പണ്ട് പണ്ട് ആഫ്രിക്കയിൽ ഒരു ആട്ടിടയൻ ആടിനെ മേയ്ക്കുകയായിരുന്നു. ഒരു ചെടിയിലെ കായ്‌കൾ കഴിച്ച ആടുകൾ പെട്ടെന്ന് ഉന്മാദം പൂണ്ടപോലെ തുള്ളിച്ചാടാൻ തുടങ്ങിയത്രെ.അങ്ങനെയാണ് കാപ്പിയും കാപ്പിയിലെ ലഹരിയും നമ്മൾ അറിഞ്ഞത്.ഉന്മാദം തരുന്ന ലഹരികളോട് മനുഷ്യർക്കെന്നും വല്ലാത്ത അഭിനിവേശമാണല്ലോ......
ഞാനൊരു കാര്യം പറയട്ടെ,
ഒക്ടോബർ ഒന്ന് ഇന്റർനാഷണൽ കോഫി ഡേ ആണത്രെ.
കാപ്പിക്കും ഒരു ദിവസം!
കാപ്പി എനിക്കത്ര പ്രിയങ്കരമല്ലെങ്കിലും കാപ്പിയുടെ ആ സുഗന്ധമുണ്ടല്ലോ അത് എന്റെ മസ്തിഷ്കത്തിൽ എന്നും ആവേശമുണർത്തും.
മാസ്മരികമായ ആ സുഗന്ധം !സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൻ്റെ സമീപത്തുകൂടി നടക്കുമ്പോൾ തന്നെ കണ്ണുകൾ അറിയാതെ തിരയും കോഫി ഷോപ്പ് എവിടെ എന്ന് ;അത്ര ആകർഷകം .കുഞ്ഞായിരുന്നപ്പോൾ പാലിൻ്റെ ചുവ ഇഷ്ടായില്ലെന്നു പറഞ്ഞു മുഖം തിരിച്ചനേരം അമ്മ ഒരു നുള്ളു കാപ്പി പൊടി പാലിൽ ചേർത്ത് 'പാപ്പി' ആക്കി തന്നു.അങ്ങനെ ഞാൻ ഒരു കാപ്പിക്കാരിയായി,പിന്നീട് കൗമാരത്തില്ലെന്നോ ചായയിലേക്ക് മാറുന്നതുവരെ.
അമ്മയുടെ കാപ്പി അത് ഒരു സംഭവം തന്നെ ആയിരുന്നു.വീട്ടിലെത്തുന്ന ബന്ധുക്കൾ, “ചായകുടിച്ചിട്ടുപോകാം” എന്ന അമ്മയുടെ ക്ഷണം കേൾക്കുമ്പോൾ "വേണ്ട അമ്മായി,കാപ്പി മതി "എന്ന് പറയും.ചില ദിവസങ്ങളിൽ കാപ്പി കപ്പുകളുടെ എണ്ണം അധികമായി ഇനി വേണ്ടെന്നു നിരാകരിക്കുമ്പോൾ അമ്മയുടെ ഒരു ഡയലോഗ് ഉണ്ട്.
"ഒരല്പം രുചിച്ചു നോക്കൂ ,ഇന്ത്യൻ കോഫി ഹൗസിലെ നല്ല ബ്രൂ കോഫി പോലെ ഉണ്ട് "എന്ന്.
അമ്മയുടെ നിഘണ്ടുവിൽ ഇന്ത്യൻ കോഫി ഹൗസിലെ കോഫിയാണ് ഏറ്റവും മികച്ചത്.അവിടത്തെ ബീറ്റ് റൂട്ട് ചേർത്ത കട്ട്ലറ്റും അപാരമാണേ.
ശരവണ ഭവനിലോ ഏതെങ്കിലും ഉഡുപ്പി ഹോട്ടലിലോ കയറി ഒരു മസാലദോശ കഴിച്ചാൽ ഒരു ഫിൽട്ടർ കോഫി കൂടി വേണം എന്നാണ് എൻ്റെ ഒരിത്.
