PRAVASI

പ്രവാസിയുടെ പ്രണയം എന്ന വിരഹം....

Blog Image
നീ പകലും ഞാൻ രാത്രിയുമായ  രണ്ടു കരകളിൽ  ആകവേ  പകലും ഇരവും ചേരുന്ന  നമ്മുടെ  സന്ധ്യകൾ  നമുക്കില്ലാതെ  പോകുമോ ?

ആകാശങ്ങൾക്കും കടലുകൾക്കും 
അപ്പുറത്തെ ഏതോ ഒരു കരയിലെ നിന്നെ, 
അവിടെ വന്ന് കാണുവാൻ 
കഴിഞ്ഞിരുന്നെങ്കിൽ .....
 
കള്ളിമുൾച്ചെടികളിൽ പോലും, 
നിശബ്ദമായ സ്നേഹത്തിന്റെ 
സുഗന്ധം പരത്തുന്ന 
റോസ് നിറത്തിലെ 
പനീർപ്പൂക്കൾ വിരിയുന്ന രാജ്യത്ത് , 

ആകാശത്തിലെ നക്ഷത്രങ്ങൾ 
മരച്ചില്ലകളിൽ തൂങ്ങിയാടുന്ന,   ‌ 
ജീവിതഭയങ്ങളെ ചുമപ്പ് കലർന്ന 
തവിട്ടു നിറത്തിലെ മഷിയിൽ എഴുതിയ 
കവിതകളാക്കി രാസമാറ്റം നടത്തുന്ന മണ്ണിൽ ... 

പുലർകാലങ്ങളിൽ  പിരിഞ്ഞുപോകാതെ,
സ്വപ്‌നങ്ങൾ നമ്മെ പുണരുന്ന നാട്ടിൽ , 

ആ പരദേശത്തെ , കുറച്ചു സന്ധ്യകളിൽ 
എങ്കിലും സൂര്യാസ്തമനങ്ങളും ചന്ദ്രോദയങ്ങളും 
എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 
 
പുലർകാലങ്ങളിൽ ഉണർവോടെ പ്രഭാത 
സവാരിയ്ക്ക് ഇറങ്ങുമ്പോൾ 
നമ്മൾ കൈകൾ കോർത്ത് പിടിക്കുമോ ? 
 
 കടലിലേക്ക് തുറക്കുന്ന ജനാലകൾ ഉള്ള 
മുറിയിൽ എന്റെ പ്രീയപ്പെട്ട പുസ്തകങ്ങൾ 
നിറച്ച വായനാമുറി നീയെനിക്ക്   വേണ്ടി 
ഒരുക്കിയിരിക്കുമോ ? 

രാത്രികളിൽ  ഞാൻ നിന്നെ
എന്റെ പ്രിയപ്പെട്ട ഉടയാടയാക്കുമോ ? 

ഇരുട്ടിൽ തിളങ്ങിപ്പറക്കുന്ന  
മിഞ്ഞാമിനുങ്ങുകൾക്കൊപ്പം 
നമ്മൾ നൃത്തം ചെയ്യുമോ ? 

നീയെന്റെ മുറിവുകളേയും 
എന്റെ ഭയങ്ങളെയും 
എന്റെ ആകുലതകളെയും 
നോക്കിക്കാണുമോ? 
നിന്റെ മുറിവുകൾക്കും 
ഭയങ്ങൾക്കും, ആകുലതകൾക്കും 
അവയെ മനസ്സിലാകുമോ ? 

നനുത്ത ശരീരത്തിനും അതീതമായി 
നീയെന്റെ ആത്മാവിൽ സ്പർശിക്കുമോ ?
 
ആഹ്ലാദം വിളയുന്ന പഴ തോട്ടങ്ങളും 
പൂമ്പാറ്റകൾ പൂക്കുന്ന പൂന്തോട്ടങ്ങളും 
 ഒരുമിച്ചു കൃഷി ചെയ്യാനുള്ള 
ഒരുപിടി സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയത് കൊണ്ട് 
ഞാൻ പറഞ്ഞാലും പോകാതെ, 
നീ  എനിക്കായ് കാത്തു നിൽക്കുമോ ? 

തമ്മിൽ ആഴത്തിലറിയാൻ മാത്രം 
 നമ്മൾ പരസ്പരം കലഹിക്കുമോ? 
 തമ്മിൽ ആഴത്തിലറിയാൻ മാത്രം 
 നമ്മൾ പരസ്പരം കരയുമോ?
 തമ്മിൽ ആഴത്തിലറിയാൻ മാത്രം 
 നമ്മൾ പരസ്പരം പ്രണയിക്കുമോ? 
 
ആരോ നമുക്കായി നമ്മുടെ പ്രിയ 
ഗാനങ്ങൾ ഓരോന്നായ് പാടികേൾപ്പിക്കുമോ ? 
ഏറ്റവും ഒടുവിലെ ആ പാട്ട് വരേ നമ്മൾ 
നൃത്തച്ചുവടുകൾ തുടരുമോ ? 

പതിയെ  പതിയെ  ഇഴഞ്ഞു നീങ്ങി, 
ശാന്തമായി, എന്നാൽ  വഴിമാറി ഒഴുകുന്ന 
ഒരു പുതിയ നദിയെപ്പോലെ , 
സമയം നമ്മെകീറിമുറിച്ചു 
നമ്മുടെ തെരുവുകളിലേക്ക് 
വ്യാപാരിക്കുമോ ? 

രാത്രികളിൽ പൂർണ്ണ ചന്ദ്രൻ 
തന്നിലേക്ക്  കുതിച്ചുചാടുന്ന  
 ആഴിത്തിരകളോടൊപ്പം  
നൃത്തം  ചെയ്യുമോ ? 

സൂര്യൻ പുലരിയെ ചുംബിക്കാൻ 
സമയം കാത്തു  നിൽക്കുമോ ? 

അങ്ങനെ  മുന്തിരി വീഞ്ഞിന്റെ നിറമുള്ള 
രാവിനെ പതിയെ പതിയെ മുഴുവനായി 
നുകരുവാൻ നമുക്ക് കിട്ടുന്ന 
നിമിഷങ്ങളുടെ ദൈർഘ്യം കൂടുമോ ?

സൗകര്യങ്ങളുടെയും സൗന്ദര്യത്തിന്റെയും 
അളവുകോലുകൾ ഇല്ലാതെ 
അവിടെ നീയെന്നെ കാത്തിരിക്കുമോ ?

നീ പകലും ഞാൻ രാത്രിയുമായ 
രണ്ടു കരകളിൽ  ആകവേ 
പകലും ഇരവും ചേരുന്ന 
നമ്മുടെ  സന്ധ്യകൾ 
നമുക്കില്ലാതെ  പോകുമോ ?

നിഷ ജൂഡ് ,ന്യൂയോർക്ക് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.