PRAVASI

ഇൻഡ്യനാപോളിസിൽ നടന്ന പത്താം ദേശീയ യുക്കറിസ്റ്റിക് കോൺഗ്രസ്സ് : സഭാ പുനർജ്ജീവനത്തിന്റെ അനിഷേധ്യ പ്രകടനം

Blog Image
വീണ്ടും ബൈബിൾ കഥകൾ പറയുന്ന കൊത്തുപണികൾ നിറഞ്ഞ മരവും ഉരുക്കും കൊണ്ടു നിർമ്മിച്ച വാതിൽപാളി വലിച്ചു തുറന്നു.  സ്ത്രീകളെ രണ്ടുപേരെയും ആനയിച്ച ശേഷം അകത്തേക്ക് ചുവടു വച്ചു.  അകത്തു കയറുമ്പോൾ പ്രതീക്ഷിച്ചത് പള്ളിനിറഞ്ഞ വെളിച്ചവും ക്രുബാനയ്‌ക്കെത്തിയ ഭക്തജനങ്ങളുമായിരുന്നു.  പക്ഷെ, പള്ളിക്കകം ഇരുണ്ടുകിടന്നിരുന്നു, അൾത്താരയ്ക്കടുത്തുള്ള ചെറിയ വെളിച്ചമൊഴികെ.  

എനിക്കു വളരെ പരിചയമുള്ള ജർമനിയിലെ ചെറിയൊരു പട്ടണം.  ആതിഥേയരായ സുഹൃത് കുടുംബത്തോടൊപ്പം ശനിയാഴ്ച വൈകീട്ട് ക്രുബാന  കാണാൻ തീരുമാനിച്ചു.  ചെറിയ സന്ദർശനത്തിനെത്തിയ എനിക്കും ഭാര്യയ്ക്കും പിറ്റേന്ന് ഞായറാഴ്ച നേരത്തെ തീരുമാനിച്ച പരിപാടികൾ.  ശനിയാഴ്ച അഞ്ചു മണിക്കു ശേഷമുള്ള ക്രുബാന ഞായറാഴ്ച  കുർബാനയുടെ കടപ്പാട് നിറവേറ്റുമെന്ന് കാനൻ നിയമം.  ക്രുബാന ആറു മണിക്കാണ്.  അഞ്ചേമുക്കാലായപ്പോൾ  പ്രദേശം മുഴുവൻ മുഴങ്ങുന്ന ആഘോഷപ്രതീതിയുളവാക്കുന്ന  മണിനാദംk.  നൂറ്റാണ്ടുകളായി ജർമ്മൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി മുഴങ്ങുന്ന പള്ളിമണി.  ആകാശത്തേക്ക് കൂർത്തു നിൽക്കുന്ന ഗോഥിക് വാസ്തു വിദ്യയിൽ നൂറ്റാണ്ടുകൾക്കു മുൻപു പണിത പള്ളി.  ഇളം ചാര നിറത്തിൽ കരിങ്കൽ മതിലും ഉരുണ്ട തൂണുകളും ബൈബിൾ കഥകൾ വിശദീകരിക്കുന്ന ചിത്രങ്ങൾ നിറഞ്ഞ നിറമാർന്ന ഗ്ലാസുകൾ  നിറഞ്ഞ ചെറിയ ജനലുകളും ശാന്തത നിറഞ്ഞ ചുറ്റുപാടുകളുമുള്ള പള്ളി.

പോൾ ഡി പനയ്ക്കൽ


വീണ്ടും ബൈബിൾ കഥകൾ പറയുന്ന കൊത്തുപണികൾ നിറഞ്ഞ മരവും ഉരുക്കും കൊണ്ടു നിർമ്മിച്ച വാതിൽപാളി വലിച്ചു തുറന്നു.  സ്ത്രീകളെ രണ്ടുപേരെയും ആനയിച്ച ശേഷം അകത്തേക്ക് ചുവടു വച്ചു.  അകത്തു കയറുമ്പോൾ പ്രതീക്ഷിച്ചത് പള്ളിനിറഞ്ഞ വെളിച്ചവും ക്രുബാനയ്‌ക്കെത്തിയ ഭക്തജനങ്ങളുമായിരുന്നു.  പക്ഷെ, പള്ളിക്കകം ഇരുണ്ടുകിടന്നിരുന്നു, അൾത്താരയ്ക്കടുത്തുള്ള ചെറിയ വെളിച്ചമൊഴികെ.  
“ക്രുബാന ഇല്ലേ?  മണി അടിക്കുന്നുണ്ടല്ലോ" ഞങ്ങൾ പരസ്പരം ചോദിച്ചു.  
