LITERATURE

"പൂരപ്പൊട്ടന്മാർ" ഈ പുസ്തകം വായിക്കരുത്‌

Blog Image
പൂരപ്രേമികളും പൂരാസ്വാദകരും ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവരും കലാസ്വാദകരും എല്ലാം ഈ പുസ്തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ "പൂരപ്പൊട്ടന്മാർ" ഈ പുസ്തകം വായിക്കരുത്‌ എന്ന് ഒരു അപേക്ഷകൂടിയുണ്ട്‌.

പെരുവനം ഗ്രാമം പ്രാചീന സാംസ്‌കാരിക ചരിത്ര പഠനം എന്ന പേരിൽ 2017 ൽ പ്രസിദ്ധീകരിച്ചതും 2024 ൽ വിപുലീകരിച്ച്‌ പുറത്തിറങ്ങാൻ പോകുന്നതുമായ പുസ്തകത്തിലെ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

കൊല്ലവർഷം 972 ലെ പ്രളയത്തിൽ കണിമംഗലം പാടം മുഴുവൻ വെള്ളം കയറിയപ്പോൾ പാടത്തിനപ്പുറത്തുള്ള ക്ഷേത്രങ്ങളുടെ ആറാട്ടുപുഴയിലേക്കുള്ള യാത്ര മുടങ്ങി. അതിവർഷത്തിൽ പെട്ടവർ ഒരു ചക്കാലപ്പുരയിൽ കയറി നിന്നു. അവർക്കായ്‌ കാത്തുനിൽക്കാതെ പെരുവനം നാടുവാഴി സമയബന്ധിതമായി തന്നെ പൂരം ചടങ്ങുകൾ അവസാനിപ്പിച്ചു. ചടങ്ങുകൾ എല്ലാം തീർന്ന ശേഷം എത്തിച്ചേർന്നവരെ നാടുവാഴി തിരിച്ചയച്ചു.
പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ അപമാനിതരായി പോയ ക്ഷേത്രങ്ങളെ ചേർത്തുകൊണ്ട്‌ രാമവർമ്മ ശക്തൻ തമ്പുരാൻ (ഭരണകാലം: 1790 - 1805) രൂപകൽപന ചെയ്തതായ തൃശ്ശൂർ പൂരത്തിന്റെ മാതാവ്‌ പെരുവനം - ആറാട്ടുപുഴ പൂരം തന്നെയാകുന്നു. ചക്കാലപ്പുരയിൽ കയറി നിന്നതിനാൽ 'ചക്കാലക്കൽ പൂരം' എന്നു കൂടി ആദ്യകാലങ്ങളിൽ തൃശൂർ പൂരം അറിയപ്പെട്ടിരുന്നു. 
ഇവരെല്ലാം തന്നെ പണ്ട്‌ തെക്കേഗോപുരം വഴിയിറങ്ങിയാണ്‌ ആറാട്ടുപുഴയിൽ എത്തിയിരുന്നത്‌. ആ ഓർമ്മ പുതുക്കലാണിവിടെ നടക്കുന്നത്‌.
ആദ്യകാലത്ത്‌ മീനമാസത്തിൽ ആയിരുന്നു തൃശൂർ പൂരം നടന്നിരുന്നത്‌. എന്നാൽ ആറാട്ടുപുഴ പൂരം അതേ ദിവസം തന്നെ ആയതിനാൽ കാണികളുടെ കുറവും മേളക്കാരുടേയും ആനകളുടേയും ലഭ്യതക്കുറവും മൂലം പിന്നീട്‌ മേടമാസത്തിലേക്ക്‌ മാറ്റിയതാണ്‌.
"വടക്കുംനാഥന്‌ പത്ത്‌ പൂരവും പതിനൊന്ന് ശിവരാത്രിയും" എന്നൊരു ചൊല്ല് തന്നെ ഉണ്ട്‌.
