"എന്നെ എനിക്ക് തിരിച്ചുകിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി ബോധമബോധമായ് മാറും ലഹരി തൻ സ്വേദപരാഗമായ് മാറും...."
ശോഭയോടായിരുന്നു ചെറുപ്പകാലത്ത് ഇഷ്ടം. പ്രണയമായിരുന്നോ അതെന്ന് ചോദിച്ചാൽ അറിയില്ല. പ്രണയം കൊണ്ടുപോലും മുറിവേൽപ്പിക്കാൻ കഴിയാത്ത, ദിവ്യവും വിശുദ്ധവുമായ എന്തോ ഒന്നിന്റെ സാന്നിധ്യമുണ്ടായിരുന്നു അന്നത്തെ ശോഭയുടെ നിഷ്കളങ്കമായ നോട്ടത്തിൽ, ചിരിയിൽ, ചലനങ്ങളിൽ, ഭാവപ്പകർച്ചകളിൽ.
ചിലപ്പോൾ വെറും തോന്നലാവാം. ഒരു തരം ഫാൻറസി. അത്തരം ഉന്മാദഭാവനകളില്ലാതെ എന്ത് കൗമാരം?
ഇന്നും ശോഭയെ കുറിച്ചോർക്കുമ്പോൾ മനസ്സ് ഒരു പാട്ടിന്റെ രണ്ടു വരികൾ അറിയാതെ മൂളും. സ്വപ്നജീവിയെപ്പോലെ ഏകനായി ദേവഗിരി കോളേജ് കാമ്പസ്സിൽ അലഞ്ഞുനടന്ന ഒരു പ്രീഡിഗ്രിക്കാരന്റെ ഹൃദയഗീതം:
"എന്നെ എനിക്ക് തിരിച്ചുകിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദപരാഗമായ് മാറും...."
എന്നെ എനിക്ക് തിരിച്ചുകിട്ടാത്ത ആ അവസ്ഥ എന്തെന്ന് അന്നറിയില്ലായിരുന്നു. ഇന്നറിയാം. "ശാലിനി എന്റെ കൂട്ടുകാരി"യിലെ "ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയപ്രവാഹമായ് വന്നു" എന്ന എം ഡി രാജേന്ദ്രൻ -- ദേവരാജൻ സഖ്യത്തിന്റെ ക്ലാസ്സിക് പ്രണയഗാനത്തെ ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്നത് ആ വരികളാണ്.
മാധുരിക്ക് പകരം പി സുശീലയോ എസ് ജാനകിയോ ആ പാട്ട് പാടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു അന്നൊക്കെ. അവരായിരുന്നല്ലോ ഇഷ്ടഗായകർ. പക്ഷെ മാധുരിയല്ലാതെ മറ്റാരുടെയും ശബ്ദത്തിൽ ആ പാട്ട് സങ്കൽപ്പിക്കാൻ പോലുമാകില്ല ഇന്ന്. ബോധമബോധമായി മാറുന്ന ലഹരിയുടെ സ്വേദപരാഗമാകുന്ന മാജിക് മാധുരിക്കല്ലാതെ മറ്റാർക്കും ഇത്ര അനായാസം അനുഭവിപ്പിക്കാൻ കഴിയില്ലെന്ന് തന്നെ വിശ്വസിക്കുന്നു ഞാൻ. പിന്നെ ദേവരാജൻ മാസ്റ്റർ ആ വരികൾക്ക് നൽകിയ ആർഭാടരഹിതമായ ഈണം. സിനിമയിലെ ശോഭയുടെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തോട് പൂർണ്ണമായും ഇണങ്ങിച്ചേർന്നു നിൽക്കുന്നു അത്; സിനിമയിൽ ശോഭയെ സാക്ഷി നിർത്തി കവിത ആലപിക്കുന്നത് ജലജയുടെ കഥാപാത്രമാണെങ്കിൽ കൂടി.