"കപ്പേളയിൽ ലൈറ്റുണ്ടല്ലോ" 
ഒരു വശത്തേക്കു ചൂണ്ടി കൂട്ടുകാരൻ പറഞ്ഞതുകേട്ടപ്പോളാണ് ശ്രദ്ധിച്ചത്.  പള്ളിയുടെ ഒരു വശത്തെ വാതിലിനപ്പുറത്തെ ഒരു മുറിയെന്നു ദ്യോതിപ്പിക്കുന്ന ഭാഗത്ത് ലൈറ്റുണ്ടായിരുന്നു.  അവിടെ മാത്രം ഒതുങ്ങുന്ന ലൈറ്റ്.  ഞങ്ങൾ അങ്ങോട്ടു നടന്നു.  അഞ്ചു ഭിത്തികളുള്ള ഒരു മുറി.  മതിലിനോട് ചേർന്ന് കുഷ്യനിട്ട ഓരോ ബെഞ്ച്.  വാതിലിനോട് ചേർന്ന് ഒരു സ്റ്റൂളിൽ ഹിംനൽ (കുർബാനയുടെയും പാട്ടുകളുടെയും പുസ്തകങ്ങൾ) അടുക്കി വച്ചിരുന്നു.  ആറു മണിക്ക് ആറേഴു മിനുറ്റുള്ളപ്പോൾ പ്രായമുള്ള ഒരു ദമ്പതികൾ സ്റ്റൂളിൽ നിന്ന് ഓരോ പുസ്തകവുമെടുത്ത്  വന്നു ചേർന്നു.  മിനുറ്റുകൾക്കകം വേറെയും ചിലർ.  കൃത്യം ആറു മണിക്ക് ഒരു മന്ദസ്മിതം തൂകി അച്ചനുമെത്തി.  ആകെ ഇരുപത്തിയൊന്നു പേർ.  എല്ലാവരും പ്രായമുള്ളവർ.  


ഇത് ജർമനിയിലെ അനുഭവം. തലേ ആഴ്ച ഇറ്റലിയിലെ ഒരു പള്ളിയിൽ ചെന്നപ്പോളും പള്ളിയിൽ കുർബാനയ്‌ക്കെത്തിയവർ നാമമാത്രമായിരുന്നു. പിറ്റേ ആഴ്ച ഇംഗ്ലണ്ടിൽ ഈസ്റ് സസ്സെക്സിൽ പള്ളിയിൽ ചെന്നപ്പോളുള്ള അനുഭവവും ഏകദേശം അത് പോലെ തന്നെ. ഞാൻ ജീവിക്കുന്നത് ന്യൂ യോർക്കിൽ.  ശനിയാഴ്ചയും ഞായറാഴ്ചയും കൂടി അഞ്ചു കുർബാനകൾ.  ആളുകളുടെ മിതമായ പങ്കാളിത്തം മോശമാണെന്നു പറയാനാവില്ല.  ഈയിടെ ഫ്ലോറിഡയിലെ പുണ്ട ഗോർഡയിലും ജോർജിയയിലെ ലിൽബേർനിലും പള്ളിയിൽ കണ്ടത് ന്യൂ യോർക്കിനെക്കാൾ വളരെ വളരെ അധികം ആളുകളെയാണ്. നന്നായി ഉടുത്തൊരുങ്ങി കുട്ടികളോടൊപ്പം എത്തുന്ന ചെറുപ്പക്കാരും പ്രായമുള്ളവരും - സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും അതിലുണ്ടായിരുന്നു.


