LITERATURE

എങ്ങനെ നാം മറക്കും ഈ പുണ്യജന്മങ്ങളെ

Blog Image
അറിവിന്‍റെ വാതായനങ്ങള്‍ കൊട്ടിയടയ്ക്കപ്പെട്ടു. ജീവിതശൈലിയും വീക്ഷണബോധവും മാറിമറിഞ്ഞു. എങ്ങനെയെങ്കിലും പത്തു കാശുണ്ടാക്കുക, ഏതുവിധേനയെങ്കിലും ഒരു ഡിഗ്രി സമ്പാദിക്കുക എന്നതു മാത്രമായി പുതിയ തലമുറയുടെ ട്രെന്‍റ്. അടങ്ങാത്ത ആര്‍ത്തിയും ഒടുങ്ങാത്ത ആക്രാന്തവുമായി മുന്‍പിന്‍ നോക്കാതെയുള്ള ഈ പരക്കംപാച്ചിലിനിടയില്‍ വിലയേറിയ പലതും ചവിട്ടി അരയ്ക്കപ്പെട്ടു.

വടക്കന്‍ പറവൂര്‍ ടൗണിന്‍റെ ഹൃദയഭാഗത്തു കാറു നിര്‍ത്തിയിട്ട് അന്നാട്ടിലെ ഏതെങ്കിലും ഒരു ചെറുപ്പക്കാരനോടു "മാടവനപ്പറമ്പ് എവിടെയാണ്?" എന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം കിട്ടിയെന്നു വരില്ല. അതേസമയം, അവിടെനിന്നും പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിലെ 'ബാര്‍ ഹോട്ടലുകള്‍' ഏതൊക്കെയെന്നു ചോദിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഏതൊരു കൊച്ചുകുട്ടിയും അതിനു കൃത്യമായ മറുപടി നല്കും. നമ്മുടെ നാട് എങ്ങോട്ടുപോകുന്നു, എവിടെയെത്തി നില്ക്കുന്നു എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്.
മലയാളസാഹിത്യരംഗത്തെ ബൗദ്ധികാചാര്യനും ഇതിഹാസപുരുഷനുമായ കേസരി ബാലകൃഷ്ണപിള്ളയുടെ സ്മാരകം (മ്യൂസിയം) സ്ഥിതിചെയ്യുന്ന 'മാടവനപ്പറമ്പ്' പറവൂര്‍ ടൗണില്‍നിന്നും രണ്ടുനാഴികപോലും അകലെയല്ല എന്നതാണു വാസ്തവം. പക്ഷെ, പറഞ്ഞിട്ടു കാര്യമില്ല. കാലം വരുത്തിവെച്ച കച്ചവട (കമ്പോള) സംസ്കാരത്തിന്‍റെ പരിണിതഫലമാണിത്. അറിവിന്‍റെ വാതായനങ്ങള്‍ കൊട്ടിയടയ്ക്കപ്പെട്ടു. ജീവിതശൈലിയും വീക്ഷണബോധവും മാറിമറിഞ്ഞു. എങ്ങനെയെങ്കിലും പത്തു കാശുണ്ടാക്കുക, ഏതുവിധേനയെങ്കിലും ഒരു ഡിഗ്രി സമ്പാദിക്കുക എന്നതു മാത്രമായി പുതിയ തലമുറയുടെ ട്രെന്‍റ്. അടങ്ങാത്ത ആര്‍ത്തിയും ഒടുങ്ങാത്ത ആക്രാന്തവുമായി മുന്‍പിന്‍ നോക്കാതെയുള്ള ഈ പരക്കംപാച്ചിലിനിടയില്‍ വിലയേറിയ പലതും ചവിട്ടി അരയ്ക്കപ്പെട്ടു. അറിയേണ്ടതൊന്നുമറിയാതെ, ആദരിക്കേണ്ടവരെ തിരിച്ചറിയാതെ, ഏതു വിഡ്ഢിയെയും നെഞ്ചിലേറ്റി ആരാധിക്കുന്ന മോഡേണ്‍ അടിമകളായി നമ്മുടെ യുവത്വം പരിണമിച്ചു. പ്രാഞ്ചിയേട്ടന്മാരെയും കീലേരി അച്ചുമാരേയുമൊക്കെ ഹീറോകളാക്കി അരിയിട്ടു വാഴിച്ചു. അതേസ്ഥാനത്ത്, ആദര്‍ശധീരതകൊണ്ടും ജീവിതലാളിത്യംകൊണ്ടും നമുക്കെല്ലാം മാതൃകയായിത്തീര്‍ന്ന മഹാപ്രതിഭകളെ പുച്ഛിച്ചുതള്ളി വിസ്മൃതിയുടെ കുപ്പയിലെറിഞ്ഞു. പ്രസംഗിക്കുന്നതിലല്ല, പ്രാവര്‍ത്തികമാക്കുന്നതിലാണ് മഹത്വം എന്ന് സ്വജീവിതംകൊണ്ടു തെളിയിച്ച അത്തരം ചില അമാനുഷവ്യക്തിത്വങ്ങളെ ഓര്‍മ്മയില്‍നിന്നും പൊടിതട്ടിയെടുക്കുകയാണ് ഈ എളിയ ലേഖകന്‍.
