LITERATURE

കാതിലെ കമ്മല്‍ ആടുജീവിതം കൊണ്ടു പോയി

Blog Image
മൂന്നു വര്‍ഷത്തോളം അനുഭവിച്ച നരകയാതനയുടെ അവസാനം നജീബിനേയും ഹക്കിംനേയും രക്ഷപ്പെടുത്താന്‍ ദൈവം അയച്ചതുപോലെ ഇബ്രാംഹിം എന്ന ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ആ മനുഷ്യന്‍ കാണിച്ചു കൊടുത്ത പാതയില്‍ കൂടി ഇവര്‍ മൂന്നു പേരും പ്രതീക്ഷ കൈവിടാതെ മരുഭൂമിയില്‍ കൂടി വെള്ളം പോലും കിട്ടാതെ മണിക്കൂറുകള്‍ നീളുന്ന യാത്ര.

ഏപ്രില്‍ 1ാം തീയതി څആടു ജീവിതംچ കാണുവാനുള്ള ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് സീറ്റ് ഉറപ്പ് വരുത്തി.  പിറകിലത്തെ നിരയില്‍ തന്നെ സീറ്റ് കിട്ടി. എപ്പോഴും ആ ഭാഗ്യം ഉണ്ടാകാറില്ല.പടം കാണുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് വീട്ടിലെ ബുക്കു ഷെല്‍ഫില്‍ ഇരിക്കുന്ന ബന്യാമിന്‍റെ ആടുജീവിതം പുസ്തകത്തെ കുറിച്ച് ഓര്‍ക്കുന്നത്. ഇതുവരെ വായിക്കാത്ത ആ നോവല്‍, സിനിമ കാണുന്നതിനു മുന്‍മ്പ് വായിച്ചു തീര്‍ക്കണമെന്ന് ആഗ്രഹിച്ചു. ചിലപ്പോള്‍ ഈ സിനിമ തന്നെ ആടുജീവിതം  നോവല്‍ വായിക്കാനുള്ള ഒരു നിമിത്തമായിരിക്കാം.
 തീയേറ്ററില്‍ പോയി പടം കാണുന്നതിന് മുന്‍മ്പ് തന്നെ  നോവല്‍ വായിച്ചു തിര്‍ക്കുവാന്‍ സാധിച്ചു. കഥ വായിച്ചതിനു ശേഷം പടം കാണുവാന്‍ പോകുന്നത് ഇത് ആദ്യമായാണ്. വായന തുടങ്ങിയ നിമിഷം മുതല്‍ ആ ബുക്ക്  താഴെ വയ്ക്കുവാന്‍ തോന്നിയില്ല. ഓരോ പേജുകള്‍ മറിക്കുമ്പോഴും വിശദീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള വൈകാരിക തലത്തിലേക്ക് ആരേയും കൊണ്ട് എത്തിക്കും. പച്ചയായ ഒരു മനുഷ്യന്‍ മൂന്നു വര്‍ഷത്തോളം മരുഭൂമിയില്‍ അനുഭവിച്ച കരളലിയിക്കുന്ന കഥ.  
പടം കാണുന്നതിനു വേണ്ടി ടെക്സാസിലെ ലൂയിസ്വില്ലാ ڇസിനിമാര്‍ക്ക്ڈ് തീയേറ്ററിലേക്ക് കടന്നു. സിനിമയുടെ ആദ്യഭാഗം തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തലത്തിലുള്ള അവതരണമായിരുന്നു. പുസ്തകം വായിച്ചതിലും വളരെ നല്ല രീതിയിലായിരുന്നു വെള്ളിത്തിരയില്‍ കാണുവാന്‍ സാധിച്ചത്.
