യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച മഹാഓണം പരിപാടിയിൽ മെഗാ തിരുവാതിരയും വടംവലിയും ആഘോഷങ്ങൾക്ക് പൊലിമയേകും. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന പരിപാടിയുടെ ലോഞ്ച് വേളയിലാണ് സാംസ്കാരിക- വിനോദ പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചത്.
ടൊറന്റോ: യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച മഹാഓണം പരിപാടിയിൽ മെഗാ തിരുവാതിരയും വടംവലിയും ആഘോഷങ്ങൾക്ക് പൊലിമയേകും. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന പരിപാടിയുടെ ലോഞ്ച് വേളയിലാണ് സാംസ്കാരിക- വിനോദ പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചത്. കാനഡയുടെ തന്നെ ആഘോഷപരിപാടികളുടെ ഹൃദയഭാഗമായ യങ്-ഡണ്ടാസ് സ്ക്വയറിൽ മലയാളികൾ ആഘോഷം ഒരുക്കുന്നത് ആദ്യമാണ്. പ്രവേശനം സൗജന്യമാണ്.
ഫെയർവ്യൂ സിനിപ്ലക്‌സിൽ നടന്ന ചടങ്ങിൽ മഹാഓണം വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത് മുഖ്യാതിഥി മഹാബലി’യാണ്. മഹാബലിയുടെ കാനഡയിലെ ഈ വർഷത്തെ ആദ്യ പരിപാടികൂടിയായി ഇത്.വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം നടക്കുക രാവിലെ 11 മുതൽ വൈകിട്ട് 11 വരെ ഒട്ടേറെ വ്യത്യസ്തമായ കലാ-സാംസ്കാരിക പരിപാടികളോടെയാണ്. കുടുംബമായി പങ്കെടുക്കാവുന്ന ഒരു ആഘോഷമായാണ് മഹാഓണത്തെ വിഭാവനം ചെയ്തിരിക്കുന്നത്. നൂറോളം പേരുടെ ചെണ്ടമേളവും സംഗീത-നൃത്ത പരിപാടികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേളപ്രമാണിമാരിലൊരാളായ പെരുവനം കുട്ടൻമാരാരുടെ പിൻമുറക്കാരൻ കലാനിലയം കലാധരൻമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരിമേളവും പാണ്ടിമേളവും ഒരുക്കുന്നത്. കാനഡ ഇതുവരെ കണ്ടിട്ടില്ലാത്തവിധം നൂറോളം ചെണ്ടക്കാരെ ആഘോഷവേളയിൽ അണിനിരത്താനുള്ള ഒരുക്കത്തിലാണ്. കൂടുതൽ വ്യത്യസ്തമായ പരിപാടികൾ മഹാഓണത്തിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
നർത്തകിയും 'ഡാൻസ് വിത്ത് സാത്വിക'യുടെ സ്ഥാപകയുമായ ഋക്ഥ അശോകാണ് മെഗാ തിരുവാതിര ഏകോപിപ്പിക്കുന്നത്. തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മെഗാ തിരുവാതിരയിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോഴും അവസരമുണ്ട്. ജോഷി ലൂയിസിനാണ് വടംവലി മൽസരത്തിന്റെ ചുമതല. ഹാമിൽട്ടണിൽ നിന്നുള്ള ടീം ഹോക്സും ടൊറന്റോയിൽ നിന്നുള്ള ടീം ഗരുഡൻസുമാണ് ഏറ്റുമുട്ടുക. രണ്ട് വനിതാ ടീമുകളും മത്സരിക്കും.
ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് മുൻപ് ഒരുക്കിയ അപ്പാപ്പനും മോനും സിനിപ്ളെക്സിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ലോഞ്ചിന് തുടക്കമിട്ടത്. വിവിധ കലാപരിപാടികളുട ടീം ലീഡർമാരെ പരിചയപ്പെടുത്തിയതിനൊപ്പം കലാകാരന്മാരുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്ന് നടന്ന പിക്നിക്കിൽ സംഘാടകർക്കു പുറമെ നൂറോളം പേർ പങ്കെടുത്തു.
മഹാഓണത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാം. വിവിധ തലങ്ങളിലുള്ള സ്പോൺസർഷിപ്പിനും ഇനിയും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. ഫോൺ: 647-781-4743. പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.mahaonam.ca