ചില വരികൾ അങ്ങനെയാണ്. സിനിമയിലെ ചിത്രീകരണത്തെ, കഥാമുഹൂർത്തത്തെ, ഒരു പക്ഷേ ഗാനത്തെ തന്നെ നിഷ്പ്രഭമാക്കി അവ നമ്മെ മരണം വരെ പിന്തുടർന്നുകൊണ്ടിരിക്കും. വെറുതെയിരിക്കുമ്പോൾ മൂളിപ്പാട്ടായി ചുണ്ടിൽ വന്നു നിറയും അവ; മനസ്സിനെ ആർദ്രമാക്കും. ഒരു വേള കണ്ണുകൾ ഈറനാക്കുക വരെ ചെയ്യും. ഇതാ മറ്റൊരു ഉദാഹരണം:
"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെ --
നിക്കേതു സ്വർഗം വിളിച്ചാലും,
ഉരുകി നിന്നാത്മാവിൻ ആഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗം,
നിന്നിലടിയുന്നതേ നിത്യസത്യം.."
തികച്ചും സാധാരണക്കാരായ ആസ്വാദകർ പോലും വികാരഭരിതരായി ആ വരികൾ പാടിക്കേൾപ്പിക്കാറുണ്ടെന്ന് പറയുന്നു "ദൈവത്തിന്റെ വികൃതികൾ"ക്ക് വേണ്ടി "ഇരുളിൻ മഹാനിദ്രയിൽ" എന്ന കാവ്യഗീതമെഴുതിയ വി മധുസൂദനൻ നായർ; പുതിയ തലമുറയിലെ കുട്ടികൾ വരെ. ഓരോരുത്തരും അവരവരുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളുമായി ചേർത്തുവെച്ചാണ് ആ കവിത ആസ്വദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. മോഹൻ സിതാരയുടേതായിരുന്നു സംഗീതം.
"ലെനിൻ രാജേന്ദ്രന്റെ നിർദേശപ്രകാരം ഒരു രാത്രി ഉറക്കമിളച്ചിരുന്നു തിടുക്കത്തിൽ ആ കവിത എഴുതിത്തീർക്കുമ്പോൾ മുകുന്ദന്റെ അൽഫോൺസച്ചൻ മാത്രമായിരുന്നു മനസ്സിൽ. ഇന്ന് വീണ്ടും ആ വരികളിലൂടെ കണ്ണോടിക്കുമ്പോൾ ആത്മീയതയും പ്രണയവും ഇത്തിരി വേദാന്തവുമൊക്കെ അതിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നു.''
"ദൈവത്തിന്റെ വികൃതിക''ളിൽ അൽഫോൺസച്ചനെ വിശേഷിപ്പിക്കാൻ എം മുകുന്ദൻ ഉപയോഗിച്ച ഒരു വാചകത്തിൽ നിന്നാണ് കവിതയുടെ ആദ്യവരി പിറന്നത്. കഞ്ചാവ് വലിക്കുമ്പോൾ മയ്യഴിയുടെ മുകളിൽ പരുന്തു പോലെ ഉയർന്നു പറക്കുന്ന തോന്നലുണ്ടാകുമത്രേ അൽഫോൺസിന്. മയ്യഴിയുടെ കൂട്ടിൽ ഉറങ്ങുന്ന കിളിയായി അൽഫോൺസിനെ സങ്കൽപ്പിക്കാൻ പ്രചോദനമായത് ആ വരിയാണ്. കിളിയെ നിദ്രയിൽ നിന്ന് വിളിച്ചുണർത്തി നിറമുള്ള ജീവിതപ്പീലി സമ്മാനിക്കുന്നു പ്രകൃതി. ഇവിടെ പ്രകൃതിയെ പ്രണയിനിയായും സങ്കൽപ്പിക്കാം നമുക്ക്. പുഴയോട്, പൂക്കളോട് , കിളികളോട് ആർക്കാണ് പ്രണയം തോന്നാത്തത്? ഭാരതീയ പ്രണയ സങ്കൽപം തന്നെയാണ് ഈ വരികളിൽ താൻ ആവിഷകരിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് പറയുന്നു മധുസൂദനൻ നായർ. സൂക്ഷ്മമായി നോക്കിയാൽ ബൈബിൾ വചനങ്ങളുടെ സ്വാധീനവും കണ്ടെത്താമെന്ന് മാത്രം. "കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു'' എന്ന വരി ഉദാഹരണം.
തീർന്നില്ല.
