പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പരാതി. ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. വടക്കൻ പരവൂർ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛനും ഇന്ന് ഇതേ ആരോപണം ആവര്‍ത്തിച്ചു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പരാതി. ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. വടക്കൻ പരവൂർ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛനും ഇന്ന് ഇതേ ആരോപണം ആവര്‍ത്തിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ രാഹുലുമായുള്ള രജിസ്റ്റർ വിവാഹം നടന്നെന്നാണ് കോട്ടയം പനക്കപ്പാലം സ്വദേശിയായ പെൺകുട്ടി ഈരാറ്റുപട്ട പൊലീസില്‍ നല്‍കിയ പരാതി. മാട്രിമോണിയൽ സൈറ്റ് വഴി വന്ന കല്ല്യാണാലോചന നിശ്ചയത്തിലെത്തുകയും ഒക്ടോബറിൽ രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തു. രാഹുലിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാൽ വടക്കൻ പരവൂർ സ്വദേശിയായ പെൺകുട്ടിയുമായി വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്നും യുവതി പരാതിയിലുണ്ട്. ഇത് സ്ഥിരീകരിക്കുന്ന പ്രതികരണമായിരുന്നു വടക്കൻ പരവൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെത്.
നേരത്തെ ഇങ്ങനെയൊരു വിവാഹം രജിസ്റ്റർ ചെയ്ത വിവരം രാഹുൽ ഭാര്യയേയോ വീട്ടുകാരെയോ നേരത്തെ അറിയിച്ചിരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. അതേ സമയം വിവാഹശേഷം വിദേശത്ത് പോകേണ്ട ആവശ്യത്തിനായാണ് നിശ്ചയത്തിന് പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്തതെന്നും പിന്നീട് ഇത് മുടങ്ങിപ്പോവുകയായിരുന്നെന്നും രാഹുലിന്റെ കുടുംബത്തിന്റെ വാദം. ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയുമായി രാഹുൽ നിയമമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ ഇയാള്‍ക്കെതിരെ കേസ് എടുക്കുന്നതടക്കമുളള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്ന് ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു.
അതേ സമയം, പന്തീരങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.
കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.