LITERATURE

തണുപ്പിന് തീയാകുന്ന ബുദ്ധത്വം (പ്രിയപ്പെട്ട ഡൂ :2 )

Blog Image
2004 ഇൽ "ഫോർ ദി പീപ്പിൾ" എന്ന സിനിമ ഇറങ്ങിയത് മലയാള സിനിമയുടെ സംഗീത ചരിത്രത്തിൽ ഒരു വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ടാണ്. "ലജ്ജാവതിയെ...." "അന്നക്കിളിയെ...." എന്ന അതിലെ  പാട്ടുകൾ, അന്നോളം മലയാളം കേട്ടിട്ടില്ലാത്ത പുതിയ ഒരു സംഗീത തരംഗം സൃഷ്ട്ടിച്ചു. ജാസി ഗിഫ്റ്റ് എന്ന ഒരു പുതിയ സംഗീത സംവിധായകന്റെ ഉദയം  ഉണ്ടായി

പ്രിയപ്പെട്ട ഡൂ, 

ചിന്താഭരിതമായ ഒരു ആഴ്ച കടന്നു പോകുന്നു.

2004 ഇൽ "ഫോർ ദി പീപ്പിൾ" എന്ന സിനിമ ഇറങ്ങിയത് മലയാള സിനിമയുടെ സംഗീത ചരിത്രത്തിൽ ഒരു വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ടാണ്. "ലജ്ജാവതിയെ...." "അന്നക്കിളിയെ...." എന്ന അതിലെ  പാട്ടുകൾ, അന്നോളം മലയാളം കേട്ടിട്ടില്ലാത്ത പുതിയ ഒരു സംഗീത തരംഗം സൃഷ്ട്ടിച്ചു. ജാസി ഗിഫ്റ്റ് എന്ന ഒരു പുതിയ സംഗീത സംവിധായകന്റെ ഉദയം  ഉണ്ടായി. 

ഒരു കോളേജ് സ്റ്റേജ് പരിപാടിക്ക് ഇടയ്ക്ക് ആ കോളേജിന്റെ പ്രിൻസിപ്പൽ അദ്ദേഹത്തിനെ പാടുന്നതിൽ നിന്ന് വിലക്കി, മൈക്ക് പിടിച്ച് വാങ്ങുന്നത് കണ്ടപ്പോൾ ഞെട്ടി പോയി എങ്കിലും, കോളേജിന്റെ അല്ലെങ്കിലും ഒരു സ്കൂളിന്റെ പ്രിൻസിപ്പൽ എന്ന നിലക്ക് അവർ എന്തു കൊണ്ടായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചു നോക്കി..

കുട്ടികൾ ആവേശഭരിതർ ആകുന്ന അവസരങ്ങളിൽ അധ്യാപകർക്ക്  ചില്ലറ ആകുലതകൾ ഉണ്ടാകും. ആവേശം പലപ്പോഴും അപകടങ്ങളിലേക്ക് വഴി തെളിക്കും എന്നത് കൊണ്ടാണ് അത്. ഒരു പരിപാടി നടക്കുമ്പോൾ, അതിനെ പറ്റി നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത കുട്ടികൾക്ക് അല്ല, സ്ഥാപന മേധാവിക്ക് തന്നെയാണ്. എന്ത് ചെയ്താലും, എന്ത് ചെയ്തില്ല എങ്കിലും കുറ്റപ്പെടുത്തൽ ഉണ്ടാകുന്ന അവസ്ഥകൾ ഉണ്ടാകും. 