 സ്പനം കണ്ട നാട്ടില്‍ നജീബ് കാലുകുത്തിയപ്പോള്‍ ആ മുഖത്തു പ്രതിഫലിക്കുന്ന സന്തോഷം വളരെ വലുതായിരുന്നു. അവന്‍ ഒറ്റക്കായിരുന്നില്ല, അവന്‍റെ കൂടെ ഹക്കിം എന്ന പേരുള്ള ഒരു പയ്യനും ഉണ്ടായിരുന്നു. രണ്ടുപേരും പോകുന്നത് ഒരു കമ്പനിയിലേക്കാണ്. പയ്യന്‍റെ ഉത്തരവാദിത്വം കൂടി അവന്‍റെ ഉമ്മ നജീബിനേയാണ് ഏല്‍പ്പിച്ചിരിക്കുന്നത്
 അവരെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ വരുന്ന സ്പോണ്‍സറെ പ്രതീക്ഷിച്ചു കൊണ്ടുള്ള കാത്തു നില്‍പ്പ്, സമയം അതിന്‍റെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു. സമയം അങ്ങിനെയാണല്ലോ ലോകത്ത് ആര്‍ക്ക് എന്തു സംഭവിച്ചാലും എനിക്ക് അതില്‍ ഒരു പങ്കും ഇല്ല എന്ന മട്ടില്‍ ഒഴുകി കൊണ്ടേയിരിക്കും. വൈകുന്നേരത്തോടു കൂടി എയര്‍പോര്‍ട്ടില്‍ എത്തിയ അവര്‍ രാത്രി എത്തിയിട്ടും ആരേയും കാണാതെ വിഷമിച്ചു നില്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
ഭാഷ അറിയില്ല, പുതിയ നാട്, ചുറ്റുപാടുമുള്ള ആരേയും പരിചയമില്ല. വീട് പണയപ്പെടുത്തിയും കടം മേടിച്ചും തരപ്പെടുത്തിയ വിസ, അമ്മയേയും ഭാര്യയേയും കൂട്ടുകാരേയും എല്ലാം വിട്ട് ഒരു പെട്ടിയും തൂക്കി കൈയ്യില്‍ വിസയും പിടിച്ച് തങ്ങളെ ഇപ്പോള്‍ കൂട്ടി കൊണ്ടു പോകാന്‍ ആള് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള ആ നില്‍പ്പ്. ആ പേടിപ്പെടുത്തുന്ന നിമിഷത്തെ വെള്ളിത്തിരയില്‍ അതിന്‍റെ ഒരു അന്തസത്തയും വിടാതെ  അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളത് സിനിമ കണ്ടാല്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു.
രണ്ടുപേരും പരസ്പരം എന്തു ചെയ്യണമെന്ന് അറിയാതെ മുഖാമുഖം നോക്കുന്നു.  അവര്‍ യാചനാ ഭാവത്തോടു കൂടി ചുറ്റുപാട് വീക്ഷിക്കുന്നു. സഹായിക്കാന്‍ ആരുമില്ല. സമയം നീളുന്തോറും അവരെ പിടിപെടുന്ന ഒരു ആശങ്ക. 
ഞാന്‍ ഇരിക്കുന്ന ആ സ്ഥാനത്തു നിന്ന് ഒന്ന് അനങ്ങാന്‍ പോലും സാധിക്കാതെ ശ്വാസം പിടിച്ചിരുന്നാണ് ആദ്യ ഭാഗങ്ങള്‍ കണ്ടിരുന്നത്. അപ്പോഴാണ് കാതില്‍ കിടന്ന കമ്മല്‍  അതിന്‍റെ കൊളുത്തു വിട്ട് എന്‍റെ മടിയിലേക്കു വീഴുന്നത് ആ കമ്മല്‍ എടുക്കുവാന്‍ പോലും കൂട്ടാക്കാതെ കണ്ണുകള്‍ സ്ക്രീനിലേക്ക് തന്നെ തറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് ശ്രദ്ധ തിരിച്ചു വിട്ട് കമ്മല്‍ നോക്കിയപ്പോള്‍ അത് വീണ സ്ഥലത്തു നിന്നും മാറിപോയികഴിഞ്ഞിരുന്നു.