1982-ല്‍ വയലാര്‍ രവി കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലം. നക്സല്‍ തടവുകാര്‍ക്ക് മാനസികവ്യതിയാനം വന്നിട്ടുണ്ടോ എന്നു പഠിക്കുവാനായി ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. തികഞ്ഞ ഗാന്ധിയനും സര്‍വ്വോദയ നേതാവുമായിരുന്ന പ്രൊഫ. എം.പി. മന്മഥന്‍ സാറിനായിരുന്നു അതിന്‍റെ ചുമതല. ഇടതടവില്ലാതെ നാലുംകൂട്ടി മുറുക്കുന്ന ഒരു ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. അന്ന് പ്രമാദമായ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന പ്രമുഖ നക്സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫനെയും മന്മഥന്‍ സാര്‍ സന്ദര്‍ശിച്ചു. സ്റ്റീഫനോടു സംസാരിക്കുന്നതിനിടയില്‍ തന്‍റെ പതിവുശീലമായ 'മുറുക്ക്' അദ്ദേഹം മറന്നില്ല. ഒരു വെറ്റില കൈവെള്ളയിലെടുത്ത് ഞരമ്പു കോതിക്കളഞ്ഞ്, ചുണ്ണാമ്പുതേച്ച് അടയ്ക്കയും ചേര്‍ത്തു വായിലാക്കി. തുടര്‍ന്ന് ഒരു ചെറിയ കഷ്ണം പുകയിലയെടുത്ത്, ഉള്ളംകയ്യില്‍വെച്ചു ഞെരടിത്തുടങ്ങുമ്പോള്‍ സ്റ്റീഫന്‍റെ ചോദ്യം:
"സര്‍, അങ്ങ് സര്‍വ്വോദയനേതാവും ലഹരിവിരുദ്ധ ആക്ടിവിസ്റ്റുമല്ലെ?"
"അതെ." മന്മഥന്‍സാറിന്‍റെ മറുപടി.
"എങ്കില്‍ അങ്ങ് ഇപ്പോള്‍ ഈ ചെയ്യുന്നത് അങ്ങയുടെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുന്നതാണോ?"
കയ്യില്‍ എടുത്ത പുകയില വായിലിടാതെ ഏതാനും നിമിഷങ്ങള്‍ സ്തബ്ധനായിരുന്നശേഷം മന്മഥന്‍സാര്‍ പറഞ്ഞു: "മിസ്റ്റര്‍ സ്റ്റീഫന്‍, ഇനി നിങ്ങളെന്നെ കാണുന്നത് മുറുക്കാത്ത ഒരു മന്മഥന്‍സാറായിട്ടായിരിക്കും."
പുകയിലക്കഷ്ണം അദ്ദേഹമറിയാതെ കയ്യില്‍നിന്നും താഴെവീണു. പിന്നീടൊരിക്കലും പ്രൊഫ. എം.പി. മന്മഥന്‍ സാര്‍ മുറുക്കിയിട്ടില്ല. എത്ര ഉദാത്തമായ ആര്‍ജ്ജവത്വം. അദ്ധ്യാപകശ്രേഷ്ഠന്‍, പണ്ഡിതന്‍, നേതാവ്, കലാകാരന്‍ എന്നീ നിലകളിലെല്ലാമുള്ള തന്‍റെ ഔന്നത്യം ലവലേശം പോലും ഭാവിക്കാതെ ഒരു വെറും കൊലക്കേസ് പ്രതിക്കു മുമ്പില്‍ കുറ്റം ഏറ്റുപറഞ്ഞ് സ്വയം മാനസാന്തരപ്പെട്ട ആ വിശാലമനസ്കതയെ എത്ര വന്ദിച്ചാലാണു മതിയാവുക.
