LITERATURE

സ്ത്രീകൾക്കുചുറ്റും പ്രകാശം പരത്തിയ പെൺകുട്ടി

Blog Image
'ഗുരുവായൂരമ്പലനടയിൽ' എന്ന സിനിമയിൽ ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ ജോലി ചെയ്തിരുന്നു. അവർക്കെല്ലാം കൃത്യമായ ടോയ്ലറ്റ് സൗകര്യം ലഭിച്ചിരുന്നു. പത്തുവർഷങ്ങൾക്കുമുമ്പ് അങ്ങനെയൊരു കാര്യം സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. അതാണ് മലയാള സിനിമയിലെ 'ഭാവന ഇഫക്റ്റ്!' വരുംതലമുറകൾ ഭാവനയെ നന്ദിയോടെ സമരിക്കും. ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന സ്ത്രീകൾക്കുചുറ്റും പ്രകാശം പരത്തിയ പെൺകുട്ടി എന്ന ബഹുമതി ചരിത്രം ഭാവനയ്ക്ക് നൽകും.

കേരളീയ സമൂഹവും മലയാള സിനിമയും ഭാവനയോട് എന്നും കടപ്പെട്ടിരിക്കും. അവർ കൊണ്ടുവന്ന തീപ്പൊരി ഇന്നൊരു കാട്ടുതീയായി പരിണമിച്ചിരിക്കുന്നു. സിനിമയിലെ മാഫിയാ സംഘങ്ങൾ ആ അഗ്നിയിൽ വെന്തുരുകുകയാണ്!
തങ്ങൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയാൻ രണ്ട് നടിമാർ തയ്യാറായി. അതിൻ്റെ ഭാഗമായി 'A.M.M.A'-യുടെ മേധാവിയായിരുന്ന സിദ്ദിക്കിനും ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന രഞ്ജിത്തിനും സിംഹാസനം ഒഴിയേണ്ടിവന്നു.
ഇനിയും ഒരുപാട് തലകൾ ഉരുളും. പല പകൽമാന്യൻമാരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഒളിച്ചിരിക്കുന്ന ക്രിമിനലുകൾക്ക് കാരാഗൃഹവാസം അനുഭവിക്കേണ്ടിവരും. മൺമറഞ്ഞുപോയ റേപ്പിസ്റ്റുകൾക്ക് കുഴിമാടത്തിൽ പോലും സ്വസ്ഥത ലഭിക്കുകയില്ല!
ഈ വിപ്ലവം തുടങ്ങിവെച്ചത് ഭാവനയാണ്. അവർ കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് മറ്റുള്ള സ്ത്രീകൾ സഞ്ചരിക്കുന്നത്.
മലയാളസിനിമയിൽ നിന്ന് ഭാവനയെ വേരോടെ പിഴുതെറിയണമെന്ന് ഒരു ക്രിമിനൽ സംഘം നിശ്ചയിച്ചിരുന്നു. ഭാവന തോറ്റ് പിന്മാറുമെന്ന് അവർ സ്വപ്നം കണ്ടു. പക്ഷേ ഭാവന പോരാടാനാണ് തീരുമാനിച്ചത്.


അതിൻ്റെ പേരിൽ ഭാവന ഒരുപാട് അനുഭവിച്ചു. കുറേ സിനിമകൾ അവർക്ക് നഷ്ടമായി. സ്ലട്ട് ഷെയ്മിങ്ങും തെറിവിളികളും അടങ്ങുന്ന അതിഭീകരമായ സൈബർ ആക്രമണം നേരിടേണ്ടിവന്നു. ഒരു അഭിമുഖത്തിൽ ഭാവന മനസ്സ് തുറന്നിരുന്നു-
''എന്നെക്കുറിച്ച് പല അപവാദങ്ങളും  പറഞ്ഞുപരത്തുന്നുണ്ട്. ഞാൻ പലതവണ അബോർഷൻ ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഞാനെന്താ പൂച്ചയാണോ...!?"
അത് പറയുമ്പോൾ ഭാവന ചിരിക്കുകയായിരുന്നു. ഇത്രയെല്ലാം അനുഭവിച്ചിട്ടും ഭാവനയുടെ മുഖത്തെ ചിരി മായുന്നില്ല. അവിടെ ആ പെൺകുട്ടി വിജയിച്ചു!അവളെ ഉപദ്രവിച്ചവർ അതിദയനീമായി പരാജയപ്പെടുകയും ചെയ്തു!
പണ്ട് മലയാള സിനിമയിൽ മുൻനിര നടിമാർ പോലും ദുരിതങ്ങൾ അനുഭവിച്ചിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇപ്പോൾ ബഹുമാനം ലഭിക്കുന്നുണ്ട്. അവരുടെ വേദനകളെ സമൂഹം ശ്രവിക്കുന്നുണ്ട്.
'ഗുരുവായൂരമ്പലനടയിൽ' എന്ന സിനിമയിൽ ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ ജോലി ചെയ്തിരുന്നു. അവർക്കെല്ലാം കൃത്യമായ ടോയ്ലറ്റ് സൗകര്യം ലഭിച്ചിരുന്നു. പത്തുവർഷങ്ങൾക്കുമുമ്പ് അങ്ങനെയൊരു കാര്യം സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. അതാണ് മലയാള സിനിമയിലെ 'ഭാവന ഇഫക്റ്റ്!'
വരുംതലമുറകൾ ഭാവനയെ നന്ദിയോടെ സമരിക്കും. ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന സ്ത്രീകൾക്കുചുറ്റും പ്രകാശം പരത്തിയ പെൺകുട്ടി എന്ന ബഹുമതി ചരിത്രം ഭാവനയ്ക്ക് നൽകും.
ആത്മവിശ്വാസത്തിൻ്റെ പ്രകാശം...!
സ്നേഹത്തിൻ്റെ പ്രകാശം...!!
പോരാട്ടവീര്യത്തിൻ്റെ പ്രകാശം...!!!

സന്ദീപ് ദാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.