PRAVASI

നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയാവാൻ നിങ്ങൾക്ക് കഴിയും

Blog Image
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇറങ്ങുന്നത് കോലാഹലത്തിന്റെ പെരുമ്പറ മുഴക്കുന്ന അനുഭവമായിരുന്നു. കണ്ണിൽ കണ്ടിടത്തെല്ലാം ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചു. മുദ്രാവാക്യം വിളികൾ ഞങ്ങളുടെ ദിനചര്യയ്ക്ക് തനിമ നൽകി. ഇതെല്ലാം സ്കൂളിനെ മൊത്തത്തിൽ  വലിയ  ഏറ്റുമുട്ടലിനുവേണ്ടിയുള്ള ഞങ്ങളുടെ തട്ടകമാക്കി മാറ്റി.

സാഹസികത മുഖമുദ്രയായിരുന്ന ഹൈസ്കൂൾ ജീവിതകാലത്തെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ, എന്റെ ഓർമ്മയിൽ വരുന്നത്  പ്ലാസ്റ്ററിട്ട  ഉറച്ച ഭിത്തികൾ കൊണ്ട് വേർതിരിച്ചിരുന്ന ഞങ്ങളുടെ ക്ലാസ് മുറികളാണ്. കുരുത്തക്കേടുകാരനായ എന്റെ സന്തത സഹചാരിയെ ഈ ഭിത്തികൾ ബി ഡിവിഷനിൽ എത്തിച്ചപ്പോൾ എന്നെ അവ സി ഡിവിഷനിലും എത്തിച്ചു. ആ നാളുകൾ ഞങ്ങളുടെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു, പ്രത്യേകിച്ച് പത്താം ക്ലാസിലെ ഞങ്ങളുടെ ജീവിതം. സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇറങ്ങുന്നത് കോലാഹലത്തിന്റെ പെരുമ്പറ മുഴക്കുന്ന അനുഭവമായിരുന്നു. കണ്ണിൽ കണ്ടിടത്തെല്ലാം ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചു. മുദ്രാവാക്യം വിളികൾ ഞങ്ങളുടെ ദിനചര്യയ്ക്ക് തനിമ നൽകി. ഇതെല്ലാം സ്കൂളിനെ മൊത്തത്തിൽ  വലിയ  ഏറ്റുമുട്ടലിനുവേണ്ടിയുള്ള ഞങ്ങളുടെ തട്ടകമാക്കി മാറ്റി.

ഞാൻ അക്ഷമനായി കാത്തിരുന്ന പരിപാടി ഇന്ന് ന്യൂ യോർക്ക് സിറ്റിയിൽ അരങ്ങേറി. മേജർ ലീഗ് ബേസ്ബോൾ ഞങ്ങളുടെ കോച്ച് ജോർജ് സാമുവലിനെ, അല്ലെങ്കിൽ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ജോജിയെ,  ക്രിക്കറ്റിനും ബേസ്ബോളിനും ഇടയിലുള്ള വിത്യാസവും സാമ്യവും താരതമ്യം ചെയ്യുന്ന അവതരണം നടത്തുവാൻ ക്ഷണിച്ചിരിക്കുന്നു. ഈ പരിപാടി എന്നെ സെന്റ് ജോൺസ് ഹൈസ്കൂളിലെ 85, 86, 87 വർഷങ്ങളിലെ സ്പോർട്സിന്റെ മഹത്തായ ദിനങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അക്കാലത്ത് ഇരവിപേരൂർ, പത്തനംതിട്ടയുടെ കായിക കേന്ദ്രം പോലെയായിരുന്നു. ഞാൻ പൈലറ്റ് ക്ലബ്‌ ബോയ്സിനെപ്പറ്റി പറയട്ടെ - അവരുടെ പ്രശസ്തി ഐതിഹാസികമായിരുന്നു. മറ്റാർക്കും കഴിയാത്ത രീതിയിൽ അവർ കേരളത്തെ പ്രതിനിധീകരിച്ചു. ഞങ്ങളുടെ ഗോളി ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ അത് അതിശയോക്തിയല്ല! തുറന്നു പറയട്ടെ, ഞാൻ വലിയ കായികതാരം ഒന്നുമായിരുന്നില്ല. എന്നാൽ സ്കൂളിൽ ഫുട്ബോൾ ജ്വരം പടർന്നുപിടിച്ചപ്പോൾ, ഞാനും കളത്തിലിറങ്ങി എന്നാൽ കഴിയുംവിധം കളിച്ചെന്ന് നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ ചിന്തിക്കുന്നു. എന്റെ ചലനങ്ങളിൽ മത്സരത്തിന്റെ ഭാവങ്ങൾ ഒന്നുമില്ലായിരുന്നു. അതിലുപരിയായി അത് ഹാസ്യാത്മകമായിരുന്നു. എന്നാൽ, എന്റെ കഴിവില്ലായ്മ എന്റെ ഉത്സാഹത്തെ മുരടിപ്പിച്ചില്ല.

