PRAVASI

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ ദൈവവിശ്വാസവും ദൈവീക സംരക്ഷണവും

Blog Image
അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പെന്‍സില്‍ വേനിയില്‍ തന്‍റെ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ നടന്ന വധശ്രമത്തിനിടയില്‍ വലിയപരുക്കുകളില്ലാതെയാണ് രക്ഷപ്പെട്ടത്. മനോധൈര്യം വീണ്ടെടുത്ത ട്രംപ് വീണ്ടും പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പെന്‍സില്‍ വേനിയില്‍ തന്‍റെ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ നടന്ന വധശ്രമത്തിനിടയില്‍ വലിയപരുക്കുകളില്ലാതെയാണ് രക്ഷപ്പെട്ടത്. മനോധൈര്യം വീണ്ടെടുത്ത ട്രംപ് വീണ്ടും പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. അത് ഇങ്ങനെയാണ്, ദൈവത്തിന്‍റെ കൃപയാണ് ദൈവം എന്നെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
മാനുഷീക സംരക്ഷണത്തേക്കാള്‍ അതീതമാണ് ദൈവം നല്‍കുന്ന സംരക്ഷണം. മനുഷ്യന്‍റെ പദവിക്കനുസരിച്ചാണ് സംരക്ഷണത്തിന്‍റെ ഘടന നിശ്ചയിക്കുന്നത്.
ഇന്ത്യയുടെ പ്രധാന മന്ത്രിക്ക് ലഭിക്കുന്ന സംരക്ഷണമായിരിക്കുകയല്ല ഒരു പാര്‍ലമെന്‍റ് അംഗത്വത്തിന് ലഭിക്കുന്നത് . സംരക്ഷണം എത്രമാത്രം വിപുലീകരിച്ചാലും അത് വിജയിക്കണമെന്നില്ല. അതിനുദാഹരണമാണ് ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധം. അവര്‍ വധിയ്ക്കപ്പെട്ടത് അവരെ സംരക്ഷിക്കുന്നതിനായി നിയോഗിച്ചിരുന്ന അംഗരക്ഷകരാല്‍ആണന്നുള്ളത്മറ്റൊരു വിരോധാഭാസമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ മകന്‍ രാജീവ് ഗാന്ധി വധിയ്ക്കപ്പെടുന്നതും തന്‍റെ അംഗരക്ഷകരാല്‍ ആയിരുന്നു. മനുഷ്യന്‍റെ പദവിയും സമ്പത്തിനും അനുസരിച്ച് ശത്രുക്കള്‍ വര്‍ദ്ധിക്കുന്ന കാരണത്താല്‍ സംരക്ഷകരുടെ ആവിശ്യകത വര്‍ദ്ധിക്കുകയും ചെയ്യും. സ്വജീവനെ ഭയമുള്ളവര്‍ ആണ് യാത്ര ചെയ്യുമ്പോഴും സ്വന്തം ഭവനത്തിലും തോക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ആവിശ്യ ഘടകമായ് കരുതുന്നത്.
അമേരിയ്ക്കയില്‍ ഭൂരിപക്ഷം കുടുംബങ്ങളിലും തോക്കുകള്‍ സൂക്ഷിക്കപ്പെടാറുണ്ടെന്നാണ് പറയപ്പെടുന്നത്. കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഭവനത്തില്‍ ഉള്ളവരുടെ സംരക്ഷണവുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. പെന്തെക്കോസ്ത് വിശ്വാസികളുടെ ഭവനങ്ങളിലും ഇപ്പോള്‍ തോക്ക് സൂക്ഷിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. അമേരിക്കയില്‍ നിലവിലുള്ള 50 സംസ്ഥാനങ്ങളില്‍ 26 സംസ്ഥാനങ്ങളില്‍ സ്കൂള്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും സ്കൂള്‍ ഗ്രൗണ്ടില്‍ തോക്ക് കൈവശം വയ്ക്കുന്നതിന് നിയമം അനുവദിയ്ക്കുന്നുണ്ട്. സംരക്ഷണത്തിന് വേണ്ടി തോക്കുകള്‍ സൂക്ഷിക്കുന്ന ഭവനങ്ങളില്‍ അവിചാരിതമായ് സംഭവിക്കുന്ന കുടുംബ കലഹം മൂലം ഭാര്യയ്ക്ക് ഭര്‍ത്താവും, മക്കള്‍ക്ക് മാതാപിതാക്കളും നഷ്ടപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. ക്രിസ്തീയ കുടുംബങ്ങള്‍ ആയിട്ടും ആരാധനയും, പ്രാര്‍ത്ഥനയും ഇല്ലാത്ത ഭവനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
