INDIAN

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ

Blog Image

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്.


17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.
മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് - സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ - ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തും കേശവ് മഹാരാജിന് തൊടാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. അടുത്ത പന്തില്‍ മില്ലര്‍ രണ്ട് റണ്‍ നേടി. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. ഇനി വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.

Related Posts