PRAVASI

ഓർമ്മകളിൽ മരിക്കാത്ത ബാബു ചാഴികാടൻ (വേർപാടിന്റെ 33 വർഷം മെയ് 15 ,2024)

Blog Image
മരണശേഷവും മായാത്ത ഓർമ്മകളുമായി ഒരു പറ്റം മനുഷ്യർ നിന്റെ പേരിൽ ഒത്തുകൂടുന്നതു തന്നെ നിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നില്ലേ?.നിനക്ക് സന്തോഷിക്കാം. എവിടെയെങ്കിലുമൊക്കെയിരുന്നു ഞങ്ങളെ നീ കാണുന്നുണ്ടല്ലൊ.. ..ഞങ്ങളുടെ മനസ്സുകളിലെ സ്നേഹം അറിയുന്നുണ്ടല്ലോ. ഒരുപക്ഷേ നീ പോലും അറിയാത്ത ആയിരങ്ങളുടെ മനസ്സുകളിൽ നീയിന്നും ജീവിക്കുന്നു.

നീലാകാശത്തിന്റെ അകലങ്ങളിലെന്നെങ്കിലും ഒരു നക്ഷത്രം മിന്നിമറയുമ്പോൾ പ്രിയപ്പെട്ട ബാബു, നിന്നെപ്പറ്റി  വെറുതെയോർക്കും ഞങ്ങൾ. അകലങ്ങളിലെവിടെയോ ഇരുന്ന് നീ ഞങ്ങളെ കാണുന്നുണ്ടാവുമെന്നോർക്കും.വല്ലപ്പോഴും കളഞ്ഞു കിട്ടുന്ന നനുത്ത സായാഹ്നങ്ങളിൽ വിളിക്കാത്ത അതിഥിയെപ്പോലെ എത്തിനോക്കുന്ന ഓർമകളിൽ ഒരു തേങ്ങലായി ഇന്നും  വിരുന്നു വരുന്നു നിന്റെ ചിരിക്കുന്ന മുഖം.ഞങ്ങൾ നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ ദൈവദൂതന്മാരുടെ അകമ്പടിയോടെ ജഗദീശ്വരന്റെ കരങ്ങളിലേക്ക് നീ സംവഹിക്കപ്പെട്ട നിമിഷങ്ങളിൽ ഇടിവാൾ മിന്നി.ഇന്നലെ പെയ്ത മഴയിറങ്ങുമ്പോഴേക്കും, അതിനകമ്പടിയായി ഇടിവാൾ മിന്നുമ്പോഴും ഞങ്ങളുടെ ഓർമ്മകളിലും നീ ഒരു നൊമ്പരമായി മിന്നിമായുന്നുണ്ടല്ലോ.

1977 സെപ്തംബർ മാസത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ വെച്ചു നടന്ന ക്നാനായ കാത്തലിക് യൂത്തുലീഗ് ( കെ. സി. വൈ. എൽ ) നേതൃത്വ പരിശീലന ക്യാമ്പിൽ വെച്ചു കണ്ടതും പരിചയപ്പെട്ടതും ആ പരിചയം വളർന്ന് ഒരാത്മബന്ധത്തിൽ തുടർന്നതും ദൈവഹിതം. ക്നാനായ യൂത്ത് ലീഗിലേക്ക്  കടന്നുവരുവാനും, നേതൃത്വരംഗത്തേക്ക് മത്സരിക്കുവാനും പ്രോത്സാഹിപ്പിച്ചത്, ബാബു നീയും 1980 കാലഘട്ടത്തിൽ സംഘടനയ്ക്ക് നേതൃത്വം കൊടുത്തിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലും ആയിരുന്നല്ലോ. കെ. സി. വൈ. എൽ. എക്സിക്യൂട്ടീവിൽ നാമൊന്നിച്ചു പ്രവർത്തിച്ചു. ആ ബന്ധം കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്, ക്നാനായ കത്തോലിക്കാ കോൺഗ്രസ്, അഖില കേരള കത്തോലിക്കാ കോൺഗ്രസ് തുടങ്ങിയ വിവിധ സംഘടനാ പ്രവർത്തനങ്ങളിലേക്കും നമ്മെ നയിച്ചു. നമ്മുടെ സന്തോഷങ്ങളും, ദുഃഖങ്ങളും, സ്വപ്നങ്ങളും പങ്കുവെയ്ക്കുവാൻ കഴിഞ്ഞ ആ കാലഘട്ടം എന്നെങ്കിലും മറക്കാനാവുമോ ?.

