മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ പത്താം വാർഷികവും തിരവോണാഘോഷവും വിഭവസമൃദ്ദമായ സദ്യയും വർണാഭമായ കലാപരിപാടികളോടും കൂടി ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് കൊണ്ടാടി
ഷിക്കാഗോ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ പത്താം വാർഷികവും തിരവോണാഘോഷവും വിഭവസമൃദ്ദമായ സദ്യയും വർണാഭമായ കലാപരിപാടികളോടും കൂടി ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് കൊണ്ടാടി. കേരളീയ സദ്യയുടെയും മലയാളിയുടെ രുചിക്കൂട്ടുകളുടെയും പെരുമയെ ആഗോളതലത്തിൽ അഭിനന്ദനാർഹമാക്കിയ പഴയിടം തിരുമേനിയുടെ പാചക വൈഭവം വിളിച്ചോതിയ ഗംഭിര സദ്യയുടെ നേരിട്ടനുഭവം നാവിലൂറും രുചിയോടെയാണ് പ്രായ ഭേദമന്യേ ആഘോഷങ്ങളിൽ പങ്കെടുത്ത ഷിക്കാഗോ മലയാളികൾ പങ്കുവെച്ചത്. 1200ൽ അധികം ആളുകൾക്ക് 3 പായസം ഉൾപ്പടെ 30 വിഭവങ്ങളുടെ സദ്യ വിളബാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം MAGC കമ്മറ്റിയും വോളണ്ടിയർ സംഘവും അറിയിച്ചു.
ഉച്ചതിരിഞ്ഞ് ഹൈസ്കൂൾ തിയറ്റർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ MAGC പ്രസിഡന്റ് സുശീൽ വരയില്ലം അധ്യക്ഷത വഹിച്ച് സംസാരിക്കുകയും ഈ ആഘോഷ പരിപാടികളിൽ നിന്നു സമാഹരിക്കുന്ന മുഴുവൻ തുകയും വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. മുഖ്യാതിഥി ശ്രീ പഴയിടം മോഹനൻ നമ്പൂതിരി ഭദ്ര ദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്യ്തു.
ആഘോഷ പരിപാടികളുടെ ഗോൾഡ് സ്പോൺസർമാരായ പ്രൊഫഷണൽ മോർട്ട്ഗേജ് സൊല്യൂഷൻസിൻറെ അശോക് ലക്ഷ്മണൻ, മൈ ഫോർച്ച്യൂൺ ക്രിയേറ്റേഴ്സിൻറെ രാജേഷ് രവി കുമാർ, ജയ് സി റിയൽറ്റിയുടെ ജയ് ചന്ദ്രൻ, സിൽവർ
സ്പോൺസർമാരായ ആൻറണി പോൾ ജോയ് ആലൂക്കാസ്, രാകേഷ് മധുര കഫേ, ബിജു സക്കറിയ ഫ്ളവേഴ്സ് ടീവി യുഎസ്എ എന്നിവരെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ മിഡ്വെസ്റ്റിലെ പ്രഗത്ഭരായ കലാകാരൻമാരുടെ നൃത്ത നൃത്ത്യങ്ങൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ടും സദസ്സിന് ഏറെ ആസ്വാദ്യകരമായി. ആഘോഷമധ്യേ നോർത്തമേരിക്കൻ മലയാളികൾക്കായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന മ്യൂസിക് റിയാലിറ്റി ഷോ സിംഗ് എൻ വിൻ ൻറെയും ഡാൻസ് റിയാലിറ്റി ഷോ ലെറ്റ്സ ഡാൻസ് അമേരിക്കയുടെയും ഫസ്റ്റ് പോസ്റ്റർ റിലീസ് ശ്രീ പഴയിടം മോഹനൻ നമ്പൂതിരി നിർവഹിച്ചു. MAGC ടീം ഒരുക്കിയ പൂക്കളം, മാവേലി ഘോഷയാത്ര, തിരുവാതിരകളി, രംഗീല ഡാൻസ്, മണവാളൻസ് പെർഫോർമൻസ്, കോർ ടീം ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഈ ഓണക്കാലത്ത് പഴയിടം രുചി ഷിക്കാഗോയിൽ എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി രാപകലുകൾ ഒന്നാക്കി കയ്യും മെയ്യും മറന്ന് കൂടെ നിന്ന എല്ലാ സുഹൃത്തുക്കളോടും, വോളണ്ടിയേഴ്സിനോടും, കലാകാരൻമാരോടും, മറ്റ് ഷിക്കാഗോ നിവാസികളോടും ഉള്ള ഹൃദ്യമായ നന്ദി MAGC പ്രസിഡന്റ് സുശീൽ വരയില്ലം , കമ്മറ്റി അംഗങ്ങളായ ഷൈലേഷ് മേനോൻ, മണികണ്ഠൻ ചന്ദ്രിൻ, സ്വപ്ന വേണുഗോപാൽ, രൺദീപ് രഘു എന്നിവർ അറിയിച്ചു.