തനിക്കു കൈവന്ന അസുലഭാവസരങ്ങള്‍ സന്മനസ്സോടെ മറ്റൊരാള്‍ക്കു വെച്ചുനീട്ടിയ അനുഭവങ്ങള്‍ മാനവചരിത്രത്തില്‍തന്നെ (പ്രത്യേകിച്ചും കലാരംഗത്ത്) വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അതിനൊരപവാദം മലയാളസിനിമാരംഗത്തുണ്ടായിട്ടുണ്ട്. അരനാഴികനേരം എന്ന സിനിമയിലെ 'കുഞ്ഞോനാച്ചന്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സേതുമാധവന്‍ കണ്ടെത്തിയത് പ്രശസ്ത നടന്‍ സത്യനെയായിരുന്നു. എന്നാല്‍ ഏതു റോളും തനിക്കു വഴങ്ങുമെന്ന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നിട്ടും അഭിനയ സാമ്രാട്ടായ സത്യന്‍ ആ ഓഫര്‍ നന്ദിപൂര്‍വ്വം നിരസിച്ചു. മാത്രവുമല്ല, മറ്റൊരു വിലയേറിയ നിര്‍ദ്ദേശംകൂടി സേതുമാധവനു നല്കി. "കുഞ്ഞോനാച്ചനായി വേഷമിടാന്‍ തികച്ചും അനുയോജ്യനായ ഒരേയൊരു മലയാളനടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരാണ്." ഇതായിരുന്നു മഹാനായ സത്യന്‍റെ ഉപദേശം. അങ്ങിനെയാണ് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'അരനാഴികനേര'ത്തില്‍ കൊട്ടാരക്കര കുഞ്ഞോനാച്ചനായത്. തനിക്കു വെച്ചുനീട്ടിയ ഭാഗ്യം മറ്റൊരാള്‍ക്കു നല്‍കി എന്നതുമാത്രമല്ല അതേ സിനിമയില്‍ താരതമ്യേന അപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഒരു വിമുഖതയും സത്യന്‍ പ്രകടിപ്പിച്ചില്ല എന്നതും അദ്ദേഹത്തിന്‍റെ അത്യുന്നതമായ മാനവികതയുടെ ദൃഷ്ടാന്തമാണ്. ഒരു സൂപ്പര്‍സ്റ്റാറാകുവാന്‍വേണ്ടി ആരുടെയും കുതികാല്‍ വെട്ടുവാനും, 'പാര' പണിയുവാനും ചതിയിലൂടെ അവസരങ്ങള്‍ തട്ടിയെടുക്കാനും പടം പകുതിയാകുമ്പോള്‍ തുക ഇരട്ടിപ്പിച്ച് നിര്‍മ്മാതാക്കളെ വീര്‍പ്പുമുട്ടിക്കുവാനും മടിയില്ലാത്തവരാണ് ഇന്നത്തെ പല പ്രമുഖ താരങ്ങളും. അവര്‍ക്കിടയില്‍ സത്യന്‍ എന്ന നിസ്തുല കലാകാരന്‍ എന്നും ഒരു വിസ്മയം തന്നെയായിരിക്കും.
