PRAVASI

കെ. എൽ. എസ്സ്‌ -ലാന ലിറ്റററി ക്യാമ്പ് വിജയകരമായി

Blog Image
മെയ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ നടത്തിയ മലയാളം ലിറ്റററി ക്യാമ്പ് അതീവ വിജയകരമായി സമാപിച്ചു. 

ഓബ്രി- ടെക്സസ്: മെയ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ നടത്തിയ മലയാളം ലിറ്റററി ക്യാമ്പ് അതീവ വിജയകരമായി സമാപിച്ചു. 

മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ  കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന്  തമ്പി ആന്റണി നിർമിച്ച ഹെഡ്മാസ്റ്റർ എന്ന സിനിമ  പ്രദർശനം ചെയ്‌യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണു് മൂലകഥ).   തുടർന്നുണ്ടായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. മനോഹരങ്ങളായ തന്റെ സിനിമകൾ കൊണ്ടും സീരിയലുകൾ കൊണ്ടും മലയാള  സിനിമയിൽ മുൻനിരയിലെത്തിയ   പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജിയെം, മലയാള സിനിമ സംഗീത രംഗത്തെ പുതിയ വാഗ്ദാനമായ പ്രശസ്ത സിനിമ ഗാനരചയിതാവ്  ജോ പോൾ ഇവരെല്ലാമായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾ.  

ശനിയാഴ്ച്ച രാവിലെ നടത്തപ്പെട്ട സൂം മീറ്റിങ്ങിൽ കേരളത്തിൽ നിന്ന്,  ലാനയിലെ അംഗങ്ങൾക്ക് ചിരപരിചിതനായ പ്രശസ്ത  ചെറുകഥാകൃത്ത്‌ അർഷാദ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലത്തെ വായനയും എഴുത്തിനെയും ആസ്പദമാക്കി കാരൂർ കഥകളിലൂടെ അർഷാദ് ബത്തേരി നടത്തിയ സഞ്ചാരം തീർച്ചയായും ഒരു വേറിട്ട അനുഭവമായിരുന്നു. അമേരിക്കയുടെയും കേരളത്തിന്റെയും നാനാഭാഗത്തു നിന്ന് ലാനയുടെ അംഗങ്ങൾ സൂം മീറ്റിങ്ങിൽ പങ്കെടുത്തു. കെ എൽ എസ് മുൻ പ്രസിഡന്റ് അനുപയായിരുന്നു  സൂം മീറ്റിങ് അവതാരക. 

കെ-എൽ- എസ് സ്‌ഥാപക നേതാക്കളിലൊരാളും ആദ്യപ്രസിഡന്റുമായിരുന്ന  മണ്മറഞ്ഞ ശ്രീ മനയിൽ ചാക്കോച്ചന്റെ പേരിലുള്ള 2023 കെ എൽ എസ്‌ ജേക്കബ്‌ മനയിൽ കവിതാ പുരസ്കാരത്തിനു കവിയും അഭിനേത്രിയുമായ ശ്രീമതി ബിന്ദു ടിജി അർഹയായി.  മീറ്റിങ്ങിൽ ഷാജി മാത്യു തന്റെ അമ്മാവനായ  മനയിൽ ചാക്കോച്ചനെ അനുസ്മരിച്ചു ചെറു പ്രസംഗം നടത്തി.  സംവിധായകൻ ഷാജിയെമ്മിൽ  നിന്നും പ്രശസ്തി പത്രവും, കെ. എൽ.എസ് ട്രഷറർ സി.വി. ജോർജിൽ  നിന്നും  ക്യാഷ് അവാർഡും  മത്സര വിജയിയായ ബിന്ദു ടിജി ഏറ്റു വാങ്ങുകയും  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

തുടർന്ന് ബിന്ദു റ്റിജിയുടെ നേതൃത്വത്തിൽ  നടന്ന കവിതാ ചർച്ചയിൽ സിനിമ ഗാനരചയിതാവായ ജോ പോൾ, സാഹിത്യ സംഗീത ആസ്വാദകയും റിട്ടയേർഡ് അധ്യാപികയുമായ സാറ ടീച്ചർ, കവി പ്രിയ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.  കവിതയുടെ ആഴങ്ങളെന്ന വിഷയത്തെ അസ്പദമാക്കി ബിന്ദു ടിജി സംസാരിച്ചു. വിവിധ തലമുറകൾ കവിതയെ നോക്കിക്കാണുന്ന രീതിയിലെ വൈവിധ്യം ചർച്ചയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാം. 

