"മരിച്ചവരുടെ ഓർമ്മകൾ അവരുടെ തിരുശേഷിപ്പുകൾ തന്നെയാണ്. അതിലൂടെ പ്രിയപ്പെട്ടവരെ നമ്മൾ തൊട്ടടുത്ത് കാണുകയും കേൾക്കുകയും ചെയ്യും"
പരീക്ഷണങ്ങള്‍ ദൈവീകമാണ്, നില്ക്കുന്ന മണ്ണടര്‍ന്നു പോയാലും തിരിച്ചു മരമായി അതിജീവിക്കാനുള്ള കരുത്ത് നേടണം.
നിറയെ ഇലകളുള്ള ഒരു വന്മരത്തിന്റെ മഞ്ഞുകാലം
ഒരു മനുഷ്യനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത് അദ്ദേഹത്തിന്റെ ഓര്‍മകളില്‍ നിന്നും, ഭൂതകാലങ്ങളില്‍ നിന്നുമാണ്. അവിടെ അനുഭവങ്ങള്‍, ജീവിതത്തിന്റെ നിരവധി പരീക്ഷണങ്ങള്‍ എന്നിവ അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിലേക്ക് ഒരു കാഴ്ച പറിച്ചുമാറ്റുമ്പോള്‍ തോമസ് എബ്രഹാമിന് പറയാനുള്ളത് വേദനകളുടെയും അതിജീവനത്തിന്റെയും കഥകളാണ്. ദൈവത്തിന്റെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട്, ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് തന്നെ ഉയരങ്ങളിലേക്ക് പറന്നകന്ന അനേകം മനുഷ്യരുടെ ചരിത്രം കൂടിയാണ്. ആ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുവാന്‍ സമൂഹത്തിനൊപ്പം നില്ക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് ഈ വഴിത്താര പറയുന്നത് -
തോമസ് എബ്രഹാം.
റാന്നി വയലത്തല മുക്കൂട്ടു മണ്ണില്‍ ഏബ്രഹാം - സാറാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ അഞ്ചാമനായിട്ടാണ് തോമസ് എബ്രഹാമിന്റെ ജനനം. കാട്ടൂര്‍ എന്‍.എസ്.എസ്. സ്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് തുടര്‍ന്ന് ഒരു തൊഴില്‍ പഠിക്കുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെ കോഴഞ്ചേരിയില്‍ ഐ.ടി.ഐ പൂര്‍ത്തിയാക്കി. എന്നാല്‍ അതിനെ തകിടം മറിച്ചുകൊണ്ടാണ് ജീവിതത്തിന്റെ പാതിയായ അമ്മ തോമസിനെ വിട്ടുപിരിഞ്ഞത്.
അമ്മയുടെ മരണത്തെക്കുറിച്ച് തോമസ് ഓര്‍ത്തെടുക്കുന്നു. 1978 ജനുവരി 18-നാണ് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞത്. ദൈവത്തിന്റെ തീരുമാനം ആണെങ്കിലും ആ ദിവസം വീണ്ടും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ അവിടെ തിരുത്തലുകള്‍ വരുത്തിക്കൊണ്ട് അമ്മയെ രക്ഷിക്കാമല്ലോ എന്ന് ഇപ്പോഴും ഓര്‍ക്കും.
ഞങ്ങളുടെ വീടിനോട് ചേര്‍ന്നാണ് അക്കാലത്ത് പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ മെയിന്‍ കനാല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. കനാല്‍ കമ്മീഷന് ചെയ്ത ശേഷം പല വീട്ടുകാരുടെയും കുളിയും നനയുമൊക്കെ ഈ കനാലിലായിരുന്നു. അന്ന് രണ്ട് വയസ്സുള്ള ഇളയ സഹോദരിയെ മറ്റൊരു സഹോദരിയെ ഏല്‍പ്പിച്ച് എന്തോ ജോലിയിലായിരുന്നു അമ്മ. പക്ഷെ കുഞ്ഞ് കനാലിനടുത്തേക്ക് പോയത് ആരും അറിഞ്ഞില്ല. കുഞ്ഞ് കനാലില്‍ വീണത് കണ്ട സഹോദരി ഒച്ചപ്പാടുണ്ടാക്കി. ബഹളം കേട്ട് ഓടിവന്നപ്പോള്‍ അമ്മ കണ്ട കാഴ്ച തന്റെ കുഞ്ഞുമകള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ്. കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മയും ചാടി. ആളുകള്‍ കൂടി. ആ അപകടത്തില്‍ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. പക്ഷെ അമ്മ ഞങ്ങളെ വിട്ടുപോയി. കനാലിന്റെ ഷട്ടറിനടുത്തുനിന്നാണ് അമ്മയുടെ മൃതശരീരം കിട്ടിയത്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു മരവിപ്പാണ്. നെഞ്ചില്‍ ഒരു ഭാരമുള്ള കല്ല് കയറ്റി വെച്ചത് പോലെ. മരണപ്പെടുമ്പോള്‍ അമ്മയ്ക്ക് 44 വയസ്സേ ഉണ്ടായിരുന്നുള്ളു. ആ ദിവസം മുതല്‍ അമ്മയുടെ പത്തു മക്കള്‍ പെട്ടെന്ന് അനാഥരാവുകയായിരുന്നു.
