KERALA

സ്ത്രീകളുടെ ‘തിരോധാനങ്ങൾ ’ അന്വേഷണത്തില്‍ കേരളാ പോലീസിന് വീഴ്ചയോ

Blog Image
കാമുകനൊപ്പമുള്ള ഒളിച്ചോട്ടം, ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ കൊലപ്പെടുത്തല്‍, തീവ്രവാദ റിക്രൂട്ട്‌മെന്റ്, പെണ്‍വാണിഭ മാഫിയയുടെ പിടിയില്‍ ഇങ്ങനെ പല കാരണങ്ങളാണ് സ്ത്രീകളെ കാണാതാകുന്നതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ അന്വേഷണം നടക്കുന്നത് ബന്ധുക്കളുടെ കൃത്യമായ സമ്മര്‍ദ്ധമോ മാധ്യമങ്ങളില്‍ വാര്‍ത്തയാകണം എന്ന സ്ഥിതിയാണെന്നും ആരോപണമുണ്ട്.

സ്ത്രീകളുടെ ‘തിരോധാനങ്ങൾ ’ അന്വേഷണത്തില്‍  പോലീസ് കാര്യക്ഷമത ചോദ്യം ചെയ്യുന്നതാണ് മാന്നാറിലെ ശ്രീകല കേസ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ എന്തുകൊണ്ട് അന്വേഷണം നടന്നില്ല എന്നത് ചോദ്യമായി നില്‍ക്കുകയാണ്. ശ്രീകലയെ കാണാതായി എന്ന് കൊലപാതകത്തില്‍ പ്രതി സ്ഥാനത്തുളള ഭര്‍ത്താവ് അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് കാര്യമായ അന്വേഷണം നടത്താതെ കാമുകനൊപ്പം പോയി എന്ന മൊഴി വിശ്വസിച്ച് പോലീസ് കേസ് അവസാനിപ്പിച്ചു. ഇതിനു സമാനമായ രീതിയിലാണ് ഇലന്തൂര്‍ ഇരട്ട നരബലി കേസിലും പോലീസിന് വീഴ്ചയുണ്ടായത്. രണ്ട് സത്രീകളെ കാണാതായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയല്ല. ലോട്ടറി കച്ചവടക്കാരായ തമിഴ്‌നാട് സ്വദേശി പത്മയും വടക്കാഞ്ചേരിയിലെ റോസ്‌ലിനുമായിരുന്നു ഇരകള്‍. 2022 ജൂണിലായിരുന്നു റോസ്‌ലിന്‍ നരബലിക്ക് ഇരയായയത്. റോസ്‌ലിന്റെ മകള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. ആദ്യ നരബലിയില്‍ പിടിക്കപ്പെടാതിരുന്നതോടെയാണ് പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവര്‍ വീണ്ടും നരബലി നടത്തിയത്. കൂടാതെ ഇരകളുടെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പത്മയെ കാണാതായി മാസങ്ങളായിട്ടും വിവരം ഒന്നും ലഭിക്കാത്തിനെ തുടര്‍ന്ന് മകന്‍ നിരന്തരം പോലീസിന് പിന്നാലെ നടന്നതോടെയാണ് അന്വേഷണം നടന്നതും നരബലിയുടെ വിവരങ്ങള്‍ പുറത്തു വന്നതും.

സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2017മുതല്‍ 2021വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കില്‍ കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ 35,336 സ്ത്രീകളാണ്. ഇതില്‍ 170പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റുളളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഈ 170 പേര്‍ എവിടെയാണെന്ന് പോലീസിന് ഒരു വിവരവുമില്ല. ഈ കേസുകളില്‍ പലതും കാമുകനുമായുള്ള ഒളിച്ചോട്ടമായി കണക്കാക്കി അവസാനിപ്പിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ വലിയ വര്‍ദ്ധനയാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്. 2020ല്‍ 12659, 2021ല്‍ 16199, 2022ല്‍ 18943, 2023ല്‍ 18980, 2024 ഏപ്രില്‍ വരെ 6256 കേസുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീകളെ തട്ടികൊണ്ടു പോയി എന്ന പരാതി 2020ല്‍ 151, 2021ല്‍ 179, 2022ല്‍ 241, 2023ല്‍ 191, 2024 ഏപ്രില്‍ വരെ 38 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2021നു ശേഷം കാണാനില്ല എന്ന പരാതി ലഭിച്ച സ്ത്രീകളില്‍ എത്രപേരെ ഇനി കണ്ടെത്താന്‍ ഉണ്ട് എന്ന കണക്ക് പോലീസ് പുറത്തു വിട്ടിട്ടില്ല. ഇനി കാണാതായത് അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളാണെങ്കില്‍ അതില്‍ കണക്കുമില്ല കേസുമില്ലാത്ത അവസ്ഥയിലാണ്.

കാമുകനൊപ്പമുള്ള ഒളിച്ചോട്ടം, ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ കൊലപ്പെടുത്തല്‍, തീവ്രവാദ റിക്രൂട്ട്‌മെന്റ്, പെണ്‍വാണിഭ മാഫിയയുടെ പിടിയില്‍ ഇങ്ങനെ പല കാരണങ്ങളാണ് സ്ത്രീകളെ കാണാതാകുന്നതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ അന്വേഷണം നടക്കുന്നത് ബന്ധുക്കളുടെ കൃത്യമായ സമ്മര്‍ദ്ധമോ മാധ്യമങ്ങളില്‍ വാര്‍ത്തയാകണം എന്ന സ്ഥിതിയാണെന്നും ആരോപണമുണ്ട്. പല കേസുകളും കാമുകനൊപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവിന്റെയോ ബന്ധുക്കളുടേയോ മൊഴി വിശ്വസിച്ച് കേസ് അവസാനിപ്പിക്കാനുളള തിടുക്കമാണ് പോലീസ് കാണിക്കുന്നത്. പല കേസുകളും പിന്നീട് കൊലപാതകമായി മാറായിട്ടുണ്ട്. എറണാകുളത്തെ രമ്യ കൊലക്കേസ് ഇതിന് ഒരു തെളിവ് മാത്രമാണ്. ഭാര്യയെ കൊന്ന് വാടകവീടിന്റെ മുറ്റത്ത് കുഴിച്ചിട്ട ഭര്‍ത്താവ് പോലീസിനേയും ബന്ധുക്കളേയും അറിയച്ചത് മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ്.

ഐ.ജിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലകളിലെ സി-ബ്രാഞ്ചുകള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും വേഗത പോരാ. പലതവണ ഇത്തരം കേസുകളില്‍ കൃത്യമായ പരിശോധന വേണമെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ അതൊന്നും പ്രഫലിച്ചിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.