പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. ഒരു സീറ്റ് എൽഡിഎഫ് നേടി .ആദ്യമായി ബിജെപി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു .കഴിഞ്ഞ പ്രാവശ്യം 19 ആയിരുന്നത് ഇത്തവണ ഇരുപതും നേടുമെന്ന് അവകാശപ്പെട്ട യുഡിഎ് ഇത്തവണ 18സീറ്റ് കരസ്ഥമാക്കി. ബിജെപി ജയിച്ച തൃശൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായത് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. ഒരു സീറ്റ് എൽഡിഎഫ് നേടി .ആദ്യമായി ബിജെപി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു .കഴിഞ്ഞ പ്രാവശ്യം 19 ആയിരുന്നത് ഇത്തവണ ഇരുപതും നേടുമെന്ന് അവകാശപ്പെട്ട യുഡിഎ് ഇത്തവണ 18സീറ്റ് കരസ്ഥമാക്കി. ബിജെപി ജയിച്ച തൃശൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായത് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും.എൽഡിഎഫ് 5 മുതൽ 12 സീറ്റ് പ്രതീക്ഷിച്ചിടത്താണ് ഒന്നിലൊതുങ്ങേണ്ടിവന്നത്.ആലപ്പുഴ 62,000 വോട്ടിലേറെ ഭൂരിപക്ഷത്തിന് കോൺഗ്രസിന്‍റെ കെ.സി വേണുഗോപാൽ പിടിച്ചെടുത്തു. എൽഡിഎഫിന് കനത്ത ആഘാതമാണ് തെരഞ്ഞെടുപ്പ് ഫലം.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും പരാജയപ്പെട്ടത് തൃശൂരിലെ സുരേഷ് ഗോപിയുടെ വമ്പൻ വിജയത്തിനിടയിലും ബിജെപിക്ക് തിരിച്ചടിയായി . ഈ മണ്ഡലങ്ങളിലുൾപ്പെടെ ബിജെപി വലിയ തോതിൽ വോട്ടുയർത്തിയത് പാർട്ടിക്ക് നേട്ടമാണ്.ബിജെപി ആദ്യമാണ് വിജയിച്ചതെങ്കിലും 2004ൽ ബിജെപി മുന്നണിയിലെ ഐഎഫ് ഡി പി സ്ഥാനാർഥി പി.സി തോമസ് മൂവാറ്റുപുഴയിൽനിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് 'സമസ്ത' വിറപ്പിച്ചെങ്കിലും ലീഗ് കോട്ടകൾ ഭദ്രമെന്ന് ഫലം തെളിയിച്ചു.നിയമസഭയിൽ ഒരു സീറ്റിലും ജയിക്കാനാവാത്ത ആർ എസ് പി കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന്‍റെ വൻ വിജയത്തോടെ വീണ്ടും തലയുയർത്തി.
ന്യൂനപക്ഷ വോട്ടിനായി എൽഡിഎഫും യുഡിഎഫും നടത്തിയ പോരാട്ടത്തിൽ അത് കഴിഞ്ഞ തവണത്തെപ്പോലെതന്നെ ഇത്തവണയും യുഡിഎഫിനൊപ്പംതന്നെ നിന്നു .ഒപ്പം ഭരണവിരുദ്ധവികാരം കൂടിയായപ്പോൾ എൽഡിഎഫിന് അടിതെറ്റി.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം ഉൾപ്പെടെ കുത്തക മണ്ഡലങ്ങളിൽപോലും രാഷ്ട്രീയ എതിരാളികൾക്ക് വമ്പൻ ഭൂരിപക്ഷം ലഭിച്ചത് സിപിഎമ്മിന്‍റെ ഉറക്കം കെടുത്തും.രണ്ടുസീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിടത്ത് സമ്പൂർണ തോൽവിയിലെത്തിയത് സിപിഐയെ നിരാശരാക്കി.
കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടിയ കോട്ടയത്ത് പി.ജെ ജോസഫിന്‍റെ കേരള കോൺഗ്രസ് ജയിച്ചപ്പോൾ കേരള കോൺഗ്രസ്(എം) ശക്തികേന്ദ്രത്തിൽ ഒരിക്കൽകൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.എൽഡിഎഫിലെ രണ്ടാമത്തെ രാജ്യസഭാ സീറ്റിനുള്ള അവകാശവാദത്തെ ഇതെത്രമാത്രം ബാധിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഉടനുണ്ടാവും. 6നാണ് രാജ്യസഭ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.