അമ്മയില്ലാത്ത വീട്
അമ്മയില്ലാത്ത വീട് തീര്‍ത്തും അനാഥത്വം പേറുന്ന ഒരു കുഞ്ഞിനെ പോലെയാണ്. ദിവസങ്ങള്‍ കടന്നുപോകുംതോറും അതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. ഓരോരുത്തരിലും അമ്മയില്ലായ്മ പ്രകടമായിക്കൊണ്ടിരിന്നു. അക്കാലത്ത് തോമസിന്റെ മൂത്ത സഹോദരന് അദ്ധ്യാപകനായി വയനാട്ടില്‍ ജോലി ഉണ്ടായിരുന്നു. ഒരു സഹോദരന് ബോംബെയിലും ഉണ്ടായിരുന്നു. അവരുടെ സ്നേഹവും കരുതലും ദൈവം ഒരു പുതിയ ജീവിതം മുന്നിലേക്ക് തരുന്നത് പോലെയാണ് തോന്നിയത്. അമ്മയില്ലാത്തതിന്റെ പ്രയാസങ്ങള്‍ അറിയിക്കാതെ പിതാവും സഹോദരങ്ങളും സ്നേഹം കൊണ്ട് കുടുംബത്തെ പൊതിഞ്ഞു നിന്നു. നാട്ടില്‍ കോണ്ട്രാക്ടര് ജോലി ചെയ്തിരുന്ന പിതാവ് അമ്മയുടെ മരണശേഷം ഒരു മാറ്റം എന്ന നിലയില്‍ ജ്യേഷ്ഠനൊപ്പം കുടുംബം മുഴുവനായി വയനാട്ടിലേക്ക് മാറട്ടെ എന്ന തീരുമാനം കൈക്കൊണ്ടു. വയനാട്ടിലേക്കുള്ള മാറ്റം അവര്‍ അകപ്പെട്ടുപോയ ദുഃഖത്തില്‍ നിന്ന് കുടുംബത്തിന് ഒരു മോചനം കൂടിയായിരുന്നു.
തോമസ് എബ്രഹാമാകട്ടെ ജോലി തേടി നേരെ മുംബൈയിലുണ്ടായിരുന്ന സഹോദരന്റെയടുത്തേക്ക് വണ്ടി കയറി. അമ്മയില്ലാത്ത വീട്ടില്‍നിന്നുള്ള മോചനം തന്നെയായിരുന്നു അദ്ദേഹത്തിന്റെയും മനസ്സില്‍. ബോംബെയില്‍ എത്തിയ തോമസ് അപ്രന്റിസായി പല കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്ന് 1983-ല്‍ മറ്റു സഹോദരന്മാരുടെ സഹായത്തോടുകൂടി ഒരു മെഷീന് ഷോപ്പ് തുടങ്ങി. പതിയെ വളര്‍ന്നു തുടങ്ങിയ ഈ സംരംഭം പിന്നീട് താനയില്‍ ടി.ജി. ഇന്‍ഡസ്ടീസ് എന്ന പേരില്‍ മുംബൈ നഗരത്തിന്റെ ഹൃദയത്തിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി. അക്കാലത്ത് തന്നെ പിതാവ് എബ്രഹാം അദ്ദേഹത്തിന്റെ സഹോദരന്മാരുടെ സഹായത്തോടെ 1987-ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് എല്ലാവരേയും അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടുവന്നു. 1989-ലാണ് ഒടുവില്‍ തോമസും അമേരിക്കയില്‍ എത്തുന്നത്. മെഷിനിസ്റ്റായി എക്സ്പീരിയന്‍സ് ഉള്ളതിനാല്‍ വേഗം ജോലി ലഭിച്ചു.
