LITERATURE

കെ എസ് ഇ ബി യെ എങ്ങനെ രക്ഷിച്ചെടുക്കാം?

Blog Image
ആദ്യമേ പറയട്ടെ, KESBയെ രക്ഷിച്ചെടുക്കേണ്ടതു് മലയാളിയുടെ ഒരു ബാദ്ധ്യതയൊന്നുമല്ല. പക്ഷേ, ജനങ്ങളുടേയും സർക്കാരിന്റെയും ആ സ്ഥാപനത്തിന്റെത്തന്നെയും ബക്കറ്റ് മാനേജ്മെന്റ് നയങ്ങൾ മൂലം, നമ്മുടെ കുപ്രസിദ്ധമായ KSRTC എന്ന വെള്ളാനവണ്ടിക്കമ്പനിപോലെത്തന്നെ, KSEBയും പയ്യെപ്പയ്യെ നമ്മുടെ ബാദ്ധ്യതയായിക്കൊണ്ടിരിക്കയാണു്.

ആദ്യമേ പറയട്ടെ, KESBയെ രക്ഷിച്ചെടുക്കേണ്ടതു് മലയാളിയുടെ ഒരു ബാദ്ധ്യതയൊന്നുമല്ല. പക്ഷേ, ജനങ്ങളുടേയും സർക്കാരിന്റെയും ആ സ്ഥാപനത്തിന്റെത്തന്നെയും ബക്കറ്റ് മാനേജ്മെന്റ് നയങ്ങൾ മൂലം, നമ്മുടെ കുപ്രസിദ്ധമായ KSRTC എന്ന വെള്ളാനവണ്ടിക്കമ്പനിപോലെത്തന്നെ, KSEBയും പയ്യെപ്പയ്യെ നമ്മുടെ ബാദ്ധ്യതയായിക്കൊണ്ടിരിക്കയാണു്. മികച്ച രീതിയിൽ ഇപ്പോഴും ഭാവിയിലും പ്രവർത്തിക്കേണ്ട ഒരു പൊതുസേവനസ്ഥാപനം എന്ന നിലയിൽനിന്നും അനുദിനം തെന്നിമാറിക്കൊണ്ടിരിക്കയാണു് ആ കമ്പനി.
എന്നിരുന്നാലും, പ്രൊഫഷണലിസം എന്ന വാക്കു് തൊട്ടുതെറിച്ചിട്ടില്ലാത്ത പൊതുവേ കേരളന്മാർക്കിടയിൽ, പ്രത്യേകിച്ച് കേരളസർക്കാർ സംരംഭങ്ങൾക്കും വകുപ്പുകൾക്കും ഇടയിൽ കുറച്ചെങ്കിലും സമ്മതിച്ചുകൊടുക്കാവുന്ന ഒരു പ്രൊഫഷണൽ കമ്പനിയാണു് KSEB എന്നു സമ്മതിച്ചേ തീരൂ. മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ഗതാഗതം, വിനിമയം തുടങ്ങിയ പൊതുധർമ്മങ്ങളെപ്പോലെത്തന്നെ അവശ്യമായ ഊർജ്ജവിതരണസേവനം ഉറപ്പുവരുത്താൻ തൽക്കാലമെങ്കിലും ഇത്തരം ഒരു ഏജൻസി നിലനിന്നേ തീരൂ.
വേണ്ടത്ര ആർജ്ജവവും (courage) നിശ്ചയദാർഢ്യവും (Determination) പൊതുജനസ്വീകാര്യതയും (Public trust) അടിസ്ഥാനപരമായ കൈമുതലാക്കിയാൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊതുസേവനസം‌വിധാനമാവാൻ KSEBയ്ക്കു കഴിയും എന്നു് ഉറപ്പായും പറയാം. പക്ഷേ ഭരണതലത്തിലും ആസൂത്രണതലത്തിലും അഭൂതപൂർവ്വവും വിപ്ലവകരവുമായ കുറേ മാറ്റങ്ങൾ വേണ്ടിവരും. ഇതിൽ പലതും പലപ്പോഴായി ഞാൻ  മുമ്പേ പരാമർശിച്ചിട്ടുണ്ടു്.