രാവിലെ തുടങ്ങിയ ക്ലാസുകൾ ഉച്ചയോടെ അവസാനിക്കുമ്പോൾ, കളിക്കളത്തിൽ ഇറങ്ങാൻ ഞങ്ങൾ നെട്ടോട്ടത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ഏതാനും നിമിഷങ്ങൾ മാത്രമേ ഞങ്ങൾ എടുത്തിരുന്നുള്ളൂ. ഭക്ഷണം ധൃതിയിൽ വാരിവിഴുങ്ങിയിട്ട് ഒരു നിമിഷം കൊണ്ട്‌ ഞങ്ങൾ ചോറ്റ് പാത്രവും കഴുകും. അതിനുശേഷം ഞങ്ങൾ കളിക്കളത്തിലേക്ക് ഓടുമായിരുന്നു. ചോറ്റ് പാത്രങ്ങൾ കഴുകുന്ന സമയത്ത് കൈയ്യങ്കാളിയും തെറിവിളിയുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ അവയൊക്കെ സന്തോഷവേളയുടെ ഭാഗമായിരുന്നു.

ഞാൻ ഇപ്പോൾ ജോജിയുടെ കഥ പറഞ്ഞ് നിങ്ങളെ രസിപ്പിക്കട്ടെ.  പരിശീലനം കഴിഞ്ഞ് കൈയിൽ ഒരു ക്രിക്കറ്റ് ബാറ്റുമായി വളരെ ലാഘവത്തോടെ പത്തു മിനിറ്റ് താമസിച്ച് ക്ലാസിൽ വന്നു കയറാൻ ഈ പയ്യന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. എല്ലാ ദിവസവും അവന് അതെങ്ങനെ കഴിഞ്ഞെന്ന്  എനിക്ക്  ഇന്നും മനസിലാകാത്ത കാര്യമാണ്. ക്രിക്കറ്റ് ടീമിന്റെ സഹ ക്യാപ്റ്റൻ ആയതുകൊണ്ട് അധ്യാപകർക്ക് അവനോട് ഒരു മൃദുസമീപനം ഉണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ, ജോജി കഴിവിനും അപ്പുറം കഠിനപ്രയത്നം ചെയ്യുന്നത് കാണുന്നത് അവർ ആസ്വദിച്ചിരിക്കാം. ആർക്കറിയാം? എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ, ജോജി യഥാർത്ഥത്തിൽ ഉച്ചഭക്ഷണത്തിന് വേണ്ടവിധത്തിൽ ശ്രദ്ധ കൊടുത്തില്ലെന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. അവൻ യഥാർത്ഥത്തിൽ, ക്രിക്കറ്റിൽ കഴിവ് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു.

1988-ൽ ജോജി അമേരിക്കയിലേക്ക് താമസം മാറ്റി, നിർഭാഗ്യവശാൽ ഞങ്ങൾക്ക് സുഹൃത്ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട്,  1989-ൽ എനിക്ക് യുഎസിലേക്ക് കുടിയേറാനുള്ള അവസരം ലഭിച്ചു. ചില വർഷങ്ങൾക്ക് ശേഷം ഒരു കൺവെൻഷനിൽ എന്റെ കണ്ണുകൾ പരിചിതമായ ഒരു മുഖത്തിൽ ഉടക്കി - അത് ജോജിയായിരുന്നു, സെന്റ് ജോൺസ് സ്കൂളിലെ എന്റെ പഴയ കൂട്ടുകാരൻ. ഞങ്ങൾ പരിചയം പുതുക്കുകയും അതിനുശേഷം കുറെ വർഷങ്ങൾ സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്തു. എന്നാൽ, അമേരിക്കയിലെ തിരക്കേറിയ ജീവിതം ഞങ്ങളെ വീണ്ടും അകറ്റി. ക്രമേണ, ഞങ്ങൾക്ക് സൗഹൃദം നഷ്ടമായി.

കാലം പെട്ടെന്ന് കടന്നുപോയി. 2008-ൽ എന്റെ ഭാര്യ ജോജിയുടെ ഭാര്യയെ ജോലിസ്ഥലത്ത് വച്ച് കണ്ടുമുട്ടാനിടയായി. ജോജിയെ അറിയാമോയെന്ന് ഭാര്യ എന്നോട് ചോദിച്ചു. അത് ഞങ്ങളുടെ സൗഹൃദത്തെ വീണ്ടും ജീവിപ്പിച്ചു. കാലക്രമേണ, ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ കുടുംബങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, വീണ്ടും ഞങ്ങൾക്ക് സൗഹൃദം വേണ്ടതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. 
അതിനുശേഷം 2003-ൽ വിധി വീണ്ടും ഇടപെട്ടു. ലോങ്ങ്‌ ഐലന്റ് നഗരത്തിലെ ഒരു പട്ടണത്തിലാണ് ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ വീണ്ടും സൗഹൃദം പുന:സ്ഥാപിച്ചു. കൺവെൻഷന് വേണ്ടി ഗായകസംഘങ്ങളെ സംഘടിപ്പിക്കുന്ന ജോജിയുടെ പുതിയ അഭിനിവേശത്തിന് ആ സമയത്ത് ഞാൻ സാക്ഷിയായി. എനിക്ക് പാടാൻ കഴിവൊന്നുമില്ലായിരുന്നെങ്കിലും, അദ്ദേഹം എന്നെ മിക്കപ്പോഴും കൺവെൻഷൻ സ്റ്റേജിലേക്ക് കൊണ്ടുവരുമായിരുന്നു. എന്റെ സുഹൃത്തിനെ പിന്തുണയ്‌ക്കേണ്ട ധാർമ്മിക ഉത്തരവാദിത്തം എനിക്കുണ്ടെന്ന് തോന്നി ഞാനും അതിൽ സഹകരിച്ചു.