കെ. കെ. ശിവദാസ് എഴുതിയ ഗവേഷണ ഗ്രന്ഥമായ 'തൃശൂർ പൂരം പകിട്ടും പെരുമയും' എന്ന പുസ്തകത്തിൽ ഏതാനും ചരിത്രകാരന്മാരുടേയും പഴമക്കാരുടേയും അഭിപ്രായങ്ങൾ വിവരിച്ചിട്ടുണ്ട്‌. അതിൽ ചിലത്‌ ചുരുക്കത്തിൽ ഒന്ന് നോക്കാം.
1. തൃശൂർ പൂരം തുടങ്ങിയത് ശക്തൻ തമ്പുരാനാണ് എന്ന് ഒരു ഐതിഹ്യമുണ്ട്. എന്നാൽ അത് സൂചിപ്പിക്കുന്ന രേഖകൾ ഒന്നും കണ്ടിട്ടില്ല. പൂരത്തിന്റെ തലേത്തലേ ദിവസം തൃശൂരിലെ വടക്കേക്കര കോവിലകത്തേക്ക് എല്ലാ പൂരക്കാരുടെയും പറപുറപ്പാടുള്ളത് കാണുമ്പോൾ - അതാണ് കോവിലകത്തുംപൂരം - ഐതിഹ്യം അടിസ്ഥാനരഹിതമല്ലെന്നു വേണം വിചാരിക്കുവാൻ - പുത്തേഴത്ത് രാമൻമേനോൻ.
2. തേക്കിൻകാട് വെട്ടിത്തെളിച്ച് തൃശൂർ നഗരത്തെ ആധുനികവൽക്കരിച്ചത് ശക്തൻ തമ്പുരാനാണ്. നഗരത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി മത്സരാടിസ്ഥാനത്തിൽ ഒരു പൂരം തുടങ്ങുകയാണ് തമ്പുരാൻ ചെയ്തത്. തൃശൂരിലെ നായന്മാരുടെ ദേശങ്ങളാണ് തിരുവമ്പാടിയും പാറമേക്കാവും. ക്ഷേത്രകേന്ദ്രിതമായിരുന്നു അന്നത്തെ സിവിൽ ഭരണം. തൃശൂർ നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ ശക്തൻ തമ്പുരാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ കീഴിലാക്കി. ആകെയുള്ള ദേശങ്ങളിൽ മൂന്നെണ്ണം തിരുവമ്പാടിയുടെയും അഞ്ചെണ്ണം പാറമേക്കാവിന്റെയും കീഴിലാക്കി. ആദ്യം മീനമാസത്തിൽത്തന്നെയാണ് പൂരം തുടങ്ങിയത്. ആനകളേയും വാദ്യക്കാരെയും കിട്ടാൻ ബുദ്ധിമുട്ടിയതോടെ മേടമാസത്തിലേക്ക് മാറ്റി. തൃശൂർ പൂരം പാറമേക്കാവുകാരും തിരുവമ്പാടിക്കാരും തുടങ്ങിയതിനുശേഷമാണ് ആറാട്ടുപുഴക്കാരുമായി പിണങ്ങിനിന്നിരുന്ന ചെറുപൂരങ്ങൾ അതിൽ ചേർന്നത്. പൂരം നടത്തേണ്ട വിധം ശക്തൻ തമ്പുരാൻ ആസൂത്രണം ചെയ്തതാണ്. ഇന്നും തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ചെറുപൂരങ്ങൾക്ക് രണ്ടു ദേവസ്വങ്ങളും സഹായം ചെയ്യുന്നു. പൂരത്തിന് പാറമേക്കാവും തിരുവമ്പാടിയും നടത്തുന്ന പറയെടുപ്പും പഴയ തട്ടകത്താണ് - കോമരത്ത് ഗോപാലമേനോൻ.
