുന്നു  കൊഴിഞ്ഞു പോയ ഓരോ ഇലകളും എന്റെ ഹൃദയത്തിൽ വീണ്ടും കിളിർത്തു  തളിർക്കാൻ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.