PRAVASI

സംഘാടകൻ ,സംരംഭകൻ, ജോജി തോമസ് ; ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ( വഴിത്താരകൾ )

Blog Image
'കാലം കടന്നു പൊയ്‌ക്കൊണ്ടേയിരിക്കും ,കർമ്മങ്ങൾ  ഒരു നിഴല് പോലെ നമ്മെ പിന്തുടരുകയും ചെയ്യും. നന്മകൾ ഒരു തണലുപോലെ വഴികളിൽ ഉടനീളം നമ്മളെ പൊതിയും. അതേയുള്ളൂ ജീവിതം'

ജീവിതം പൂര്‍ണമാകുന്നത് ഓരോ മനുഷ്യരിലും നമ്മള്‍ മൂലം സന്തോഷങ്ങളുണ്ടാകുമ്പോഴാണ്. പരസ്പരപൂരകങ്ങളായി മനുഷ്യര്‍ വാഴുന്ന മണ്ണില്‍ ആര്‍ക്കും വിദ്വേഷത്തിന്‍റെ വിത്തുകള്‍ പാകാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു സാമൂഹ്യ സാഹചര്യം ഒരുക്കിയെടുക്കുന്നത് പലതരം കൂട്ടായ്മകളാണ്. അവയെല്ലാം തന്നെ പല മനുഷ്യരുടെയും നേതൃപാടവം കൊണ്ട് ആലങ്കാരികവുമാണ്. കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടംമാക്കിലിന്‍റെ ജീവിതവും സംഘടനാ പ്രവര്‍ത്തനവും ഒരു മാതൃകയാണ്. ഒരാള്‍ സമൂഹത്തില്‍, കുടുംബത്തില്‍, ജോലിയില്‍, സുഹൃത്തുക്കള്‍ക്കിടയില്‍, സഹജീവികള്‍ക്കിടയില്‍ എങ്ങനെയായിരിക്കണം എന്ന് മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട യഥാര്‍ത്ഥ മാതൃക. ഒരു ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ സാധാരണ ജീവിതം  സംരംഭകന്‍ എന്ന നിലയിലേക്കും, കാനഡയിലെ മലയാളികളുടെ അഭിമാനം എന്ന നിലയിലേക്കും ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനിലേക്കും ജോജി തോമസ് വളര്‍ന്നത് അദ്ധ്വാനത്തിന്‍റെ ചോരയും നീരും ഒഴുക്കിക്കൊണ്ട് തന്നെയാണ്. ഈ വഴിത്താരയില്‍ അദ്ദേഹത്തിന്‍റെ ജീവിതകഥ അഭിമാനത്തോടെ നോക്കിക്കാണാം.


പുല്‍നാമ്പുകളുണ്ടാകും വിധം
പാലാ വള്ളിച്ചിറ വണ്ടംമാക്കില്‍ വി.യു. തോമസിന്‍റെയും പരേതയായ മേരി തോമസിന്‍റെയും മൂത്ത മകനായിട്ടാണ് ജോജി തോമസ് ജനിച്ചത്.
അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു പിതാവ് വി.യു. തോമസ്. ചെറുകര സെന്‍റ് ആന്‍റണീസ് യു.പി. സ്കൂളിലാണ് ഏഴാം  ക്ലാസ്സ് വരെ ജോജി പഠിച്ചത്. തുടര്‍ന്ന് പാലാ സെന്‍റ് തോമസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സില്‍  നിന്ന് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പണ്ടുകാലത്ത് വിദ്യാഭ്യാസം പൂര്‍ണതയില്‍ എത്തിയെന്ന് തോന്നിയാല്‍ യുവാക്കള്‍ കൂട്ടത്തോടെ മുംബൈയിലേക്ക് പോകുന്നത് ഒരു ശീലമായിരുന്നു. പ്രധാനമായും ജോലി സാധ്യതയും ടെക്നിക്കല്‍ പഠനങ്ങളുമായിരുന്നു കാരണം. അങ്ങനെ ജോജിയും മുംബൈയിലേക്ക് തിരിച്ചു. സെന്‍റ് ഫ്രാന്‍സിസ് ഐ.ടി.ഐയില്‍ ചേര്‍ന്നു.  ജീവിതത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമായിരുന്നു അത്. രണ്ട് വര്‍ഷത്തോളമുള്ള പഠനം കഴിഞ്ഞതോടെ ജോജി തിരികെയെത്തി. പിതാവ് വി.യു. തോമസിന് മകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിക്കാണണം എന്നായിരുന്നു ആഗ്രഹം.

