ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്. ഇനി അവശേഷിക്കുന്ന പ്രചരണ യോഗങ്ങളില്‍ കെജ്രിവാളും മോദിയുമാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ പോകുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇംപാക്ട് അല്ല ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുകയെന്ന യാഥാര്‍ത്ഥ്യമാണ് നരേന്ദ്ര മോദി ഭരണകൂടം തിരിച്ചറിയാതെ പോയിരിക്കുന്നത്.ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇപ്പോള്‍ വൈകിയാണെങ്കിലും സുപ്രീംകോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍, ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു.പി ഉള്‍പ്പെടെയുള്ള ബി.ജെ.പി ശക്തികേന്ദ്രങ്ങളിലും കെജ്രിവാള്‍ പ്രചരണത്തിന് ഇറങ്ങുന്നത്, വീര പരിവേഷത്തോടെ ആയിരിക്കും. ജയിലില്‍ നിന്നും പുറത്തു വന്ന് ഇന്ത്യാ സഖ്യത്തിന്റെ പ്രചരണമാണ് കെജ്രിവാള്‍ നയിക്കാന്‍ പോകുന്നത്. ഇത് ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന നീക്കമായി മാറാന്‍ തന്നെയാണ് സാധ്യത.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ ആണ് ബി.ജെ.പി നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഭരണപക്ഷത്തായാല്‍ ഏത് അഴിമതി കേസില്‍പ്പെട്ടവര്‍ക്കും സംരക്ഷണം കൊടുക്കുന്ന ബി.ജെ.പി നിലപാടും പ്രതിപക്ഷം തുറന്നു കാട്ടുന്നുണ്ട്. ഈ പ്രചരണത്തിനാണ് കെജ്രിവാളിന്റെ വരവോടെ മൂര്‍ച്ച കൂടുന്നത്.
അതേസമയം, അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. കെജ്രിവാളിനു ജാമ്യം ലഭിച്ചതിനെ സി.പി.എമ്മും കോണ്‍ഗ്രസും തൃണമൂലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോള്‍, ജൂണ്‍ രണ്ടിന് കെജ്രിവാള്‍ ജയിലിലേക്കു തന്നെ മടങ്ങണമെന്ന് ഓര്‍മിപ്പിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും ഇ.ഡിയും ശക്തമായി എതിര്‍ത്തെങ്കിലും 21 ദിവസത്തെ ജാമ്യം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത് യഥാര്‍ഥത്തില്‍ അദ്ഭുതം തന്നെയാണെന്നാണ് എഎപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
’40 ദിവസത്തിനുള്ളില്‍ ഇടക്കാല ജാമ്യം ലഭിച്ചത് ഒരു അദ്ഭുതം തന്നെയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഒരു മാറ്റം അനിവാര്യമാണെന്ന ദൈവത്തിന്റെ സന്ദേശമാണ് സുപ്രീം കോടതി വിധിയിലൂടെ തെളിയുന്നതെന്നും എ.എ.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ രംഗത്തു വന്ന ബി.ജെ.പി നേതാക്കള്‍, ”തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചതെന്നും ജൂണ്‍ ഒന്നിനു ശേഷം അദ്ദേഹം ജയിലിലേക്കു തന്നെ മടങ്ങണമെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.
കെജ്രിവാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതികരിച്ചു. ”കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പുറത്തിറങ്ങുന്നത് വളരെയധികം സഹായകമായിരിക്കും’ മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു.
ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനമെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
‘മാറ്റത്തിന്റെ വലിയ അടയാള’മാണ് കെജ്രിവാളിനു ലഭിച്ച ഇടക്കാല ജാമ്യമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ”കെജ്രിവാള്‍ സത്യം പറയുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യ സഖ്യത്തിനും ഈ ഇടക്കാല ജാമ്യം വലിയ കരുത്തു പകരും. ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും” താക്കറെ പറഞ്ഞു. കെജ്രിവാളിനു ജാമ്യം ലഭിച്ചതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, ജയിലിലുള്ള ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചിട്ടുണ്ട്.
കെജ്രിവാള്‍ പുറത്തിറങ്ങിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായി സടകുടഞ്ഞാണ് എണീറ്റിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കെജ്രിവാള്‍ ‘ഇഫക്ട്’ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയാലും അത്ഭുതപ്പെടാന്‍ കഴിയുകയില്ല. അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ ബി.ജെ.പി അണികളും ആശങ്കയിലാണ്. പുതിയ സാഹചര്യത്തില്‍ മോദി സ്വപ്നം കണ്ട ഭൂരിപക്ഷം എന്തായാലും ലഭിക്കില്ലെന്ന കാര്യം അവരും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്. ഇനി അവശേഷിക്കുന്ന പ്രചരണ യോഗങ്ങളില്‍ കെജ്രിവാളും മോദിയുമാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ പോകുന്നത്.