PRAVASI

റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷവും ഗ്ലോബൽ അലൂമ്നി മീറ്റും ഒരുക്കങ്ങൾ പൂർത്തിയായതായി

Blog Image
ജൂലൈ 13ന് സംഘടിപ്പിക്കുന്ന റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെയും  ഗ്ലോബൽ അലുമ്നി മീറ്റിന്റെയും  ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകരിൽ ഒരാളും ഹൂസ്റ്റണിൽ നിന്നുള്ള പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ തോമസ് മാത്യു(ജീമോൻ റാന്നി) അറിയിച്ചു.

ഹൂസ്റ്റൺ/ റാന്നി:ജൂലൈ 13ന് സംഘടിപ്പിക്കുന്ന റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെയും  ഗ്ലോബൽ അലുമ്നി മീറ്റിന്റെയും  ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകരിൽ ഒരാളും ഹൂസ്റ്റണിൽ നിന്നുള്ള പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ തോമസ് മാത്യു(ജീമോൻ റാന്നി) അറിയിച്ചു.  ജൂലൈ 13ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കോളേജിൽ വെച്ച് നടക്കുന്ന നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 2000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്  ജോൺസൺ ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂബിലി പ്രോജക്ടുകളുടെ പ്രഖ്യാപനം പ്രിൻസിപ്പാൾ  ഡോ. സ്നേഹ എൽസി ജേക്കബ് നിർവഹിക്കുകയും മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം വിവിധ ബാച്ചുകളിലുള്ള വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതുമായിരിക്കും. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ മുൻ മാനേജർമാരെയും പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും കോളേജിലെ ആദ്യ ബാച്ചിലെ  വിദ്യാർത്ഥികളെയും ആദരിക്കുന്നതായിരിക്കും. കൂടാതെ കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള റാങ്ക് ജേതാക്കളെയും അനുമോദിക്കും. സമ്മേളനത്തിൽ കോളേജ് വിദ്യാർത്ഥികളുടെയും  താജ് പത്തനംതിട്ടയുടെയും കലാപരിപാടികൾ അരങ്ങേറും. ഉച്ചകഴിഞ്ഞ്  ബാക്ക് ടു ക്ലാസ് റൂം  പരിപാടിയും ഡിപ്പാർട്ട്മെന്റ്തല സമ്മേളനങ്ങളും നടക്കുന്നതായിരിക്കും.

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെയും സ്മാർട്ട് ക്ലാസ്സ് റൂമുകളുടെയും നിർമ്മാണം, വിവിധ വിഷയങ്ങളിലുള്ള പഠന സെമിനാറുകൾ, എക്സിബിഷൻ, വിജ്ഞാന സദസ്സ്, കലാപരിപാടികൾ, തൊഴിൽമേള തുടങ്ങിയവ സംഘടിപ്പിക്കും. ജൂബിലിയുടെ സമാപന സമ്മേളനം വിപുലമായ രീതിയിൽ 2025 ജൂലൈ 12ന് നടക്കും.

വജ്ര ജൂബിലിയുടെ പ്രചരണാർത്ഥം വാഹന വിളംബര ജാഥ ജൂലൈ 11 വ്യാഴാഴ്ച 9 മണിക്ക് റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന്  ആരംഭിച്ച് മാമുക്ക്, ഇട്ടിയപ്പാറ ബസ്റ്റാൻഡ് വഴി  കോളേജിൽ എത്തിച്ചേരുകയും തുടർന്ന് വജ്ര ജൂബിലി പതാക ഉയർത്തുകയും ചെയ്യും. സമ്മേളനം വൻ വിജയമാക്കുവാൻ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരുമുൾപ്പെടെ നൂറോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടാതെ റാന്നിയിലും പരിസരപ്രദേശങ്ങളിലുമുള്ള പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഇതിനോടകം  നിരവധി പ്രാദേശികതല യോഗങ്ങൾ നടന്നിരുന്നുവെന്ന് സംഘാടക സമിതി  അറിയിച്ചു.  

പ്രൊഫ. സന്തോഷ്‌ കെ. തോമസ്
മാനേജർ

ഡോ. സ്നേഹ എൽസി ജേക്കബ്
പ്രിൻസിപ്പാൾ

ഡോ. എം.കെ. സുരേഷ്
അലുമ്നി സെക്രട്ടറി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.