എന്നാല്‍ ജോജിക്കാകട്ടെ ഇന്ത്യയ്ക്ക് പുറത്തുപോയി ജോലി നേടണം എന്നായിരുന്നു ആഗ്രഹം. അറേബ്യന്‍ നാടുകളിലേക്ക് ഇന്ത്യന്‍ ജനത വലിയ രീതിയില്‍ കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ ഗള്‍ഫിലേക്ക് പോകാന്‍ ആയിരുന്നു ജോജിക്ക് താല്പര്യം. എന്നാല്‍ ആ സമയത്തായിരുന്നു കുവൈറ്റ് യുദ്ധം ഉണ്ടായത്. ഗള്‍ഫ് മേഖലയില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്ത ആ സമയത്ത് ജോജി ഗള്‍ഫ് മോഹം ഉപേക്ഷിച്ചു. 1991-ല്‍ നാട്ടില്‍ ചെറിയൊരു ബിസിനസ് ആരംഭിക്കുകയും അതോടൊപ്പം തന്നെ രാഷ്ട്രീയത്തില്‍ സജീവമാവുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനോടായിരുന്നു ജോജിക്ക് അനുഭാവം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അഗം ആയിരിക്കെയാണ് അമേരിക്കന്‍ മണ്ണിലേക്ക് പറക്കാനുള്ള ഒരു സന്ദര്‍ഭം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വന്നെത്തിയത്. പാലാ കരൂര്‍ മണ്ഡലം പ്രസിഡന്‍റ്, പാലാ നിയോജക മണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും രാഷ്ട്രീയ ജീവിതത്തില്‍ ജോജി നിര്‍വഹിച്ചു. ഒപ്പം ബിസിനസ്സും കൊണ്ടുപോയി. സ്നാക്സ് മാനുഫാക്ച്ചറിങ് ബിസിനസ് ആണ് അദ്ദേഹം തുടങ്ങിയത്. പ്രിന്‍റഡ് ബാഗില്‍ സ്നാക്സ് കൊടുക്കുന്ന കേരളത്തില്‍ ആദ്യ കമ്പനി ജോജിയുടേത്  ആയിരുന്നു. പക്ഷേ, അന്നത്തെ കാലം ഇത്രത്തോളം ടെക്നോളജി വളര്‍ന്നിട്ടില്ല. ഫോണും സോഷ്യല്‍ മീഡിയയും മറ്റും ഇല്ലാത്ത കാലമായത് കൊണ്ടുതന്നെ ജോജിയുടെ സംരംഭം ആളുകളിലേക്ക് എത്താതെ പോയി. അത് വലിയ രീതിയില്‍ തന്നെ ബിസിനസിനെ ബാധിച്ചു.


അപ്പോഴാണ് അമേരിക്കയില്‍ ജോലിക്ക് പോകണം എന്ന  ആഗ്രഹം ഉണ്ടാകുന്നത്. അവിടെ തൊഴില്‍ സാധ്യത ഉള്ള ഒരു കോഴ്സ് എന്ന നിലയില്‍ ബാംഗ്ലൂരിലേക്ക് റേഡിയോളജി പഠിക്കാന്‍ ജോജി തോമസ് പോയി. കൃപാനിധി യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് റേഡിയോളജിയില്‍ ഡിപ്ലോമ എടുത്തു. തിരികെയെത്തി റേഡിയോളജിസ്റ്റായി പന്തളം മെഡിക്കല്‍ മിഷനില്‍ ജോലി ലഭിച്ചു.
പന്തളം മെഡിക്കല്‍ മിഷന് ശേഷം കുമ്മണ്ണൂര്‍ ചടട മെഡിക്കല്‍ മിഷനിലും ജോജി ജോലി ചെയ്തു. ആ സമയത്താണ് കാനഡയിലേക്ക് പോകാന്‍ അവസരം ഉണ്ടാകുന്നത്. ജീവിതം പുതിയ ഒരു ഭൂമികയിലേക്ക് പറിച്ചുനട്ട നിമിഷം, ജീവിതത്തിന്‍റെ രണ്ടാം യാത്ര.