 അനിലാൽ ശ്രീനിവാസന്റെ നേതൃത്വത്തിൽ "കഥ വരുന്ന വഴി"യെക്കുറിച്ചുള്ള ചർച്ച നടന്നു. രസകരമായിരുന്ന ഈ ചർച്ചയിൽ എഴുത്തുകാരായ തമ്പി ആന്റണി, ശങ്കർ മന, ഷാജു ജോൺ എന്നിവരായിരുന്നു പാനലിസറ്റുകൾ.
അനിലാലിന്റെ പുതിയ പുസ്തകമായ ഫിത്ർ സകാത്തിന്റെ കവർ പ്രകാശനം തമ്പി ആന്റണി നിർവഹിച്ചു. 

ഡാലസിലെ യുവജനങ്ങളുടെ ഹരമായ  ഹ്രസ്വചിത്രസംവിധായക ജിജി സ്‌കറിയയുടെ നേതൃത്വത്തിൽ നടന്ന സിനിമയും പോപ്കോണും എന്ന സിനിമാസാഹിത്യചർച്ചയിൽ ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ അനിലാൽ ശ്രീനിവാസൻ, പ്രസിദ്ധസിനിമാസംവിധായകൻ ഷാജിയെം, സിനിമഗാനരചയിതാവായ  ജോ പോൾ എന്നിവർ നലിസ്റ്റുകളായിരുന്നു.  പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിൽക്കുന്ന വലിയ സിർക്കോയ മരങ്ങളുടെ ചുവട്ടിൽ വട്ടംകൂടിയിരുന്നു നടത്തിയ ഈ കൂട്ടായ്മ ചിരിക്കും ചിന്തക്കും ഒപ്പം വഴി നൽകി. 

ഡാളസിലെ നാടകരംഗത്തെ നിറ സാന്നിധ്യമായ ഹരിദാസും സന്തോഷ് പിള്ളയും ജയമോഹനും ചേർന്ന് ഡാലസ്‌ ഭരതകലാ തീയറ്റേഴ്സിന്റെ ബാനറിൽ തിരക്കഥ തയാറാക്കിയ എഴുത്തച്ഛൻ നാടകത്തിന്റെ  വീഡിയോ റെക്കാർഡിംഗ്‌ ശനിയാഴ്ച്ച വൈകിട്ടു പ്രദർശ്ശിക്കപ്പെട്ടു. തലമുതിർന്ന സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ സാറിന്റെ “തീക്കടൽ കടഞ്ഞ്‌ തിരുമധുരം”. എന്ന നോവലാണ്   നാടകത്തിന്റെ അടിസ്ഥാനം. പ്രദർശ്ശനത്തെ തുടർന്നു  കാണികളുടെ ചോദ്യങ്ങൾക്ക്‌ രംഗ-സംവിധായകരിലൊരാളും സഞ്ചാരസാഹിത്യകാരനും കെഎൽ എസ്‌ അംഗവുമായ സന്തോഷ്‌ പിള്ള ഉത്തരം നൽകി.

സാഹിത്യവും സംഗീതവും സിനിമയും നാടകവും  ഒരു കുടക്കീഴിൽ ചർച്ചക്കെടുത്ത്  നടത്തിയ മീറ്റിങ്ങിനെ പങ്കെടുത്തവർ പ്രശംസിച്ചു.   യൂണിവേഴ്സിറ്റി ഓഫ്‌ ആസ്റ്റിൻ പ്രൊഫെസ്സർ ദർശ്ശന മനയത്തും പത്രപ്രവർത്തകരായ  പി പി ചെറിയാൻ, സണ്ണി മാളിയേക്കൽ, തുടങ്ങിയവരും കെഎൽ എസ്സിന്റെയും ലാനയുടെയും അംഗങ്ങളും എഴുത്തുകാരുമായ അനിലാൽ എസ്‌, ജോസ്‌ ഓച്ചാലിൽ, മീനു എലിസബത്ത്, സി. വി ജോർജ്ജ്‌ , അനശ്വർ മാമ്പള്ളി, സന്തോഷ്‌ പിള്ള, അനുപ, ബാജി ഓടംവേലി സാറ ടീച്ചർ തുടങിയവരും  സജീവമായി പങ്കെടുത്തു.
മദേർസ് ഡേയും നേഴ്സസ് ഡേയും ഒരുമിച്ചു വന്ന ഞായറാഴ്ച  അമ്മമാമാരെയും നേഴ്‌സുമാരെയും  ആദരിക്കുവാൻ  സംഘാടകർ  മറന്നില്ല.  റോസാപ്പൂക്കളും ചോക്ക്ലേറ്റുകളും പാട്ടുകളും കവിതകളും  ചെറു പ്രസംഗങ്ങളുമായി അമ്മമാരുടെ ദിനം അതീവ മനോഹരമാക്കിയത്‌ അമ്മമാരും നേഴ്‌സുമാരും നന്ദിയോടും സ്നേഹത്തോടും ഏറ്റുവാങ്ങി. 