ഞാൻ പൊതുജനത്തിന്റെ ശ്രദ്ധയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ, തന്റെ താല്പര്യങ്ങളോടുള്ള ജോജിയുടെ അർപ്പണമനോഭാവം വർധിച്ചതേയുള്ളൂ.  അദ്ദേഹം പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് ഉയർന്നുവന്നു. എങ്കിലും, ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് മങ്ങലേറ്റില്ല. സ്പോർട്സിൽ തന്റെ പുത്രന്മാർ താല്പര്യം കാണിച്ചതുകൊണ്ട്, ഒരു ക്രിക്കറ്റ് പരിശീലകനായി മാറാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചപ്പോൾ, വലിയ വല ഉൾപ്പെടെ പരിശീലനത്തിനുവേണ്ടിയുള്ള സാമഗ്രികൾ കണ്ടത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് ക്രിക്കറ്റ് ഭ്രാന്താണെന്ന് ഞാൻ തമാശയായി സൂചിപ്പിച്ചു. എന്നാൽ, കാലം കഴിയും തോറും സ്പോർട്സിലുള്ള അദ്ദേഹത്തിന്റെ താല്പര്യം തീവ്രമായി മാറി. ചെറുപ്പക്കാരായ ക്രിക്കറ്റ് കളിക്കാരെ വാർത്തെടുക്കാൻ താൻ എണ്ണമറ്റ മണിക്കൂറുകളാണ് വേർതിരിച്ചത്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ സിംഗപ്പൂർ ദേശീയ ടീമിലെ കളിക്കാരനായി മാറി.
 
ഇപ്പോൾ, എല്ലാറ്റിലും ഉപരിയായി,  ക്രിക്കറ്റും ബേസ്ബോളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മേജർ ലീഗ് ബേസ് ബോളിന് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ക്ഷണം  ലെപിച്ചതു എന്തൊരു അവിശ്വസനീയമായ നേട്ടം!

മേജർ ലീഗ് ബേസ്ബോളിൻ്റെ ന്യൂയോർക്ക് ഓഫീസ് അവിശ്വസനീയമായ ഒരു പരിപാടി സംഘടിപ്പിച്ചു. ലോകകപ്പ് ഓപ്പറേഷൻസ് മാനേജർ ജെയ്മി ലോയിഡ്, ക്രിക്കറ്റ് ഓപ്പറേഷൻസ് ലോകകപ്പ് ഡയറക്ടർ അഡ്രിയാൻ ഗ്രിഫിത്ത് തുടങ്ങി നിരവധി വിശിഷ്ടാതിഥികൾക്കൊപ്പം ക്വീൻസ് ക്രിക്കറ്റ് അക്കാദമിയിലെ കോച്ച് ജോർജ്ജ് സാമുവലിൻ്റെ വിദ്യാർത്ഥികൾ പങ്കെടുത്തു.

കഥയിലെ ഗുണപാഠം?  നിങ്ങളുടെ താല്പര്യം ഒരിക്കലും ഉപേക്ഷിക്കാതെയിരിക്കുക. "നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയാവാൻ നിങ്ങൾക്ക് കഴിയുമെന്ന" പഴഞ്ചൊല്ല് എപ്പോഴും സത്യമാവണമെന്നില്ല. എന്നാൽ, പൂർണ്ണമനസ്സോടെ നിങ്ങളുടെ ആഗ്രഹം നിങ്ങൾ പിൻതുടരുകയാണെങ്കിൽ, സർവ്വതും അതിനുവേണ്ടി അർപ്പിക്കുകയാണെങ്കിൽ, സംശയഭേദമന്യേ പറയട്ടെ

നേട്ടങ്ങൾ  മികച്ചതായിരിക്കും. എന്റെ സുഹൃത്ത് കോച്ച് ജോർജ് സാമുവലിനെ അനുമോദിക്കാൻ എന്നോടൊപ്പം ചേരുക. കോച്ച്, താങ്കൾ വീണ്ടും മുന്നേറുക!

സ്റ്റാൻലി മാത്യു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.