പശ്ചിമ യൂറോപ്പിലെ പോലെ ഇല്ലെങ്കിലും മതാനുഷ്ഠാനങ്ങളും ഞായറാഴ്ചകളിൽ കുർബാന കാണണമെന്ന നിര്ബന്ധവും ഉള്ളവരുടെ എണ്ണം വർഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് എല്ലാ കണക്കുകളും സർവ്വേകളും കാണിക്കുന്നത്. കത്തോലിക്കാരെന്നോ ക്രിസ്ത്യൻ എന്നോ അല്ലെങ്കിൽ ഒരു പ്രത്യേക മതക്കാരെന്നോ സ്വയം അവകാശപ്പെടുന്നവരുടെ  എണ്ണം കുറയുകയും മറ്റു മതങ്ങളിലുള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് സമൂഹത്തിൽ പള്ളിയിൽ പോകുന്നവരുടെ ശതമാനം വളരെയധികം കുറയ്ക്കാൻ കാരണമായി. ദശാബ്ദങ്ങളായി വൈദികർക്കു നേരെ ഉയർന്ന ലൈംഗികപീഢന കേസുകൾ അനേകം ആളുകളെ പള്ളികളോടുള്ള അടുപ്പവും ബന്ധവും കുറച്ചതായാണ് സൂചന.   ജെൻ 'Z' - മില്ലെന്നിയൽ പ്രായക്കാരിൽ ചെറിയൊരു വിഭാഗം മാത്രമേ  മതാചാരങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നുള്ളൂ.  ടെക്നോളജിയിലും സോഷ്യൽ മീഡിയയിലും ജീവിതം ബന്ധിപ്പിച്ച ചെറുപ്പക്കാരിലാകട്ടെ, പള്ളിയിൽ പോകുകയെന്നത് നാമ മാത്രവും. പബ്ലിക് റിലീജിയൻ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്ഷം നടത്തിയ സർവേ കണ്ടത് തങ്ങളുടെ ജീവിതത്തിൽ മതത്തിനു വളരെ പ്രാധാന്യം നൽകുന്നവർ വെറും 16 ശതമാനം അമേരിക്കക്കാർ മാത്രമാണെന്നാണ്.  ഒരു ദശകത്തിനു മുൻപു നടത്തിയ സർവേ ഫലത്തേക്കാൾ ഇരുപതു ശതമാനം കുറവാണ് ഇത്. സഭയോടുള്ള ജനങ്ങളുടെ അഭിനിവേശത്തിൽ ക്ഷയം സംഭവിക്കുന്നുവെങ്കിലും  കോവിഡ് പകർച്ചവ്യാധിക്കാലത്തിന്റെ തുടക്കം മുതൽ (2020)  രണ്ടായിരത്തി ഇരുപത്തിരണ്ടുവരേയുള്ള കാലഘട്ടത്തിൽ പള്ളിയിൽ പോകുന്ന മില്ലേനിയൽസിന്റെ എണ്ണം ഇരുപത്തിയൊന്നു ശതമാനത്തിൽ നിന്ന് മുപ്പത്തിയൊന്പതു ശതമാനമായി വർധിച്ചുവെന്നാണ് പ്രമുഖ ക്രിസ്ത്യൻ റിസേർച് സംഘടനയായ ബാർണ ഗ്രൂപ് നടത്തിയ ഒരു പഠനം കണ്ടെത്തിയത്.   പള്ളികളിൽ പോകുന്നവരുടെ എണ്ണം കുറവാണെങ്കിലും,  സഭയുടെ ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അവർ കാണുന്നത്.`


ആ ശുഭാപ്തിവിശ്വാസത്തിന്റെ അസന്ദിഗ്ദ്ധമായ പ്രകടനമായിരുന്നു ഇൻഡ്യനാപോളിസിൽ നടന്ന യൂക്കറിസ്റ്റിക് കൊണ്ഗ്രെസ്സ്.   എൺപതു വർഷങ്ങൾക്കു ശേഷം ലൂക്കസ് ഓയിൽ സ്റ്റേഡിയത്തിൽ ഈയിടെ അഞ്ചുദിവസം നീണ്ടു നിന്ന യൂക്കറിസ്റ്റിക് കോൺഗ്രസ്സ് സഭയ്ക്കും സഭാജനത്തിനും നൽകിയ നവോർജ്ജം സഭയുടെ ശോഭനമായ ഭാവിയെ ചൂണ്ടിക്കാട്ടുന്നു. വൈദികർ, കന്യാസ്ത്രിമാർ, ബിഷപ്പ്മാർ, കര്ദിനാള്മാര് എന്നിവരോടൊപ്പം കത്തോലിക്കാസഭയിലെ കേന്ദ്രകർമ്മമെന്ന നിലയിലും കൂദാശയെന്ന നിലയിലും അതീവ പ്രാധാന്യമർഹിക്കുന്ന പരിശുദ്ധ കുർബാനയുടെ ആരാധനയെ സംബന്ധിച്ച സമ്മേളനത്തിന് എത്തിച്ചേർന്നത് അറുപതിനായിരത്തിൽ അധികം ആളുകൾ ആയിരുന്നു.  യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പിഞ്ചു പൈതലുകളടക്കം എല്ലാ പ്രായത്തിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് പത്താമത് യുക്കറിസ്റ്റിക് നാഷണൽ കോൺഗ്രസിന്റെ നാമത്തിൽ ഇൻഡ്യനപോളിസിൽ അഞ്ചു ദിവസങ്ങൾ സമർപ്പിച്ചത്.    ഒന്പതാമതു ദേശീയ യുക്കറിസ്റ്റിക് കൊണ്ഗ്രെസ്സ് 1941-ൽ മിന്നെസോട്ടയിലായിരുന്നു.  