അവിശ്വസനീയമായ ഗോസിപ്പുകളും മനംമടുപ്പിക്കുന്ന മസാലക്കഥകളും കൊണ്ടു നിറഞ്ഞതായിരിക്കും ഒട്ടുമിക്ക ചലച്ചിത്ര നടികളുടെയും ജീവിതം. എന്നാല്‍ മനസ്സില്‍ ദിവ്യാനുഭൂതിയുടെ കളഭമഴ പെയ്യിക്കുന്ന ചിലര്‍ അപൂര്‍വ്വമായെങ്കിലും അക്കൂട്ടത്തിലുണ്ട് എന്നത് തികച്ചും ആശ്വാസകരം തന്നെയാണ്. അത്തരം ഒരു സംഭവം ഇതാ:
ഉദയായുടെ പാലാട്ടുകോമന്‍ മുതല്‍ കടത്തനാടന്‍ അമ്പാടിവരെയുള്ള നിരവധി ഹിറ്റ് സിനിമകള്‍ക്ക് 'കഥ-സംഭാഷണം' എഴുതിയ പി.കെ. ശാരംഗപാണിയെ അറിയാത്ത മലയാളികളുണ്ടാകാനിടയില്ല. ആദ്യകാലത്ത് സാമ്പത്തികമായി വലിയ കഷ്ടപ്പാടിലായിരുന്ന അദ്ദേഹം തുച്ഛമായ ശമ്പളത്തിനായിരുന്നു തിരക്കഥയെഴുതിയിരുന്നത്. അക്കാലത്ത് ഒരുദിവസം ഉണ്ണിയാര്‍ച്ച എന്ന പടത്തിന്‍റെ ഷൂട്ടിംഗിനായി പ്രശസ്ത  ദക്ഷിണേന്ത്യന്‍ താരം രാഗിണി സ്റ്റുഡിയോയിലെത്തി. ശാരംഗപാണി താന്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയുമായി അവരുടെ മുമ്പിലെത്തി, കുചേലന്‍ ശ്രീകൃഷ്ണന്‍റെ മുമ്പില്‍ എന്നതുപോലെ ആരാധനയോടെ നിന്നു. രാഗിണി വളരെ ബഹുമാനപൂര്‍വ്വം ആ സ്ക്രിപ്റ്റ് കയ്യില്‍ വാങ്ങി കണ്ണില്‍ ചേര്‍ത്തു വണങ്ങിയശേഷം ശാരംഗപാണിയുടെ മുമ്പില്‍ കുമ്പിട്ട് ആ പാദങ്ങള്‍ തൊട്ടു നമസ്കരിച്ചു. അത്രമാത്രം എളിമത്വമുള്ള ഒരു പെരുമാറ്റം ഇത്ര വലിയ ഒരാളില്‍നിന്നും ശാരംഗപാണി ഒരിക്കലും പ്രതീക്ഷിച്ചതല്ല. കോള്‍മയിര്‍ക്കൊണ്ടുപോയ ആ നിമിഷങ്ങളില്‍ തന്‍റെ മനസ്സില്‍ വളരെക്കാലമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വലിയ ആഗ്രഹം ശാരംഗപാണി രാഗിണിയെ അറിയിച്ചു. "എന്‍റെ മകള്‍ 'കല'യെ നൃത്തം പഠിപ്പിക്കുവാന്‍ കനിവുണ്ടാകണം." ഇതായിരുന്നു അപേക്ഷ. ഒരു വിസമ്മതവും പറയാതെ രാഗിണി ആ ചുമതലയേറ്റു. മാത്രവുമല്ല ഉണ്ണിയാര്‍ച്ചയുടെ സെറ്റില്‍ വെച്ചുതന്നെ അതിനു തുടക്കം കുറിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ ഒരു ശുഭമുഹൂര്‍ത്തത്തില്‍ നിരവധി സിനിമാപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ശാരംഗപാണിയുടെ മകള്‍ കല ഗുരുദക്ഷിണയായി ഒരു വെള്ളിരൂപാ രാഗിണിയുടെ കാല്‍ക്കല്‍വെച്ച് വണങ്ങിനിന്നു. രാഗിണി അവളെ സ്നേഹപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തി അനുഗ്രഹിച്ച് തന്‍റെ ശിഷ്യയാക്കി.
എന്നാല്‍ കേവലമായ ഗുരുദക്ഷിണയും അനുഗ്രഹവും കൊണ്ടുമാത്രം അവസാനിക്കുന്നതായിരുന്നില്ല ആ ചടങ്ങ്. അപ്രതീക്ഷിതവും അവിശ്വസനീയവുമായ മറ്റൊരു മഹനീയ രംഗത്തിനുകൂടി കാണികള്‍ സാക്ഷ്യം വഹിക്കേണ്ടിവന്നു. രാഗിണി തന്‍റെ ബാഗുതുറന്ന് അതില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന, തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു സ്വര്‍ണ്ണച്ചിലങ്കകള്‍ എടുത്ത് കലയെ അണിയിച്ചു. ചുറ്റും കൂടിനിന്നവര്‍ (കുഞ്ചാക്കോ ഉള്‍പ്പെടെ) ആശ്ചര്യഭരിതരായി സ്തംഭിച്ചു നിന്നുപോയ നിമിഷങ്ങളായിരുന്നു അത് എന്നു പറയണ്ടതില്ലല്ലോ. മാലാഖമാര്‍പോലും നാണിക്കുന്ന മഹോന്നതമായ ആ മനസ്സ് എത്ര സിനിമാനടികള്‍ക്കുണ്ടാകും. എന്തുമാത്രം സ്വര്‍ണ്ണം കിട്ടിയാലും മേലാകെ ഡയമണ്ട് പതിച്ചാലും മതിവരാത്ത പുത്തന്‍ ജൂവലറികള്‍ അന്വേഷിച്ചലയുന്ന നടീനടന്മാരുടെ ലോകത്ത് ഒരു മാടപ്രാവിന്‍റെ ഹൃദയവുമായി രാഗിണി എന്നെന്നും വേറിട്ടുതന്നെ നില്ക്കും.