ദൈവ വിശ്വാസികളായ നമ്മുടെ സംരക്ഷണം ദൈവത്തിലാണ് നിലകൊള്ളുന്നത്. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും അവന്‍ നിന്‍റെ പ്രാണനെ പരിപാലിക്കും (സങ്കീര്‍ത്തനം 121:8) എന്നതാണ് ദൈവത്തിന്‍റെ വാഗ്ദാനം.
ദൈവത്തിലാശ്രയിക്കുന്നവര്‍ക്കാണ് തന്‍റെ സംരക്ഷണം ലഭിക്കുന്നത.് ദൈവീക സംരക്ഷണം നഷ്ടമാകുമ്പോഴാണ് മാനുഷീക സംരക്ഷണ ത്തിലും, സഹായത്തിലും ആശ്രയിക്കുന്നത്. ഭക്തനായ ഇയ്യോബിന്‍റെ ജീവിതവിജയത്തിന്‍റെ അടിസ്ഥാനഘടകം ദൈവീക സംരക്ഷണമായിരുന്നു. ഇത് മനസ്സിലാക്കിയ സാത്താന്‍ ദൈവത്തോട് വാദിക്കുകയാണ്, വെറുതയോ ഇയ്യോബ് ഭക്തനായിരിക്കുന്നത്? നീ അവനും അവന്‍റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? വേലി സംരക്ഷണത്തെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്?. സാത്താന്‍റെ ആവിശ്യ പ്രകാരം ഇയ്യോബിനെയും തന്‍റെ സര്‍വ്വതും അല്പ സമയത്തേക്ക് സാത്താന് വിട്ടുകൊടുത്തു (ഇയ്യോബ് 1 : 10 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍). പരിശോധനകള്‍ അനവധി വന്നപ്പോഴും ഇയ്യോബിന്‍റെ ദൈവ വിശ്വാസത്തിന് ഒരു കുറവും സംഭവിച്ചില്ല. അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെ തന്നെ കാത്തിരിക്കും, ഞാന്‍ എന്‍റെ നടപ്പ് അവന്‍റെ മുമ്പാകെ തെളിയിക്കും (ഇയ്യോബ് 13:15). ഇയ്യോബിനെപ്പോലെ പ്രതിസന്ധികളുടെ നടുവല്‍ പതറിപ്പോകാതെ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുക, ദൈവപ്രവര്‍ത്തി വെളിപ്പെടുക തന്നെ ചെയ്യും.
മനുഷ്യ ജീവിതത്തില്‍ സംരക്ഷണം ആവശ്യമുള്ള മേഖലകളാണ് തൊഴിലിടങ്ങള്‍, സ്വദേശത്തും വിദേശത്തുമുള്ള യാത്രകളില്‍, പ്രത്യേകിച്ച് സ്വന്തം വീടും, നാടും, ബന്ധുക്കളെയുമെല്ലാം ഉപേക്ഷിച്ച് അന്യദേശത്ത് പരദേശവാസം നയിക്കുമ്പോള്‍ നാം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സംരക്ഷണം. ഇവിടെ മാനുഷീക സംരക്ഷണത്തിന് പരിമിതികളുണ്ട്. എന്നാല്‍ ദൈവീക സംരക്ഷണത്തിന് പരിമിതികളില്ല. ദൈവീകസംരക്ഷണം ലഭിക്കണമെങ്കില്‍ ദൈവത്തെ നിഷ്ക്കളങ്കഹ്യദയത്തോടു സ്നേഹിക്കുക, വിശ്വസിക്കുക, ആരാധിക്കുക. ജയത്തിന് കുതിര വ്യര്‍ത്ഥമാണ്. ആയതുകൊണ്ട് സൈന്യത്തിലും സ്വന്തം ശക്തിയിലും ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കുക. നിശ്ചയമായും ദൈവത്തിന്‍റെ വിടുതലിന്‍റെ കരം പ്രവര്‍ത്തിക്കും. നിത്യതയായിരിക്കട്ടെ നമ്മുടെ ജീവിത ലക്ഷ്യം.  

           

രാജു തരകന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.