അവർക്ക് തെറ്റ് പറ്റിയത് ഒരു കാര്യത്തിൽ ആണെന്ന് തോന്നുന്നു. കുട്ടികൾ അതിഥിയായി ജാസി ഗിഫ്റ്റിനെ വിളിച്ചു എന്നറിഞ്ഞപ്പോൾ തന്നെ, അവർക്ക് അദ്ദേഹത്തെ വിളിച്ചു കാര്യങ്ങൾ പറയാമായിരുന്നു. അതും അല്ലെങ്കിൽ കോളേജിൽ എത്തി പരിപാടി  തുടങ്ങും മുൻപെങ്കിലും അദ്ദേഹത്തോട് സംസാരിക്കാമായിരുന്നു. സംഗീതം മാത്രമല്ല, വേണ്ടത്ര വിവേകവും ഉള്ള അദ്ദേഹത്തിന് ആ അധ്യാപികയുടെ ആശങ്കകൾ ഉൾക്കൊള്ളാനും, അവയെ വേണ്ടത് പോലെ പരിഹരിക്കാനും കഴിയുമായിരുന്നു. പക്ഷെ വേദിയിൽ പാടി തുടങ്ങിയ അദ്ദേഹത്തെ തടസപ്പെടുത്തിയപ്പോൾ ആണ് അവർ അവരുടെ പഠിപ്പിനും, പദവിക്കും ഒന്നും ചേരാത്ത പ്രവൃത്തിയിലേക്ക് പോയത്. 

അവരുടെ അവിവേകത്തോട് അതീവ പക്വതയോടെ സൗമ്യതയോടെയാണ് ജാസി ഗിഫ്റ്റ് പ്രതികരിച്ചത്. ആ സൗമ്യത അവരുടെ എടുത്തു ചാട്ടത്തെ ഒന്ന് കൂടി വലുതാക്കി. 

അതൊന്ന് കഴിഞ്ഞ് വരുമ്പോഴേക്കും ആണ്,സത്യഭാമ എന്നൊരു സ്ത്രീ, -അവർ സ്വയം നർത്തകി, കലാകാരി എന്നൊക്കെ വിളിക്കുന്നുണ്ട് - ആർ. എൽ. വി രാമകൃഷ്ണനെ അദ്ദേഹത്തിന്റെ ഉടൽ നിറത്തിന്റെ പേരിൽ അതി ക്രൂരമായ രീതിയിൽ ബോഡി ഷെയിമിംഗ് നടത്തുന്നത്. ഒപ്പം കൃത്യമായ ലിംഗ വിവേചനം നടത്തിക്കൊണ്ട് അദ്ദേഹത്തെയും, അദ്ദേഹം ഉപാസിക്കുന്ന കലയേയും അധിക്ഷേപിച്ചത്. 

കറുത്ത നിറമുള്ളവർക്ക് നൃത്ത മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് വരെ അവർ പിന്നീട് പറഞ്ഞു. അതിന്റെ കാരണമാണ് വിചിത്രം -നൃത്തത്തിന് മാർക്ക് ഇടുമ്പോൾ സൗന്ദര്യം എന്നൊരു കോളം ഉണ്ടെത്രെ. നൃത്തത്തിൽ നർത്തകൻ /നർത്തകി പ്രകടമാക്കുന്ന 'grace' -വടിവ്, വെടിപ്പ്, കുലീനത്വം എന്നൊക്കെ പറയാം - ആണ്  അത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് കൂടി അറിയാത്ത അവർ, നൃത്തമത്സരങ്ങൾക്ക് വിധി കർത്താവായി പോയിട്ടുണ്ട് എന്നത് ഞെട്ടിക്കുന്നു. എത്രയോ കുഞ്ഞുങ്ങളുടെ അനേക ദിവസത്തെ, അധ്വാനിത്തെ, ആത്മ സമർപ്പണത്തെ അവർ അവരുടെ അജ്ഞത കൊണ്ടും, അഹങ്കാരം കൊണ്ടും ഇല്ലാതാക്കിയിട്ടുണ്ടാകും. 

മോളേ, വാക്കുകൾ കൊണ്ടാണ് ഏറ്റവും ക്രൂരമായ മുറിവുകൾ മനുഷ്യരിലേൽക്കുക എന്നറിയുക. മൂന്ന് വട്ടം സ്വന്തം ശിഷ്യൻ തള്ളി പറയുന്നത് കേട്ടു നൊന്ത മഹാ ഗുരുവിന്റെ ഉയിർപ്പ് തിരുന്നാൾ ആണ് അടുത്ത ആഴ്ച. മഹാ  കുരുക്ഷേത്ര ഭൂമിയിൽ വച്ച് അനുജനായ അർജുനൻറെ അസ്ത്രങ്ങൾ കീറി മുറിക്കും മുൻപേ, കരുണയില്ലാത്ത പരിഹാസം ഏറ്റുവാങ്ങി എത്ര വട്ടം പിടഞ്ഞിട്ടുണ്ട് കുന്തിയുടെ മൂത്ത പുത്രൻ. 