നിലാമഴ പെയ്യുന്ന ഏകാന്തമൂക രാത്രികളിൽ ജനാലയിലൂടെ മാനം നോക്കിക്കിടക്കേ കാതുകളിലും മനസ്സിലും ഒഴുകിനിറഞ്ഞിരുന്നത് "തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ, തൂവൽ കിടക്ക വിരിച്ചോട്ടെ" എന്ന വയലാർ -- ദേവരാജൻ ഗാനത്തിലെ ഈ ഈരടികളാണ്:
"തുന്നിയിട്ട പട്ടുഞൊറിക്കിടയിലൂടെ
വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ,
മഞ്ഞുമ്മ വെച്ചു വിടർത്തുന്ന പൂക്കൾ തൻ
മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും.."
ഇപ്പോൾ ഇതാ ഈ വരികൾ കൂടി നിശബ്ദമായി വന്നു മനസ്സിനെ തഴുകുന്നു. പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരിയുടെ "ഉറങ്ങാതെ രാവുറങ്ങീല" എന്ന പാട്ടിന്റെ ചരണം. സംഗീതം എം ജയചന്ദ്രൻ:
"പാതിരാവനമുല്ല ജാലകം വഴിയെന്റെ
മോതിരവിരലിന്മേൽ ഉമ്മവെച്ചു,
അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ
അല്ലിനിലാവിനെ മടിയിൽ വെച്ചു.."
പ്രണയമായിരുന്നു ഗിരീഷിന്റെ മനസ്സ് നിറയെ. പ്രകൃതിയോട്, ജീവിതത്തോട്, സുഹൃത്തുക്കളോട്, സംഗീതത്തോട്.... എല്ലാ പരിമിതികൾക്കും ഉള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് പാട്ടെഴുതേണ്ടി വന്നപ്പോഴും ആ നിശ്ശബ്ദ പ്രണയം കൈവിട്ടില്ല ഗിരീഷ്. ഈണത്തിനനുസരിച്ചു പാട്ടെഴുതുമ്പോൾ പോലും സീമാതീതമായ പ്രതിഭ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചു അദ്ദേഹം:
"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവേ, ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ" എന്ന വരി ട്യൂണിനനുസരിച്ച് പിറന്നുവീണതാണെന്ന് വിശ്വസിക്കാനാകുമോ?
ഘോഷയാത്രയായി മനസ്സിലേക്ക് ഒഴുകിയെത്തുകയാണ് വരികൾ. കാവ്യഭംഗിയാർന്നവയാവണമെന്നില്ല എല്ലാം. ചിലതൊക്കെ സാധാരണത്വം തോന്നുന്ന രചനകൾ. എങ്കിലും ഹൃദയത്തിന്റെ ഏതോ കോണിൽ ചെന്ന് തൊടുന്നു അവ; മൃദുവായി. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോൾ പോലും:
ഭാസ്കരൻ മാസ്റ്റർ എഴുതിയിട്ടുണ്ടല്ലോ: "ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു, എന്റെ ചുടുനിശ്വാസങ്ങൾ നിൻ കവിളിൽ പതിച്ച നേരം തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു.." ആ ഉറക്കവും സ്പർശവും ചുടുനിശ്വാസവുമെല്ലാം ദൃശ്യങ്ങളായി അനായാസം മനസ്സിൽ വന്നു നിറയും ഈ വരികൾക്കൊപ്പം.
വയലാർ എഴുതുമ്പോൾ ഉറക്കത്തിന് മറ്റൊരു ഭാവതലമാണ്:
"നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ
നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ
എന്റെ ഹൃദയത്തുടിപ്പുകൾ മാത്രമി
ന്നെന്തിനു വാചാലമായ് - അപ്പോൾ
എന്തിനു വാചാലമായ്
എങ്ങനെയെങ്ങനെയൊതുക്കും ഞാൻ
എന്നിലെ മദംപൊട്ടും അഭിനിവേശം..." (കാറ്റു ചെന്ന് കളേബരം തഴുകി).
പറഞ്ഞാൽ തീരില്ല. ഈ വരികളൊക്കെയല്ലേ എല്ലാ ദുഃഖങ്ങളും മറന്ന് ജീവിതത്തെ മതിമറന്നു സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്?
-- രവിമേനോൻ
രവി മേനോൻ