നിഷ്കളങ്കമായ സ്നേഹത്തിന്‍റെ അദൃശ്യകരങ്ങള്‍ ഈ ഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കുന്നു. അവിടെ ഔപചാരികതയോ അഭിനയമോ ആവശ്യമില്ല മറിച്ചാണെങ്കില്‍!
"ഞാനീ കല്യാണത്തിനു പോകുന്നില്ല." ജോസുകുട്ടി അസന്നിഗ്ദ്ധമായിപ്പറഞ്ഞു. ചിരകാല സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനു ക്ഷണിച്ചിരിക്കുകയാണ്. കല്യാണക്കുറി തിരിച്ചും മറിച്ചും നോക്കി ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ടവന്‍ മുരണ്ടു.
"ഇങ്ങനെയാണോ ഒരു കല്യാണം വിളിക്കുന്നത്? ഞാന്‍ വിദേശത്തൊന്നുമല്ലല്ലൊ. ഇവിടംവരെ ഒന്നു വന്ന് നേരിട്ടു വിളിച്ചാലെന്താ കുഴപ്പം? ഇതൊരുമാതിരി കോടതീന്ന് സമന്‍സ് അയക്കുമ്പോലത്തെ ഏര്‍പ്പാടായിപ്പോയി. എന്‍റെ പട്ടിപോകും അവന്‍റെ കല്യാണത്തിന്." ജോസുകുട്ടി ആ വിവാഹത്തിനു പോയില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. നിസ്വാര്‍ത്ഥവും നിര്‍മ്മലവുമായ സ്നേഹബന്ധങ്ങള്‍ക്ക് കൃത്രിമത്വമോ 'പുറംപൂച്ചു'കളോ വേണ്ട. അവിടെ പിടിവാശികള്‍ക്കോ കിടമത്സരങ്ങള്‍ക്കോ സ്ഥാനമില്ല. പകരം, ക്ഷമയും സഹനവും വിട്ടുവീഴ്ചയും മാത്രം. മൂടുപടങ്ങളോ അഹന്തയോ തൊട്ടുതീണ്ടാത്ത അത്തരം ഒരു സൗഹൃദത്തെക്കുറിച്ചുകൂടി പറയട്ടെ:-
2004-ലെ അതിമനോഹരമായ ഒരു സായംസന്ധ്യ. എറണാകുളത്തെ കലൂര്‍ സ്റ്റേഡിയം മൈതാനിയില്‍ പ്രശസ്ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍റെ കഥാപ്രസംഗ പര്യടനത്തിന്‍റെ 60-ാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടുകയാണ്. ക്ഷണിക്കപ്പെട്ടവരും ആരാധകരുമായി ഒരു വലിയ ജനസമൂഹം തടിച്ചുകൂടിയിട്ടുണ്ട്. അനുമോദനങ്ങളും ആശംസകളുമായി കലാസാംസ്കാരികരംഗത്തെ ഒട്ടേറെ പ്രമുഖര്‍ വേദിയില്‍ അണിനിരന്നിരിക്കുന്നു. പ്രസംഗപരിപാടികള്‍ പെരുമഴപോലെ പെയ്തിറങ്ങുന്നതിനിടയില്‍ അതാ, തിങ്ങിനിറഞ്ഞ സദസ്സിന്‍റെ മദ്ധ്യത്തിലൂടെ ശുഭ്രവസ്ത്രധാരിയായി, വെള്ളത്താടിയും തലമുടിയും പറത്തി ഒരാള്‍ പ്രസംഗവേദിയിലേക്കു നടന്നടുക്കുന്നു. മലയാളിക്കു സുപരിചിതമായ ആ മുഖം കണ്ടമാത്രയില്‍ ആരാധകവൃന്ദം ഹര്‍ഷാരവം മുഴക്കി. എന്നാല്‍, സമ്മേളനവേദിയിലേക്കു സധൈര്യം കടന്നുചെന്ന ആ നവാഗതനെക്കണ്ട മാത്രയില്‍ കെടാമംഗലവും ഭാരവാഹികളും അക്ഷരാര്‍ത്ഥത്തില്‍ നിമിഷങ്ങളോളം സ്തംഭിച്ചുനിന്നുപോയി. കാരണം, അദ്ദേഹത്തെ ആ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല എന്നതാണ്. ആരാലും ക്ഷണിക്കപ്പെടാതെ ഇത്രയുംവലിയ ഒരു ചടങ്ങില്‍ സംബന്ധിക്കുവാനെത്തിയ ആ മഹാന്‍ ആരെന്നല്ലെ? അതു മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ കെ.ജെ. യേശുദാസ്.