1988 ജനുവരി 14-ാം തീയതി ചിക്കാഗോയിലേക്ക് പുറപ്പെടുന്ന എനിക്ക് യാത്രയയപ്പ് നൽകുവാൻ വീട്ടിലെത്തിയപ്പോൾ നീ പറഞ്ഞു യോഗമുണ്ടെങ്കിൽ നമുക്കെല്ലാം ചിക്കാഗോയിൽ ഒരിക്കൽ ഒത്തുകൂടാം എന്ന് . ഇന്നും ഞങ്ങൾ, നിന്റെ സുഹൃത്തുക്കൾ,ചാക്കോ മറ്റത്തിപ്പറമ്പിലും,ഡെന്നി ഊരാളിലും, ജോർജ് തോട്ടപ്പുറവും ,ജീനോ കോതാലടിയും ഒക്കെ ഇവിടെ ചിക്കാഗോയിൽ ഒത്തുകൂടുമ്പോൾ, ന്യൂയോർക്കിലുള്ള ജസ്റ്റിൻ ചാമക്കാലായുമായും സംസാരിക്കുമ്പോൾ നീയില്ലാത്തതിന്റെ ശൂന്യത ഒരു നഷ്ടബോധമായി മനസ്സിനെ അലോസരപ്പെടുത്താറുണ്ട്.

1991  ഏപ്രിൽ മാസത്തിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പാർട്ടി അംഗീകരിച്ച വിവരം നീ വിളിച്ചുപറയുമ്പോൾ നിന്റെ ജീവിതസ്വപ്നം പൂവണിഞ്ഞതോർത്ത് ഞങ്ങൾ സന്തോഷിച്ചു. തെരഞ്ഞെടുപ്പ്  പ്രചാരണ കാലത്തും, അകലെയിരുന്നാണെങ്കിലും ഇടയ്ക്കൊക്കെ സംസാരിക്കുവാൻ സാധിക്കുമ്പോഴും നിന്റെ സന്തോഷം നേരിട്ടു കാണാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗമേ ഉണ്ടായിരുന്നുള്ളൂ.വല്ലപ്പോഴും വരുന്ന കത്തുകളിലും ഫോൺ കോളുകളിലും നിന്റെ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നേരിട്ടറിഞ്ഞു. അനുജൻ ജിമ്മി നാട്ടിൽ നിന്നും നിന്റെ മരണവിവരം വിളിച്ചറിയിച്ചപ്പോൾ, നിൻറ സ്വപ്നങ്ങൾ കശക്കിയെറിഞ്ഞ വിധിയോട് പകയും ദേഷ്യവുമാണ് തോന്നിയത്. അന്നെന്തിനങ്ങനെയൊക്കെ സംഭവിച്ചു എന്നാലോചിക്കുമ്പോൾ ഒരു സമസ്യപോലെ, മനസ്സിലൊരു ചോദ്യചിഹ്നമായി നീ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. ഭൂമിയിലേക്കാളും നിന്റെ ആവശ്യം സ്വർഗ്ഗലോകത്തായിരുന്നിരിക്കണം. അല്ലെങ്കിൽ, ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ നിന്നും തെരഞ്ഞു പിടിച്ചത് ഒരാളെ മാത്രമാകുമായിരുന്നില്ലല്ലോ.

മരണശേഷവും മായാത്ത ഓർമ്മകളുമായി ഒരു പറ്റം മനുഷ്യർ നിന്റെ പേരിൽ ഒത്തുകൂടുന്നതു തന്നെ നിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നില്ലേ?.നിനക്ക് സന്തോഷിക്കാം. എവിടെയെങ്കിലുമൊക്കെയിരുന്നു ഞങ്ങളെ നീ കാണുന്നുണ്ടല്ലൊ.. ..ഞങ്ങളുടെ മനസ്സുകളിലെ സ്നേഹം അറിയുന്നുണ്ടല്ലോ. ഒരുപക്ഷേ നീ പോലും അറിയാത്ത ആയിരങ്ങളുടെ മനസ്സുകളിൽ നീയിന്നും ജീവിക്കുന്നു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.