KERALA

ഓരോ ദുരന്തവും ഓർമ്മിപ്പിക്കുന്നത്; നമ്മൾ ഒരു പാഠവും പഠിക്കുന്നില്ല

Blog Image
“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി; അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും” -അന്ന് ഗാഡ്ഗിൽ പറഞ്ഞിരുന്നു.

മാധവ് ഗാഡ്ഗിൽ എന്ന  മനുഷ്യൻ കേരളത്തിലെ പ്രകൃതി ചൂഷണത്തെക്കുറിച്ചും, വേട്ടയെക്കുറിച്ചും പറഞ്ഞത് നമ്മൾ ബോധപൂർവ്വം അവഗണിച്ചതിൻ്റെ ദുരന്തമാണ് കഴിഞ്ഞ കുറെ നാളുകളായി അനുഭവിക്കുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ വയനാട്ടിലെ ഭയാനകമായ ദുരന്തവും. നമ്മൾ ഒരു പാഠവും പഠിക്കുന്നില്ലാ എന്നാണ് ഓരോ ദുരന്തവും ഓർമ്മിപ്പിക്കുന്നത്. നമ്മുടെ മണ്ണും ഭൂമിയും ജലശ്രോതസ്സുകളും വികസനത്തിന്റെ പേരിൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് തടയാൻ കഴിയുന്നില്ല. പശ്ചിമഘട്ട മലനിരകൾ തുരന്ന് തുരന്ന് എല്ലിൻകൂട് മാത്രമായി നിൽക്കുകയാണ്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയാണ് ഗാഡ്ഗിൽ തൻ്റെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞത്.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചകമടിക്കുന്നതിൽ ഭരണകർത്താക്കളും മതനേതാക്കളും എന്നുവേണ്ട സകലമാന ജനവും പിന്നിലല്ല. നാലാൾ കൂടുന്നിടത്തെല്ലാം ഇപ്പോൾ കാലാവാസ്ഥ മാറ്റം, അഥവാ ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ചാണ് ചർച്ച. എന്നാൽ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെ പറ്റിയും ഗഹനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തിയ മാധവ് ഗാഡ്ഗിലിനോടും അദ്ദേഹത്തിൻ്റെ റിപ്പോർട്ടിനോടും കേരള സമൂഹം പ്രതികരിച്ചത് അതീവ ഹീനമായിട്ടായിരുന്നു. മതനേതാക്കളും രാഷ്ട്രീയ നേതാക്കളും എന്നുവേണ്ട സാധാരണക്കാർ വരെ പരമ പുച്ഛത്തോടെയാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്. ‘താനാരുവാ’ എന്ന സിനിമാ ഡയലോഗ് മട്ടിൽ മര്യാദ ലവലേമില്ലാതെ പ്രതികരിച്ച പല പ്രമുഖരുമുണ്ട്.

പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ മന്ത്രിസഭയുടെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാനായി കമ്മറ്റിയെ നിയമിച്ചത്. 2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് മാധവ് ഗാഡ്ഗിലിൻ്റെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ദ്ധസമിതിയെ ഇതിനായി നിയോഗിച്ചത്.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ കാതലും പശ്ചാത്തലവും. മറ്റൊരർത്ഥത്തിൽ, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതിക തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപ്തീതീരം വരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു; തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം.

2018, 2019, 2021 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയങ്ങൾ ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിൻ്റെ ശിക്ഷയായിരുന്നു. മാധവ് ഗാഡ്ഗിൽ 10 വർഷം മുൻപേ സൂചന നൽകിയതാണ് ഈ ദുരന്തങ്ങൾ. പശ്ചിമഘട്ടം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിൽ കടുത്ത ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാറി വരുന്ന സർക്കാരുകൾ അദ്ദേഹത്തിൻ്റെ റിപ്പോർട്ട് അട്ടിമറിച്ചു. കേരളത്തിലെ പ്രളയത്തിന് വളരെ മുമ്പ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി; അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും” -അന്ന് ഗാഡ്ഗിൽ പറഞ്ഞിരുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണമെന്നും പരിസ്ഥിതി അനുകൂല നിലപാടുകൾ ഉണ്ടാകണമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന യുഡിഎഫും ഒന്നിച്ചെതിര്‍ത്തു. ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള കലാപങ്ങളാണ് അഴിച്ചുവിട്ടത്. ജനങ്ങൾ തെരുവിലിറങ്ങി ഗാഡ്ഗിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിച്ചു. സർക്കാർ സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പറഞ്ഞ ഇടുക്കി എം പിയായിരുന്ന പിടി തോമസിൻ്റെ ശവഘോഷയാത്ര വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഈ തട്ടിക്കൂട്ട് പ്രതിഷേധത്തിൻ്റെ പേരിൽ പി.ടി.തോമസിന് കോൺഗ്രസ് പാർട്ടി 2014ൽ ലോക്സഭാ സീറ്റ് നിഷേധിക്കുക പോലുമുണ്ടായി.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.