എൻ്റെ കാപ്പി ഇഷ്ടങ്ങളിൽ ആദ്യത്തേത് അമ്മയുടെ തന്നെ.പിന്നെ ദുവമാമ്മി എന്ന വല്യമ്മായിയുടെകാപ്പി,കൂട്ടുകാരി ലക്ഷ്മിയുടെ ഫിൽട്ടർ കോഫി......
പിന്നെ... അടുത്തയിടെ ശങ്കരിയുടെ കൂട്ടുകാരി കുട്ടി പറഞ്ഞു
"ഞാനിപ്പൊ ഒരു കോഫി ആരാധികയാ ,ടിം ഹോർട്ടൻ ൻ്റെ ഫ്രഞ്ച് വാനില കുടിച്ചു നോക്കൂ ...നിങ്ങളും അഡിക്ടഡ് ആവും "എന്ന്.
ആ കുട്ടി സ്നേഹത്തോടെ പറഞ്ഞതുകൊണ്ടാവാം ഇഷ്ടായി .എന്നാലും അമ്മയുടെ കാപ്പിയോളം ഇല്ല എന്ന് തോന്നൽ.
ഐറിഷ് കോഫിയിൽ പാലിനൊപ്പം വിസ്‌കിയും ക്രീമും ചേർക്കുമത്രെ.ലഹരി കൂടി തലയ്ക്കു പിടിക്കുമോ ആവോ ?
ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി പൊടി ഇന്തോനേഷ്യയിലെ kopi luwak എന്ന cat poop coffee beans ൽ നിന്നും ഉണ്ടാക്കിയതാ .പൂച്ച വർഗ്ഗത്തിൽ പെട്ട civet cat നെ കൊണ്ട് കാപ്പി പഴങ്ങൾ കഴിപ്പിച്ച് ദഹിക്കാതെ വിസർജ്ജിക്കുന്ന കാപ്പി കുരുക്കൾ ശേഖരിച്ചുണ്ടാക്കുന്ന കാപ്പി പൊടി.
തായ്‌ലൻഡിൽ ആനയെകൊണ്ടാ കഴിപ്പിക്കുന്നെ.ആന വായിൽ കാപ്പിക്കുരു എങ്ങനെ ആവും?നമ്മൾ കടല കഴിക്കും പോലെ ആവും അല്ലെ .
കാപ്പിയിലെ വൈവിധ്യത്തെകുറിച്ച് എഴുതാൻ തുടങ്ങിയാൽ തീരുകയേ ഇല്ലല്ലോ.
പണ്ടൊരിക്കൽ റാന്നിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു.കൂട്ടുകാരും ഒക്കെ ആയി ഒരടിപൊളി യാത്ര .
അവിടെ തൊടിയിൽ ചുറ്റിനടക്കുമ്പോൾ ചെറിയ കുറ്റിച്ചെടിയിൽ പഴുത്ത ചെറു കായ്‌കൾ കണ്ട് അത്ഭുതപ്പെട്ടപ്പോൾ "ഇതാണ് പ്രഭേ കാപ്പി ...ഇതുപോലും അറിയില്ലേ "എന്ന് സുരേഷ് സാർ പരിഹസിച്ചതിന്നും ഓർക്കുന്നു.
ഫോർട്ട് കൊച്ചിയിൽ എവിടെ കാപ്പിച്ചെടി എന്ന് ആ ഇടുക്കിക്കാരന് എങ്ങനെ അറിയാൻ .
"പ്രഭാജി നിങ്ങളുടെ കോഫി ഉഗ്രൻ" എന്ന് അനുമോദിച്ച ഹുബ്ളിക്കാരൻ ജോഷി യോട് ഞാൻ ആ രഹസ്യം പറഞ്ഞതേയില്ല .വെള്ളം ചേർക്കാതെ കാച്ചിയ പാലിൽ പഞ്ചസാരയും ബ്രൂ ഇൻസ്റ്റൻറ്റ് പൊടിയും ചേർത്തതെന്ന രഹസ്യം.
ഇവിടെയാണെങ്കിലോ എത്ര തരം കോഫിയാ.. espresso ,americano ,latte,cappuccino,mocha .......
