കാൽനൂറ്റാണ്ടുമുമ്പ് കാലത്തിന്റ യവനികക്കുള്ളിൽ മറഞ്ഞ മലയാളത്തിന്റെ വിശ്വ വിഖ്യാത എഴുത്തുകാരി മാധവികുട്ടി എന്ന കമലാ ദാസ് സഹൃദയ കേരളത്തെ നോക്കി ഇന്ന് ചിരിക്കുകയാണോ കരയുകയാണോ എന്ന് നിശ്ചയമില്ല.കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം ഭരണ പ്രതിപക്ഷ സാമാജികർ തമ്മിൽ നടത്തിയ വിഴുപ്പലക്കലിൽ വിളിച്ചുപറഞ്ഞ ഒരു ചരിത്ര സത്യമാണ് വീണ്ടും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നത്.
കാൽനൂറ്റാണ്ടുമുമ്പ് കാലത്തിന്റ യവനികക്കുള്ളിൽ മറഞ്ഞ മലയാളത്തിന്റെ വിശ്വ വിഖ്യാത എഴുത്തുകാരി മാധവികുട്ടി എന്ന കമലാ ദാസ് സഹൃദയ കേരളത്തെ നോക്കി ഇന്ന് ചിരിക്കുകയാണോ കരയുകയാണോ എന്ന് നിശ്ചയമില്ല.കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം ഭരണ പ്രതിപക്ഷ സാമാജികർ തമ്മിൽ നടത്തിയ വിഴുപ്പലക്കലിൽ വിളിച്ചുപറഞ്ഞ ഒരു ചരിത്ര സത്യമാണ് വീണ്ടും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിലുള്ള മുസ്ലിം ലീഗ് അംഗം നജീബ് കാന്തപുരം ഒരു മുൻ മുസ്ലിം ലീഗുകാരനും ഇപ്പോൾ ഇടതുപക്ഷവുമായ കെ ടി ജലീലിനെ തീവ്ര വർഗ്ഗീയവാദിയെന്നു മുദ്രകുത്തി ആക്ഷേപിക്കുന്നു.പ്രകോപിതനായ ജലീൽ ലീഗിന്റെ ഉന്നത നേതാവും പാർലമെന്റ് അംഗവുമായ ഒരാൾ ചതിയിലൂടെയും
ഗൂഢോദ്വേശത്തോടെയും മാധവിക്കുട്ടിയെ മതം മാറ്റി പറ്റിച്ച സംഭവം പ്രത്യാരോപണമായി ഉന്നയിക്കുകയും അത് സഭാ രേഖകളുടെ ഭാഗമാവുകയും ചെയ്യുന്നു.
മാധവിക്കുട്ടിയുടെ മതംമാറ്റം മലയാളി ഏറെ ചർച്ചയാക്കിയില്ലെങ്കിലും കമലയുടെ ഉറ്റ ചങ്ങാതിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെറിലി വെയിസ്‌ബോഡ് ഇംഗ്ലീഷിൽ എഴുതിയ ദി ലവ് ക്വീൻ ഓഫ് മലബാർ എന്ന കമലയെ കുറിച്ചുള്ള പുസ്തകം സാംസ്കാരിക കേരളത്തിന്റെ അകത്തളങ്ങളിൽ ആകുലത സൃഷ്ടിച്ചിരുന്നു. ജലീലിന്റെ വെളിപ്പെടുത്തലോടെ സംഭവത്തിന്റെ നിജസ്ഥിതി പലർക്കും അറിയാമായിരുന്നുവെന്നും മറ്റുതാത്പര്യങ്ങളാണ് അവരെ മൗനികളാക്കിയതെന്നും വ്യക്തമാക്കുന്നു.
വർഷത്തിൽ രണ്ടോ മൂന്നോ തവണ കാനഡയിലെ മെറിലിയുടെ വീട്ടിലെത്തുകയും അവിട താമസിക്കുകയും ചെയ്തിട്ടുള്ള കമല തന്റെ ജീവിതകഥകൾ ഒരു മറയുംകൂടാതെ അവരോടു വെളിപ്പെടുത്തിയിരുന്നതായി പുസ്തകത്തിൽ പറയുന്നു. നിരുപാധികമായ സ്നേഹവും പ്രണയവും എന്നും ആസ്വദിച്ചിരുന്ന പഴയ നാലപ്പാട്ടുകാരി കമല താൻ തിരണ്ടു കഴിഞ്ഞ നാളുകളിൽ അതും തന്നെക്കാൾ ഏറെ പ്രായകൂടുതൽ ഉള്ള ഒരു ബന്ധുവുമായി വിവാഹ നിശ്ചയം ഉറപ്പിച്ചിരിക്കെ അമ്മയോടൊപ്പം ക്യാമറയുമായി വീട്ടിൽ വന്ന ചെറുപ്പക്കാരനോട് തോന്നിയ അഭിനിവേശവും അതുണ്ടാക്കിയ അനുഭൂതിയും വശ്യമായ വരികളിലാക്കി വായനക്കാർയി പങ്കുവച്ചിരുന്നു. വിവാഹശേഷം അനുഭവിച്ച ലൈംഗികമായ അസംതൃപ്തിയും പീഡനങ്ങളും നിർഭയമായും സ്വതന്ത്രമായും തുറന്നെഴുതി ആസ്വാദക ശ്രദ്ധ നേടിയിരുന്നു. പാരമ്പര്യവാദിയും ഇന്ത്യക്കാരിയുമായ കമലയുടെ എഴുതും ജീവിതവും ആ പാശ്ചാത്യ വനിതയിൽ പോലും വിസ്മയം ജനിപ്പിച്ചു.
