പൊരുത്തത്തോടെ അവളുടെ കൂടെ ബാങ്കിൽ ജോലിചെയ്യുന്ന വിക്രം എന്നൊരാളുമായി വിവാഹവും നടന്നു. ആ വിവാഹം പറ്റാവുന്നതും നീട്ടാൻ സീതു പരമാവധി ശ്രമിച്ചു. അതിനിടയിൽ അച്ഛന്റെ ഹൃദയസംബന്ധമായ ചില അസുഖങ്ങൾ എല്ലാം കൂടിയായപ്പോൾ ഇനിയും വിവാഹം നീട്ടേണ്ടെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്.
"അവൾക്കൊരു കല്ല്യാണമൊന്നും വേണ്ടെന്നാണ് പറയുന്നത് " അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ടെന്ന് അമ്മ കാലത്ത് പറഞ്ഞിരുന്നു . ഇതുവരെ വന്ന ആലോചനകൾ ഒക്കെ ജാതകദോഷം മൂലം നടക്കാതെ പോയതാണ് . വയസ്സിപ്പോൾ മുപ്പതായി.
ഒരു ചടങ്ങെന്നപോലെ പെണ്ണുകാണാൻ വന്ന വിരുന്നുകാർക്ക് ചായ കൊടുത്ത് പിൻവശത്തെ മുറ്റത്തെ മാവിന്ചുവട്ടിലേക്ക് നടന്നു. പയ്യൻ ആരാണെന്ന് പോലും നോക്കിയില്ല
"ഗീതു, പയ്യന് നിന്നോടെന്തോ സംസാരിക്കണമെന്ന് , ഇങ്ങോട്ട് വിളിക്കുന്നുണ്ട്." 'അമ്മ പറഞ്ഞു .
വെറും പന്ത്രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ പിറന്ന ഇരട്ടകൾ , ആദ്യം പിറന്ന അനുജത്തി സീതുവിന് എല്ലാം തികഞ്ഞ ജാതകം, പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞ് പിറന്ന തനിക്ക് സർവ്വദോഷങ്ങളുമുള്ള ജാതകം,.
ഞങ്ങൾക്ക് നാൽപ്പത് ദിവസം പ്രായമായപ്പോൾ കള്ളുകുടിച്ചുകുടിച്ച് അമ്മാമൻ മരിച്ചതായിരുന്നു എന്റെ ജാതകദോഷത്തിന്റെ ആദ്യത്തെ ഇര എന്നാണ് ബന്ധുക്കളുടെ നിഗമനം . പിന്നീടങ്ങോട്ട് വീട്ടിൽ നടന്ന ഓരോ അശുഭങ്ങൾക്കും തന്റെ ജാതകം പ്രതിയായി, നേരിട്ട് പറഞ്ഞില്ലെങ്കിലും പലർക്കും എന്നെ കാണുന്നതുതന്നെ ഭയമായിരുന്നു .
എന്നെ എന്നും സ്നേഹിച്ചതും മനസ്സിലാക്കിയതും സീതുവാണ്. എനിക്കുവേണ്ടി ആരുടെ മുൻപിലും പൊരുതാൻ ഇറങ്ങുമായിരുന്നു.
എന്റെ ജാതകദോഷങ്ങൾ എന്നും എന്നിൽ അപകർഷതാബോധം ഉണ്ടാക്കുമായിരുന്നു. എന്തോ വലിയൊരു അപരാധം ചെയ്തുവെന്ന ചിന്ത . അതിൽനിന്നും രക്ഷാ നേടാനാണ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സീതുവിന് കോളേജ് കഴിഞ്ഞ ഉടനെ ബാങ്കിൽ ജോലി കിട്ടിയത് അവളുടെ ജാതകഗുണമായി കണക്കാക്കി. അധികം വൈകാതെ പത്തിൽ എട്ട് പൊരുത്തത്തോടെ അവളുടെ കൂടെ ബാങ്കിൽ ജോലിചെയ്യുന്ന വിക്രം എന്നൊരാളുമായി വിവാഹവും നടന്നു. ആ വിവാഹം പറ്റാവുന്നതും നീട്ടാൻ സീതു പരമാവധി ശ്രമിച്ചു. അതിനിടയിൽ അച്ഛന്റെ ഹൃദയസംബന്ധമായ ചില അസുഖങ്ങൾ എല്ലാം കൂടിയായപ്പോൾ ഇനിയും വിവാഹം നീട്ടേണ്ടെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്.
സീതു വിവാഹം കഴിഞ്ഞുപോയതോടെ ഞാൻ ഒറ്റപെട്ടു, അമ്മയ്ക്കും അച്ഛനും താനൊരു ഭാരമാകുന്നുണ്ടോ എന്ന ചിന്ത വീട്ടിലുള്ള ജീവിതം കൂടുതൽ ദുസ്സഹമാക്കി . അതിൽനിന്നും രക്ഷപ്പെടാനാണ് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരീക്ഷക്കുള്ള കോച്ചിങ്ങിനായി ചേർന്നത് . കഴിഞ്ഞ എട്ടുമാസത്തെ കഠിനപരിശ്രമം റാങ്ക് ലിസ്റ്റിൽ കയറിക്കൂടാനായി.
ജാതകവും സമയദോഷവുമെല്ലാം ഉപേക്ഷിച്ചൊരു ഒളിച്ചോട്ടത്തിനുള്ള തയ്യാറെടുപ്പുകൾ മനസ്സിനുള്ളിൽ എടുക്കുമ്പോഴാണ് ഇതുപോലെ ഒരു ആലോചന വരുന്നത്.