കുഞ്ഞ് പൂവിനെ നോവിക്കല്ലേ
അമേരിക്കയില്‍ ജീവിതം പുനരാരംഭിച്ച എബ്രഹാമും കുടുംബവും അവരെ പിടിച്ചു വലിക്കുന്ന ഓര്‍മകളില്‍ നിന്നും ഭൂതകാലത്തില്നിന്നും പതിയെ മുക്തരായി. അങ്ങനെയിരിക്കെ നീലഗിരി ചേരംപാടി ടി.സി. ജോസഫിന്റേയും മേരിക്കുട്ടിയുടേയും മകള്‍ മറിയയെ (ലിനി) തോമസ് വിവാഹം കഴിക്കുന്നു. പുരുഷന് അവന്റെ ഭാര്യയില്‍ അമ്മയെ കാണുന്നു എന്ന തത്വം തന്നെ തോമസിനും ജീവിതത്തില്‍ അനുഭവപ്പെട്ടു. ലിനിയുടെ കരുതല്‍ അദ്ദേഹത്തിന് അമ്മയുടേത് പോലെ അനുഭവപ്പെട്ടു.
അമേരിക്കയിലെത്തി ഒരുമാസം കഴിഞ്ഞപ്പോള്‍ ഇടിത്തീ പോലെ മറ്റൊരു വാര്‍ത്തയും തോമസിനെ തേടിയെത്തി. പിതാവ് എബ്രഹാം കാന്‍സര്‍ ബാധിതനായി മരിച്ചത്. അമ്മ നഷ്ടപ്പെട്ടപ്പോള്‍ ആ കുടുംബത്തിന് എന്ത് സംഭവിച്ചോ അത് തന്നെ പിതാവിന്റെ മരണശേഷവും ആ കുടുംബത്തില്‍ നടന്നു. ആ ഒറ്റപ്പെടല്‍ എല്ലാ മക്കളിലും ഇപ്പോഴുമുണ്ട് എന്നതാണ് സത്യം.
പെട്ടെന്നാണ് തോമസ് - ലിനി ദമ്പതികളുടെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയത്. 1991-ല്‍ ഇരുവര്‍ക്കും ആദ്യത്തെ മകള്‍ ജനിക്കുന്നു. ഈ സമയത്തായിരുന്നു അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്മാരുടെ വിവാഹവും നടക്കുന്നത്. മകള്‍ ജനിക്കുന്ന സന്തോഷവും, സഹോദരന്മാരുടെ കല്യാണത്തിന്റെ സന്തോഷവുമെല്ലാം ചേര്‍ന്ന് തോമസിന്റെ കുടുംബം അവരുടെ പോയകാല സന്തോഷങ്ങളെയും ഒത്തൊരുമയെയും വീണ്ടും കൂട്ടിയിണക്കി. എന്നാല്‍ ആ സന്തോഷത്തില്‍ ദൈവം ഒരു കനല് ഒളിപ്പിച്ചു വെച്ചിരുന്നു. തോമസ് - ലിനി ദമ്പതികളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒരു കനലായിരുന്നു അത്. അരയ്ക്ക് താഴേക്ക് തളര്‍ന്ന ഒരു കുട്ടിയായിട്ട് ആയിരുന്നു മകളുടെ ജനനം. ഒരിക്കലും നടക്കാന്‍ കഴിയാത്ത കുട്ടിയെന്ന് തന്നെ ആ ദിവസം ഡോക്ടര്‍മാര്‍ അവള്‍ക്ക് വിധിയെഴുതി. ബത്തേരിയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ കോഴിക്കോട്ട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സ്പൈനോ ബിഫിഡ എന്ന രോഗമാണ് കുഞ്ഞിനെന്നും, ഇത് റെയര്‍ അസുഖമാണെന്നും, അസുഖം ഭേദമാക്കുവാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എങ്കിലും എല്ലാ വര്‍ഷവും ചികിത്സയുടെ ഭാഗമായി സര്‍ജറികള്‍ നടന്നിരുന്നു.തളർന്നു പോയി എങ്കിലും ബുദ്ധിമതിയായി വളരുകയും സ്കൂളിൽ മിടുക്കിയായി പഠിക്കുകയും ചെയ്തിരുന്നു .