പുതിയ ദേശം, ഭാഷ, മനുഷ്യര്‍, ഭൂമി, സ്വപ്നങ്ങള്‍
കാനഡയില്‍ എത്തിയ ജോജി തോമസ് പഠിച്ച തൊഴിലുകള്‍ ചെയ്യാന്‍ നോക്കിയെങ്കിലും അതൊന്നും വിജയം കാണാതെ വന്നു. ഫാക്ടറി ജോലികളും മറ്റുമൊക്കെയായി ജീവിതം കുറേക്കൂടി കടന്നു പോയി. 
1998-ലാണ് ജോജിയുടെ വിവാഹം നടക്കുന്നത്. ഒളശ്ശ തൈത്തറയില്‍ ജോണ്‍-എല്‍സി ദമ്പതികളുടെ മകള്‍ രേഖയെ അദ്ദേഹം വിവാഹം കഴിച്ചു. കുടുംബം കൂടി കാനഡയില്‍ എത്തിയതോടെ ജീവിതം കൂടുതല്‍ മെച്ചമാക്കണം എന്ന തോന്നലുണ്ടായി. കുടുംബം പച്ചപിടിപ്പിക്കാനുള്ള ഓട്ടമായിരുന്നു പിന്നീടുള്ള ജീവിതം. 
ചെറിയ ജോലികളൊക്കെ ചെയ്തുവെങ്കിലും മനസില്‍ മുഴുവന്‍ നാട്ടില്‍ പച്ചപിടിക്കാതെ പോയ ബിസിനസ് ആയിരുന്നു. അങ്ങനെയിരിക്കെ കനേഡിയന്‍ ഗവണ്മെന്‍റിന്‍റെ ഒരു ബിസിനസ് പ്രോഗ്രാമില്‍ പങ്കെടുത്തു. 2013-ല്‍ മൂന്നു മാസം ട്രയിനിംഗ് ചെയ്യുകയും മനസ്സിലുണ്ടായിരുന്ന സ്നാക് മാനുഫാക്ച്ചറിങ് ബിസിനസ് ഐഡിയ കനേഡിയന്‍ ഗവണ്മെന്‍റ് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ജോജി തോമസ് എന്ന ബിസിനസുകാരന്‍ ഉടലെടുക്കുകയായിരുന്നു. ഈ സമയത്ത് ഭാര്യ പഠനം കഴിഞ്ഞു നേഴ്സായി ജോലിയില്‍ പ്രവേശിച്ചതും കുടുംബത്തിന് തണലായി.


