PRAVASI

തോമസ് റ്റി ഉമ്മന്‍ : ഫോമാ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി;നാല് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം

Blog Image
തോമസ് റ്റി ഉമ്മന്‍. 2024 - 2026 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. നാല് പതിറ്റാണ്ടോളം അമേരിക്കന്‍ പ്രവാസ സമൂഹത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ തോമസ് റ്റി ഉമ്മന്‍.

തോമസ് റ്റി ഉമ്മന്‍. 2024 - 2026 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. നാല് പതിറ്റാണ്ടോളം അമേരിക്കന്‍ പ്രവാസ സമൂഹത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ തോമസ് റ്റി ഉമ്മന്‍.

ചെറുപ്പം മുതല്‍ക്കേ തോമസ് ടി. ഉമ്മന്‍റെ കൈമുതലാണ് നേതൃത്വപാടവം. സ്കൂള്‍ ഹെഡ്മാസ്റ്ററും സുവിശേഷകനുമായിരുന്ന പിതാവില്‍ നിന്ന് ലഭിച്ച സംഘടനാ പാടവത്തിന് പുറമെ അദ്ദേഹത്തിലെ നേതാവിനെ രൂപപ്പെടുത്തിയെടുത്തത് അഖില കേരള ബാലജന സഖ്യമാണ്.  തിരുവല്ല താലൂക്ക് ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാക്കി മാറ്റിയത് ഏറെ ശ്രദ്ധ നേടി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് സോഷ്യല്‍ സര്‍വീസ് ലീഗ് സെക്രട്ടറിയും, തുടര്‍ന്ന്  കോളജ് യൂണിയന്‍ സെക്രട്ടറിയുമായി   പ്രവര്‍ത്തിച്ചപ്പോഴും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതായിരുന്നു തോമസ് ടി. ഉമ്മന്‍റെ ലക്ഷ്യം. തിരുവല്ല സോഷ്യല്‍ സര്‍വീസ് ലീഗിന്‍റെ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചു .


1975ല്‍ ന്യൂയോര്‍ക്കില്‍ എത്തിയത് മുതല്‍ ജോലിക്കൊപ്പം സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അമേരിക്കന്‍ മണ്ണില്‍ മലയാളികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളിലായിരുന്നു ആദ്യകാലം മുതല്‍ക്കേ  തോമസ് ടി. ഉമ്മന്‍റെ ശ്രദ്ധ. അതുകൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ മുന്‍പില്‍ നിന്ന് ധൈര്യമായി നയിക്കാന്‍ ആദ്യം ഓടിയെത്തുന്നത് തോമസ് ടി ഉമ്മന്‍ ആണെന്ന് ഓരോ അമേരിക്കന്‍ മലയാളികള്‍ക്കും അറിയാം.
ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍റില്‍ ലിംക എന്ന പേരില്‍ ഒരു മലയാളി സംഘടനയ്ക്ക് രൂപം നല്‍കി.പുതിയ തലമുറയ്ക്ക് അന്യമായ നമ്മുടെ മലയാള ഭാഷയെ അടുത്തറിയാന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്രധാന അദ്ധ്യാപകനായി ക്ലാസ്സെടുത്തും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് മലയാളത്തോട് ആഭിമുഖ്യം ഉണ്ടാക്കുവാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്.


2010 ല്‍ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന പേരില്‍ വലിയ ഒരു തുക പ്രവാസികള്‍ നല്‍കണം എന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. അതിനെതിരെ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിന് മുന്നില്‍ സമരം നയിക്കാന്‍ നേതൃത്വം നല്‍കിയത് തോമസ് ടി. ഉമ്മന്‍ ആയിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ അത്തരമൊരു സമരം അതിന് മുമ്പ് നടന്നിരുന്നില്ല എന്നതാണ് സത്യം. ആവശ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് നടത്തിയ സമരം വിജയിക്കുകയും ഫീസ് ഇളവ് ലഭിക്കുകയും ചെയ്തപ്പോള്‍ തോമസ് ടി ഉമ്മന്‍ എന്ന നേതാവിന്‍റെ നെറുകയില്‍ അതൊരു പൊന്‍ തൂവലായി മാറി

പ്രശസ്ത ഫാഷന്‍ ഡിസൈനറായ ആനന്ദ് ജോണിന് നീതി ലഭിക്കുന്നതിന് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കോടതിയില്‍ പോകുന്നതിനും തോമസ് ടി ഉമ്മന്‍  മുന്നിലുണ്ടായിരുന്നു.ഹഡ്സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളിക്ക് നീതിലഭിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടേയും നേതൃത്വ രംഗത്ത് അദ്ദേഹം ഉണ്ടായിരുന്നു.പി. ഐ. ഒ. കാര്‍ഡും പിന്നീട് ഒ. സി. ഐ കാര്‍ഡും ലഭിക്കുന്നതിനുള്ള ചര്‍ച്ചകളിലും പങ്കാളിയാവുകയും ഔദ്യോഗികമായ തടസങ്ങള്‍ ഉണ്ടായാലും അവിടെയും അദ്ദേഹം ഓടിയെത്തും. 