പുനര്ജന്മം
മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ജീവിതത്തെ കെട്ടിപ്പിടിച്ച ഒരു നിമിഷം തോമസിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് അത്യധികം വേദനയോടെ അദ്ദേഹം പറയുന്നു.പിതാവിന്റെ രണ്ടാം ചരമവാര്‍ഷിക ദിവസം രാവിലെ തോമസ് നീലഗിരി താളൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി ബൈക്കില്‍ തിരിച്ചു വരുന്ന വഴി തമിഴ്നാട് ചേരന് ട്രാന്‍സ്പോര്‍ട്ട് ബസ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് അദ്ദേഹം അപകടത്തില്‍പ്പെട്ടു. വലിയ ഒരു അപകടമായിരുന്നു സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോമസിന്റെ താടിയെല്ല് തകര്‍ന്ന് പോയി. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ആശുപത്രിയില്‍ നിന്നും കോഴിക്കോട് ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ എല്ലാവരും തോമസിനെ എത്തിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ. അന്നവിടെ ന്യൂറോ സര്ജന് ഇല്ലായിരുന്നു. അപ്പോള്‍ ദൈവദൂതനെ പോലെ എന്തോ ആവശ്യത്തിന് വന്ന ന്യൂറോ ഡോക്ടര്‍ തോമസിനെ അവിചാരിതമായി കാണുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഓപ്പറേഷന് ചെയ്യാന്‍ സന്നദ്ധനായി. തലയോട്ടി പിളര്‍ന്നുള്ള ഓപ്പറേഷന് ആയിരുന്നു അത്. ചികിത്സയ്ക്ക് ശേഷം വെന്റിലേറ്ററില്‍ രണ്ടാഴ്ചയോളം കിടന്നു . ബോധം കിട്ടിയപ്പോഴേക്കും ഇടതു കണ്ണിന്റെ കാഴ്ചപോയത് മാത്രമാണ് അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നത്. താടിയെല്ല് ഒരു സൈഡിലേക്ക് ആയിപ്പോയത് നേരെയാക്കാനായിരുന്നു ഈ ഓപ്പറേഷന്. അവിടെയും വേദന സഹിക്കാന്‍ അദ്ദേഹം വിധിക്കപ്പെട്ടു. തലയ്ക്ക് പരിക്ക് ഉള്ളതിനാല്‍ അനസ്തേഷ്യ നല്‍കാതെ താടിയെല്ല് വയര്‍ ചെയ്തു. മേല്‍ത്താടിയും കീഴ്ത്താടിയും നേരെയാക്കി വരിഞ്ഞ് ബലപ്പെടുത്തുന്ന ഓപ്പറേഷന്. വലിയ വേദനയായിരുന്നു അന്നൊക്കെ ഉണ്ടായിരുന്നത്. ഈ വേദനയില്‍ എല്ലാ സഹായവുമായി സഹോദരന്മാരും, സഹോദരികളും, ലിനിയുടെ മാതാപിതാക്കള്‍, സഹോദരന്, സഹോദരിയും ഭര്‍ത്താവും, ബന്ധുക്കള്‍ ഒക്കെ ഒപ്പമുണ്ടായിരുന്നത് ഒരിക്കലും മറക്കാന്‍ പറ്റില്ല.
1991-ല്‍ ഡിസംബറില്‍ വീണ്ടും തോമസ് അമേരിക്കയിലെത്തി. 1992 പകുതിയോടെ ഭാര്യയെയും മകളെയും അമേരിക്കയില്‍ എത്തിച്ചു. എന്നാല്‍ ഭാര്യ ബി.എസ്.സി നേഴ്സിംഗ് കഴിഞ്ഞതിനാല്‍ തുടര്‍പഠനം വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് ന്യൂജേഴ്സിയില്‍ മാസ്റ്റേഴ്സിന് ചേര്‍ന്ന് പഠിച്ചു. ഇതിനിടയില്‍ അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ രണ്ട് പെണ്മക്കള്കൂടി തോമസ് - ലിനി ദമ്പതികള്‍ക്ക് ജനിച്ചു.
ഇതിനിടയില്‍ തന്നെ മൂത്തമകളെ ലിനിയും തോമസും ചേര്‍ന്ന് സ്കൂളില്‍ ചേര്‍ത്തു. അവളാകട്ടെ മിടുക്കിയായി പഠിച്ചു. 14 വയസ് ആയപ്പോഴേക്കും ഇലക്ട്രിക്ക് വീല്‍ ചെയറിലേക്ക് മാറി. സ്കൂളിലും അവള് മിടുക്കിയായിരുന്നു.