Espresso അല്പം കടുപ്പം കൂടിയ കട്ടൻകാപ്പിയാണ്... മധുരം ചേർത്തോ ചേർക്കാതെയോ കുടിക്കാം.
ഇതിൽ ചൂടുവെള്ളം ഒഴിച്ച് നേർപ്പിച്ചാൽ Americano ആയി.
ചൂടുവെള്ളത്തിനു പകരം തിളപ്പിച്ച പാൽ കഴിച്ചാൽ Latte .
തിളപ്പിച്ച പാലിനു പകരം milk cream ചേർത്താൽ cappuccino ആവും.
ഇനി ഒരല്പം കെക്കോ പൗഡർ ചേർത്താലോ Mocha ആയി. ഇനിയും ഇനിയും കുറെയധികം കാപ്പികൾ ഉണ്ട് കാപ്പി കടകളിൽ ....
കൂട്ടുകാരോടൊത്തു കഥകൾ പറഞ്ഞിരിക്കുമ്പോൾ കാപ്പി തന്നെ ബെസ്ററ് കോമ്പിനേഷൻ.
ഞാനൊരു ചായ ഇടട്ടെ എന്നുപറയുമ്പോൾ കൂട്ടിനായി ഞാനൊരു കാപ്പി ഇടാം എന്ന് മൈലുകൾക്കകലെ ഇരുന്ന് പറയുന്ന സൗഹൃദം ......
അടുത്ത അവധികാലത്ത് 'കാശി ആർട്ട് കഫേ 'യിൽ പോയി കാപ്പി കുടിക്കാം എന്ന് പറഞ്ഞ കൂട്ടുകാരാ ....അനവധി അവധിക്കാലങ്ങൾ കഴിഞ്ഞിട്ടും കാശിയിലെ കോഫി കിട്ടിയില്ലല്ലോ.
ദുബായിയിൽ നിന്നും നാട്ടിലേക്കു പറിച്ചുനടുമ്പോൾ, അറബികൾ അവരുടെ മജ്‌ലിസ് അലങ്കരിക്കാൻ ഉപയോഗിക്കുന്ന കാപ്പി പാത്രവും കുഞ്ഞു കപ്പുകളും ഞാൻ സ്വന്തമാക്കും .കാപ്പി കുടിക്കാനല്ല,പ്രവാസ ജീവിതത്തിൻ്റെ ഓർമ്മയ്ക്ക്.
ഈയിടെ ആയി കാപ്പിപ്പൊടി കലക്കി തലമുടിയിലും മുഖത്തും തേച്ചുപിടിപ്പിച്ച് ദിവസം മുഴുവൻ കാപ്പിയുടെ സുഗന്ധം കൂടെ കൊണ്ടുനടക്കുന്നു. ഒരു ഉന്മാദം പോലെ……
ഒരിക്കൽ വായിച്ചതോർക്കുന്നു ...
പണ്ട് പണ്ട് ആഫ്രിക്കയിൽ ഒരു ആട്ടിടയൻ ആടിനെ മേയ്ക്കുകയായിരുന്നു.
ഒരു ചെടിയിലെ കായ്‌കൾ കഴിച്ച ആടുകൾ പെട്ടെന്ന് ഉന്മാദം പൂണ്ടപോലെ തുള്ളിച്ചാടാൻ തുടങ്ങിയത്രെ.അങ്ങനെയാണ് കാപ്പിയും കാപ്പിയിലെ ലഹരിയും നമ്മൾ അറിഞ്ഞത്.ഉന്മാദം തരുന്ന ലഹരികളോട് മനുഷ്യർക്കെന്നും വല്ലാത്ത അഭിനിവേശമാണല്ലോ......
മഴയോടും ,കടലിനോടും,ഉയരങ്ങളോടും,ആഴങ്ങളോടും,പ്രണയത്തിനോടും,മദ്യത്തിനോടും,അങ്ങനെ അങ്ങനെ...........
എനിക്കാകട്ടേ .....ചായയോടും.
എങ്കിൽ വരൂ കാപ്പിയുടെ ദിവസം എല്ലാവർക്കും ഒരു കപ്പ് കാപ്പി ആയല്ലോ.
പ്രഭ പ്രമോദ്