ഡൂ, ജീവിതത്തിൽ നിരന്തരമായി ബോഡി ഷെയിമിംഗ് നേരിട്ട ഒരാൾ ആണ് നിന്റെ അമ്മ. അതിന്റെ മുറിവും, ചതവും, വേദനകളും ആവോളം ഏറ്റു വാങ്ങി, ഞാൻ തിരുത്തിയത്, ശക്തിപ്പെടുത്തിയത് എന്നെത്തന്നെ ആണ്. 

രാകി കൂർപ്പിച്ചു, മുന തുടുത്ത വാക്കുകൾ, ലക്ഷ്യം തെറ്റാതെ തൊടുത്തു എതിരെ നിൽക്കുന്ന ആളെ തറ പറ്റിക്കണം എന്ന വാശിയിൽ നിന്ന് നിന്റെ അമ്മ എത്രയോ മുന്നോട്ട് പോയി. ഓരോ വാക്കും ഉരുവിടും മുൻപ് കനിവിന്റെ, അലിവിന്റെ തേൻ കടലിൽ ഒന്ന് തൊട്ട് എടുക്കാൻ എങ്കിലും കിണഞ്ഞു പരിശ്രമിക്കാറുണ്ട്. എന്റെ ആഹ്ലാദങ്ങളെ സ്വയം നിർമിക്കാൻ ശീലിച്ചതിൽ പിന്നെ, ലോകത്തിന്റെ കടുപ്പങ്ങളെ ലളിതമായി ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. 

കുഞ്ഞേ, സമത്വ-സുന്ദരമായ ഒരു ലോകമുണ്ടാവുക, അങ്ങനെ ഒന്നുണ്ടാക്കുക എന്നത് മനുഷ്യർ കണ്ട എക്കാലത്തെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പ്രായോഗികമായി പൂർണമാകുന്നില്ല എങ്കിലും, ആ സ്വപ്നത്തിന്റെ തരിയും, പൊട്ടും, പൊടിയും ഒക്കെ നമ്മുടെ ഉള്ളകങ്ങളിൽ എവിടെയൊക്കെയോ വീണു തിളങ്ങുന്നത് കൊണ്ടാണ് നന്മയുടെ, നീതിയുടെ, നേരിന്റെ വിസ്മയ വെളിച്ചങ്ങൾ ലോകത്ത് ഇടയ്ക്കിടെ തെളിയുന്നതും, മനുഷ്യത്വം എന്ന മഹത്തായ ആശയത്തിൽ നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നതും. 

പണം, പദവി, പ്രായം, പഠിപ്പ് ഇവ കൊണ്ടൊന്നും മനുഷ്യരുടെ മനസിലെ ഇരുട്ട് മായില്ല. അവനവൻ ഉളിയും, ചുറ്റികയും എടുത്ത് സ്വയം പുതുക്കുമ്പോൾ ഒരാൾ മാറും. അയാളുടെ ചുറ്റും ഉള്ള ചെറിയ ലോകം മാറും. 

"എനിക്ക് തണുക്കുമ്പോൾ ബുദ്ധൻ തീയാവും, എനിക്ക് പ്രാർത്ഥിക്കേണ്ടി വരുമ്പോൾ കല്ല് ബുദ്ധൻ ആകും " എന്നൊരു ബുദ്ധ സന്യാസി പണ്ട് ഉരുവിട്ടിട്ടുണ്ട്.നമ്മളെ എങ്ങനെ ലോകത്തിനു പകർന്നു കൊടുക്കണം എന്ന് നമുക്ക് നിശ്ചയിക്കാം. 

ചുറ്റും ഉള്ളവരെ അളക്കാൻ വേണ്ടിയല്ലാതെ, അറിയാൻ വേണ്ടി നോക്കൂ.... അതിന് ഒരു ജീവിത കാലത്തിൻറെ പരിശ്രമം വേണ്ടി വരും. പരിശ്രമിക്കൂ.... നിറഞ്ഞ ആനന്ദം നിന്നിൽ ഉറവ് പൊട്ടും....

സ്നേഹത്തോടെ അമ്മ. 

മൃദുല രാമചന്ദ്രൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.