വെള്ളപ്പൊക്കവും കോവിഡും പോലെ, വിശ്വേട്ടന്റെയുള്ളിലെ ദുരന്തപ്രവാചകൻ ഇക്കൊല്ലവും നമുക്കുവേണ്ടി എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടോ എന്നു് രണ്ടുമൂന്നുമാസം മുമ്പേ പുതുവർഷഫോൺ സല്ലാപത്തിനിടേ ഒരു സുഹൃത്തു് തമാശയെന്നോണം  ചോദിച്ചിരുന്നു. ഇക്കൊല്ലത്തേക്കുമാത്രമല്ല, അടുത്ത ഏതാനും വർഷത്തേക്കു് പതിവായി കിട്ടിബോധിക്കാൻ വീര്യം കുറഞ്ഞ ഒരു ഊർജ്ജാണുബാധ നമ്മെ കാത്തിരിക്കുന്നുണ്ടെന്നായിരുന്നു, അത്ര തമാശയല്ലാതെ ഞാൻ മറുപടി പറഞ്ഞതു്. ഇപ്പോൾ,  ഈസ്റ്ററും വിഷുവുംനോമ്പുപെരുന്നാളും ആവും മുമ്പേ ആ അണുബാധ നമ്മെ ബാധിച്ചിരിക്കുന്നു എന്നു തിരിച്ചറിയുമ്പോൾ, വീണ്ടും സങ്കടം തോന്നുകയാണു്.  
അതെന്താണെന്നും അതിനെ പ്രതിരോധിക്കാൻ മദ്ധ്യ-ദീർഘകാലാടിസ്ഥാനത്തിൽ നമുക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നും ഒന്നു വെറുതെ ആലോചിച്ചുവെയ്ക്കാം.
അതിലൊന്നാണു് “Community Battery Storage“.
എന്തെങ്കിലും വഴിയുണ്ടെങ്കിൽ കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുവഴികളിലും നദികളിലും ബസ് സ്റ്റാൻഡുകളിലും ജലസംഭരണികളിലും, എന്തിനു്, തരിശുനിലങ്ങളിലും വരെ സോളാർ പാനലുകൾ വരണം. വനഭൂമിയും തീരഭൂമിയും അടക്കം കഷ്ടി 40,000 ച.കി.മീ. വിസ്തൃതിയുള്ള കേരളത്തിന്റെ മൊത്തം ഊർജ്ജോപഭോഗത്തിനു് പരമാവധി 100 ചതുരശ്രകിലോമീറ്റർ (അതായതു് 10 km x10 km വലിപ്പമുള്ള ഒരൊറ്റ പ്ലാന്റ് , അല്ലെങ്കിൽ 1 km x 1 km ഉള്ള 100 പ്ലാന്റുകൾ, അതുമല്ലെങ്കിൽ 100 മീറ്റർ x 100 മീറ്റർ ഉള്ള 10,000 പ്ലാന്റുകൾ)  സൗരപാനലുകൾ മതി. ഇതു് വലിയൊരു  അളവാണെന്നു തോന്നുന്നുണ്ടെങ്കിലും ഒരു കോടി കുടുംബങ്ങളും അതിനൊത്തു് വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും ഉള്ളിടത്തു്  ഓരോയിടത്തും നാലോ അഞ്ചോ ചതുരശ്രമീറ്റർ മാത്രം ഒരുക്കിയെടുത്താൽ ഇത്രയും പാനലുകൾ സ്ഥാപിക്കാനാവും!
