PRAVASI

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ലോങ്ങ് ഐലന്റിൽ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു

Blog Image
രക്തത്തിന് ഗുരുതരമായ ക്ഷാമമാണ് ന്യൂ യോർക്ക് പ്രദേശം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രണ്ടു സെക്കന്റിലും അമേരിക്കയിൽ ഒരാൾക്ക് രക്തത്തിന്റെ ട്രാൻസ്ഫ്യൂഷൻ വേണമെന്നാണ് അമേരിക്കൻ റെഡ് ക്രോസ്സിന്റെ കണക്ക്.  ഒരാൾ സംഭാവന ചെയ്യുന്ന രക്തം രണ്ടു ജീവനെങ്കിലും രക്ഷിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ലോങ്ങ് ഐലന്റിൽ ബ്ലഡ് ഡ്രൈവ് നടത്തുന്നു.  ഹോം ഹെൽത് എയ്ഡ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ട്,  ജീവകാരുണ്യ സംഘടനയായ കൊണാർസ് ക്ലോസെറ്റ് എന്നീ സംഘടനകളുമായി സഹകരിച്ച് വെസ്റ്റ്ബറി മെമ്മോറിയൽ ലൈബ്രറിയിൽ (445 ജെഫേഴ്സൺ സ്ട്രീറ്റ്, വെസ്റ്റ്ബറി, ന്യൂ യോർക്ക് 11590) വെച്ച് ജൂൺ ഒന്ന് ശനിയാഴ്ച പത്തേമുക്കാൽ മുതൽ മൂന്നേകാൽ വരെയായിരിക്കും ബ്ലഡ് ഡ്രൈവ് നടക്കുകയെന്ന് ഐനാനിയുടെ ഫണ്ട് റേസിംഗ് ആൻഡ് ചാരിറ്റി കമ്മിറ്റി ചെയർവുമൻ ആനി സാബു അറിയിക്കുന്നു.
രക്തത്തിന് ഗുരുതരമായ ക്ഷാമമാണ് ന്യൂ യോർക്ക് പ്രദേശം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രണ്ടു സെക്കന്റിലും അമേരിക്കയിൽ ഒരാൾക്ക് രക്തത്തിന്റെ ട്രാൻസ്ഫ്യൂഷൻ വേണമെന്നാണ് അമേരിക്കൻ റെഡ് ക്രോസ്സിന്റെ കണക്ക്.  ഒരാൾ സംഭാവന ചെയ്യുന്ന രക്തം രണ്ടു ജീവനെങ്കിലും രക്ഷിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  ആക്സിഡന്റുകൾ, ഓപ്പറേഷനുകൾ, കാൻസർ ട്രീറ്റ്മെന്റ്, രക്തസംബന്ധമായ രോഗങ്ങൾ തുടങ്ങിയ അനേകം കാരണങ്ങൾ രക്ത ദാനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.  കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ രക്തദാനം ഇത്രയ്ക്കു കുറഞ്ഞ ഒരു സമയം ഉണ്ടായിട്ടില്ലെന്ന് ന്യൂ യോർക്ക് ബ്ലഡ് സെന്റർ പറയുന്നു. മുൻപെങ്ങും ഇല്ലാത്ത വിധത്തിലാണ് രക്ത ദാതാക്കളുടെ ഇപ്പോഴത്തെ കുറവ്.  
രക്തദാനം ചെയ്യുകയെന്നത് ശാരീരികമായി വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമാണെന്ന ധാരണ വളരെപ്പേർക്കുണ്ട്.  നമ്മെ ക്ഷീണിപ്പിക്കത്തക്ക വിധം രക്തം നമ്മിൽ നിന്നെടുക്കുന്നില്ല.  സാമാന്യ ആരോഗ്യമുള്ള ശരീരത്തിൽ ഒൻപതു മുതൽ പന്ത്രണ്ടു വരെ പൈന്റ് രക്തമുണ്ട്.  ഒരു പ്രാവശ്യം ദാനം ചെയ്യുന്നത് ഒരു പൈന്റിൽ താഴെ മാത്രം. നിരന്തരം രക്തകോശങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ശരീരം, ഇരുപത്തിനാലു മണിക്കൂർ കൊണ്ട് നഷ്ട്ടപ്പെട്ട രക്തത്തിന്റെ വ്യാപ്തിയും എട്ടാഴ്ചയ്ക്കകം കോശങ്ങളുടെ പോരായ്മയും നികത്തും. ഒരുപ്രാവശ്യം രക്തദാനം ചെയ്ത് എട്ട് ആഴ്ച  കഴിഞ്ഞാൽ ശരീരം വീണ്ടും ദാനത്തിന് തെയ്യാറാകുമെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രക്ഷന്റെ കണക്ക്.