ജെൻ-X, മില്ലെന്നിയൽസ്, ജെൻ-Z എന്നീ പ്രായക്കാരുടെ ഉത്സാഹഭരിതമായ പങ്കാളിത്തവും ഭാഗഭാഗിത്വവും ഭാവിയുടെ വാഗ്ദാനമായി കൊണ്ഗ്രെസ്സ് തുടങ്ങിയ ബുധാനാഴ്ച മുതൽ സമാപനദിനമായ ഞായറാഴ്ച വരെ സ്റ്റേഡിയത്തിലും ദൃശ്യമാധ്യമത്തിലൂടെ കണ്ട ദശലക്ഷങ്ങൾക്കും നവോര്ജ്ജം പകരുകയായിരുന്നു.   മതത്തിന്റെ പ്രസക്തിയെക്കുറിച്ചും കത്തോലിക്കാസഭയുടെ ഭാവിയെ കുറിച്ചും ആശങ്കയോടെ വീക്ഷിച്ചിരുന്നവർക്കുള്ള ശുഭാപ്തിവിശ്വാസം പകരുകയായിരുന്നു ആ ദിനങ്ങൾ.
ഇൻഡ്യനാപോളിസിൽ വിശുദ്ധകുര്ബാനയുടെ ആരാധനയ്ക്കായി ഒത്തു ചേരുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ ഒരുകൂട്ടം ചെറുപ്പക്കാർ പദതീർത്ഥയാത്ര നടത്തി ലൂക്കസ് സ്റേഡിയത്തിലെത്തിയിരുന്നു.  മിന്നെസോട്ടയിൽ മിസിസിപ്പി നദിയുടെ ഉറവിടസ്ഥാനത്തു നിന്ന് തുടങ്ങിയ വടക്കൻ റൂട്ട്, അറ്റ്ലാന്റിക് തീരത്ത് ആപ്പിലാക്കിയാണ് മലനിരകളിൽ നിന്നുള്ള കിഴക്കൻ റൂട്ട്, ടെക്സസിൽ മെക്സിക്കോ ഉൾക്കടലിൽ നിന്ന് തുടങ്ങിയ തെക്കൻ റൂട്ട്, പസിഫിക് തീരത്തെ റോക്കി മലനിരകളിൽ നിന്ന് തുടങ്ങിയ പടിഞ്ഞാറൻ റൂട്ട് എന്നീ രാജ്യത്തിന്റെ നാല് കോണുകളിൽ നിന്നായി ചരിത്രത്തിൽ ആദ്യമായി നടന്ന  വിശുദ്ധ കുർബാനയേന്തിക്കൊണ്ടുള്ള ഈ തീർത്ഥയാത്ര നടക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ ബോട്ടുകളിലും വണ്ടികളിലുമായി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലും അറുപത്തിയഞ്ച് രൂപതകളിലും കൂടി ആയിരത്തോളം ആതിഥേയരുടെ സഹായത്തോടെ ആറായിരത്തി അഞ്ഞൂറു മൈലുകൾ താണ്ടിയാണ് സ്റ്റേഡിയത്തിൽ എത്തിയത്.  പല ഘട്ടങ്ങളിലായി രണ്ടുലക്ഷത്തിഇരുപത്തയ്യായിരം സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ചെറുപ്പക്കാർ ഒരു കുരിശിന്റെ രൂപത്തിൽ നടന്ന ഈ തീർത്ഥാടനയാത്രയിൽ പങ്കെടുത്തിരുന്നു. സഭയുടെ പുനരുജ്ജീവനമായാണ് ഈ അനന്യമായ ഈ സംഭവത്തെ കാണുന്നത്.


പങ്കെടുത്ത കത്തോലിക്കരുടെ കാതലായ വിശ്വാസത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ക്രൈസ്തവസന്ദേശം ജീവിതമാതൃകയായി മറ്റുള്ളവരിലേക്കു പകരുന്നതിന് അവരെ ഒരുക്കുകയും ചെയ്യുകയെന്ന വിഷയങ്ങളെ ആസ്പതമാക്കിയായിരുന്നു പഞ്ചദിന സമ്മേളനം രൂപകൽപ്പനം ചെയ്തത്. വ്യക്തിപരമായ പുനരുദ്ധാരണം, തീവ്രമായ ആല്മീയ പരിവർത്തനം എന്നിവ ഉടനീളമുള്ള പരിപാടികളിൽ അന്തര്ലീനമായിരുന്നു.  പൊതുവായ വിശ്വാസവും തുറന്ന മനസ്സുമായെത്തിയ അല്മായരിലെ നിറഞ്ഞ പ്രചോദനവും പരസ്പര പിന്തുണയും ആദ്യന്തം  പരിവേഷിതമായിരുന്നു. അമേരിക്കയിലെ കാതോലിക്കാരിലെ മുഖ്യധാരാ സമൂഹമായിരുന്നു കൊണ്ഗ്രെസ്സ് ഒറ്റ നോട്ടത്തിലെങ്കിലും നൂറു കണക്കിന് മലയാളികൾ പസിഫിക് മുതൽ അറ്റ്ലാന്റിക് വരെയും ഫ്ലോറിഡ മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഇൻഡ്യനാപോളിസിൽ എത്തിയിരുന്നു.  