അമേരിക്കയിലെ വിവിധ കോണ്‍സുലേറ്റുകളുമായി നല്ല ബന്ധം തോമസ് ടി. ഉമ്മന്‍ കാത്തുസൂക്ഷിക്കുന്നു. പ്രായാധിക്യത്തിലായവര്‍ക്കോ, രോഗികള്‍ക്കോ അടിയന്തിരമായി നാട്ടില്‍ പോകേണ്ടതായ സാഹചര്യങ്ങളില്‍ ഡോക്കുമെന്‍റുകള്‍ തയ്യാറാക്കുന്നതു മുതല്‍ ഏതൊരാവശ്യത്തിനും അദ്ദേഹം ഒപ്പം ഉണ്ടാവും. പലര്‍ക്കും നാട്ടിലേക്കുള്ള യാത്ര ഇത്തരം അവസരങ്ങളില്‍ ബുദ്ധിമുട്ടാണ്. വിവിധ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുവാനും അവരെ പരിചയപ്പെടുത്തി കൊടുക്കുവാനും തോമസ് ടി ഉമ്മന് മടിയില്ല.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ   ആസ്ഥാനത്തിനു മുന്‍പില്‍  മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടത്തപ്പെട്ട പ്രതിഷേധ റാലികള്‍ക്കു  ഒട്ടേറെ തവണ  അദ്ദേഹം നേതൃത്വം  നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചെയര്‍മാന്‍, ഫോമായുടെ പ്രഥമ അഡ്ഹോക്, കോണ്‍സ്റ്റിട്യൂഷന്‍ കമ്മിറ്റി വൈസ്ചെയര്‍മാന്,  ഫോമാ നാഷനല്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ഫോമാ നാഷനല്‍ കമ്മിറ്റിയംഗം, ഫോമാ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍, ഫോമാ നാഷണല്‍ ട്രഷറര്‍, ഹെറിറ്റേജ് ഇന്ത്യ ചെയര്‍മാന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്‍റ്, സിഎസ്ഐ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി, എപ്പിസ്ക്കോപ്പല്‍ സഭയുടെ ഏഷ്യാ അമേരിക്ക മിനിസ്ട്രി സെക്രട്ടറി, നാലുപതിറ്റാണ്ടോളം ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍  ബിസിനസ് ഓഫീസര്‍, ബഡ്ജറ്റ്, ഫൈനാന്‍സ്, പേയ്റോള്‍, സ്റ്റേറ്റ് കോണ്‍ട്രാക്ടസ്, ഓഡിറ്റിങ്  മേഖലകളില്‍ പ്രാവീണ്യം, ന്യൂയോര്‍ക്കില്‍ സീ ഫോര്‍ഡ് സി എസ് ഐ ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സീനിയര്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഒരിക്കല്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ നല്ലൊരു തുകയുടെ ആവശ്യം വന്നു. സഹായ അഭ്യര്‍ത്ഥന വന്ന സമയം തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എങ്കിലും പണം നാട്ടില്‍ എത്തിക്കാനുള്ള നിയമപരമായ തടസ്സം വലിയ വിഷയമായി പക്ഷെ കൃത്യസമയത്തുതന്നെ മരുന്ന് വാങ്ങാനുള്ള പണം എത്തിക്കാന്‍ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അയല്‍വാസിയുടെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ട തറച്ച് ഉറങ്ങിക്കിടന്ന ഒരു മലയാളി കുട്ടി മരണപ്പെട്ടപ്പോള്‍ മൃതദ്ദേഹം നാട്ടിലെത്തിക്കുവാന്‍ പ്രവര്‍ത്തിച്ചത് മറക്കാനാവത്ത മറ്റൊരു അനുഭവമാണെന്ന് അടിവരയിടുമ്പോള്‍ തോമസ് ടി. ഉമ്മന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാണ്.

