തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ലീഡേഴ്സ് കോണ്‍ക്ലേവ്, ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ കാലിക പ്രസക്തികൊണ്ടും വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താലും സൃഷ്ടിപരമായി. വിവര സാങ്കേതിക വിദ്യ, ആരോഗ്യം, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി-ഇറക്കുമതി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളര്‍ച്ചയും കേരളത്തിന്റെ നേട്ടങ്ങളും സംബന്ധിച്ച് ''ലെറ്റ്സ് റൈസ് റ്റുഗെദര്‍'' എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ ചര്‍ച്ചയായിരുന്നു കോണ്‍ക്ലേവിന്റെ ഹൈലൈറ്റ്.
തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ 2025 ജനുവരി 7-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് ആരംഭിച്ച കോണ്‍ക്ലേവ് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ വ്യക്തിയും കോണ്‍ഗ്രസ് നേതാവും സ്ഥലം എം.പിയുമായ ശശിതരൂര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബഹുതലസ്പര്‍ശിയായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ച ചിക്കാഗോ മലയാളി അസോസിയേഷനെ അദ്ദേഹം പ്രശംസിച്ചു. അമേരിക്കന്‍ മലയാളികള്‍ ശരിക്കും 'എന്‍.ആര്.ഐ' ആണ്. അതായത് 'നാഷണല്‍ റിസര്‍വ് ഓഫ് ഇന്ത്യ' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ലീഡേഴ്സിന്റെ ഭാഗത്തുനിന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരളത്തിലെ ആദ്യ വനിത വി.സിയുമായ ഡോ. ജാന്‍സി ജെയിംസ്, കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആര് ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.
ബിസിനസ് ലീഡര്‍മാരുടെ പാനലില്‍ നിന്ന് പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ദക്ഷിണേന്ത്യന്‍ വ്യവസായിയും സിനിമ നിര്‍മാതാവും നടനുമായ ഗോകുലം ഗോപാലന്, ടൂറിസം അഡ്വസൈറി ബോര്‍ഡ് അംഗവും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റുമായ ഇ.എം നജീബ്, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എ.വി. അനൂപ് തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. അരൂജ ഡെന്നി മോഡറേറ്ററായിരുന്നു.
പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കവി, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത്, വാഗ്മി എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ ചീഫ് സെക്രട്ടറിയും ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കെ ജയകുമാറിനെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദരവ് ഏറ്റുവാങ്ങിയ അദ്ദഹം വിവിധ രംഗങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ സാന്നിധ്യം കേരളത്തിന്എന്നും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.
മാതൃകാപരമായി ബിസിനസ് ചെയ്യാന്പറ്റിയ അന്തരീക്ഷം കേരളത്തിലുണ്ടെന്നും ഇതുസംബന്ധിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍, കോണ്‍ക്ലേവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചയോടൊപ്പം നല്ല നിലയില്‍ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലും സംജാതമായിക്കഴിഞ്ഞുവെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ജന്മനാട്ടില് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘടനയുട നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വിശദീകരിച്ചു. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ച് ഫോമാ എന്നും ജന്മഭൂമിയോടൊപ്പമുണ്ടവുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതു സമ്മേളനത്തില്‍ മുന്‍മന്ത്രി ആന്റണി രാജു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുന്‍ എം.പി എ.എം ആരീഫ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ഫോമാ 2026 കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍ സുബിന് കുമാരന്, ജിജു കുളങ്ങര തുടങ്ങിയവരും സന്നിഹിതരായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ വിവധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാ-സാംസ്കാരിക-രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങള്‍ കൈമാറുകയെന്നതാണ് ഈ കോണ്‍ക്ലേവിലൂടെ ഉദ്ദേശിച്ചതെന്നും ഏവരുടെയും സജീവമായ പങ്കാളിത്തംകൊണ്ട് ലക്ഷ്യം സാക്ഷാത്കരിച്ചുവെന്നും ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് പറഞ്ഞു.
ചിക്കാഗോ മലയാളി അസോസിയേഷന് ജനറല്‍ സെക്രട്ടറി ആല്വിന് ഷുക്കൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫിലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് ജെസി റിന്‍സി, ട്രഷറര്‍ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറര്‍ സിബിള്‍ ഫിലിപ്പ്, ബോര്‍ഡ് മെമ്പര്‍ ആഗ്നസ് മാത്യു തുടങ്ങിയവര്‍ കോണ്‍ക്ലേവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ 52 വര്‍ഷമായി ചിക്കാഗോ മലയാളികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ചിക്കാഗോ മലയാളി അസോസിയേഷന് മാതൃകാപരമായ ജനപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.