LITERATURE

മഞ്ഞുമ്മൽ ഗേൾസ്

Blog Image
എന്നാൽ ഞാൻ ഒരു സത്യം പറയട്ടേ !  'മഞ്ഞുമ്മൽ ഗേൾസ്' എന്നൊരു സിനിമ എടുക്കണം എന്ന് ഞാൻ പത്തു മുപ്പത് കൊല്ലം ആയിട്ട് ആലോചിക്കുന്നതാണ്. 

എന്നാൽ ഞാൻ ഒരു സത്യം പറയട്ടേ !  'മഞ്ഞുമ്മൽ ഗേൾസ്' എന്നൊരു സിനിമ എടുക്കണം എന്ന് ഞാൻ പത്തു മുപ്പത് കൊല്ലം ആയിട്ട് ആലോചിക്കുന്നതാണ്. 

അടക്കവും ഒതുക്കവും വിനയവും നിഷ്കളങ്കതയും ഗുരുഭക്തിയും ദൈവഭയവും വാരിവിതറിയ, സൗന്ദര്യം കുറച്ചു കൂടുതൽ ആണെങ്കിലും ഫേഷൻസെൻസ്  ഒട്ടും കുറവില്ലാത്ത പത്തുമുപ്പതു ഒറിജിനൽ മഞ്ഞുമ്മൽ ഗേൾസ്. ഭൂരിഭാഗം മഞ്ഞുമ്മലിൽ ജനിച്ചു വളർന്നവരും, കളമശ്ശേരി , ഏലൂർ , ഭാഗത്തു നിന്നു പഠിക്കാൻ മഞ്ഞുമ്മൽ സ്‌കൂളിൽ വന്നവരും. ക്‌ളാസ്സ് കഴിഞ്ഞും അവധിയുള്ള ദിവസങ്ങളിലും  കൂട്ടുകാരുടെ വീട്ടിൽ പോയി കഞ്ഞിയും കറിയും വച്ച്  കളിക്കുക, പാവയെയും കോഴിയേയും വരേ കൊച്ചാണ് എന്ന് പറഞ്ഞു കുളിപ്പിച്ച്  വീട് കളിക്കുക , ജോയിച്ചേട്ടന്റെ കടയിലും മരിയ സ്റ്റോഴ്‌സിലും വന്നിരിക്കുന്ന പുതിയ ടോപാസ് ക്യുറ്റെക്സ്, വൈശാലി മാല എന്നിവയെ പറ്റി ഇൻഫോർമേഷൻ ഷെയർ ചെയ്യുക, ക്‌ളാസ്സിൽ ഗ്രൂപ്  ഫോട്ടോ എടുക്കുമ്പോൾ തലയിലെ പൂക്കൾ സ്ലെയ്ഡ് അടക്കം ചങ്കിന് ഊരിക്കൊടുക്കുക, എന്നും സ്‌കൂളിലെ ടീച്ചർമാരുടെ കണ്ണിലുണ്ണികൾ ആയിരിക്കുക, ഡാൻസിനും പാട്ടിനും ഓട്ടത്തിനും ത്രോബോളിനും സ്കിപ്പിംഗിനും സൈക്കിൾ റെയ്‌സിനും ഒക്കെ  ചേർന്ന് സമ്മാനങ്ങൾ വാങ്ങുക, ഇതൊക്കെ  ആണ് അവര് . 