പക്ഷേ മുഖ്യമായ പ്രശ്നം അതല്ല. വെയിലുള്ള എട്ടുമണിക്കൂർ കൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന 4 യൂണിറ്റ് നാം ഉപയോഗിക്കേണ്ടതു് ഒരു ദിവസത്തിലെ 24 മണിക്കൂർ കൊണ്ടാണു്. അതിൽ തന്നെ 30-40 ശതമാനത്തിന്റെ ഉപയോഗം വൈകീട്ട് 6 മുതൽ 10 വരെയുള്ള, വെയിലില്ലാത്ത  4 മണിക്കൂർ സമയത്താണു്. പകൽ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രാത്രിയിലെ ഉപഭോഗത്തിനുവേണ്ടി എങ്ങനെ സൂക്ഷിച്ചുവെയ്ക്കും? ഇതാണു് ഇപ്പോൾ ലോകമാസകലം ഇലൿറ്റ്രിക്കൽ എഞ്ചിനീയറിങ്ങ് വിദഗ്ദ്ദ്ഗന്മാർ അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ പ്രശ്നം.
കേരളത്തെ സംബന്ധിച്ചിടത്തോളം, (നാം നമ്മെത്തന്നെ നമ്പർ വൺ ആയി കാണുകയും അതിനൊത്തു് സ്വയം അഴിച്ചുപണിയാൻ തയ്യാറാവുകയും ചെയ്യുന്നെങ്കിൽ) സാദ്ധ്യമായ ഒരു അടിയന്തിരപരിഹാരം “അയൽക്കൂട്ടബാറ്ററി“ സിസ്റ്റം ആണു്.
അതെങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം:
ഇപ്പോൾ നാം വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതു് ഓൺ-ഗ്രിഡ്, ഓഫ്-ഗ്രിഡ് എന്നിങ്ങനെ രണ്ടുവിധത്തിലാണു്. (ഇതുരണ്ടും ഭാഗികമായോ പൂർണ്ണമായോ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് രീതിയും സാങ്കേതികമായി സാദ്ധ്യമാണു്.
ഇതിൽ സാമ്പത്തികച്ചെലവു പരിഗണിക്കുമ്പോൾ ഉപയോക്താക്കൾക്കു്  പൊതുവേ സ്വീകാര്യമായിട്ടുള്ളതു് ഓൺ-ഗ്രിഡ് സിസ്റ്റമാണു്. പകൽ ഉല്പാദിപ്പിക്കുന്ന ഊർജ്ജം സ്വയം ബാറ്ററികളിൽ സംഭരിക്കാതെ KSEBയുടെ വിതരണശൃംഖലയിലേക്കു കൈമാറുകയും പകരം രാത്രി സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി KSEBയിൽനിന്നും അവർ തിരിച്ചുവാങ്ങുകയും ചെയ്യുന്ന രീതിയാണു് ഓൺ-ഗ്രിഡ് സിസ്റ്റം.
ഉപയോക്താക്കൾക്കു് ഇതുകൊണ്ടു മെച്ചമാണെങ്കിലും KSEBയ്ക്കു് ഇതൊരു തൃപ്തികരമായ പരിഹാരമായിക്കൊള്ളണമെന്നില്ല. കാരണം, വൈദ്യുതി ചുരുങ്ങിയ വിലയ്ക്കു് സമൃദ്ധമായി ലഭിയ്ക്കുന്ന പകൽ സമയത്താണു് അവർ ഇതു വാങ്ങി സംഭരിക്കുന്നതു്. പകരം തിരിച്ചുകൊടുക്കുന്നതോ? വൈദ്യുതിയ്ക്കു് അത്യന്തം ദൗർലഭ്യമുള്ള രാത്രിസമയത്തു്, രാജ്യതലത്തിൽതന്നെ വിലയേറിയ, കാർബൺ അധിഷ്ഠിത ഇന്ധനങ്ങളിൽനിന്നുണ്ടാക്കുന്ന, വൈദ്യുതിയും. ഇതിൽ ന്യായമായും ചില ശരികേടുകളുണ്ടു്.
ഇതാണു് ഇപ്പോൾ KSEBയും അവരുടെ ഉപഭോക്താക്കളും തമ്മിൽ മെല്ലെ മെല്ലെ ഊറിക്കൊണ്ടിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന സംഘർഷത്തിനുകാരണം.
