ഇന്ന് ഞാനവനെ ഓർത്തു...എത്ര വർഷങ്ങൾക്കു ശേഷമാണ് ആ മുഖം ഓർക്കുന്നത്. അപ്രതീക്ഷിതമായി കോരി ചൊരിഞ്ഞ ഒരു വേനൽമഴയിൽ നനഞ്ഞപ്പോൾ ഓടി അഭയം തേടിയതാണാ കടത്തിണ്ണയിൽ. സമയം സന്ധ്യയാവാറായി.
ഇന്ന് ഞാനവനെ ഓർത്തു...എത്ര വർഷങ്ങൾക്കു ശേഷമാണ് ആ മുഖം ഓർക്കുന്നത്.
അപ്രതീക്ഷിതമായി കോരി ചൊരിഞ്ഞ ഒരു വേനൽമഴയിൽ നനഞ്ഞപ്പോൾ ഓടി അഭയം തേടിയതാണാ കടത്തിണ്ണയിൽ.
സമയം സന്ധ്യയാവാറായി.
എന്നേക്കാൾ മുന്നെ ആ കടത്തിണ്ണയിൽ കടന്നുകയറിയവർ ഉണ്ട്...
ഇടയ്ക്കിടെ വാൽ ആട്ടി ഈച്ചയെ അകറ്റുന്ന ഒരു പശു, പുതിയ കറുത്ത ഷൂസ് നനഞ്ഞല്ലോ എന്ന വിഷമത്തോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ,ഇൻ്റർവ്യൂന് പോയി വരുന്നതുപ്പോലെ...
സാരിയിലെ മടക്കുകളെ പൊക്കിപ്പിടിച്ച് അപ്പോൾ കയറി വന്ന ഒരു സ്ത്രീ, ജോലി കഴിഞ്ഞ് വരികയാവും .ചുമലിൽ ഹാൻഡ് ബാഗും കൈയിലെ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും എത്തിനോക്കുന്ന മുരിങ്ങയും പാവലും.
"മഴ പെയ്യാൻകണ്ട നേരം!" എന്ന് ഉറക്കെ പിറുപിറുത്തു കൊണ്ടരപ്പൂപ്പൻ. കൈയിലൊരു നീല ഇൻലൻ്റ്.
ആർക്കു വേണ്ടിയാവും അതിൽ നീല മഷി പുരളുന്നത്? വിവാഹിതയായ മകൾക്കോ ? അന്യദേശത്ത് ജോലി ചെയ്യുന്ന മകനോ?
പിന്നെ, പുകവലിച്ചുനിൽക്കുന്ന മറ്റു ചിലർ...
ചാണകത്തിൻ്റെ പച്ചമണം, വിൽസിൻ്റെയും ചാർമിനാറിൻ്റെയും രൂക്ഷഗന്ധം, തൊട്ടടുത്ത ചായക്കടയിൽനിന്നും മൊരിയുന്ന ഉള്ളി വടയുടെ കൊതിപ്പിക്കുന്ന മണം..
കടത്തിണ്ണയിലെ മൂലയിൽ ഇരിക്കുന്ന സ്ത്രീ, നീട്ടിത്തുപ്പിയ മുറുക്കാൻ്റെ ചുവപ്പു നിറം ഒറ്റയ്ക്കും തെറ്റയ്ക്കും നിന്ന ശേഷം മഴ വെള്ളത്തിൽ അലിഞ്ഞു ഒഴുകിപോയി....
അവരുടെ അലൂമിനിയം കുട്ടയിൽ നിന്നും മീനിൻ്റെ അഴുകിയ മണം...
അപ്പോളാണ് അവൻ നനഞ്ഞോടിയെത്തുന്നത്.
പുതുമഴയിൽ നനഞ്ഞ മണ്ണിൻ്റെ ഗന്ധത്തോടൊപ്പം ഓൾഡ് സ്പൈസിൻ്റെ സുഗന്ധവും അവനോടൊപ്പം കടത്തിണ്ണയിലേയ്ക്ക് ഒഴുകി പരന്നു...
തൊട്ടടുത്ത് വന്നുനിന്ന് നീട്ടി, മടക്കിപ്പിടിച്ച കുട!
കറുപ്പും വെള്ളയും സീബ്രാവരകളുള്ള കൈപ്പിടി ..
ചുവന്ന ബോഗൺവില്ല പൂക്കൾ പന്തൽ തീർക്കുന്ന ആ ഗേറ്റിനുമുന്നിൽ നിത്യേന കാണുന്ന മുഖം ...
കടത്തിണ്ണയിലെ അഭയാർത്ഥികൾക്കിടയിൽ നിന്നും പരിഭ്രമത്തോടെ മഴയിലേയ്ക്കിറങ്ങി നനഞ്ഞു നടന്ന ആ സന്ധ്യയെക്കുറിച്ച് ഞാനിന്ന് ഓർത്തതെന്തേ?
തിടുക്കപ്പെട്ട് ആകാശത്തിലൂടെ അങ്ങും ഇങ്ങും ഓടി നടക്കുന്ന മഴമേഘങ്ങൾ തരളിതമായൊരു ഓർമ്മയെ കോരി ചൊരിഞ്ഞതാവാം.
പ്രഭാ പ്രമോദ്