പോപ്പ് ഫ്രാൻസിസിനു വരാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രത്യേക ദൂതനായി ലൂയിസ് കാർഡിനൽ ടാഗ്‌ളെയെ നാഷണൽ കോൺഗ്രെസ്സിലേക്കയച്ചു.  ഹോളി സീയുടെ ഡീക്കസ്റ്ററി ഫോർ ഇവാൻജെലിസേഷൻറെ പ്രൊ-പ്രീഫെക്ട് ആയി ഇപ്പോൾ പ്രവർത്തിക്കുന്ന ഫിലിപ്പീൻസിൽ നിന്നുള്ള കാർഡിനൽ ടാഗ്ളെ അടുത്ത പോപ്പാകാൻ ഏറ്റവും അധികം സാധ്യതയുള്ള ആളാണെന്നാണ് പറയപ്പെടുന്നത്.  അദ്ദേഹത്തെ തന്റെ പ്രതിനിധിയായി നാഷണൽ കോൺഗ്രെസ്സിലേക്കയക്കാനുള്ള  പോപ് ഫ്രാൻസിസിന്റെ തീരുമാനത്തെ യൂ എസ് കാത്തലിക് ബിഷപ്‌സ് കോണ്ഫറന്സ് പ്രസിഡന്റ് തിമോത്തി ബ്രോഗ്ലിയോ വിശേഷിപ്പിച്ചത് "യുക്കറിസ്റ്റിക് കോൺഗ്രെസ്സിനുള്ള സമ്മാനം" എന്നാണ്.  


ന്യൂ യോർക്ക് അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദിനാൾ ഡോളൻറെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ദിവ്യബലിയിൽ അമേരിക്കയിലെ ഏക മലയാളി പെര്മനെന്റ് ഡീക്കൻ തിമോത്തി ഗ്ലാഡ്‌സൺ സഹായിയായിരുന്നു. വന്നു ചേർന്ന ഭക്തജനത്തിനു ആല്മീയവും ഭൗതികവുമായ ഉന്മേഷവും ബഹുമാനവും ഉയർത്തത്തക്കവിധം ആഘോഷസന്ദ്രമായ ഒരു കർമ്മമായിരുന്നു അത്. തുടർന്ന് നടന്ന ദിവ്യ  കുർബാന എഴുന്നള്ളിച്ചുവെച്ചുകൊണ്ടുള്ള ആരാധന, ഒരേ സമയത്തു തന്നെ പലയിടങ്ങളിലായി ചർച്ചകളും പ്രഭാഷണങ്ങളും വർക്ക് ഷോപ്പുകളും പ്രാർഥനകളും ആയിരങ്ങളെ സഭയുടെ ആത്‌മാവിലേക്ക് നയിക്കുന്നവയായിരുന്നു.  സ്റ്റേഡിയത്തിൽ നടന്ന ആല്മീയതയിൽ അധിഷ്ഠിതമായ വിവിധയിനം പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾക്കും സ്വാഭാവങ്ങൾക്കും പൊതുവായി നില നിന്നത് അവിടെ സന്നിഹിതരായ അറുപതിനായിരത്തിലധികം പേരുടെ പൊതുചൈതന്യവും അഗാധമായ ഐക്യത്തിന്റെയും നവീകരണത്തിന്റെയും ആല്മീയ തീക്ഷ്ണതയുടെയും പ്രതീകവുമായിരുന്നു. 