കുഞ്ഞേ മടങ്ങുക
പരിമിതികള്‍ എല്ലാം മാറ്റിവെച്ചുകൊണ്ട് തന്നെയാണ് അവള് വളര്‍ന്നത്. കുറവുകള്‍ ഒന്നും അറിയിക്കാതെ ലിനിയും തോമസും അവള്‍ക്കൊപ്പം തണലായി തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വിധി വീണ്ടും അവരില്‍ കാര്‍മേഘങ്ങള്‍ നിറയ്ക്കാന്‍ തയാറായിത്തന്നെ നിന്നു. 2008-ല്‍ കുഞ്ഞിന് പെട്ടെന്ന് ഒരു അസുഖം ഉണ്ടാകുന്നു. തുടര്‍ന്ന് ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുത്തു. ചികിത്സകള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അവളുടെ ചിരി തിരികെ കൊണ്ടുവരാന്‍ തോമസും ലിനിയും ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഡോക്ടര്‍മാര്‍ സമാധാനപരമായ മരണമാണ് അപ്പോള്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് വിധിയോട് പൊരുത്തപ്പെട്ട മാതാപിതാക്കള്‍ അവളെ വീട്ടിലേക്ക് മാറ്റിയത്. ഇതിനിടയില്‍ അവളും ആ അവസ്ഥയോട് പൊരുത്തപ്പെടുകയായിരുന്നു. 2009 മെയ് 17-ന് പതിനേഴാമത്തെ വയസില്‍ അവള് ഈ ഭൂമിയില്‍നിന്നും യാത്രയായി. ആ സമയത്ത് ഹാലി ബാര്ട്ടന് കമ്പനിയില്‍ ക്വാളിറ്റി കണ്ട്രോളര് ആയിരുന്നു തോമസ്.
മകളുടെ സെമിത്തേരിയില്‍ വെയ്ക്കാന്‍ ഒരു നല്ല സ്മാരകശില വേണം എന്ന നിര്‍ബന്ധം തോമസിന് ഉണ്ടായിരുന്നു. അതിന് വേണ്ടി നാടാകെ തിരഞ്ഞ് ഒടുവില്‍ ഇന്ത്യയിലെ ഒരു കമ്പനിയില്‍ നിന്നും ശില അദ്ദേഹം സ്വന്തമാക്കി. മകളുടെ ഓര്‍മ്മയ്ക്കായി അവസാനമായി ഒരു പിതാവിന് ചെയ്തു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. ആ ശിലയാണ് പിന്നീടുള്ള തോമസിന്റെ ജീവിതം മാറ്റിമറിച്ചത്.
സ്മാരക ശിലകളില്‍ കൊത്തിയ ജീവിതം
മരിച്ചവര്‍ ജീവിക്കുന്നത് അവര്‍ക്ക് വേണ്ടി പ്രിയപ്പെട്ടവര്‍ പേരെഴുതിവെക്കാന്‍ തയാറാക്കുന്ന ശിലകളിലാണ്. ഇത് ഒരു പുതിയ ആശയമാണ് തോമസിന് നല്‍കിയത്. എന്തു കൊണ്ട് ഇതൊരു ബിസിനസായി എടുത്തു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. തുടര്‍ന്ന് അവധിക്ക് ഇന്ത്യയില്‍ പോയപ്പോള്‍ വിവിധസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോനുമെന്റ് ശിലകള്‍ വാങ്ങി അമേരിക്കയില്‍ എത്തിക്കാനുള്ള പദ്ധതി അദ്ദേഹം തയ്യാറാക്കി. ഇത് വെച്ചുകൊണ്ട് തന്നെ അമേരിക്കയില്‍ ഒരു ബിസിനസ് അദ്ദേഹം തുടങ്ങി. മുക്കൂട്ടു മോനുമെന്റ്സ് ഇന്‍ കോര്‍പ്പറേറ്റഡ് കമ്പനി തുടങ്ങിയത് അങ്ങനെയാണ്. ഇന്ത്യയിലും ചൈനയിലും നിന്ന് മികച്ച ശിലകള്‍ തോമസ് അമേരിക്കയിലേക്ക് വരുത്തി. എല്ലായിടത്തും ഓടിയെത്തിയ അദ്ദേഹം അമേരിക്കന്‍ മണ്ണില്‍ ബിസിനസ് വേരു പിടിപ്പിച്ചു. ഇപ്പോള്‍ അമേരിക്കയുടെ എല്ലാഭാഗത്തും മോനുമെന്റ്സ് എത്തിക്കാനുള്ള സംവിധാനം തോമസിന്റെ കമ്പനിയുടെ പക്കലുണ്ട്. ഈ ബിസിനസ് അമേരിക്കയില്‍ നടത്തുന്ന മറ്റൊരു അമേരിക്കന്‍ മലയാളിയും ഇല്ല എന്നതാണ് സത്യം.