എന്‍റെ മടിയില്‍ നിന്ന് രണ്ടു കസേരയുടെ ഇടയിലേക്ക് വീണു പോയിട്ടുണ്ടാകാം. അതു പിന്നെ തപ്പാമെന്നു വിചാരിച്ചു അല്ലങ്കിലും സിനിമ ഓടികൊണ്ടിരിക്കുന്ന തീയേറ്ററിലെ ഇരുട്ടിനുള്ളില്‍ കമ്മല്‍ അന്യേഷിച്ച് പോകാന്‍ പറ്റുകയില്ലല്ലോٹ
ഈ സമയത്ത് സ്ക്രിനില്‍ കാണുന്നത് ഒരു അറബി ഓടി കിതച്ചു വരുന്നുٹ ആരേയോ അന്യേഷിക്കുന്നു. പെട്ടെന്ന് ഇവരുടെ അടുക്കല്‍ വരുന്നു. പാസ്പേര്‍ട്ട് മേടിക്കുന്നു. നോക്കുന്നു.  അറബിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഇവര്‍ അറബിയെ അനുഗമിക്കുന്നു. അങ്ങിനെ അറബിയുടെ വണ്ടിയില്‍ കയറുന്നു. എല്ലാം വളരെ പെട്ടന്ന് നടന്നു കഴിഞ്ഞു.
ആ വണ്ടിയെ കുറിച്ചുള്ള വിവരണം നോവലില്‍ ക്യത്യമായി പറയുന്നുണ്ട്. ഒരു പഴയ പൊട്ടി പൊളിഞ്ഞ പിക്ക്അപ്പ് ആയിരുന്നു. സീറ്റിന്‍റെ കുഷ്യനിളകി സ്പ്രിംഗുകള്‍ വെളിയില്‍ കാണാമായിരുന്നു. വണ്ടിയിലെ പെയിന്‍റ് ഇളകി തുരുമ്പു പിടിച്ചിരുന്നു. കയറിന്‍റെ സഹായത്തോടെയാണ് വാതിലുകള്‍ അടച്ചിരുന്നത്. നജീബ് പറയുന്നത് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വണ്ടിയായിട്ടാണ് ഈ പിക്ക് അപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വണ്ടിയുടെ അവസ്ഥ അറിയണമെങ്കില്‍ സ്ക്രിനിലില്‍ കാണുന്നതിലും കൂടുതല്‍  മനസിലാക്കാന്‍ സാധിച്ചത് നോവലില്‍ നിന്ന് ആണ് 
ഭാഷ മനസിലാകുന്നില്ല. വേറെ വഴികള്‍ ഒന്നുമില്ലാതെ ഈ അറബിയെ പിന്‍തുടരുവാന്‍ മാത്രമേ സാധിക്കുകയുണ്ടായിരുന്നുള്ളു. ദാഹിച്ചു വലഞ്ഞ ഇവര്‍ക്ക് ഒരു തുള്ളി വെള്ളം പോലും അറബി കൊടുക്കുവാന്‍ കൂട്ടാക്കുന്നില്ല.
മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ വണ്ടി നിര്‍ത്തി ഹക്കിംമിനെ മാത്രം ഇറക്കി ഒരു മസറയിലേക്ക് വിടുന്നു. നജീബ് അവന്‍റെ കൂട്ടത്തില്‍ പോകുവാന്‍ ഒരു ശ്രമം നടത്തി നോക്കി എന്നാല്‍  അറബി അതിനു അനുവാദം കൊടുത്തില്ല. അവിടെ നിന്ന് വേറൊരു മസറയിലേക്ക് നജിബിനേയും അയയ്ക്കുന്നു. അങ്ങിനെ നജീബും ഹക്കിം വേര്‍പിരിയുന്നു. ആടുകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തിനാണ് മസറ എന്നു പറയുന്നത്. മരുഭൂമിയുടെ മണലില്‍ നജീബ്  കിടന്നു കാണുന്ന സ്വപ്നം. നാട്ടില്‍ മണല്‍ വാരുന്നതും ഭാര്യ സൈനുമായി കഴിച്ചു കൂട്ടിയ നാളുകള്‍ ഇതെല്ലാം അതിമനോഹരമായ ഒരു ദ്യശ്യാവിഷ്ക്കാരമായിരുന്നു.