3. ആറാട്ടുപുഴ പൂരത്തിൽനിന്ന് വിട്ടുപോന്നവയാണ് ഇപ്പോൾ തൃശൂർ
പൂരത്തിൽ പങ്കെടുക്കുന്നത് എന്ന കഥ വിശ്വസിക്കാൻ പ്രയാസമുണ്ട്. ആറാട്ടുപുഴ പൂരത്തിന് 1400 വർഷത്തിലേറെ പഴക്കമുണ്ട്. തിരുവമ്പാടിയും പാറമേക്കാവും അത്ര പഴക്കമുള്ള ക്ഷേത്രങ്ങളല്ല. തിരുവമ്പാടി ക്ഷേത്രത്തിന് 400 വർഷമേ പഴക്കമുള്ളൂ. ഈ രണ്ടു ക്ഷേത്രങ്ങളും നമ്പൂതിരിമാരുടെയോ നാടുവാഴികളുടെയോ ഊരാണ്മയിൽ പ്രവർത്തിച്ചിട്ടില്ല. ആറാട്ടുപുഴ പൂരത്തിൽ
പങ്കെടുത്തിരുന്നവയും ഇപ്പോൾ പങ്കെടുക്കുന്നവയുമായ ക്ഷേത്രങ്ങൾ നമ്പൂതിരിമാരോ നാടുവാഴികളോ ഭരണം നടത്തിയിരുന്നവയായിരുന്നു. നായർ സമുദായമോ മറ്റ് വ്യക്തികളോ ഭരണം നടത്തിയിരുന്ന ക്ഷേത്രങ്ങൾ അന്ന്
ആറാട്ടുപുഴയിൽ എത്തിയിരുന്നില്ല. നമ്പൂതിരി ഊരാണ്മയിലുള്ള ക്ഷേത്രങ്ങളാണ് പിന്നീട് കൊച്ചിൻ ദേവസ്വംബോർഡിന്റെ കീഴിലായത്. അതുകൊണ്ട് തിരുവമ്പാടിയും പാറമേക്കാവും ഒഴികെയുള്ള ക്ഷേത്രങ്ങളേ ആറാട്ടുപുഴയിൽ പോയിരിക്കാനിടയുള്ളൂ. പടഹാദി ഉത്സവത്തിൽ സംഘാടകരുടെ മനോധർമ്മമനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ളതാകണം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ മത്സരമായി തൃശൂർ പൂരം ശക്തൻ തമ്പുരാൻ വിഭാവനം ചെയ്യാൻ കാരണമെന്ന് എം. മാധവൻകുട്ടി അഭിപ്രായപ്പെടുന്നു.
4. നഗരത്തിന്റെ ഐശ്വര്യവർദ്ധനവിന്‌ ഉത്സവങ്ങൾ നടത്തണമെന്ന പ്രശ്ന വിധിയെ തുടർന്നാണ്‌ തൃശൂർ പൂരത്തിന്‌ തുടക്കമായത്‌. ആറാട്ടുപുഴ പൂരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന 10 ക്ഷേത്രങ്ങളെചേർത്ത്‌ 1795 - 1796 കാലത്ത്‌ ശക്തൻ തമ്പുരാൻ നടപ്പിലാക്കിയതാണ്‌ ഇന്നത്തെ തൃശൂർ പൂരമെന്ന്‌ എസ്‌. ജയശങ്കർ അഭിപ്രായപ്പെടുന്നു.
5. ആറാട്ടുപുഴ പൂരത്തിൽ ചേർന്നവയായിരുന്നു തൃശൂർ, കുട്ടനെല്ലൂർ പൂരാഘോഷങ്ങൾ. അതിവർഷം മൂലം ആറാട്ടുപുഴയിൽ എത്താൻ കഴിയാതിരുന്നതോടെ അടുത്ത വർഷം മുതൽ ഈ പൂരങ്ങൾ ഒന്നിച്ച്‌ തൃശൂരിൽ പൂരമാഘോഷിക്കാൻ തുടങ്ങി. അനന്തരദശയിൽ കുട്ടനെല്ലൂർ വിഭാഗം പിരിഞ്ഞുപോയി സ്വന്തം ദേശത്ത്‌ പൂരം തുടങ്ങി. തൃശൂർ ഭാഗക്കാർ തങ്ങളുടെ പൂരം തൃശൂർ പൂരമായി ആചരിച്ചുപോന്നു. കൊച്ചി ശക്തൻ തമ്പുരാൻ അത്‌ ചിട്ടപ്പെടുത്തി ഇന്നത്തെ സമ്പ്രദായത്തിലാക്കിത്തീർത്തുവെന്ന്‌ എ. ആർ. പൊതുവാൾ പറയുന്നു.
