PRAVASI

ചരിത്രം തിരുത്തിയെഴുതി സോജൻ ജോസഫ് ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി ഒരു മലയാളി

Blog Image
1931 മുതൽ കോൺസർവേറ്റിവ് പാർട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോർഡിലാണ് കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ചാമക്കാലയിൽ ലേബർ പാർട്ടിക്കുവേണ്ടി അട്ടിമറി വിജയം നേടിയത്.

1931 മുതൽ കോൺസർവേറ്റിവ് പാർട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോർഡിലാണ് കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ചാമക്കാലയിൽ ലേബർ പാർട്ടിക്കുവേണ്ടി അട്ടിമറി വിജയം നേടിയത്.ലണ്ടൻ  ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടത്തിയത് മലയാളി നഴ്സ് ആയ കൈപ്പുഴക്കാരന്‍ സോജന്‍ ജോസഫ്. ആഷ്‌ഫോര്‍ഡ് സീറ്റിലെ പുതിയ മണ്ഡലം കൈവിട്ടത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മണ്ഡലത്തെ തറവാട്ട് സ്വത്തു പോലെ കയ്യടക്കിയിരുന്ന കണ്‍സര്‍വേറ്റീവ് പ്രമുഖന്‍ ഡാമിയന്‍ ഗ്രീനിന്റെ രാഷ്ട്രീയ ജീവിതത്തിനു കൂടി അന്ത്യം കുറിയ്ക്കുമെന്നാണ് സൂചന. ചന്ദ്രനില്‍ ചായകട നടത്തുന്ന മലയാളി എന്ന തമാശ സത്യമെന്ന് തോന്നിക്കും വിധമാണ് ലോകം മുഴുവന്‍ മലയാളികള്‍ പടര്‍ന്ന് കിടക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാത്രം ഒരു മലയാളി ഇതുവരെ കടന്നു ചെന്നിട്ടില്ല. ആ കുറവ് തീര്‍ക്കുകയാണ് സോജന്‍ ജോസഫ്. ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച സോജന്‍ ജോസഫ് ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകളായി എതിര്‍കക്ഷിയായ കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമാണ് ആഷ്ഫോര്‍ഡ്. ഇവിടെയാണ് അട്ടിമറി ജയം. പരാജയപ്പെടുത്തിയതാകട്ടെ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെയും.വോട്ടെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സോജന്റെ പ്രതികരണം. ബ്രിട്ടനില്‍ 14 വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തുന്നത്. 650 സീറ്റുകളില്‍ 359 സീറ്റുമായി മുന്നേറ്റം തുടരുകയാണ് ലേബര്‍ പാര്‍ട്ടി. റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. 72 സീറ്റിലേക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒതുങ്ങിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും

15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ നേടിയ കെന്നഡി ഹാര്‍പ്പറും ചേര്‍ന്ന് ശക്തമായ പോരാട്ടമാണ് ആഷ്ഫോര്‍ഡില്‍ കാഴ്ച വച്ചത്. ഇന്നലെ വരെ മലയാളി സമൂഹത്തില്‍ സാധാരണക്കാരനായി നടന്നിരുന്ന സോജന്‍ ഇന്ന് മുതല്‍ എംപി ആയി മാറി എന്നത് സ്വപ്നം കാണുന്ന പോലെ തോന്നുകയാണ് ആഷ്‌ഫോര്‍ഡ് മലയാളികള്‍ക്ക്. സോജന്‍ ഒരു വര്‍ഷത്തില്‍ അധികമായി പ്രാദേശിക കൗണ്‍സിലര്‍ ആയി തിളങ്ങുക ആണെങ്കിലും എംപി സ്ഥാനം എത്ര വേഗത്തില്‍ കൈവരുമെന്ന് ആരും കരുതിയിരുന്നില്ല.ഒരു വമ്പനെതിരെ മത്സരിക്കേണ്ടി വരും എന്ന സാഹചര്യത്തിലും പതറാതെ ആ ദൗത്യം ഏറ്റെടുക്കുക ആയിരുന്നു സോജന്‍.എന്നാല്‍ പ്രചാരണം അവസാന ലാപ്പില്‍ എത്തിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി ആയിരുന്നു സോജന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ സോജന്റെ സാധ്യത 70 ശതമാനത്തിനു മുകളിലായി ഉയരുകയും ചെയ്തിരുന്നു. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.കോട്ടയം കൈപ്പുഴക്കാരനായ സോജന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. മുന്‍പ് സോജന്‍ പാര്‍ട്ടിയുടെ ലോക്കല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്‍എച്ച്എസില്‍ മേട്രണ്‍ ആയി ജോലി ചെയ്യുന്ന സോജന്‍ തനിക്കു കിട്ടുന്ന എല്ലാ അവസരങ്ങളിലും മലയാളി നഴ്‌സുമാരുടെ മികവുകള്‍ യുകെയില്‍ ഉടനീളം ഉയര്‍ത്തിപിടിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.