ചിലർക്ക് സൂചിയോടുള്ള പേടിയാണ്.  ഡോക്റ്ററുടെ ഓഫീസിലും ഹോസ്പിറ്റലിലും മറ്റും ടെസ്റ്റ് ചെയ്യാൻ ബ്ലഡ് എടുക്കുന്ന വിഷമം മാത്രമേ സൂചി  വെയ്നിൽ കയറുമ്പോൾ തോന്നുകയുള്ളൂ.  ഓരോ ദാനത്തിനും മുക്കാൽ മുതൽ ഒരു മണിക്കൂർ വരെ സമയം എടുക്കുമെന്നത് ചിലർക്ക് വിഷമമാണ്; പക്ഷെ ആ ഒരു മണിക്കൂർ രണ്ടോ മൂന്നോ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നോർക്കുമ്പോൾ രക്തദാനത്തിന്റെ അമൂല്യത വർധിപ്പിക്കുന്നു.  രക്തദാനത്തിനു തയ്യാറായി വരുന്നവരെ പരിശോധിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്തതിനു ശേഷമേ ദാനത്തിന് വിധേയമാക്കുകയുള്ളൂ.
പതിനേഴു വയസ്സു മുതൽ എഴുപത്തിയാറു വയസ്സ് വരെ സാമാന്യ ആരോഗ്യമുള്ള ആർക്കും രക്തം ദാനം ചെയ്യാം.  പതിനാറു വയസുള്ളവർക്ക് മാതാപിതാക്കന്മാരിൽ ആരുടെയെങ്കിലും സമ്മതത്തോടെയും എഴുപത്തിയാറു വയസ്സിനു മുകളിലുള്ളവർക്ക് ഡോക്ടറുടെ സമ്മതത്തോടെയും രക്തദാനം നടത്താം.  നൂറ്റിപ്പത്ത് പൗണ്ട് തൂക്കവും തൊട്ടു മുൻപുള്ള എഴുപത്തിരണ്ടു മണിക്കൂർ ജലദോഷത്തിന്റെയോ ഫ്ലൂവിന്റെയോ ലക്ഷണങ്ങൾ ഉണ്ടാകാതിരിക്കുകയും വേണം.  രക്ത ദാനത്തിനു തെയ്യാറാകുന്നവരെ അവരുടെ ആരോഗ്യ പരിശോധന നടത്തിയതിനു ശേഷം മാത്രമേ അവരുടെ യോഗ്യത തീരുമാനിക്കുകയുള്ളൂ.
രക്തദാനം ചെയ്യുകയെന്നത് പ്രതിഫലേച്ഛയില്ലാത്ത ഒരു കാരുണ്യ പ്രവർത്തിയാണെങ്കിലും അവർ ഉദ്ദേശിക്കാത്ത പല ആരോഗ്യഗുണങ്ങങ്ങളും സന്നദ്ധത വഴി ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ഉയർന്ന ബ്ലഡ് പ്രെഷർ, ഹൃദയമിടിപ്പിലുള്ള താളപ്പിഴകൾ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിംഗ് കൂടിയാണ് രക്തദാനത്തിനുള്ള സ്‌ക്രീനിങ്ങിലുള്ളത്.  അതുപോലെ തന്നെ അറിയാതെയുള്ള പകർച്ചവ്യാധികളും സ്‌ക്രീനിങ്ങിൽ ഉൾപ്പെടും.  രക്തം ആവശ്യമുള്ളവരുടെയും രക്തദാതാക്കളുടെയും സുരക്ഷിതത്വം മുൻനിർത്തി മാത്രമേ രക്തദാനത്തിന് യോഗ്യത തീരുമാനിക്കുകയുള്ളൂ.  
ഇന്ത്യൻ നഴ്സുമാരുടെ പ്രൊഫെഷണൽ ഉന്നമനത്തോടൊപ്പം സമൂഹത്തിൽ വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ പൊതു ആരോഗ്യം ദൗത്യമായെടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഐനാനി.  ബ്ലഡ് ഡ്രൈവ് ഐനാനിയുടെ സംരംഭങ്ങളിൽ ഒന്നു മാത്രമാണ്.  ഹെൽത് ഫെയർ, വസ്ത്ര ശേഖരണം, പ്രാദേശികവും ദേശീയവും ഇന്ത്യയിലേക്കും ആവശ്യമായ ചാരിറ്റിക്കുള്ള ധനശേഖരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്, ഉന്നത വിദ്യാഭാസത്തിനുള്ള ട്യൂഷൻ ഇളവ് എന്നിവയും ഐനാനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു.  
ഈ ജീവരക്ഷാ ശ്രമത്തിൽ സഹായ മനസ്ക്കതയുള്ള, സാമാന്യ ആരോഗ്യമുള്ള എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷയാണെന്ന് ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജ് പറയുന്നു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ആനി സാബു (516.474.5834), ഡോ. അന്നാ ജോർജ് (646.732.6143), അല്ലെങ്കിൽ ക്രിസ്റ്റിൻ കേണിഗ് (516.333.3689).

Annie Sabu

Dr. Anna George

Christine Koenig and Maria Santiago

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.