ട്രഷറാർ സി. വി. ജോർജ് സാമ്പത്തിക ക്രമീകരണങ്ങളും രജിസ്‌ട്രേഷനും അതീവ കൃത്യതയോടെ നിർവഹിച്ചു. 
ജിജി സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ ട്രാൻസ്‌പോർട്ടേഷനും നടന്നത്.   യൂത്ത് ഓഫ് ഡാലസ് എന്ന സംഘടനയുടെ ചെറുപ്പക്കാരും അതിനായി സമയോചിതമായി പ്രയത്നിച്ചു. ജിജി. സ്‌കറിയയുടെ നിസ്വാർത്ഥ സേവനം ക്യാമ്പിന്റെ പല മേഖലയിലും സുവ്യക്തമായിരുന്നു. 

മീനു എലിസബത്ത്, സുനിത ഹരിദാസ്, എന്നിവരാണ്  ഭക്ഷണ ക്രമീകരണങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത്. ആൻസി  ഓച്ചാലിൽ, റോസമ്മ ജോർജ്, ഡോ: നിഷ ജേക്കബ്, ജൂലി രാജേഷ്, മിനി ബാജി, അൽഫോൻസാ ഷാജു, ഷാജി മാത്യു, ജിജി സ്കറിയ, മഞ്ജു ജിജി, ബാജി ഓടംവേലിൽ, ഷിജു എബ്രഹാം എന്നിവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു. 

സമയ സംബന്ധിതമായി രുചിയും വ്യത്യസ്ഥതയുമുള്ള ഭക്ഷണം വിളമ്പിയ ഫുഡ് കമ്മിറ്റി അംഗങ്ങൾക്കു വിരുന്നുകാരുടെയും വീട്ടുകാരുടെയും അഭിന്ദനങ്ങൾ ധാരാളം ലഭിക്കുകയുണ്ടായി. 

കെ എൽ എസ് അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചു തന്റെ സ്വന്തം മൈക്കു സിസ്റ്റവുമായി വന്നു ക്യാമ്പിന്റെ ഒഴിവു സമയങ്ങളിലും സന്ധ്യകളിലും  പാട്ടും ഗാനമേളയുമായി അംഗങ്ങൾക്കൊപ്പം കൂടിയ ചാക്കോ വർക്കിയുടെ (ഷാജി)  നിസ്വാർത്ഥ സേവനം ഇതിന്റെ കൂടെ ചേർത്തെഴുതുന്നു.  

കൗ ബോയ് , കൗ ഗേൾ വേഷത്തിൽ അംഗങ്ങൾ കുതിരലായങ്ങൾ സന്ദർശിക്കുകയും ജിജി സ്‌കറിയയുടെ ക്യാമറക്ക് മുന്നിൽ പാട്ടു പാടി നൃത്തം ചെയ്‌തതുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. സ്കാർഫും കൗബോയ് ഹാറ്റും അണിഞ്ഞു "മിയ"എന്ന റാഞ്ച്‌ ഹോഴ്‌സിനൊപ്പം ചിത്രമെടുക്കൽ  സംഘടിപ്പിച്ച കമ്മിറ്റിക്കാർക്ക് ഹാറ്റ്സ് ഓഫ് കൊടുത്തേ മതിയാകു. 
സന്ധ്യാസമയങ്ങളിൽ തുടങ്ങിയ അന്താക്ഷരിയിൽ  പാതിരാവു വരെ അംഗങ്ങൾ പങ്കെടുത്തു രസിച്ചു. ഹരിദാസും ഷാജുവും ഗാനമേളകൾക്കു നേതൃത്വം നൽകി.  സ്വിമ്മിങ് പൂളിനരികിലെ ക്യാമ്പ് ഫയറും മാഷ്മെലോ റോസ്റ്റിങ്ങും ഡാൻസും കവിത ചൊല്ലലും പാട്ടുമെല്ലാമായി രണ്ടു രാവുകൾ പെട്ടെന്ന് തീർന്നപ്പോൾ പിരിഞ്ഞു പോകൽ എപ്പോഴത്തേയും പോലെ പ്രയാസമായിരുന്നു. 