മനസ് നിറയ്ക്കുന്ന ഭക്ഷണം
സ്നേഹത്തോടെ ആത്മാര്‍ത്ഥയോടെ എന്ത് വിളമ്പിയാലും അതിന് രുചിയുണ്ടാകും. ആ തത്ത്വം ഏറ്റവുമധികം മനസിലാക്കിയത് ജോജി തന്നെയാണ്. 1200 സ്ക്വയര്‍ഫീറ്റില്‍ ഒരു കിച്ചണ്‍ ഉണ്ടാക്കി നാടന്‍ സ്നാക്സ്  ഉള്‍പ്പെടുത്തി ഒരു സംരംഭം കാനഡയില്‍ ആരംഭിച്ചു. വലിയ സെയില്‍ നടന്നെങ്കില്‍ മാത്രമേ ബിസിനസ് നന്നായി നടക്കുകയുള്ളു എന്നിരിക്കെ അത്ഭുതമെന്ന് പറയട്ടെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് നല്ല ബിസിനസാണ് ജോജിയുടെ സംരംഭത്തിന് ലഭിച്ചത്. ആ അത്ഭുതം തുടര്‍ന്നുകൊണ്ടേ ഇരുന്നതു കൊണ്ട് തന്നെ മൂന്നാമത്തെ വര്‍ഷം 5000 സ്ക്വയര്‍ഫീറ്റിലേക്ക് കടയൊന്ന് പുതുക്കിപ്പണിയുകയും ചെയ്തു. ബനാന ചിപ്സിന്‍റെ വിവിധ ഐറ്റങ്ങള്‍, കപ്പ വിഭവങ്ങള്‍, വിവിധതരം ഫിഷ് പിക്കിളുകള്‍ തുടങ്ങി വലിയ രീതിയിലേക്ക് ജോജിയുടെ ബിസിനസ് വളര്‍ന്നു. ഇപ്പോള്‍ 10000 സ്ക്വയര്‍ഫീറ്റിലാണ് ജോജിയുടെ സംരംഭം പ്രവര്‍ത്തിക്കുന്നത്. 2026-ല്‍ ഇത് 20000 സ്ക്വയര്‍ ഫീറ്റിലേക്ക് മാറാന്‍ പോവുകയാണ്.  2019- ല്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഒരു ഹോട്ടലും ജോജി ആരംഭിച്ചിട്ടുണ്ട്. റിയല്‍ തോംസന്‍ ഫുഡ്സ് എന്നാണ് ജോജിയുടെ സ്നാക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയുടെ പേര്. ഒന്‍റാറിയോയില്‍ മിന്‍റ് ലീവ്സ് ഇന്ത്യന്‍ കിച്ചനും പ്രവര്‍ത്തിക്കുന്നു.  


സംരംഭകനില്‍ നിന്ന്  സംഘാടകനിലേക്ക്
കാനഡായില്‍ എത്തിയപ്പോഴും ജോജി തോമസ് സാമൂഹ്യ പ്രവര്‍ത്തന താല്പര്യങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. 1989-ല്‍ ടൊറാന്‍റോ മലയാളി സമാജത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയായിട്ടായിരുന്നു പൊതുജീവിതത്തിന്‍റെ തുടക്കം. പിന്നീട് കാനഡ ലണ്ടന്‍ ഒന്‍റാരിയോ മലയാളി അസോസിയേഷന്‍റെ (ലോമ) പ്രസിഡണ്ടായി ജോജി തോമസ്. ഒന്‍റാരിയോ ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന സാമുദായിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2019-ല്‍ അന്നത്തെ ഫൊക്കാന പ്രസിഡന്‍റായിരുന്ന ജോര്‍ജി വര്‍ഗീസും ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണിയും കൂടിയാണ് ഫൊക്കാനയിലേക്ക് ജോജി തോമസിനെ ക്ഷണിക്കുന്നത്. അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറിയായിട്ടായിരുന്നു ഫൊക്കാനയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് 2022-2024 കാലയളവില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയി ചുമതലയേറ്റ ജോജി 2024-2026-ല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും സ്ഥാനമേറ്റു. കൂടാതെ ക്നാനായ ഡയറക്റേറ്റ് ഓഫ് കാനഡയുടെ ചെയര്‍മാന്‍ കൂടിയാണ്  ജോജി. കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ അംഗം ആയിരുന്ന അദ്ദേഹം ക്നാനായ കമ്യൂണിറ്റിയിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.ലണ്ടന്‍ സെന്‍റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ മൂന്നുതവണ ട്രസ്റ്റി ആയിരുന്ന ജോജി സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്‍റെ മുന്‍ പാരിഷ് കൗണ്‍സില്‍ അംഗവുമാണ്. ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  