"ഹായ് ഗീതു . ഞാൻ ഗൗതം" പിന്നിൽ നിന്നും ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എവിടെയോ കണ്ടുമറന്ന പരിചയമുള്ള മുഖം, ഓർത്തെടുക്കാൻ കഴിയുന്നില്ല.
വളരെക്കാലത്തിനുശേഷം കണ്ടുമുട്ടുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് ഗൗതം സംസാരിച്ചത്.
“ഞാനൊരു ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. കുറെ കഷ്ടപ്പെട്ടിട്ടാണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്. പത്തിൽ ഒൻപത് പൊരുത്തത്തോടെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്റെ അമ്മയുടെയും അച്ഛന്റെയും.
അമ്മയുടെ ഇഷ്ടവും അച്ഛന്റെ ഇഷ്ടവും ഒത്തുനോക്കിയില്ല. അതിന്റെ പരിണിതഫലമോ, അമ്മ നിശബ്ദജീവിയായി വീടിന്റെ നാലുചുമരുകളിൽക്കുള്ളിൽ ഒതുങ്ങി.
അച്ഛന്റെ ഇഷ്ടങ്ങളിൽ മദ്യപാനവും പുകവലിയും കടന്നുവന്നതോടെ പ്രശ്നങ്ങൾ കൂടുതൽ ഗഹനമായി മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അവർ രണ്ടുമുറികളിലേക്ക് മാറി. ആ വീട്ടിനുള്ളിൽ ജീവിതം ശ്വാസം മുട്ടിക്കുന്നതായിരുന്നു. ആരുടെ ഭാഗത്തുനിൽക്കും, രണ്ടുപേരും അവരവരുടെ നിലയിൽ ശരി തന്നെ. അതിൽനിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു ഉപരിപഠനം. കാരണങ്ങൾ വ്യത്യസ്തമെങ്കിലും നമ്മൾ രണ്ടുപേരും ജീവിതത്തിൽ നിന്നും ഒളിച്ചോടിയവർ ആണ്.”
“നമ്മൾ ഇതിനുമുമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഗൗതം ?” വളരെ നേരം മനസ്സിനുള്ളിൽ പലവട്ടം ചോദിച്ച ചോദ്യം ഞാൻ ഗൗതമിനോട് ചോദിച്ചു.
“കണ്ടിട്ടുണ്ടാവാം. പക്ഷേ ഞാൻ തന്നെ കണ്ടിട്ടുണ്ട്, പലവട്ടം.”
“നല്ല കണ്ടുപരിചയം “
“എന്റെ ഉറ്റസുഹൃത്താണ് സീതുവിന്റെ ഭർത്താവ് വിക്രം. ഞാൻ വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ എത്തിയതാണ്. അങ്ങനെയിരിക്കുമ്പോഴാണ് സീതുവിനെ പരിചയപ്പെടുന്നത്. ഗീതുവിനെപ്പറ്റി സീതു പറയാനുള്ള പലതും ഞാൻ എന്റെ ജീവിതത്തിൽ ആഗ്രഹിച്ചിരുന്നതായിരുന്നു. ഗീതുവിനെ ആരുമറിയാതെ ഒന്നുകാണണമെന്ന് തോന്നി. ചൊവ്വാഴ്ചകളിൽ പാറമേക്കാവ് ക്ഷേത്രത്തിൽ ഗീതു പോകാറുണ്ട് എന്ന് സീതു പറഞ്ഞിരുന്നു. ഇരട്ടകളായതിനാൽ നിങ്ങളെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.”
“അപ്പോൾ ഈ പെണ്ണുകാണൽ സീതുമുഖേനയാണോ ?
“അല്ല. എന്റെ അപഹർഷതാബോധം എനിക്ക് ധൈര്യം നൽകിയില്ല. അപ്പോഴാണ് അമ്മയോട് ഇക്കാര്യം പറഞ്ഞത്. എന്റെ ഇഷ്ടമറിഞ്ഞ അച്ഛനും അമ്മയും ഒറ്റമനസ്സോടെ കൂടെ നിന്നു. അവർ പരസ്പരം സംസാരിച്ചു. അച്ഛൻ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു. അവർ വീണ്ടും ഒത്തുചേർന്നു എന്നതാണ് ഇന്നെനിക്ക് ഏറ്റവുമധികം സന്തോഷം തരുന്നത്. അവർ ഒരിക്കൽ ക്ഷേത്രത്തിൽ വെച്ച് ഗീതുവിനെ കണ്ടു, ഒരുപാട് ഇഷ്ടമായി. അതാണ് പെണ്ണുകാണലിൽ എത്തിയത്. ഇനിയെല്ലാം അവർ സംസാരിക്കും.”
വിരുന്നുകാർ പോയപ്പോൾ ഗൗതത്തിനെ തനിക്കിഷ്ടമായി എന്ന് അമ്മയോട് പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് ഉൾവലിഞ്ഞു. അമ്മയും അച്ഛനും സീതുവിനോട് സംസാരിക്കുന്നതും ആഹ്ലാദിക്കുന്നതും മറ്റും ആകെയൊരു പോസിറ്റീവ് എനർജി തരുന്നുണ്ടായിരുന്നു.
ഇനി കാത്തിരിപ്പാണ്, ജാതകത്തിന്റെ ഉള്ളടക്കമറിയാൻ ശ്രമിക്കാതെ, ഒരു പുത്തൻ ജീവിതം കെട്ടിപ്പടുക്കാനുള്ള ഉത്സുകതയോടെ…
ഗിരി ബി വാരിയർ