PRAVASI

എം.ആർ.അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ

Blog Image
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചക്ക് പിന്നാലെ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി എഴുതി നൽകിയിട്ടുണ്ട്. എഡിജിപിക്ക് എതിരെ നടപടി എടുക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എം.ആർ.അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചക്ക് പിന്നാലെ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി എഴുതി നൽകിയിട്ടുണ്ട്. എഡിജിപിക്ക് എതിരെ നടപടി എടുക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എം.ആർ.അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു.

തൻ്റെ പിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനും നൽകും. ഒരു സഖാവ് എന്ന നിലയിലാണ് ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ തൻ്റെ ചുമതല അവസാനിച്ചു. തൻ്റെ പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കുമെന്ന് അൻവർ പറഞ്ഞു. പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ മാറ്റുമോയെന്ന ചോദ്യത്തിൽ നിന്നും അൻവർ ഇന്ന് ഒഴിഞ്ഞുമാറി. അതൊന്നും താൻ തീരുമാനിക്കേണ്ട കാര്യമല്ല. അന്വേഷണത്തിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുമെന്നാണ് ഒരു സഖാവ് എന്ന നിലയിൽ വിശ്വസിക്കുന്നത്. എന്ത് നടക്കുമെന്നുള്ളത് കാത്തിരുന്നു കാണാം എന്നും ഇടത് എംഎൽഎ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ.അജിത്കുമാർ, പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവര്‍ക്ക് എതിരെ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷി എംഎൽഎ ഉന്നയിച്ചിരുന്നത്. എം.ആർ.അജിത്ത് കുമാർ, സുജിത് ദാസ് എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രി ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട എസ്പിയെ ചുമതലകളിൽ നിന്നും മാറ്റുകയും ചെയ്തു.
ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ഇന്നലെ അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘമാണ് എഡിജിപി ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഡിജിപിയെ കൂടാതെ എം.ആർ.അജിത് കുമാറിൻ്റെ കീഴുദ്യോഗസ്ഥരായ നാല് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുഉള്ളത്. ഐജി ജി.സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്‍, എസ്എസ്ബി ഇന്റലിജന്‍സ് എസ്പി എ.ഷാനവാസ് എന്നിവരാണ് ഡിജിപിയുടെ സംഘത്തിലുള്ളത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

എഡിജിപി അജിത് കുമാറിന് സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നുമുള്ള നിരവധി ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, മന്ത്രിമാർ, മാധ്യമ പ്രവർത്തകർ അങ്ങനെ നിരവധിപ്പേരുടെ ഫോൺ എഡിജിപി ചോർത്തി. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടി പുരം കലക്കിയതിന് പിന്നിൽ അജിത്കുമാറാണ്. ദാവൂദ് ഇബ്രാഹിമിനെ റോൾ മോഡലാക്കിയ കൊടുംക്രിമിനലാണ് എഡിജിപി.

മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട എസ്പി സുജിത് ദാസ് തൻ്റെ ബന്ധങ്ങൾ വഴി പോലിസിനെ ഉപയോഗിച്ച് സ്വർണം തട്ടിയെടുക്കുന്നു. ഉടൻ അജിത് കുമാറും സുജിത് ദാസും സെൻട്രൽ ജയിലിലാകും. വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിച്ച പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എം.ആർ.അജിത് കുമാർ എന്നിവർ മുഖ്യമന്ത്രിയെ കബളിപ്പിക്കുകയാണ്. ഇരുവരും മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞാൽ അനുസരിക്കാത്ത പോലീസാണ് കേരളത്തിലുള്ളത് എന്നുമായിരുന്നു അൻവറിൻ്റെ ആരോപണം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.