അമേരിക്കയില്‍ മരിക്കുന്ന ഒരു മലയാളിക്ക് സെമിത്തേരിയില്‍ അവരുടെ ജനനവും മരണവും കുറിക്കുന്ന മോനുമെന്റ്സ് ഒരു ഓര്‍മ്മയാണ്. ആറ് മാസത്തിനുള്ളില്‍ ആ ശിലകള്‍ മുക്കൂട്ട് മോനുമെന്റ്സ് എത്തിച്ച് നല്‍കും. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും ശിലകള്‍ എത്തിക്കുന്നു. കൃത്യസമയത്ത് വമ്പിച്ച വിലക്കുറവില്‍ ശിലകള്‍ ഏത് സ്റ്റേറ്റിലും ലഭ്യമാക്കും. ഈ കൃത്യത തോമസിന്റെ കമ്പനിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചു. വളരെ നല്ല രീതിയില്‍ ഈ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തോമസും കുടുംബവും ശ്രദ്ധിക്കുന്നു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വിലയിളവിലും സൗജന്യമായും മോനുമെന്റ്സ് നിര്‍മ്മിച്ചു നല്കുവാനും തോമസ് എബ്രഹാം തയ്യാറായിട്ടുണ്ട്. ഒരു കുടുംബത്തിന്റെ ആഗ്രഹത്തിനും ഓര്‍മ്മകള്‍ക്കും ഒപ്പം നില്ക്കുക. അതുംകൂടി തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
'ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത് '
മനുഷ്യരെ സഹായിക്കുക എന്നത് ജീവിതത്തില്‍ എപ്പോഴും സംഭവിക്കുന്ന ഒന്നായത് കൊണ്ട് തന്നെ അതില്‍ വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ ആവശ്യമില്ല എന്ന് തന്നെയാണ് തോമസും കുടുംബവും വിശ്വസിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ആളുകളെ തോമസ് സഹായിക്കുന്നുണ്ട്. പക്ഷേ, ഇത് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ നീതി. പഠനം, രോഗം ഒക്കയായി പലരേയും എപ്പോഴും സഹായിക്കാറുണ്ട്. ഭിന്നശേഷിക്കാര്‍ക്കാണ് കൂടുതല്‍ സഹായം ലഭ്യമാക്കുന്നത്. അമേരിക്കയില്‍ നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും സംഘടനാ പ്രവര്‍ത്തന രംഗത്ത് തോമസ് സജീവമല്ല. എല്ലാവരും വേണം എന്നതാണ് അദ്ദേഹത്തിന്റെ രീതി. പത്ത് വര്‍ഷമായി ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തില്‍ അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാന്‍ എക്കാലവും താല്പര്യമുള്ള തോമസ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം ഗാലക്സി എന്റര്ടെയ്ന്മെന്റ് എന്ന ഗ്രൂപ്പിന് തുടക്കം കുറിക്കുകയും ടെക്സാസ്, ഡാളസ് ഏരിയയില്‍ ചലച്ചിത്ര താരങ്ങളുടെ നിരവധി ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വയനാട് വില്ല പ്രോജക്ട്
രണ്ടാം ജന്മമെന്നോണം തന്നെയും കുടുംബത്തെയും സ്വീകരിച്ച വയനാട്ടില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അമേരിക്കയില്‍നിന്നും നാട്ടില്‍ വന്നു താമസിക്കുന്നവര്‍ക്കും പ്രയോജനകരമായി ഒരു വില്ല പ്രോജക്ട് തോമസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തിരുന്നു. നാല്‍പ്പത് വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോണ്‍ട്രാക്ട് ഏല്‍പ്പിച്ച വ്യക്തിയുടെ ചതിയില്‍പ്പെട്ട് പദ്ധതി കേസില്‍ പോയി. 6 വര്‍ഷമായി ഈ കേസിന് പിറകെയാണ് തോമസ്. നാട്ടില്‍ നല്ലൊരു പ്രോജക്ട് ചെയ്യാന്‍ തീരുമാനിച്ച പദ്ധതി ഇങ്ങനെ ആയതില്‍ തോമസിന് വലിയ ദുഃഖമുണ്ട്. കേസ് അവസാനിച്ച ശേഷം പ്രോജക്ട് തുടരണം എന്ന് അദ്ദേഹം വിചാരിക്കുന്നു.