"സീറോ മലബാർ പള്ളിയിൽ പോകുന്ന ഞങ്ങൾക്ക് അതിനു വെളിയിലെ വലിയ സമൂഹവുമായി മക്കളെ ബന്ധിപ്പിക്കാൻ കഴിയുമല്ലോ എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ ഇവിടെ എത്തിയത്" തന്റെ ഭർത്താവ് റോയ് വർഗ്ഗീസിനോടും അഞ്ചു മക്കളോടുമൊപ്പം ഫ്ലോറിഡയിലെ താമ്പായിൽ നിന്നെത്തിയ ബെറ്റി വർഗീസ് പറഞ്ഞു.  "ഒരു മിനി വെർൾഡ് യൂത്ത് ഡേ പോലുള്ള സംഭവത്തിൽ പങ്കെടുക്കുമ്പോളുള്ള ഫീലിംഗ് മക്കൾക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയായിരുന്നു.  ആ പ്രതീക്ഷ മുഴുവനായും സഫലമാകുക മാത്രമല്ല, അതിനേക്കാൾ ഉപരിയായ മഹത്തായൊരു അനുഭവമായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. മക്കൾക്ക് അത് പറഞ്ഞറിയിക്കാനാവാത്ത നല്ല അനുഭവമായിരുന്നു. എല്ലാ ദിവസവും നടന്ന ആരാധന, അതായത് ദിവ്യകാരുണ്യം എഴുന്നള്ളിവച്ചുകൊണ്ടുള്ള ആരാധന, അത് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അറുപതിനായിരം പേര് ഒരുമിച്ചു കൂടിയിരിക്കുന്ന ഒരു വേദിയിൽ പിന് ഡ്രോപ്പ് സൈലൻസ് ആയിരുന്നു. കൊച്ചു കുഞ്ഞുങ്ങൾ പോലും വലിയവരോടൊപ്പം മുട്ടുകുത്തി ഏകാഗ്രമായി വിശുദ്ധക്രുബാനയ്ക്കു മുന്നിൽ ആരാധനയിലാഴുന്നത് എത്ര ആനന്ദത്തോടെയാണ് കണ്ടനുഭവിക്കുക!"  യുക്രേനിയന് കാത്തലിക് സഭയുടെ ബൈസാന്റിന് റീത്തും സീറോ മലബാർ റീത്തും ചേർന്ന് നൽകിയ പൗരസ്ത്യ സഭയുടെ  ആകർഷകമായ വ്യതിരിക്തതയും വിവിധ ആഗോള ഭാഷകളിലെ കുർബാനകളും ചേർന്ന് കത്തോലിക്കാ സഭയിലെ ഐക്യത്തിനകത്തെ വൈവിധ്യത എടുത്തുകാട്ടുകയായിരുന്നു. 


ന്യൂ ജേഴ്സിയിൽ ജീസസ് യൂത്ത് പ്രവർത്തകയായ ഹൈ സ്‌കൂൾ വിദ്യാർഥിനി ടെസ്സ സ്രാമ്പിക്കൽ യുക്കറിസ്റ്റിക് കോൺഗ്രസിനു പോയത് ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ്.  "വൈകുന്നേരത്തെ ആരാധനയായിരുന്നു ടെസ്സയെ ആല്മാവിന്റെ ആഴത്തിലേക്ക് നയിച്ചത്.  സ്റ്റേഡിയം നിറഞ്ഞ ജനങ്ങൾ എഴുന്നള്ളിച്ചുവെച്ച ദിവ്യോസ്തിയായി മാറിയ ക്രിസ്തുവിന്റെ ശരീരത്തിനെ ഒന്നടങ്കം ആരാധിക്കുന്നത് അതുല്യമായ ഒരു സംഭവമായിരുന്നു.  ആ സമയത്ത് ക്രിസ്തുവുമായി നേരിട്ട് സംസാരിക്കുകയായിരുന്നുവെന്നാണ് ഞാൻ അപ്പോളും ഇപ്പോളും വിശ്വസിക്കുന്നത്" ടെസ്സ ഉറപ്പിച്ചു  പറയുന്നു. ടെസ്സയുടെ മാതാപിതാക്കൾ ബിജോയും റാണിയും അനുഭവിച്ചതും വ്യത്യസ്തമായല്ല. "അമേരിക്കയിലെ വലിയ കത്തോലിക്കാ സമൂഹത്തിന്റെ ഭാഗമായി അവരോടൊപ്പം ഇടപഴകുന്നതിനും പ്രാർത്ഥനകളിലും ദിവ്യകാരുണ്യസ്വീകരണത്തിലും ചർച്ചകളിലും വർക് ഷോപ്പുകളിലും പങ്കെടുക്കുന്നതിനും സാധിച്ചത് ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള അവസരമായാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്.  എണ്പത്തിമൂന്നു വര്ഷങ്ങള്ക്കു ശേഷമാണ് ഈയൊരു നാഷണൽ യുക്കറിസ്റ്റിക് കൊണ്ഗ്രെസ്സ് നടക്കുന്നത്". റാണി എടുത്തു പറയുന്നു.
ഷിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട് യുക്രെയിൻ കാത്തലിക് ആർച് എപ്പാർക്കി ആർച്ച്ബിഷപ് ബോറിസ് ഗുഡ്സിയകുമായി സീറോ മലബാർ ക്രമത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന കത്തോലിക്കാ സഭയിലെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ പ്രാതിനിധ്യ പ്രകടനമായിരുന്നു.  "അറുപതിനായിരത്തിലധികം അല്മായരുടെ മുന്നിൽ രണ്ടായിരത്തോളം പുരോഹിതന്മാരുടെയും ഡീക്കന്മാരുടെയും ബിഷപ്മാരുടെയും പിന്നിൽ സീറോ മലബാർ സഭയുടെ തനതായ ക്രുബാന വസ്ത്രങ്ങൾ ധരിച്ച് ഒരുക്കിവച്ച അൾത്താരയിലേക്കുള്ള ഘോഷയാത്ര - അഭിമാനം കൊണ്ട് എന്റെ മനസ്സ് തുള്ളിച്ചാടി" ന്യൂ ജേഴ്സിയിൽ നിന്നുള്ള ജേക്കബ് പഞ്ഞിക്കാരൻ സ്മരിച്ചു.  "ശരിയാ, വളരെ അഭിമാനമുണ്ടാക്കുന്ന കാഴ്ചയായിരുന്നു അത്.  യുക്രേനിയന് ആർച്ച്ബിഷപ് ബോറിസ് ഗുഡ്സിയക് സീറോ മലബാർ സഭയുടെ വളർച്ചയെ വളരെ പുകഴ്ത്തുകയും ചെയ്തു.  അധികം താമസിയാതെ സീറോ മലബാർ സഭ യുക്രേനിയൻ കാത്തലിക് സഭയെ രണ്ടാം സ്ഥാനത്താകുമെന്നാണ് അദ്ദേഹം പറഞ്ഞത്." ജേക്കബിന്റെ ഭാര്യ സെലിൻ കൂട്ടിച്ചേർത്തു. 
"അറുപത്തിനായിരത്തിലധികം പേര് പങ്കെടുത്തെങ്കിലും അതിൽ സീറോ മലബാർ സഭയിലുള്ളവർ ഒരു പക്ഷെ മുന്നൂറിൽ താഴെ ആയിരുന്നു. ബാക്കിയുള്ളവർ സീറോ മലബാർ കുർബാന ആദ്യമായായിരുന്നു കണ്ടത്.  എന്നാൽ  ഇംഗ്ലീഷിലുള്ള ആ കുർബാനയിൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരുടെയും സജീവപങ്കാളിത്തം കണ്ടപ്പോൾ കത്തോലിക്കാ സഭയിലെ വൈവിധ്യത്തെ എത്ര മഹത്തരമായാണ് എല്ലാവരും ആശ്ലേഷിക്കുന്നതെന്നറിഞ്ഞു!" ന്യൂ ജേഴ്സിയിലെ മോനാജി തോമസ് അനുസ്മരിച്ചു. "പതിമൂന്നു വയസ്സു കഴിഞ്ഞ എന്റെ മകൾ ജിയന്നയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാണ് ഞാനും ഭാര്യയും യുക്കറിസ്റ്റിക് കോൺഗ്രസിൽ പോയത്.  അവിടെ ചെന്നപ്പോളാണ് സംഭവത്തിന്റെ പ്രാഭവം ഞങ്ങൾ മനസ്സിലാക്കിയത്.  കർദ്ദിനാള്മാരും ബിഷപ്പുമാരും കുർബാന അർപ്പിക്കുകയും ഹോമിലി പറയുകയും ചെയ്തുകഴിഞ്ഞാൽ പിൻ നിരയിലായിരുന്നു.  അല്മായർ ആയിരുന്നു ബാക്കി എല്ലാ കാര്യങ്ങളും കാര്യങ്ങളിലും."  മോനാജി തുടർന്നു.   