 മറപുരയില്‍ കുളിച്ചു കൊണ്ടിരിക്കുന്ന സൈനുവിനെ  പൊക്കിയെടുത്തു കൊണ്ടു പോയി നീന്തല്‍ പഠിപ്പിക്കാനായി ആറ്റിലെ വെള്ളത്തിലേക്ക് എറി്യുന്ന സീനുകളൊക്കെ അവിശ്വസിനമായി തോന്നുന്നതായിരുന്നു.
കുറച്ചു ലാഗിംങ്ങായി മരുഭൂമിയിലെ ചിത്രികരണത്തില്‍ ഉണ്ടായതായി എനിക്കു തോന്നി, മറ്റുള്ളവര്‍ക്ക് അത് ഒരു മികച്ച ചിത്രികരണമായി തോന്നിയിരിക്കാം. വെള്ളത്തില്‍ കിടന്നു മണല്‍ വാരുന്ന ജോലി ചെയ്തിരുന്ന ഒരാളായിരുന്നു നജീബ്. ദിവസത്തിന്‍റെ നല്ല സമയവും മണലും വെള്ളവും ആയി കഴിഞ്ഞിരുന്ന ആ മനുഷ്യന്‍റെ മുന്‍മ്പില്‍ ഇപ്പോള്‍ ഒരു തുള്ളി വെള്ളം കിട്ടാനില്ലാത്ത മണലാരണ്യം മാത്രം 
ഹക്കിംനെ അവതരിപ്പിച്ച ഗോകുല്‍ വളരെ നല്ല ഒരു അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്. ആ പയ്യന്‍റെ അഭിനയം തുടക്കം മുതലേ നന്നായിരുന്നു. പ്യഥ്വിരാജ് (നജീബ് ) മരുഭൂമിയില്‍പ്പെട്ടു എന്നു മനസിലായ സമയത്ത്  ഭാര്യയെ ചങ്കു പൊട്ടി വിളിക്കുന്ന ഒരു വിളിയുണ്ട് ڇ സൈനൂٹ.ڈ ആ വിളി കേട്ടാല്‍ ആരുടേയും ചങ്ക് കലങ്ങി പോകും. 
വിശക്കുമ്പോള്‍ നജീബിന് അറബി കൊടുത്തിരുന്ന ഭക്ഷണം ആണ് ഖുബൂസ്. ഒരുതരം കട്ടിയുള്ള ചപ്പാത്തി പോലെ തോന്നി. അതു വെറുതെ അല്ലങ്കില്‍ വെള്ളത്തില്‍ മുക്കി കടിച്ചു പറിച്ചു തിന്നുന്നതു കണ്ടപ്പോള്‍ വല്ലാത്ത ഒരു വിഷമം തോന്നി. അതുപോലെ ڇ അര്‍ബാബ് എന്ന പദം നോവലില്‍ ഒരുപാട് സ്ഥലങ്ങളിലായിട്ട് പറയുന്നുണ്ട്. അവരെ കൊണ്ടുപോകാന്‍ എയര്‍പോര്‍ട്ടില്‍ ആരും വരാതെയിരുന്നപ്പോള്‍ അവര്‍ മലയാളി എന്നു തോന്നിക്കുന്ന ഒരാളോടു അവരുടെ നിസാഹായതയെ കുറിച്ച് പറയുമ്പോള്‍ ആ മനുഷ്യന്‍ പറയുന്നുണ്ട് നിങ്ങളുടെ ڇഅര്‍ബാബ്ڈ ഉടനെ വന്നു കൊണ്ടു പോകും.  അര്‍ബാബ് എന്നു പറഞ്ഞാല്‍ ڇരക്ഷകന്‍ڈ എന്നാണ് അര്‍ത്ഥം.  നജീബിനെ ആടുജീവിതത്തിലേക്ക് വിട്ട ആളിനേയും വിളിക്കുന്നത് അര്‍ബാബ് എന്നാണ്  അവിടെ രക്ഷകനായിട്ടല്ല ശിക്ഷകനായിട്ടു മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു
മൂന്നു വര്‍ഷത്തോളം അനുഭവിച്ച നരകയാതനയുടെ അവസാനം നജീബിനേയും ഹക്കിംനേയും രക്ഷപ്പെടുത്താന്‍ ദൈവം അയച്ചതുപോലെ ഇബ്രാംഹിം എന്ന ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ആ മനുഷ്യന്‍ കാണിച്ചു കൊടുത്ത പാതയില്‍ കൂടി ഇവര്‍ മൂന്നു പേരും പ്രതീക്ഷ കൈവിടാതെ മരുഭൂമിയില്‍ കൂടി വെള്ളം പോലും കിട്ടാതെ മണിക്കൂറുകള്‍ നീളുന്ന യാത്ര. പാതി വഴിയില്‍ വച്ച് ഹക്കിം മരണത്തിന് കീഴടങ്ങി മണ്ണിനടിയിലാകുന്നു അത് മറ്റൊരു കരളലിയിപ്പിക്കുന്ന ദ്യശ്യം ആയിരുന്നു. പിന്നീട് സംഭവിക്കുന്നത് ഒരു ഉറക്കം കഴിഞ്ഞ് നജിബ് എഴുന്നേല്‍ക്കുമ്പോള്‍ വഴികാട്ടിയായി കൂടെ ഉണ്ടായിരുന്ന ഇബ്രാഹിംനെ കാണുന്നില്ല. ആ മനുഷ്യന്‍ പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. അങ്ങിനെ മൂന്നു പേരില്‍ തുടങ്ങിയ യാത്ര ഒരാള്‍ മാത്രമായി അവശേഷിച്ചു. നജിബ് അപ്പോഴേക്കും റോഡിന്‍റെ വളരെ അടുത്ത് എത്തികഴിഞ്ഞിരുന്നു.  ഇബ്രാഹിം ഒരു പക്ഷെ  നജിബിനെ രക്ഷിക്കാന്‍ വന്ന ഒരു ദൈവദൂതനായിരിക്കാം. പക്ഷെ ഈ ഇബ്രാഹിംമിന്‍റെ ഫോട്ടോ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ പേലീസ് സ്റ്റേേഷനില്‍ നജിബ് കാണുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ റോള്  എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല.

ധാരാളം കടമ്പകള്‍ തരണം ചെയ്ത് അവസാനം നജീബ് മാത്രമേ ാഡ്േ കാണുവാന്‍ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളു. റോഡ് കണ്ടു കഴിഞ്ഞപ്പോള്‍ ഏതെങ്കിലും വണ്ടിയില്‍ കയറി നഗരത്തില്‍ എത്തണം എന്ന ചിന്തയില്‍ പല വണ്ടികള്‍ക്കും കൈയ്യ് കാണിക്കുന്നുണ്ട്, നജീബിനെ ഇടിക്കാന്‍ അടുത്തെത്തുകയും വെട്ടിച്ചു പോകുന്ന അറബി ഡ്രൈവര്‍ സഹായിക്കാന്‍ കൂട്ടാക്കാതെ ചീത്ത വാക്കുകള്‍ പറയുകയും അടുത്ത നിമിഷത്തില്‍ ആ നാവു കൊണ്ടു തന്നെ ڇ അള്ളാ രക്ഷിക്കണെڈ എന്നു പറഞ്ഞു കൊണ്ട് അറബി വണ്ടി ഓടിച്ചു പോകുന്നു.