യാദൃശ്ചികമായി വീട്ടിന്റെ ഉള്ളിലേക്ക് പറന്നുവന്നു കറങ്ങുന്ന ഫാനിന്റെ ചിറകിൽ തട്ടി മുറിവേറ്റു കുരുവിയുടെ രക്തം കൊണ്ട് കവിതയെഴുതാൻ ആഗ്രഹിച്ച കമല, പ്രാർത്ഥനയിൽ വരികൾ ഉരുക്കഴിക്കുമ്പോലെ സെക്സിനെ വിശകലനം ചെയ്യാൻ ആവേശംകൊണ്ട ആമി,അതിനെയൊക്കെ ആത്മകഥയെന്നോ ആത്മസുഖത്തിനുള്ള അന്വേഷണമെന്നോ ഒക്കെ വിളിക്കാവുന്ന രീതിയിൽ പുസ്തകമാക്കി സംതൃപ്തി നേടിയ മലയാളത്തിലെയും ആംഗലേയത്തിലെയും എഴുത്തുകാരി.
പ്രണയത്തിന്റെ നിതാന്ത സ്ത്രൈണ രൂപം തന്നെയായിരുന്നു ആമി.
അതെ ആമിയെയാണ് അവർ പരിചയപ്പെടുത്തിയ പ്രകാരം വെയ്‌സ്ബോഡ് ലോകത്തിനു പരിചയപ്പെടുത്തിയത്.
നീര്മാതള പൂക്കൾ നിവേദ്യമാക്കിയ തികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന താൻ പ്രണയവും രതിയും ആവാഹിച്ച ഒരു ഭ്രമാത്മക നിമിഷത്തിൽ കപടമായ ആത്മീയതയണിഞ്ഞ രണ്ടു ഭാര്യമാരുണ്ടായിട്ടും തൃപ്തനാകാത്ത ഒരാളുടെ അധീനതയിൽ അകപ്പെട്ടതും അറുപതു കഴിഞ്ഞ തന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കിയതും പുസ്തകം വിവരിക്കുന്നു. ലൈംഗിക ആസക്തി പൂർത്തീകരിക്കാൻ തടസ്സമാകാതിരുന്ന മതം നേരത്തേ ഉറപ്പുകൊടുത്തിരുന്ന നിക്കാഹിനു തടസ്സമാണെന്നു വാദിച്ചു പൊടുന്നനെ മതംമാറ്റ കിങ്കരന്മാരും ആയുധധാരികളായ കങ്കാണിമാരും അവരെ ഒരു റിസോർട്ട് മുറിയിൽ തടവിലാക്കി.ബുർഖയണിയിച്ചു പേരുമാറ്റം നടത്തി വിളംബരം നടത്തി വിവാഹത്തെ വിഷയമല്ലാതാക്കുകയും ചെയ്തു.
നടന്നതൊക്കെ ചതിയാണെന്നു തിരിച്ചറിഞ്ഞു മാപ്പുനല്കി മടങ്ങാൻ ആർദ്രത അറ്റുപോയിട്ടില്ലാതിരുന്ന ആ കവി മനസ്സ് അന്നും ആഗ്രഹിച്ചു എന്നാൽ ചുറ്റുമുള്ള കാവൽക്കാരോ ഭീരുത്വം കൊണ്ട് നട്ടെല്ല് വളഞ്ഞ ആൺ മക്കളോ കനിഞ്ഞില്ല. തികഞ്ഞ ഏകാന്തതയിൽ പ്രണവമന്ത്രം കേട്ടു ഈ ലോകത്തിനോട് വിട പറയാൻ കൊതിച്ച അവർക്കു മരണാനന്തരവും ശാന്തി ലഭിച്ചില്ല. ഒരു പക്ഷെ അശാന്തമായ ആ ആത്മാവ് തന്നെയായിരിക്കാം ജലീലിനെക്കൊണ്ട് ഇത് ഇപ്പോൾ പറയിച്ചതും.
കനേഡിയൻ എഴുത്തുകാരിയുടെ പുസ്തകം പ്രണയത്തിന്റെ രാജകുമാരി എന്ന പേരിൽ എം.ജി. സുരേഷ് മലയാളത്തിൽ പരിഭാഷപ്പെടുത്തി ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. ഭാഗ്യാന്വേഷികൾ മാത്രമായ കേരളത്തിലെ എഴുത്തുകാർ ഈ വിഷയം വീണ്ടും വിഴുങ്ങും എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട ആമിയോട് ഈ ക്രൂരത കാട്ടിയ മഹാപണ്ഡിതനെ പാർലമെന്റ് അംഗമാക്കി വാഴിച്ചതിനെ സംബന്ധിച്ച് കോൺഗ്രസ് പാർട്ടി പ്രതികരിക്കുമെന്ന് പ്രത്യാശിക്കാം.
സുരേന്ദ്രൻ നായർ