പൊതുപ്രവര്‍ത്തകന്‍റെ ജീവിതം
ഒരു പൊതുപ്രവര്‍ത്തകന്‍റെ ജീവിതം എപ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റിവെക്കപ്പെടേണ്ടതാണ്. എന്നാല്‍ ജോജിയാകട്ടെ പൊതുപ്രവര്‍ത്തകനോടൊപ്പം തന്നെ ഒരു സംരംഭകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ തന്നില്‍ അര്‍പ്പിച്ച എല്ലാവരുടെയും വിശ്വാസവും നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും.
കാനഡയുടെ സംസ്കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ആരുമായും ഒത്തുചേര്‍ന്നുപോകുന്ന, സൗമ്യ സ്വഭാവക്കാരനായ ജോജി തോമസ് കാനഡയിലെ മലയാളികളുടെ മാത്രമല്ല ഫൊക്കാനയിലെ മുഴുവന്‍ നേതാക്കന്മാരുടെ ഇടയിലും ഏറെ സ്വീകാര്യനായ നേതാവാണ്. കാനഡയില്‍ സംഘടിപ്പിച്ച ഫൊക്കാന കാനഡ റീജിയണല്‍ ഉദ്ഘാടനം വന്‍ വിജയമായതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. ഫൊക്കാനയ്ക്ക് കാനഡയില്‍ നിന്നും ഒരു യുവതലമുറയെ സംഭാവന ചെയ്യുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. ഒരു സംഘടനയുടെ ഭരണഘടനാപരമായ എല്ലാ ചുമതലകളുടെയും അമരക്കാരന്‍. ഏതു പ്രതിസന്ധിയിലും സംഘടനയ്ക്ക് കരുത്തായി നില്‍ക്കേണ്ട വ്യക്തിത്വം. ഈ കരുത്തിനു കൂട്ടായി കുടുംബവും കൂടെയുണ്ട് എന്നതാണ് ജോജി തോമസിന്‍റെ വിജയത്തിനാധാരം. ഭാര്യ രേഖ ജോജി (നഴ്സ്), മക്കളായ ജെറെമി, ജോനാഥന്‍, ജൈഡന്‍ എന്നിവര്‍ ജോജിക്ക് പൊതുപ്രവര്‍ത്തകന്‍റെ വേഷമണിയുമ്പോഴും സംരംഭകനാകുമ്പോഴും തണലും തണുപ്പുമായി കൂടെയുണ്ട്.


എന്ത് ചെയ്തെന്ന് ദൈവം ചോദിച്ചാല്‍ ഇന്ന് ജോജിക്ക് ഒരുത്തരമുണ്ട്. അദ്ദേഹത്തില്‍  പ്രതീക്ഷയര്‍പ്പിച്ചു ധാരാളം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ഫാക്ടറിയുടെ ശബ്ദമോ കോലാഹലങ്ങളോ ഇല്ലാത്ത ഭൂമിയില്‍ ജോജി തോമസ് എന്നും മനുഷ്യരുടെ സ്വാദിന്‍റെ ആഗ്രഹങ്ങളെ നിറവേറ്റിക്കൊണ്ടേയിരിക്കും. ഒപ്പം ഒരു സമൂഹത്തിനൊപ്പം തന്‍റെ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സദാ സജീവമായിക്കൊണ്ടിരിക്കും.
ജോജി തോമസ് ഒരു മാതൃകയാണ്. തളര്‍ന്നു പോകുന്നവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള, ജീവിതംകൊണ്ട് പ്രചോദനമായ ഒരാള്‍. 
ആര് കൈവിട്ടാലും സ്ഥിരോത്സാഹവും ഈശ്വരന്‍റെ കയ്യൊപ്പും ഉണ്ടെങ്കില്‍ താന്‍ ഉദ്ദേശിക്കുന്നയിടത്ത് എത്താന്‍ കഴിയുമെന്ന് കാലത്തിനു കാട്ടിക്കൊടുത്ത വ്യക്തിത്വം. അതെ, ജോജി തോമസ് തന്‍റെ യാത്ര തുടരട്ടെ... 
പ്രാര്‍ത്ഥനകള്‍...


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.