PRAVASI

അന്ന് എന്റെ മോശം സമയമായിരുന്നു.. ഇന്ന് നല്ല സമയവും: സലിം കുമാർ

Blog Image
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി മലയിൽ  ചെയർമാനായിട്ടുള്ള ജൂറി  എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7  മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഞാൻ ടി വി പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന കാലം. ഒരു ദിവസം  ഒരു കോൾ വന്നു.  സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയിൽ എനിക്ക് ഒരു വേഷമുണ്ടെന്ന്.  കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണ് മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് വിളിക്കുന്നതെന്നും ഉടൻ വരണണമെന്നും  പറഞ്ഞു.

അടുത്ത ദിവസം തന്നെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു. ഒരു പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്. സിബി സർ എന്റെ സ്റ്റേജ് പ്രകടനമൊന്നും കണ്ടിട്ടില്ല. ചിത്രത്തിന്റെ പ്രൊഡ്യൂസർ കറിയാച്ചൻ(നടൻ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താൽപര്യത്തിലാണ് എന്നെ വിളിപ്പിച്ചത്.

ഞാൻ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു. പക്ഷേ എത്ര പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല. ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് സംവിധായകൻ സിബി.ഷോട്ട് കട്ട് ചെയ്യുന്നത്.

അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി. പിറ്റേ ദിവസം പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരൻ എന്റെ മുറിയിൽ വന്ന്  പറഞ്ഞു..

"തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി.. ഡ്രസ്സ് എടുത്തോ.. തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം.. അപ്പോൾ വന്നാൽ മതി".ഞാൻ അത് വിശ്വസിച്ചു.(സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ!!)

പ്രഭാകരൻ എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് ഞാൻ പ്ലാറ്റ്ഫോമിൽ നിന്നു. മണിക്കൂർ ഒന്ന് കഴിഞ്ഞു,രണ്ട് കഴിഞ്ഞു. പ്രഭാകരനെ കാണുന്നില്ല. എന്റെ കയ്യിലാണെങ്കിൽ പത്ത് പൈസ  ഇല്ല. ഒടുവിൽ പ്ലാറ്റ്ഫോമിൽ കണ്ട ഒരു  മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു. നാട്ടിലെത്തിയാൽ ഉടൻ  ആ തുക അയച്ചു തരാമെന്ന് താഴ്മയായി  അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പണം തന്നിട്ട്  തോളിൽ തട്ടി പറഞ്ഞു."എടോ,തന്നെ ഞാൻ അറിയും.. തന്റെ ടി.വി.പ്രോഗ്രാമുകൾ  ഞാൻ കാണാറുണ്ട്. താൻ കാശൊന്നും അയച്ചു തരണ്ട.."

ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ആ ചിത്രത്തിൽ നിന്ന് എന്നെ മാറ്റിയെന്ന്. എനിക്ക് പകരം ഇന്ദ്രൻസ് നെ വച്ചെന്ന്. എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല. സിനിമയിൽ സ്നേഹത്തിനും സുഹൃദ്ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി.

കാലം കുറേ കഴിഞ്ഞു. ഞാൻ തിരക്കുള്ള  നടനായി. ഒരു ദിവസം കറിയാച്ചൻ(പ്രേം പ്രകാശ്)ചേട്ടന്റെ ഫോൺ . രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം. സിബി മലയിൽ  ആണ് സംവിധാനം. സിനിമയുടെ പേര് എന്റെ വീട്അ പ്പൂന്റേം. എനിക്ക് ഡേറ്റ് ഇല്ല. ഞാൻ അഭിനയിക്കുന്ന കിളിച്ചുണ്ടൻ മാമ്പഴം,തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ്. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ ഡേറ്റ് തരാം. കറിയാച്ചൻ ചേട്ടൻ വീണ്ടും റിക്വസ്റ്റ് ചെയ്തു. ഞാൻ അപ്പോൾ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു. അദ്ദേഹം അതും സമ്മതിച്ചു.

ആലുവയായിരുന്നു ലൊക്കേഷൻ.ഞാൻ ചെന്നിറങ്ങുമ്പോൾ യൂണിറ്റിലുള്ള ആളുകൾ ഓരോരുത്തരും വന്നു  ഷേക്ക് ഹാൻഡ് തന്നു.  അവർ എന്നോട് പറഞ്ഞു,"സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല,നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും സാറിനെ പറഞ്ഞു വിടുമ്പോൾ ഞങ്ങൾ തന്നെയായിരുന്നു യൂണിറ്റ്. ഇന്നിപ്പോൾ രണ്ട് ദിവസമായി സെറ്റ് മുഴുവൻ സാറിനായി കാത്തിരിക്കയാ." 
എന്റെ കണ്ണു നിറഞ്ഞു പോയി. ഞാൻ  പറഞ്ഞു,"അന്ന് എന്റെ മോശം സമയമായിരുന്നു.. ഇന്ന് നല്ല സമയവും.. മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും ! സമയം നന്നാകുമ്പോൾ അഭിനയം നന്നാകും. എല്ലാവരും നന്നാകും.."

 അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി മലയിൽ  ചെയർമാനായിട്ടുള്ള ജൂറി  എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7  മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.