സ്റ്റേഡിയം മൈതാനത്തെയാകമാനം പുളകമണിയിച്ചുകൊണ്ട് ആ ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു. "ആരും ക്ഷണിക്കാതെയാണ് ഞാനിവിടെയെത്തിയത്. കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ വളരെ യാദൃച്ഛികമായി ഒരു വഴിയാത്രക്കാരനില്‍നിന്നാണ് ഈ പരിപാടിയെക്കുറിച്ചറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. നേരേയിങ്ങുപോന്നു. അതിമഹത്തായ ഈ ചടങ്ങിന് എന്നെയാരും വിളിച്ചുവരുത്തേണ്ടതില്ല. ക്ഷണിക്കാതെ വരാന്‍ അര്‍ഹതയുള്ളവനാണു ഞാന്‍. ഓര്‍മ്മവെച്ച നാള്‍മുതല്‍ ഞാന്‍ കെടാമംഗലത്തിന്‍റെ ഒരാരാധകനാണ്. അതിനേക്കാളുപരി അദ്ദേഹം എന്‍റെ പിതാവിന്‍റെ ഒരാത്മസുഹൃത്തും കൂടിയാണ്. അറുപതു വര്‍ഷം പിന്നിടുന്ന അദ്ദേഹത്തിന്‍റെ കഥാപ്രസംഗയാത്രക്ക് എന്‍റെ ഹൃദ്യമായ ഭാവുകങ്ങള്‍."
തുടര്‍ന്ന് തന്‍റെ കയ്യില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു പട്ടുഷാളെടുത്ത് യേശുദാസ് കെടാമംഗലത്തെ അണിയിച്ചു. ആനന്ദാശ്രുക്കള്‍ പൊഴിച്ച് അവര്‍ ആലിംഗനബദ്ധരായി. അഹന്തയെന്ന വികാരം തൊട്ടുതീണ്ടാത്ത, എളിമത്വത്തിന്‍റെ പരകോടിയിലെത്തുന്ന ഹൃദയസ്പര്‍ശിയായ ഇത്തരം ഒരു രംഗം സൃഷ്ടിക്കുവാന്‍ യേശുദാസിനേപ്പോലുള്ളവര്‍ക്കു മാത്രമല്ലെ കഴിയൂ. അനവദ്യസുന്ദരമായ എത്രയെത്ര അനര്‍ഘനിമിഷങ്ങള്‍ നമുക്കുമുമ്പില്‍ കാഴ്ചവെച്ച കര്‍മ്മയോഗികളാണിവരൊക്കെ. അന്ധമായ ആധുനികവല്‍ക്കരണത്തിന്‍റെ ചുഴിയില്‍പെട്ട് വംശനാശം ഭവിച്ചുകൊണ്ടിരിക്കുന്ന ഈ പുണ്യജന്മങ്ങളുടെ പരമ്പര അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭാവിതലമുറയ്ക്ക് പ്രചോദനവും മാതൃകയുമാക്കാവുന്ന ഒരു നിധിശേഖരം തന്നെയായിരിക്കും അവ.
 

കാളിയാര്‍ തങ്കപ്പന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.