11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസിൽ കാർവാർ എംഎൽഎ സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു.
11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസിൽ കാർവാർ എംഎൽഎ സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലാണ് അദ്ദേഹം ഇപ്പോൾ. ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.
സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കാനും ശിക്ഷ പ്രഖ്യാപിക്കുന്ന ഒക്ടോബർ 25ന് ഉച്ചയ്ക്ക് 12.30 ന് കോടതിയിൽ ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടു.
2010ൽ കാർവാർ തുറമുഖം വഴി ബല്ലാരിയിൽ നിന്ന് മാംഗനീസ് കയറ്റുമതി ചെയ്തതും അന്നത്തെ ലോകായുക്ത എൻ സന്തോഷ് ഹെഗ്ഡെ അനധികൃത ഖനനത്തെക്കുറിച്ചുള്ള തൻ്റെ റിപ്പോർട്ടിൽ അഴിമതി തുറന്നുകാട്ടുകയും 7.74 ദശലക്ഷം ടൺ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതായി കണ്ടെത്തുകയും ചെയ്തിരുന്നു. 2006-07ലും 2010-11ലും സംസ്ഥാന ഖജനാവിന് കാര്യമായ നഷ്ടമുണ്ടാക്കി.