കൊല്ലവർഷം 972 ൽ മണലിപ്പുഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച്‌ ചരിത്രകാരന്മാർക്കിടയിൽ ഏറെകുറെ ഏകാഭിപ്രായമാണ്‌ കാണുന്നത്‌. കൊല്ലവർഷം 972 എന്നത്‌ എ. ഡി. 1796 - 1797 ആകയാൽ തൃശൂർ പൂരം ആരംഭിച്ചിട്ട്‌ 227 വർഷങ്ങൾ കഴിഞ്ഞുവെന്നും അതിനുമുൻപ്‌ ഇതിലെ നമ്പൂതിരി ഊരായ്‌മയിലും നാടുവാഴി ഊരായ്മയിലും ഉണ്ടായിരുന്ന ദുർഗ്ഗാ - ശാസ്താ ക്ഷേത്രങ്ങൾ ആറാട്ടുപുഴയിൽ വന്നിരുന്നു എന്നും മനസ്സിലാക്കാം.
തിരുവമ്പാടിയും പാറമേക്കാവും പഴക്കം കൊണ്ട്‌ 400 ഉം 600 ഉം വർഷങ്ങളേ ആയിട്ടുള്ളു എന്നതാണ്‌ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്‌ ഒരു കാരണം.
നായർ ഊരായ്‌മയിൽ ഉള്ള ക്ഷേത്രങ്ങൾ എന്ന നിലയിൽ മാത്രമല്ല; ഭദ്രകാളീ ക്ഷേത്രങ്ങൾ ഒരുകാലത്തും ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട്‌ തിരുവമ്പാടിയും പാറമേക്കാവും ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാം. അതേ കാരണംകൊണ്ടു തന്നെ നെയ്തലക്കാവ്‌ ഭഗവതിയും ആറാട്ടുപുഴയിലെ പൂരപ്പങ്കാളി ആയിരുന്നില്ല എന്ന് മനസ്സിലാക്കാം. തൃശൂർ പൂരത്തിലെ പങ്കാളിയായ പനമുക്കുമ്പിള്ളി ശാസ്താവിനെ കോട്ടയത്തുനിന്ന് തൃശൂരിലേക്ക്‌ വന്ന തെക്കേമഠം സ്വാമിയാർ കൊണ്ടുവന്ന് ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠിച്ചതാകയാൽ ആ ക്ഷേത്രത്തിന്‌ അതിപ്രാചീനത അവകാശപ്പെടാനില്ല (എന്നാൽ വിഗ്രഹത്തിന്‌ പ്രാചീനത ഉണ്ടുതാനും). അതിനാൽ പനമുക്കുമ്പിള്ളി ശാസ്താവും ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നില്ല എന്ന് മനസ്സിലാക്കാം. ഇതൊഴിച്ചുള്ള തൃശൂർ പൂരം പങ്കാളികളായിരുന്നു പെരുവനത്തും ആറാട്ടുപുഴയിലും വന്നിരുന്നത്‌.
പൂരപ്രേമികളും പൂരാസ്വാദകരും ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവരും കലാസ്വാദകരും എല്ലാം ഈ പുസ്തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ "പൂരപ്പൊട്ടന്മാർ" ഈ പുസ്തകം വായിക്കരുത്‌ എന്ന് ഒരു അപേക്ഷകൂടിയുണ്ട്‌.
ഹരി എൻ ജി ചേർപ്പ്
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.