ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇഡി സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അവധിക്കാലത്തിന് ശേഷം ഹൈക്കോടതി കേസില്‍ വാദം കേൾക്കും
കഴിഞ്ഞ ദിവസം റൗസ് അവന്യൂ കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയത്. അറസ്റ്റിലായി മൂന്ന് മാസത്തിനു ശേഷമായിരുന്നു ജാമ്യം. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാരോപിച്ച് ഇ ഡി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.