ഡാളസ് ഫോർട്ട് വർത്ത് എയർപോർട്ടിൽ മിന്നും ഒരുമണിക്കൂർ ദൂരത്തിൽ ഒബ്രിയെന്ന ചെറിയ ഒരു ഗ്രാമത്തിൽ ഏകദേശം മുപ്പതുഏക്കറിൽ ധാരാളം മരങ്ങളും കാടുകളും മനോഹരമായ നീലത്തടാകങ്ങളും  വിശാലമായ നടപ്പാതകളും കുതിരലായങ്ങളിൽ നിറയെ കുതിരകളും നിറഞ്ഞ വിൻഡ് ഹെവൻ റാഞ്ചിലായിരുന്നു ഈ സമ്മേളനം. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു പ്രകൃതി രമണീയവും ശാന്തവും സ്വസ്‌ഥവുമായ റാഞ്ചിന്റെ വശ്യത അംഗങ്ങൾക്ക് എന്ത് കൊണ്ടും പുതിയ ഒരു അനുഭവം തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. 
2025 ലെ ലാനയുടെ  ലിറ്റററി ക്യാമ്പ് നാഷ് വിൽ ടെന്നസിയുടെ മലമടക്കുകളിൽ നടക്കുമ്പോൾ ഇതിലും മനോഹരമായിരിക്കട്ടെയെന്നു നമുക്ക് ആഗ്രഹിക്കാം. ആശംസിക്കാം.  

അതീവവിജയമായിരുന്ന ക്യാമ്പിന്റെ പ്രധാനസംഘാടകത്വം ലാനയെ പ്രതിനിധീകരിച്ച്‌ ലാന സെക്രട്ടറി സാമുവൽ യോഹന്നാനും കേരളാലിറ്റററി സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ഹരിദാസ് തങ്കപ്പനും  നിർവ്വഹിച്ചു. ലാന പ്രസിഡന്റ് ശങ്കർ മനയിലിന്റെയും  കെ .എൽ. എസ് പ്രസിഡന്റ് ഷാജു ജോണിന്റെയും ട്രഷറർ സി.വി ജോർജിൻറ്റെയും ജോയിന്റ്‌ ട്രഷറാർ അനശ്വർ മാമ്പിള്ളിയുടെയും  ഫുഡ് കമ്മിറ്റി ചെയർ മീനു എലിസബത്തിന്റെയും  പിന്തുണ സ്തുത്യർഹമായി. 
ഈ മീറ്റിങ്ങിനു സാമ്പത്തിക സഹായങ്ങൾ തന്നു സഹായിച്ചവർ താഴെ പറയുന്ന വ്യക്തികളും അവരുടെ സ്ഥാപനങളുമാണു്. 

ഷിജു എബ്രഹാം ഫിനാഷ്യൽ സെർവിസ്സസ്‌( ഷിജു എബ്രഹാം ),  കേറ്റർ ട്റ്റു യു ഹോം ഹെൽത്ത് കെയർ , ടെക്സാസ് ഹോസ്പിസ് സെർവിസ്സ് ഹെൽത്ത് കെയർ, ( ഷാജു ജോൺ ) , എം എസ് എൽ ഹെൽത്ത് കെയർ( റോയി പി.ടി ആൻഡ് ലീലാമ്മ ഐസക്) , ടൊയോട്ട ഓഫ് പ്ളാനോ ( അൻവർ അച്ചൻകുഞ്) ന്യൂയോർക്ക് ലൈഫ് (സാമുവൽ യോഹന്നാൻ), ഇമ്പാക്ട് ടാക്സ് ( സുബിൻ മാത്യൂസ് സി പി എ), ടെക്സാസ് പ്രോപ്പർട്ടി ബ്രോക്കേഴ്‌സ് - (അനിൽ മാത്യു )

ചെറിയാൻ ചൂരനാട് എയർ കണ്ടീഷൻ, ജോജോ കാർ റിപ്പയർ (ജോജോ കോട്ടക്കൽ), സണ്ണി ജോർജ് എ സി റിപ്പയർ എന്നിവർ ഏല്ലാവർക്കും സംഘാടകരുടെ നന്ദി.

നവംബർ ഒന്ന് രണ്ടു മൂന്നു തീയതികളിൽ  ന്യൂ യോർക്കിൽ വെച്ച് നടക്കുന്ന ലാന മീറ്റിങ്ങിൽ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ വിന്റർ  ഹെവൻ   റാഞ്ചിൽ നിന്നും  വിട പറയുമ്പോൾ അവിസ്മരണിയായ മൂന്നു ദിവസങ്ങൾ എത്ര പെട്ടെന്ന് കഴിഞ്ഞു പോയെന്ന അത്ഭുതമായിരുന്നു എല്ലാവര്ക്കും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.