പാലക്കാട് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം ഇന്നുവരെ ഒരു ഉപതിരഞ്ഞെടുപ്പിനും കാണാത്ത രീതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ പാര്‍ട്ടികള്‍ക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇത് പ്രചരണത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് വളരുന്നത്.
പാലക്കാട് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം ഇന്നുവരെ ഒരു ഉപതിരഞ്ഞെടുപ്പിനും കാണാത്ത രീതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ പാര്‍ട്ടികള്‍ക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇത് പ്രചരണത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് വളരുന്നത്.
സംഘടനാ പ്രശ്‌നം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കോണ്‍ഗ്രസിലാണ്. സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതോടെ വിമതശബ്ദം ശക്തമായി. സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് പി സരിന്‍ പാര്‍ട്ടി വിട്ട് ഇടുതു സ്ഥാനാര്‍ഥിയായി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബും പാര്‍ട്ടി വിട്ടു.
ഈ പ്രശ്‌നങ്ങള്‍ ഒരുവിധം പരിഹരിച്ചപ്പോഴാണ് പാലക്കാട് ഡിസിസി സ്ഥാനാര്‍ഥിയായി കെ മുരളീധരനെ നിർദ്ദേശിച്ച കത്ത് പുറത്തു വന്നത്. ഇതിനോട് പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാഹുല്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കൂടി പറഞ്ഞതോടെ വിവാദം കത്തി. പിന്നാലെ ഷാഫിക്കെതിരേയും പാലക്കാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പഞ്ചായത്ത് അംഗം, മണ്ഡലം പ്രസിഡന്റ്, ദളിത് നേതാവ് ഇങ്ങനെ പലരും പാര്‍ട്ടിവിട്ടു. ഷാഫിയുടേത് ഏകാധിപത്യ പ്രവര്‍ത്തനം എന്ന് ആരോപിച്ചാണ് ഈ നടപടികളെല്ലാം. ഇവരെയെല്ലാം ഒപ്പം നിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് സരിന്‍ ഇപ്പോള്‍.
പി സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അത് ചര്‍ച്ചയാകാതെ ഒതുക്കാന്‍ സിപിഎമ്മിനായി. എന്നാല്‍ ചില സംഘടനാ പ്രശ്‌നങ്ങള്‍ സിപിഎമ്മിനും പ്രതിസന്ധിയുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ ഏരിയാ കമ്മറ്റിയംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറിയുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ ഷുക്കൂറിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമം തുടങ്ങി. അപകടം മണത്ത സിപിഎം ഏറെ പണിപ്പെട്ട് ഷുക്കൂറിനെ അനുനയിപ്പിച്ചു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നാടകീയമായി എത്തിക്കുകയും ചെയ്തു.
ഇതിന്റെ ആശ്വാസത്തിന് ഇരിക്കുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ആളെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ഇവര്‍ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇത് പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഎം.
ഉള്‍പാര്‍ട്ടി പ്രശ്‌നം ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയത് ബിജെപിയിലാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ അപമാനിച്ചിടത്ത് വീണ്ടും വരില്ലെന്ന് പ്രഖ്യാപിച്ച് സന്ദീപ് വാര്യര്‍ പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ വരെയെത്തി നില്‍ക്കുകയാണ്. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആദ്യം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നു. കൃഷ്ണകുമാറിനായി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. കേന്ദ്രതീരുമാനം കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനായിരുന്നു. ഇതിലെ അസ്വസ്ഥതകള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനൊപ്പമാണ് കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വിവാദമുണ്ടായത്. ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ ശോഭ സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ആരോപണം ഉന്നയിച്ചതെന്ന് കൂടി പറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. പാലക്കാട് പ്രചരണത്തിലും ഇക്കാര്യം വിശദീകരിക്കേണ്ട അവസ്ഥയുണ്ടായി. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് സന്ദീപ് വാര്യരുടെ കടുത്ത നടപടി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിനൊപ്പം സംസ്ഥാന നേതൃത്വത്തെയാകെ പ്രതികൂട്ടിലാക്കി സന്ദീപ് വാര്യര്‍. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനും ശോഭയെ നിലയ്ക്കു നിര്‍ത്താനുമുള്ള ശ്രമങ്ങളിലാണ് ബിജെപിയിപ്പോള്‍.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രശനങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രധാന മൂന്ന് പാര്‍ട്ടികളിലും ഒരു പോലെ പ്രതിസന്ധിയെന്നത് കൗതുക കാഴ്ചയാണ്.