അശരണനും നിരാംലമ്പനുമായ  ഒരാളെ വഴിയില്‍ കണ്ടിട്ട് അവനെ ഉപേക്ഷിച്ചു പോയിട്ട് വിളിക്കുന്ന ڇഅള്ളാڈക്ക് എന്ത് അര്‍ത്ഥം ആണ് ഉള്ളത് എന്ന് തോന്നിപോകും. പക്ഷെ അറബികളെ നമുക്ക് കൂട്ടത്തോടെ കുറ്റപ്പെടുത്തുവാന്‍ സാധിക്കില്ല എന്നുള്ള ഒരു തിരിച്ചറിവ് കൂടി ഈ സിനിമയില്‍  തരുന്നുണ്ട്. അതായത് എല്ലാം നഷ്ടപ്പെട്ട് രക്ഷിക്കണേ എന്നു വിളിച്ചു കരയുമ്പോള്‍  നജിബിന് രക്ഷകനായി വരുന്നതും ഒരു അറബി തന്നെയാണ്.ആ അറബിയുടെ കാറില്‍ ഇരുന്ന് വെള്ളത്തിനു വേണ്ടി നജിബ് യാചിക്കുമ്പോള്‍ ഒരു ബോട്ടില്‍ വെള്ളം എടുത്തുകൊടുക്കുന്നുണ്ട്. സഹ്യദയനായ ആ അറബിയാണ് നജിബിനെ പട്ടണത്തില്‍ കൊണ്ടു വിടുന്നത്. 
ഇവിടെ തോന്നിയ മറ്റൊരു കാര്യം എയര്‍പോര്‍ട്ടില്‍ നിന്നു കയറിയ ആ പഴയ പിക്ക് അപ്പില്‍ ഇരുന്ന് അറബിയുടെ ദേഹത്തു നിന്നു വമിക്കുന്ന ദുര്‍ഗന്ധം നജിബിനേയും ഹക്കിംമിനേയും അലോസരപ്പെടുത്തുണ്ടായിരുന്നു. ഇപ്പോള്‍ കാണുന്ന രംഗം തിരിച്ചാണ് അതായത് അറബിയുടെ വിലപിടിപ്പുള്ള   കാറില്‍ നജീബ് ഇരിക്കുന്നു നജീബിന്‍റെ ദേഹത്തു നിന്നു വരുന്ന ദുര്‍ഗന്ധം അവനെ രക്ഷപ്പെടുത്തുന്ന അറബിയെ അസ്ഥനാക്കുന്നുണ്ട്. ഇവിടെയാണ് അര്‍ബാബ് എന്ന വാക്കിന്‍റെ അര്‍ത്ഥം ശരിക്കും അന്വര്‍ത്ഥമാകുന്നത്. പിന്നീട് മറ്റൊരു രക്ഷകനായ കുഞ്ഞിക്കായുടെ കടയില്‍ എത്തുന്നു. രക്ഷപ്പെടാനുള്ള ഒരു പ്രകാശം അവിടെ നിന്ന് ആരംഭിക്കുന്നു. 
സിനിമയുടെ അവസാനം കുറച്ചു കൂടി വ്യക്തത കൊടുക്കണമായിരുന്നു എന്ന് തോന്നി കഥ വായിച്ചിരുന്നതു കൊണ്ട് അവസാന ഭാഗം മനസിലാക്കിയെടുക്കുവാന്‍ സാധിച്ചു. കുഞ്ഞിക്കായുടെ അടുക്കല്‍ നിന്നു പോലീസ് സ്റ്റേേഷനിലേക്ക് ഹമീദു ആയി പോയതും ( കുഞ്ഞിക്കായുടെ കടയില്‍ നിന്നു കിട്ടിയ പുതിയ കൂട്ടുകാരനാണ് ഹമീദ്) പോലീസ് സ്റ്റേേഷനിലേക്ക് സ്വയം കയറി ചെന്നതും അത് എന്ത് ഉദ്ദേശത്തോടു കൂടിയാണ് അവര്‍ അങ്ങിനെ ചെയ്തത് എന്നുള്ളതിന് വേണ്ടത്ര വിശദികരണം സിനിമയില്‍ കൊടുത്തിട്ടുണ്ടോ എന്നൊരു സംശയം!!!
