ഹഥ്റാസ് ദുരന്തത്തിൽ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാൽ എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ'യുടെ പേരില്ല.
ലഖ്‌നൗ: ഹഥ്റാസ് ദുരന്തത്തിൽ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാൽ എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ'യുടെ പേരില്ല.
ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. 80,000 പേർക്ക് മാത്രം അനുമതിയുള്ള പരിപാടിയിൽ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 40 പോലീസുകാർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം,ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാൻ കാരണമായതായി മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.
ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തിരക്കിൽപ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ, ആംബുലൻസോ, ഓക്സിജൻ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.