അഞ്ചു തലമുറകളുടെ കുടുംബ ബന്ധം
അമേരിക്കയുടെ ആദ്യകാല മലയാളി കുടിയേറ്റ കാലത്ത് 1969-ല്‍ തോമസ് എബ്രഹാമിന്റെ വല്യപ്പച്ചന്റെ സഹോദരകുടുംബം വഴി അമേരിക്കയില്‍ എത്തിയ ഒരു കുടുംബത്തിന്റെ കണ്ണി പടര്‍ന്നു പന്തലിച്ചത് അഞ്ചു തലമുറകളുടെ ദൃഢമായ ബന്ധത്തിലേക്കാണ്. ഇപ്പോള്‍ ഏതാണ്ട് അഞ്ഞൂറിലധികം കുടുംബങ്ങള്‍ ഈ കണ്ണിയില്‍ ഇഴ ചേരുന്നു. ഈ കുടുംബത്തില്‍ നിന്നും ആദ്യം അമേരിക്കയിലെത്തിയ ജോണിക്കുട്ടിച്ചായനും അദ്ദേഹം കൊണ്ടുവന്ന തോമസിന്റെ പിതാവിന്റെ അനുജന് ബേബിക്കുട്ടിയും (മത്തായി യോഹന്നാന്) ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. അവരോടുള്ള നന്ദി ഹൃദയപൂര്‍വ്വം അറിയിക്കുന്നു. ഇപ്പോള്‍ പത്തു മക്കളില്‍ ഒന്‍പത് സഹോദരങ്ങളും അമേരിക്കയില്‍ ഉണ്ട് എന്നതും സന്തോഷം തന്നെ.
മകളുടെ മരണം ഭാര്യ ലിനിയെ തളര്‍ത്തിയെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ തോമസ് ഒപ്പം നിന്നു. അങ്ങനെ നേഴ്സിംഗില്‍ ലിനി ഡോക്ടറേറ്റ് എടുത്തു. ഒരു ഹോസ്പിറ്റലില്‍ ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നു. മരിച്ച മകളും അമ്മ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. രണ്ടാമത്തെ മകള്‍ ടിയാറ തോമസ് കണ്ണ് ഡോക്ടര്‍ ആണ്. 2023-ല്‍ വിവാഹിതയായി. മൂന്നാമത്തെ മകള്‍ ടാഷ സൈക്കോളജി പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്.
ഒരു കണ്ണിനു കാഴ്ചയില്ലായ്മ്മയും, മെഷിനിസ്റ്റായി ജോലി ചെയ്യവേ വലതു തോളിനുണ്ടായ അപകടത്തില്‍ വലതു കൈക്കുണ്ടായ സ്വാധീനക്കുറവും തന്റെ ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു തടസ്സമായി തോന്നാതിരുന്നത് ലിനിയും മക്കളും നല്കിയ പിന്തുണയുടെ ബലമാണ്.
തോമസ് എബ്രഹാമിന്റെ ജീവിതം കനല്‍വഴികളിലൂടെയാണ് കടന്നുവന്നതെന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. നമുക്ക് എത്ര കേട്ടാലും ഉള്ളില്‍ കനല് ഉണ്ടെങ്കില്‍ ഏത് മഴക്കാലത്തും നമ്മള് കത്തി നില്ക്കും എന്നതിന്റെ ഉദാഹരണമാണ് തോമസ് എബ്രഹാമിന്റെ ജീവിതം.
Mukkut Monuments Inc. Phone: 972 342 0041. Website: www.mukkutmonuments.com Email:mukkutmonuments@gmail.com
Facebook: https://www.facebook.com/mukkut.monuments/ (https://www.facebook.com/mukkut.monuments/)
Google: https://g.co/kgs/TSXCPz (https://g.co/kgs/TSXCPz)n