നാല്പത് വര്‍ഷത്തോളം അവിഭക്ത ഫൊക്കാനയിലും തുടര്‍ന്ന് ഫോമയിലേയും നിത്യസാന്നിദ്ധ്യമാണ് അദ്ദേഹം. ഫോമയുടെ തുടക്കത്തില്‍ അഡ് ഹോക്, കോണ്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് ബൈലോ കമ്മിറ്റി വൈസ് ചെയര്‍മാന്‍,ഫോമാ പൊളിറ്റിക്കല്‍ അഫേഴ്സ് ചെയര്‍ തുടങ്ങി നിരവധി പദവികള്‍ ഫോമയില്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അനിയന്‍ ജോര്‍ജ് പ്രസിഡന്‍റായ കമ്മിറ്റിയില്‍ തോമസ് ടി ഉമ്മനായിരുന്നു ട്രഷറാര്‍. കാന്‍ കൂണ്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമായതിന് പിന്നിലും അദ്ദേഹത്തിന്‍റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് 2024 - 2026 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരരംഗത്ത് സജീവമാകുന്നത്. 

ഫോമയ്ക്കൊപ്പം തുടക്കം മുതലുള്ള താന്‍ ഇതുവരേയും മാറി നിന്നിട്ടില്ല. ഫോമയ്ക്കാപ്പം പദവികള്‍ ഉള്ള സമയത്തും അല്ലാത്ത സമയക്കും തോമസ് ടി. ഉമ്മന്‍ ഉണ്ടാകും. ഈ വാക്കിലാണ് അദ്ദേഹത്തിന്‍റെ ഉറപ്പ്. അദ്ദേഹം വിജയിച്ചാല്‍ ഫോമയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ അദ്ദേഹത്തിനുണ്ട്.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതി വിപുലപ്പെടുത്തും.അമേരിക്കന്‍ പുതുതലമുറയെ അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കുവാന്‍ നിരവധി ഇന്‍റേണ്‍ഷിപ്പ് പരിപാടികള്‍ സംഘടിപ്പിക്കും. വനിതാ സംരംഭകരുടെ അന്തര്‍ദ്ദേശീയ സംഗമം, നേഴ്സിംഗ്, മെഡിക്കല്‍, ഐ. ടി, ബിസിനസ് രംഗത്തെ വനിതകള്‍ക്കായി ഒരു വേദി തുറക്കും. കേരളത്തില്‍ ഫോമ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ വിപുലമാക്കും, അമേരിക്കയിലെ കലാകാരന്‍മാരെ ഫോമയുടെ വേദികളില്‍ സജീവമാക്കുന്ന പ്രോജക്ടിന് രൂപം നല്‍കും. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ടൂറിസ്റ്റ് സാധ്യതകള്‍ മനസിലാക്കുന്നതിന് സമ്മര്‍ ടു കേരള എന്ന പേരില്‍ ഒരു പ്രോഗ്രാം നടത്തും. അമേരിക്കയില്‍ മുന്‍പ് എത്തിയ കുടുംബങ്ങളുടെ പുതിയ തലമുറയ്ക്ക് സമ്മര്‍ ടു കേരളാ പ്രോഗ്രാം ഒരു പുതിയ അനുഭവം ആകും.
മുന്‍പ് ഫോമ ആവിഷ്ക്കരിച്ച ക്യാന്‍സര്‍ പ്രോജക്ട് പോലെ ഒരു പദ്ധതി വിശാലമായ ഒരു ക്യാന്‍വാസില്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ട്.കേരളത്തിന്‍റെ തീരദേശത്തെ ജനങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്ന വില്ലേജ് പ്രോജക്ട് മനസ്സിലുണ്ട്.

ഫോമാ ഗ്ലോബല്‍ ഇനിഷേറ്റീവ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. ഏറ്റെടുക്കുന്ന പദ്ധതികള്‍ ഭരണ കാലാവധിക്കുള്ളില്‍ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അവയെ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഫോമയ്ക്ക് അന്തര്‍ദ്ദേശീയ സ്വീകാര്യത ഉറപ്പുവരുത്തും. ഫോമാ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസി, ഫ്ളോറിഡ, ന്യൂയോര്‍ക്കിലോ നടത്തണമെന്നാണ് ആഗ്രഹം.

തോമസ് ടി ഉമ്മന്‍റെ നേതൃത്വത്തില്‍ 2024 - 2026 കാലയളവിലേക്ക് ശക്തമായ ഒരു ടീമിനെയാണ് അദ്ദേഹം അണിനിരത്തുന്നത്. സാമുവല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്‍റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട് (ജോ-സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോ. ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫോമ പുതിയ പന്ഥാവിലേക്ക് വളരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.