KSEBനേരിടുന്നവെല്ലുവിളികൾ:
1. സ്വയം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി ഇല്ലാതിരിക്കുന്നതു്. പ്രത്യേകിച്ച് രാത്രി സമയത്തു് ആവശ്യമുള്ള അധികോപഭോഗത്തിനു്. 
2. പകൽ സോളാർ ഉല്പാദകരിൽനിന്നും വാങ്ങുന്ന വൈദ്യുതി സ്വന്തം ഉപഭോക്താക്കൾക്കിടയിലോ അർഹമായ വിലയ്ക്കു് അന്യസംസ്ഥാനങ്ങളിലേക്കോ ചെലവഴിക്കാൻ പറ്റാത്തതു്.
3. രാത്രി ആവശ്യമുള്ളതിന്റെ 70 - 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ടിവരുന്നതു്. അണക്കെട്ടുകളിൽനിന്നുള്ള 20% മാറ്റി നിർത്തിയാൽ, ഫലത്തിൽ KSEB ഒരു ഇറക്കുമതി റീട്ടെയിൽ ഡിസ്ട്രിബ്യൂട്ടർ  സ്ഥാപനം മാത്രമാണു്!
4. വർദ്ധിച്ച തോതിൽ edge-of-grid production (LT ഫീഡറുകളിലേക്കു്  ഗാർഹിക പുരപ്പുറ സോളാർ പ്ലാന്റുകൾ ഉല്പാദിപ്പിച്ചുവിടുന്ന വൈദ്യുതി HT നെറ്റ്‌വർക്കുകളിലൂടെ ഏറ്റെടുത്തു് മറ്റു മേഖലകളിലേക്കു് തിരിച്ചുവിടാൻ ആവശ്യമായത്ര കപ്പാസിറ്റി ട്രാൻസ്ഫോർമറുകളിലും HT ലൈനുകളിലും സബ്-സ്റ്റേഷനുകളിലും ഇല്ലാത്തതു്. ഫലത്തിൽ ഓരോ 11KV ട്രാൻസ്ഫോർമറും പകൽസമയത്തു് ഓരോ reverse flow bottle neck കുപ്പിക്കഴുത്തുകളാകുന്നതു്.
5. ധാരാളം ചെറുകിട ഓൺ-ഗ്രിഡ് സോളാർ ഉല്പാദകരുണ്ടാവുമ്പോൾ നെറ്റ്‌വർക്കിന്റെ മൊത്തം സ്ഥിരതയേയും ഗുണനിലവാരത്തേയും ബാധിക്കാവുന്ന സങ്കീർണ്ണമായ സാങ്കേതികപ്രശ്നങ്ങൾ (system stability, transients, harmonics etc).
ഇവയെല്ലാത്തിനും ഒരൊറ്റ പരിഹാരമായി തൽക്കാലം ഒന്നുമില്ല. പക്ഷേ എല്ലാത്തിനേയും ലഘൂകരിച്ച്  ഗുണപരമായി  എല്ലാർക്കും നേട്ടമാകാവുന്ന ഒന്നുണ്ടു്. അതാണു് കമ്യൂണിറ്റി ബാറ്ററി.
കമ്യൂണിറ്റി ബാറ്ററിയെപ്പറ്റിയുള്ള നിങ്ങളുടെ ധാരണകൾ, പ്രത്യാശകൾ, ആശങ്കകൾ, വിജയ-പരാജയസാദ്ധ്യതകൾ ഒക്കെ എന്താണു്? കമന്റുകളിലൂടെ അറിയിക്കുക.
ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെയാണു് കമ്മ്യൂണിറ്റി സ്റ്റോറേജ് സക്ഷാൽക്കരിക്കേണ്ടതു് എന്ന ആശയം ഒട്ടൊക്കെ വിശദമായി അടുത്ത ലേഖനത്തിൽ എഴുതാം.

വിശ്വപ്രഭ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.