PRAVASI

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോണ്‍ഫറന്‍സ് 11 മുതല്‍ 14 വരെ അരിസോണയില്‍

Blog Image
ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ പതിനേഴാമത് ദ്വൈവാര്‍ഷിക  ഭദ്രാസന കോണ്‍ഫറന്‍സിന് അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ 11-ന് തുടക്കമാകും.

ഫീനിക്സ്/ലോസ് ഏഞ്ചലസ്: ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ പതിനേഴാമത് ദ്വൈവാര്‍ഷിക  ഭദ്രാസന കോണ്‍ഫറന്‍സിന് അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ 11-ന് തുടക്കമാകും. അമേരിക്കന്‍ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡണ്ട് ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് അദ്ധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം, കോണ്‍ഫറന്‍സ് പ്രസിഡണ്ട് റവ. ഗീവര്‍ഗീസ് കൊച്ചുമ്മന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് മാത്യു, ട്രഷറര്‍ വര്‍ഗീസ് ജോസഫ്, അസംബ്ലി മെംബര്‍ വിനോദ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. 'വെല്ലുവിളികള്‍ നിറഞ്ഞ ലോകത്ത് ദൈവത്തിന്‍റെ ദൗത്യം' എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങള്‍ നല്കപ്പെടും. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, മാര്‍ത്തോമ്മാ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേദശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. പ്രകാശ് കെ. ജോര്‍ജ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കും.
കോണ്‍ഫറന്‍സിന്‍റെ വിജയകരമായ നടത്തിപ്പിന് 22-ഓളം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കുര്യന്‍ വര്‍ഗീസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, രാജന്‍ ഏബ്രഹാം ട്രഷറര്‍, റെജി മാത്യു ഗതാഗതം, ലിജന്‍ മാത്യു ഫുഡ്, അനു ജോര്‍ജ് രജിസ്ട്രേഷന്‍, ഡോ. സൈമന്‍ തോമസ് അക്കോമഡേഷന്‍, ടോം ജോര്‍ജ് സുവനീര്‍, പബ്ലിസിറ്റി-മനു വര്‍ഗീസ്, ജൂബി മാത്യു-ക്വയര്‍, ഡിജിറ്റല്‍ മീഡിയ-സജി ബേബി, ഷിജി ജോണ്‍സണ്‍ തുടങ്ങിയ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരെ ആദരിക്കും.
കാലിഫോര്‍ണിയ, അരിസോണ, സിയാറ്റിന്‍, വാഷിങ്ടണ്‍ ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജിയനാണ് കോണ്‍ഫറന്‍സിന് ആതിഥ്യമരുളുന്നത്. റീജിയനിലെ വൈദികരായ റവ. സജി തോമസ്, റവ. സിജു ജേക്കബ്, റവ. ജിനു ജോണ്‍, റവ. തോമസ് ബി, കോണ്‍ഫറന്‍സ് വൈസ് പ്രസിഡണ്ട് സണ്ണി കെ. മാത്യു, ഫിലിപ്പ് ജേക്കബ്, ജോണ്‍ ഗീവര്‍ഗീസ്, തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കുന്നു. സിലിക്കന്‍വാലി ഇടവക വികാരി റവ. ജിനു ജോണ്‍ കോണ്‍ഫറന്‍സിന്‍റെ തീം സോങ്ങും ജനറല്‍ കണ്‍വീനര്‍ രാജേഷ് മാത്യു സമര്‍പ്പണഗാനവും രചിച്ചു. റീജിയന്‍ സംഗീതം നല്കിയിരിക്കുന്നു.
ഡോ. ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സുവിശേഷവേലയോടുള്ള അഭിവാഞ്ഛയാണ് സ്വമേധ സുവിശേഷകസംഘത്തിന്‍റെ രൂപീകരണത്തിന് പ്രേരണയായത്. 1924 ഓഗസ്റ്റ് 24-ന് അയിരൂര്‍ ചായല്‍ പള്ളിയില്‍ കൂടിയ യോഗത്തിലാണ് മാര്‍ത്തോമ്മാ സ്വമേധ സന്നദ്ധ സുവിശേഷക സംഘം രൂപീകൃതമായത്. സി.വി. ഫിലിപ്പോസ് കശീശ പ്രസിഡണ്ടായും മൂത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനറല്‍ സെക്രട്ടറിയായും സി.ജെ. ജോണ്‍ ഉപദേശി സഞ്ചാര സെക്രട്ടറിയായും നിയോഗിതരായി. 1938-ല്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘമെന്ന് പുനര്‍നാമകരണം ചെയ്തു.
ഫീനിക്സ് നഗരത്തിനും വിമാനത്താവളത്തിനും സമീപമാണ് ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളുള്ള അരിസോണ ഗ്രാന്‍ഡ് റിസോര്‍ട്ട് സ്പാ. കോണ്‍ഫറന്‍സിനു ശേഷം സമീപപ്രദേശങ്ങളിലെ വിവിധ പ്രകൃതിദൃശ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിരിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.