അറുപതിനായിരം ആളുകൾ പങ്കെടുത്ത, അഞ്ചു ദിവസം നീണ്ടു നിന്ന ഒരു സംഭവത്തെ ഇത്രയ്ക്കു ഭംഗിയായി, സുകരമായി, സംഘടിപ്പിച്ചതിനെ നാഷണൽ യുക്കറിസ്റ്റിക് കോൺഗ്രസിന്റെ ബോർഡ് ചെയർമാൻ ബിഷപ് ആൻഡ്‌റൂസ് കോസ്സെൻസിനെ ഡീക്കൻ ടിം ഗ്ലാഡ്‌സൺ പുകഴ്ത്തി.  അമേരിക്കൻ കാത്തലിക് സഭയിലെ ഏക പെര്മനെന്റ് ഡീക്കനായ ഗ്ലാഡ്‌സൺ ഭാര്യ ഷീബയോടും മകൾ ക്രിസ്‌ലിനോടുമൊപ്പം ഇൻഡ്യനാപോളിസിൽ ചെല്ലുമ്പോൾ ഇത്രയധികം പവിത്രതയും പ്രചോദനവും നൽകുന്ന ഒരു അന്തരീക്ഷത്തിലേക്കാണ് ചെല്ലുന്നതെന്ന് കരുതിയില്ല.  ന്യൂ യോർക്ക് കാർഡിനൽ ഡോളനൊടൊപ്പം ദിവ്യബലിയിൽ നിൽക്കുവാനും ഇത്തരം ഒരു ജനാവലിക്കു സുവിശേഷം വായിച്ചു കേൾപ്പിക്കുന്നതിനും കഴിഞ്ഞത് വലിയൊരു ഭാഗ്യവും അനുഗ്രഹവുമായാണ് ഡീക്കൻ ഗ്ലാഡ്‌സൺ കണക്കാക്കുന്നത്.  "മറ്റുള്ളവർ അനുഭവിച്ചതുപോലെ തന്നെ സ്റ്റേഡിയത്തിന്റെ ഏറ്റവും നടുവിൽ അറുപതിനായിരത്തിൽ കൂടുതൽ ജനങ്ങളുടെ സമ്പൂർണ്ണമായ മനസ്സിനെ തളച്ചിട്ട ദിവ്യകാരുണ്യ ആരാധന പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു.  ക്രിസ്തുവിനെ നേരിൽ കണ്ട അനുഭവം.”  ഇതു പറയുമ്പോൾ ഷീബ ഗ്ലാഡ്സന്റെ കണ്ണുകൾ അനിവാച്യമായ വിധം തിളങ്ങുന്നുണ്ടായിരുന്നു.  
"ആരെന്നയുടെ നടുക്ക് എന്തായിരുന്നുവെന്നല്ല ആരായിരുന്നുവെന്നാണ് എഴുന്നള്ളിച്ചുവച്ച ദിവ്യ കുർബാനയെ ജനങ്ങൾ കണ്ടത്.  അതുപോലെ തന്നെ കോൺഗ്രസിന് വന്നവരോടൊപ്പം അനേകായിരം സ്ഥലവാസികളും നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തു.  എത്രയധികം ജനങ്ങൾ ഒരു സ്റ്റേഡിയത്തിൽ തുടർച്ചയായി അഞ്ചു ദിവസം ഒത്തുകൂടിയെങ്കിലും ആ പ്രദേശത്തോ സ്റേഡിയത്തിനകത്തോ ഒരിക്കലും ഭാരം പിടിച്ച അന്തരീക്ഷം ഉണ്ടാകാത്ത വിധമുള്ള ചിട്ടയും ക്രമവും അതിശയിപ്പിക്കുന്നതായിരുന്നു." മോനാജി തന്റെ നിരീക്ഷണം വെളിപ്പെടുത്തി.  “കത്തോലിക്കാ സഭയുടെ മാഹാത്മ്യം ക്ഷീണിക്കുകയല്ല; മറിച്ച് ശക്തമാകുകയാണ്".
"മില്ലെന്നിയൽ തലമുറയിലുള്ള നൂറുകണക്കിനു വൈദികരുടെയും ട്രാന്സിഷണൽ ഡീക്കന്മാരുടെയും സന്യാസിനി സഹോദരിയുടെയും ആവേശഭരിതവും ഊർജ്ജസ്വലവും ആഴവുമുള്ള ഭക്തിപ്രകടനം ലോക കത്തോലിക്കാ സഭയുടെ ചടുലവും ഊർജ്ജസ്വലവുമായ ഭാവിയെയാണ് ഉയർത്തികാണിച്ചത്."  ഡീക്കൻ ഗ്ലാഡ്‌സൺ കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.   
പോപ്പിന്റെ പ്രത്യേക പ്രതിനിധി അന്റോണിയോ കർദിനാൾ ടാഗ്ലെ സമാപനദിനമായ ഞായറാഴ്ചയിലെ ദിവ്യബലി അർപ്പിച്ചത് ഈ കോൺഗ്രസിന്റെ പ്രാധാന്യത്തിനെ ഊന്നിപ്പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി ലഭിച്ച ചൈതന്യം ജീവിതത്തിൽ ആവാഹിച്ചു, ക്രിസ്തുവിന്റെ സന്ദേശവാഹകരെന്ന ദൗത്യവുമായി തിരിച്ചുപോകാൻ കർദിനാൾ ജനങ്ങളെ ആഹ്വാനം ചെയ്തു. നിയോഗം ഒരു ഭാഗ്യവും മറ്റുള്ളവരുമായി പങ്കിടാനുള്ള വിളിയുമാണെന്നും അത് പൂർണ്ണമായി പ്രാവർത്തികമാക്കുവാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.