നേഴ്‌സറിക്‌ളാസ്സ് തൊട്ടു ലോക്കൽ പള്ളിസ്കൂളിൽ അഥവാ ഉസ്കൂളിൽ പഠിച്ചു കളിച്ചു വളർന്നു കന്യാസ്ത്രികൾ നടത്തുന്ന ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് പത്താം ക്‌ളാസ്സ് പാസ്സായി പോകുന്നവരെ ഫോർട്ടുകൊച്ചി ബീച്ച് , ഇടപ്പള്ളി മ്യുസിയം , പീച്ചി ഡാം , മലമ്പുഴ, ഊട്ടി എന്നീ പുണ്യസ്ഥലങ്ങളിൽ മാത്രം കന്യാസ്ത്രികളായ ടീച്ചർമാരോടും ഹെഡ്മിസ്ട്രസ്സ് മാരോടും ചേർന്ന് വീഡിയോ കോച്ചു ബസ്സില് ടൂർ പോയി തിരിച്ചു വന്ന്, മുപ്പത് വർഷത്തിനു ശേഷം  പെരിയാറിന്റെ തീരത്തെ ഒരു ഹോട്ടലിൽ ഒത്തുകൂടി കെട്ടിപ്പിടിച്ചു ഉമ്മവച്ചും , അടക്കവും ഒതുക്കവും ഒക്കെ കെട്ടഴിച്ചു പറത്തി വിട്ട് , കലപില വിശേഷവും പൊട്ടിച്ചിരികളും , 
"നിനക്ക് ഒരു മാറ്റോം ഇല്ലാല്ലോടീ "എന്നും , "ഹെന്റമ്മേ ഇതെന്തൊരു മാറ്റം ആണെഡാ  തിരിച്ചറിയില്ലല്ലോ!!" എന്നും പറഞ്ഞു , കൂട്ടത്തിൽ ഒരു അമേരിക്കക്കാരിക്ക് കഴിഞ്ഞ ഓഗസ്റ്റിലെ ആദ്യ ഒത്തുകൂടൽ മിസ്സ് ചെയ്തതിന് , അന്ന് റ്റീച്ചർസ് ഉൾപ്പെടെ എല്ലാവരേയും മിസ്സ് ചെയ്തതിന്  വീഡിയോ കോളിൽ കരഞ്ഞതിന് ആശ്വാസം നൽകാൻ ഒരു വെൽക്കം കേയ്ക്കും ,  അന്നത്തെ ഗ്രൂപ് ഫോട്ടോയിൽ എന്നെ കൂടി എഡിറ്റ് ചെയ്ത് കയറ്റിയ വാട്ട്സ് ആപ്പ് അഡ്മിൻസ് ബ്രില്യൻസ് കാണിച്ചു തന്ന സർപ്രൈസ് ഫോട്ടോസും ഒക്കെ കണ്ട് ആ അമേരിക്കക്കാരി കല്യാണം കൂടാൻ പോകാനുള്ള തിരക്ക് കൊണ്ട് പാർട്ടി തീരും മുമ്പേ പുറമേ ചിരിച്ചു കളിച്ചു എങ്കിലും "ഇനിയെന്ന് കാണും എന്റെ പെൺപിള്ളേരെ , എന്റെ മഞ്ഞുമ്മൽ ഗേൾസിനെ ...?"എന്നൊരു നെഞ്ചിലൊരു ഭാരവും എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പത്താംക്‌ളാസ്സ് കാരിയായി ഹൃദയം നിറയെ കൂട്ടുകാരുടെ ചിരിച്ച മുഖങ്ങൾ , സ്നേഹം നിറഞ്ഞ കണ്ണുനീരുകൾ , 30 വർഷത്തെ കെട്ടിപ്പിടിച്ച ഉമ്മകൾ ഒക്കെ തന്ന സന്തോഷവും ആയി പോകുന്നു . ..

ഈ സിനിമയിൽ  ആണുങ്ങൾ ഇല്ല , ഇത് ഗേൾസിന്റെ കഥയാണ് . സോറി,  ഇതിൽ ഒരു ത്രിൽ ഇല്ല , കുഴീല് വീണില്ല , മരത്തിൽ കേറീല്ല , ഈ സിനിമ എടുത്താൽ വിജയിക്കില്ല , ഇതൊക്കെ എല്ലാ നാട്ടിലും ഉള്ള കഥയാണ് എന്നൊക്കെ പറയുന്നവരോട് , ചുപ് രഹോ ! സിനിമ ഞങ്ങൾ എടുക്കും , റോസിക്ക് ഗേൾസ് ഒൺലി സിനിമ കാണാൻ ഇഷ്ട്ടമില്ലെങ്കിൽ തിയറ്ററിൽ വരണ്ട ! അത് തന്നെ !

നിഷ ജൂഡ്, ന്യൂയോർക്ക്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.