ബന്യാമിന്‍റെ എഴുത്തില്‍ കൂടിയാണ് അവര്‍ പോലീസ് സ്റ്റേഷനില്‍ എങ്ങിനെ എത്തി എന്നുള്ളത് മനസിലാക്കുന്നത്. അതോ ആ കാര്യങ്ങള്‍ എനിക്കു മാത്രമേ വ്യക്തത കിട്ടാതെ പോയുള്ളോ എന്നറിയില്ല. 
നജീബ് മസറയില്‍ കിടന്നു കഷ്ടപ്പെടുന്നത് കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ജോലി എത്ര നിസാരമെന്ന് തോന്നിപോകും. അങ്ങിനെ ഒരു നല്ല സന്ദേശം കൂടി ഈ പടത്തില്‍ കൂടി കിട്ടി.  സിനിമ തീര്‍ന്നു കഴിഞ്ഞപ്പോള്‍ എന്‍റെ നഷ്ടപ്പെട്ട കമ്മലിനു വേണ്ടി ഞാന്‍ തിരഞ്ഞു. സെല്‍ഫോണിലെ ലൈറ്റ് തെളിച്ചുകൊണ്ട് വളരെ കഷ്ടപ്പെട്ട് സീറ്റിന്‍റെ ഇടയില്‍ കൂടി നോക്കി കുറെ പോപ്പ് കോണ്‍ മാത്രമേ എനിക്കു അവിടെ കാണുവാന്‍ സാധിച്ചുള്ളു. വെള്ളിനിറത്തിലുള്ള സാമാന്യം വലിപ്പം ഉള്ള ഒരു കമ്മലായിരുന്നു. ക്രിസ്മസിന് എന്‍റെ മോന്‍ എനിക്കു വാങ്ങി തന്ന ഗിഫ്റ്റ് ആയിരുന്നു ആ കമ്മല്‍.
കമ്മല്‍ നഷ്ടപ്പെട്ട് തീയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍  മനസിലേക്ക് വന്ന ചിന്ത നജീബിനെ കുറിച്ചായിരുന്നു. സകലതു നഷ്ടപ്പെട്ട് മരുഭൂമിയില്‍ അകപ്പെട്ട നജീബിന്‍റെ മുന്‍മ്പില്‍  ഈ കമ്മലിന്‍റെ നഷ്ടം എത്രയോ നിസാരം. അതുപോലെ മറ്റൊരു സന്ദേശം ഏതു വിഭാഗത്തില്‍പ്പെട്ടവര്‍ ആയാലും അവരുടെ ഇടയിലും നډ മനസുള്ളവരും ഇല്ലാത്തവരും ഉണ്ട് എന്നും കൂടി ഈ കഥയില്‍ കൂടി വരച്ചു കാട്ടുന്നുണ്ട്. ആദ്യം കണ്ട അറബിയും അവസാനം രക്ഷകനായ വരുന്ന അറബിയും അതിന് ഒരു വലിയ ഉദ്ദാഹരണം ആണ്.
 ആടുജീവിതം  രചിച്ച ബന്യാമിന്‍, സംവിധായകന്‍ ബ്ലസി, പ്യഥിരാജ്, ഗോകുല്‍ മറ്റ് എല്ലാം ക്രൂവിനും ഒരു ബിഗ് സല്യൂട്ട്.  മരുഭൂമിയില്‍ കിടന്ന നരകയാചന അനുഭവിച്ച നജീബിനെ ഈ ലോകത്തിന് കാണിച്ചു കൊടുത്തതിന്  ഇവരെ എത്ര  അഭിനന്ദിച്ചാലും മതിയാവുകയില്ല. ഈ ചിത്രം ദേശിയ തലത്തിലും അന്തര്‍ദേശിയ തലത്തിലും നേട്ടങ്ങള്‍ കൊയ്യട്ടെ എന്ന് ആശംസിക്കുന്നു. 

ലാലി ജോസഫ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.